Image

ഗോവയില്‍ മാഫിയ രാഷ്ട്രീയം പടയൊരുക്കം

ഫൈസല്‍ വൈത്തിരി Published on 15 January, 2012
ഗോവയില്‍ മാഫിയ രാഷ്ട്രീയം പടയൊരുക്കം
ഫുട്‌ബാളും ലഹരിയും ലൈംഗികതയും ഇടകലര്‍ന്ന ഗോവന്‍ മണ്ണില്‍ ഖനന വിവാദത്തിന്‍െറ കാര്‍മേഘങ്ങള്‍കൂടി മൂടി നില്‍ക്കുമ്പോള്‍ വിനോദം നുരഞ്ഞുപൊന്തുന്ന നാടിന്‍െറ രാഷ്ട്രീയ വിധിയെന്താകും? വിജയം നേടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ്‌ പാര്‍ട്ടികള്‍. ജനവിധിക്ക്‌ ഒരുക്കമെന്ന്‌ ഉരുവിടുമ്പോഴും പിന്നാമ്പുറത്ത്‌ ചെറുപാര്‍ട്ടികളെ വരുതിയിലാക്കാന്‍ വലയെറിഞ്ഞ്‌ കാത്തിരിക്കുകയാണ്‌ കോണ്‍ഗ്രസും ബി.ജെ.പിയും. എന്ത്‌ വിലകൊടുത്തും ഭരണം നിലനിര്‍ത്തേണ്ടത്‌ കോണ്‍ഗ്രസിന്‍െറ ആവശ്യമാണ്‌. ഖനനവിവാദം തലക്കുമുകളില്‍ പുകഞ്ഞുനില്‍ക്കുമ്പോള്‍ ഭരണം വീണ്ടെടുക്കേണ്ടത്‌ കോണ്‍ഗ്രസ്‌ മുഖ്യന്‍ ദിഗംബര്‍ കാമത്തിന്‌ അനിവാര്യം. ഒരിക്കല്‍ കൂടി ബി.ജെ.പിക്ക്‌ അധികാരത്തിലേറാന്‍ അവസരമുണ്ടായാല്‍ ഖനനവും മയക്കുമരുന്ന്‌ മാഫിയ ബന്ധങ്ങളും ഒക്കെയായി കോണ്‍ഗ്രസ്‌ നേതാക്കള്‍ കെണിയിലാകും. ബി.ജെ.പി ദീര്‍ഘകാലത്തേക്ക്‌ വിത്തുപാകും. കാമത്ത്‌ സംഘത്തിന്‍െറയുള്ളില്‍ കുമിഞ്ഞുകൂടിയ ഭീതി എങ്ങനെ മുതലെടുക്കാമെന്ന ആലോചനകളിലാണ്‌ ചെറുപാര്‍ട്ടികള്‍. മാര്‍ച്ച്‌ മൂന്നിന്‌ നിശ്ചയിക്കപ്പെട്ട തെരഞ്ഞെടുപ്പിന്‌ ഇരുപക്ഷത്തും സഖ്യ തീരുമാനങ്ങള്‍ ആയിട്ടില്ല.

രാഷ്ട്രീയ കുതിരകച്ചവടത്തിന്‌ കുപ്രസിദ്ധികേട്ട ഗോവയില്‍ 1990 മുതല്‍ സ്ഥിരസര്‍ക്കാര്‍ എന്നത്‌ അപൂര്‍വമായ ഒന്നാണ്‌. കാലം തെറ്റിയെത്തുന്ന മഴപോലെ ഇടക്ക്‌ വിവാദങ്ങള്‍ പെയ്‌തിറങ്ങും. കാലുവാരലും വിശ്വാസ വോട്ടെടുപ്പും ഒക്കെയായി പിന്നാമ്പുറത്ത്‌ കുതിരക്കച്ചവടത്തിന്‍െറ വിപണി തുറക്കും. 2007ല്‍ ഭരണത്തിലേറി കാലാവധി തികക്കുന്ന ദിഗംബര്‍ കാമത്ത്‌ സര്‍ക്കാറിനെ മറിച്ചിടാനും പലകുറി ശ്രമങ്ങള്‍ നടന്നു. അധികാര കസേരയില്‍ 50 നാള്‍ തികയുമ്പോഴേക്കും വന്നു കൊടുങ്കാറ്റ്‌. കാലുവാരലും രാജിയുമൊക്കെയായി കാമത്ത്‌ സര്‍ക്കാറിന്‍െറ അംഗബലത്തില്‍ വിള്ളല്‍ വീണു. അന്ന്‌ പ്രതിസന്ധി തരണംചെയ്‌ത കാമത്തിനെ മറിച്ചിടാന്‍ രാഷ്ട്രീയപൊലീസ്‌മയക്ക്‌മരുന്ന്‌ മാഫിയാ ബന്ധങ്ങളുടെ വെളിപാടുണ്ടായി. ഇസ്രായേലി മയക്കുമരുന്ന്‌ കടത്തുകാരന്‍ യാനിവ്‌ ബിനെയിം എന്ന അതാലയുടെ കാമുകി ലക്കി ഫാമൗസിന്‍െറ ഒളികാമറകള്‍ ചിലത്‌ തുറന്നുകാട്ടി. ആഭ്യന്തരമന്ത്രി രവി നായിക്കിന്‍െറ മകന്‍ റോയ്‌ നായിക്കിന്‍െറ മാഫിയാ ബന്ധം പക്ഷേ, പൊലീസുകാര്‍ക്ക്‌ വിഷയമായതേ ഇല്ല. ഇതെല്ലാം ബി.ജെ.പി കോണ്‍ഗ്രസ്‌ നയിക്കുന്ന സര്‍ക്കാറിനെതിരെ ആയുധമാക്കി ആവുന്നതെല്ലാം ചെയ്‌തുനോക്കി. അപ്പോഴുണ്ട്‌ രണ്ടര ലക്ഷം അമേരിക്കന്‍ ഡോളറും 30 ലക്ഷം രൂപയുമായി വിദ്യാഭ്യാസമന്ത്രി അതനാസിയൊ മോണ്‍സറേത്ത്‌ മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റിലാകുന്നു. നയതന്ത്ര പാസ്‌പോര്‍ട്ട്‌ ഉപയോഗിച്ച്‌ പണം കടത്താനുള്ള ശ്രമം വിവാദമായി. പിന്നാലെ മോണ്‍സറേത്തിന്‍െറ മകന്‍ രോഹിതും അറസ്റ്റിലായി. 14കാരിയായ ജര്‍മന്‍കാരിയെ മാനഭംഗപ്പെടുത്തിയതായിരുന്നു കേസ്‌. എന്നാല്‍, കേസുമായി സഹകരിക്കാതെ ജര്‍മന്‍ പെണ്‍കുട്ടിയും അമ്മയും നാട്ടിലേക്ക്‌ മടങ്ങിയത്‌ രോഹിതിന്‌ രക്ഷയായി.

അതിനിടക്ക്‌ 28കാരിയായ കാമുകിയുടെ ആത്മഹത്യ ടൂറിസംമന്ത്രി ഫ്രാന്‍സിസ്‌കൊ മിക്കി പാച്ചീക്കോയുടെ കസേര തെറിപ്പിച്ചു. തീര്‍ന്നില്ല, അതാവരുന്നു രണ്ട്‌ അറസ്റ്റ്‌ കൂടി. വൈദ്യുതി വകുപ്പിലെ എന്‍ജിനീയറെ മര്‍ദിച്ചതും ചൂതാട്ട കേന്ദ്രത്തില്‍ ഭീഷണിപ്പെടുത്തി പണമാവശ്യപ്പെട്ടതുമായിരുന്നു പാച്ചീക്കോയുടെ അറസ്റ്റുകള്‍ക്ക്‌ കാരണമായത്‌. ഇതെല്ലാം മറികടന്ന്‌ വരുമ്പോഴാണ്‌ ഖനന വ്യവസായം വിവാദമാകുന്നത്‌. കാമത്തും ദല്‍ഹിയിലെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാവുമടക്കം പ്രമുഖര്‍ വെട്ടിലായി. ജസ്റ്റിസ്‌ എം.ബി. ഷായുടെ നേതൃത്വത്തില്‍ അന്വേഷണ കമീഷന്‍; പ്രതിപക്ഷ നേതാവ്‌ മനോഹര്‍ പരീഖിന്‍െറ നേതൃത്വത്തില്‍ പബ്‌ളിക്‌ അക്കൗണ്ട്‌സ്‌ കമ്മിറ്റി (പി.എ.സി )യും. പി.എ.സി കണ്ടെത്തലുകള്‍ പ്രതികൂലമായി. അപ്പോഴുണ്ട്‌ സ്‌പീക്കര്‍ പ്രതാപ്‌സിങ്‌ റാണെ കോണ്‍ഗ്രസിന്‍െറ രക്ഷകനാകുന്നു. പി.എ.സി അധ്യക്ഷ പദവിയില്‍ നിന്ന്‌ പരീഖിനെ മാറ്റി കോണ്‍ഗ്രസിലേക്ക്‌ കാലുമാറ്റത്തിന്‌ ചാഞ്ചാടുന്ന ബി.ജെ.പി നേതാവ്‌ വിജയ്‌ പൈ ഘോട്ടിനെ കുടിയിരുത്തി. പി.എ.സി റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ്‌, എന്‍.സി.പിയില്‍ നിന്നുള്ള അംഗങ്ങള്‍ കൈയൊപ്പു ചാര്‍ത്താന്‍ വിസമ്മതിച്ചു. പഠിച്ച്‌ കഴമ്പുണ്ടോയെന്ന്‌ നോക്കട്ടേയെന്ന നിലപാട്‌ സ്‌പീക്കറും സ്വീകരിച്ചു. രണ്ടു വര്‍ഷത്തിനിടെ 25,000 കോടി രൂപ ഖനനത്തില്‍ നിന്ന്‌ രാഷ്ട്രീയഉദ്യോഗസ്ഥ കൂട്ടുകെട്ട്‌ ഉണ്ടാക്കിയെന്നും ആ പണം വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടുവെന്നും ബി.ജെ.പി നേതാവ്‌ കിരിത്‌ സോമയ്യ ആരോപിക്കുന്നു.

ഈ കാര്‍മേഘങ്ങള്‍ക്കിടയിലേക്കാണ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ വന്നെത്തുന്നത്‌. സാഹചര്യങ്ങള്‍ മുതലെടുത്ത്‌ അധികാരത്തിലേറാന്‍ ആവുന്ന വഴികളെല്ലാം തേടുകയാണ്‌ ബി.ജെ.പി. ഒന്നര പതിറ്റാണ്ട്‌ ഗോവ ഭരിച്ചിരുന്ന മഹാരാഷ്ട്രവാദി ഗോമന്തക്‌ പാര്‍ട്ടി (എം.ജി.പി ) ഒഴിച്ചുള്ള പ്രാദേശിക പാര്‍ട്ടികളൊന്നും തന്നെ ബി.ജെ.പിയോട്‌ അനുഭാവം കാണിക്കുന്നില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ബ്രാഹ്മണരല്ലാത്ത ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ വേരോട്ടമുണ്ടായിരുന്ന പ്രാദേശിക പാര്‍ട്ടിയായിരുന്നു എം.ജി.പി. 99 മുതല്‍ എം. ജി.പിയുടെ വളര്‍ച്ച പിന്നോട്ടാണ്‌. അവിടെ നിന്നാണ്‌ ബി.ജെ.പിയുടെ ഗ്രാഫ്‌ മെല്‌ളെമെല്‌ളെ പൊന്തിത്തുടങ്ങുന്നത്‌. ആറ്‌ സീറ്റുകള്‍ എം.ജി.പിക്ക്‌ ബി.ജെ.പി വാഗ്‌ദാനം ചെയ്‌തുവെന്നാണ്‌ വിവരം. മണ്ഡലങ്ങളും മാറ്റിവെച്ചുകഴിഞ്ഞു. എന്നാല്‍, ബി.ജെ.പിക്ക്‌ ആള്‍ബലമുള്ള പ്രദേശങ്ങള്‍ എം.ജി.പിക്ക്‌ നല്‍കിയെന്ന ആരോപണം പാര്‍ട്ടിയിലെ ഒരു വിഭാഗത്തില്‍ നിന്ന്‌ ഉയര്‍ന്നിട്ടുണ്ട്‌. അതേസമയം, എം.ജി.പിയെ വശത്താക്കാനാണ്‌ കോണ്‍ഗ്രസ്‌ നീക്കം. 12 സീറ്റുകള്‍ ആവശ്യപ്പെട്ട്‌ എന്‍.സി.പിയും നില്‍ക്കുന്നു. കോണ്‍ഗ്രസിനെ പിന്തുണക്കുമോ എന്നത്‌ പറയാറായിട്ടില്‌ളെന്ന്‌ എന്‍.സി.പി ദേശീയ നിര്‍വാഹക സമിതി അംഗം ഡോ. വില്‍ഫ്രഡ്‌ ഡിസൂസ പറയുന്നു. ആറ്‌ സീറ്റേ നല്‍കാനാകൂ എന്ന നിലപാടിലാണ്‌ കോണ്‍ഗ്രസ്‌.

ആകെ 40 സീറ്റുകളാണ്‌ ഗോവ നിയമസഭയിലുള്ളത്‌. ഇതില്‍ 2007ല്‍ 16 എണ്ണം കോണ്‍ഗ്രസിന്‌ അനുകൂലമായപ്പോള്‍ 14 എണ്ണമാണ്‌ ബി.ജെ.പിയെ തുണച്ചത്‌. മുമ്പത്തേതില്‍ നിന്ന്‌ മൂന്ന്‌ സീറ്റുകളുടെ നഷ്ടമായിരുന്നു അന്ന്‌ ബി.ജെ.പിക്ക്‌. എന്‍.സി.പി മൂന്ന്‌, എം.ജി.പി രണ്ട്‌, എസ്‌.ജി.എഫ്‌ രണ്ട്‌, മറ്റുള്ളവര്‍ മൂന്ന്‌ എന്നിങ്ങനെയായിരുന്നു ശേഷിച്ച നില. ഖനനം, മയക്കുമരുന്ന്‌ മാഫിയാ ബന്ധം തുടങ്ങിയ ആരോപണങ്ങളെ ദിഗംബര്‍ കാമത്ത്‌ വരും നിയമസഭാ തെരഞ്ഞെടുപ്പിലൂടെ അതിജയിക്കുമോ? 2002ലാണ്‌ ബി.ജെ.പി ആദ്യമായി ഗോവയില്‍ അധികാരത്തിലേറുന്നത്‌. ഐ.ടിക്കാരനായ മനോഹര്‍ പരീഖിനെ മുഖ്യമന്ത്രിയുമാക്കി. പരീഖ്‌ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയാല്‍ അത്‌ കോണ്‍സ്രിന്‌ കടുത്ത പാരയാകുമായിരുന്നു. എങ്ങനെയെങ്കിലും പരീഖിനെ തള്ളിയിടുകയായിരുന്നു കോണ്‍ഗ്രസിന്‍െറ ലക്ഷ്യം. അത്‌ ഗോവന്‍ ചരിത്രത്തിലെ മറ്റൊരു കുതിരകച്ചവടത്തിന്‌ വഴിതുറക്കലായി. നാല്‌ ബി.ജെ.പി എം.എല്‍.എമാര്‍ കാലുവാരുകയും എം.ജി.പി പിന്തുണ പിന്‍വലിക്കുകയും ചെയ്‌തതോടെ പടിയിറങ്ങുക മാത്രമായിരുന്നു മനോഹര്‍ പരീഖിന്‌ മുമ്പിലെ ഏകവഴി.

ഗോവയില്‍ 90കളുടെ അവസാനത്തിലും 2000ത്തിന്‍െറ തുടക്കത്തിലും ഭരണഘടനാ പ്രതിസന്ധികള്‍ ഉടലെടുക്കുകയും രാഷ്ട്രപതി ഭരണത്തിന്‌ പലകുറി വഴങ്ങേണ്ടിയുംവന്നു.

1963ലാണ്‌ ഗോവയിലെ ആദ്യ സര്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ടത്‌. ശക്തമായ ഭൂരിപക്ഷവുമായി ദയാനന്ദ്‌ ബി. ബന്ദോദ്‌കറുടെ നേതൃത്വത്തില്‍ എം.ജി. പി ഭരണത്തിലേറി. പിന്നീട്‌ 73ല്‍ മരിക്കുവോളം ബന്ദോദ്‌കര്‍ തന്നെയായിരുന്നു ഗോവയുടെ മുഖ്യന്‍. പിന്നീട്‌ മകള്‍, ശശികല പിന്‍ഗാമിയായി. ശശികലയുടെ ഭരണം ആറുവര്‍ഷമേ നീണ്ടുള്ളൂ. 80ല്‍ പ്രതാപ്‌സിങ്‌ റാണെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ അധികാരത്തിലേറി. ശശികല കോണ്‍ഗ്രസുകാരിയായി മാറുകയും ചെയ്‌തു. 89ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എം.ജി. പിയും ബലാബലമായത്‌ ഭരണ പ്രതിസന്ധിക്ക്‌ കാരണമായി. 90ല്‍ രാഷ്ട്രപതി ഭരണം. 94ല്‍ എം.ജി.പിയുടെ പിന്തുണ കോണ്‍ഗ്രസിനായി. 2000 കോ ണ്‍ഗ്രസിന്‍െറ പ്രതീക്ഷകളും കണക്ക്‌കൂട്ടലും തെറ്റിച്ച വര്‍ഷമായിരുന്നു. ബി.ജെ.പിയെ അധികാരത്തിലേറ്റിയ വര്‍ഷം. എം.ജി.പിയും ബി.ജെ.പിക്ക്‌ ഒപ്പമായി. രണ്ട്‌ ലോക്‌സഭാ സീറ്റുകളാണ്‌ ഗോവയിലുള്ളത്‌. നോര്‍ത്‌ ഗോവ ലോക്‌സഭാ മണ്ഡലം 99 മുതല്‍ ബി.ജെ.പിക്കൊപ്പമാണ്‌. സൗത്‌ ഗോവ കോണ്‍ഗ്രസിനുമൊപ്പവും. മാര്‍ച്ചിലെ തെരഞ്ഞെടുപ്പില്‍ ഗോവ ആര്‍ക്കൊപ്പം നില്‍ക്കും. 2000 ആവര്‍ത്തിക്കുമോ? മറ്റുള്ളവരെ കൂട്ടുപിടിച്ച്‌ കോണ്‍ഗ്രസ്‌ തിരിച്ചെത്തിയാല്‍ മറ്റൊരു കുതിരകച്ചവടത്തിനുകൂടി വഴിതുറക്കുമെന്നുറപ്പ്‌. കുതിരകച്ചവടത്തിനുള്ള അവസരങ്ങളാണ്‌ ചെറുപാര്‍ട്ടികളെ ആവേശംകൊള്ളിക്കുന്നത്‌.

(കടപ്പാട്‌: മാധ്യമം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക