Image

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്‌: നവംബര്‍ രണ്ട്‌, അഞ്ച്‌ തീയതികളില്‍, ഫലം 7-ന്‌

Published on 03 October, 2015
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്‌: നവംബര്‍ രണ്ട്‌, അഞ്ച്‌ തീയതികളില്‍, ഫലം 7-ന്‌
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. രണ്ട്‌ ഘട്ടങ്ങളായാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുക. നവംബര്‍ 2ന്‌ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്‌, കണ്ണൂര്‍, വയനാട്‌ കാസര്‍കോട്‌ ജില്ലകളിലാണ്‌ ആദ്യം വോട്ടെടുപ്പ്‌.

നവംബര്‍ 5ന്‌ കോട്ടയം, പത്തനംതിട്ട, ആലുപ്പുഴ, എറാണാകുളം, തൃശൂര്‍, പാലക്കാട്‌, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ രണ്ടാം ഘട്ടമായും വോട്ടെടുപ്പ്‌ നടക്കും. നവംബര്‍ 7ന്‌ ഫലപ്രഖ്യാപനം.

ഈ മാസം ഏഴിന്‌ തിരഞ്ഞെടുപ്പ്‌ വിജാഞാപനം പുറപ്പെടുവിപ്പിക്കും. നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്ന അവസാന തീയതി 14. സുക്ഷ്‌മ പരിശോധന 15ന്‌ നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം 17.

രാവിലെ ഏഴു മുതല്‍ വൈകിട്ട്‌ ആറു വരെയാണ്‌ വോട്ടു ചെയ്യാനുള്ള സമയം. ഇന്നുമുതല്‍ പെരുമാറ്റചട്ടം നിലവില്‍ വന്നെന്നും മുഖ്യതിരഞ്ഞെടുപ്പ്‌ കമ്മിഷ്‌ണര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക്‌ പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്ത്‌, 86 മുനിസിപ്പാലിറ്റികള്‍, ആറു കോര്‍പ്പറേഷനുകള്‍ എന്നിവയിലേക്കാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. 21,871 നിയോജക മണ്ഡലകളില്‍ 35,000ത്തോളം പോളിങ്‌ ബൂത്തുകളാണ്‌ ഇത്തവണ തയാറാക്കിയിരിക്കുന്നത്‌.

ത്രിതല പഞ്ചായത്തുകളിലെ സംവരണപ്പട്ടിക തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ പുറത്തിറക്കിയിട്ടുണ്ട്‌. 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴെണ്ണം സ്‌ത്രീകള്‍ക്കാണ്‌. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്‌, വയനാട്‌ ജില്ലാ പഞ്ചായത്തുകളാണ്‌ സ്‌ത്രീകള്‍ക്കായി സംവരണം ചെയ്‌തിരിക്കുന്നത്‌. 152 ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ 67 എണ്ണവും സ്‌ത്രീകള്‍ക്കു സംവരണം ചെയ്‌തു. 941 ഗ്രാമ പഞ്ചായത്തുകളിലെ 417 പ്രസിഡന്റ്‌ സ്ഥാനവും സ്‌ത്രീകള്‍ക്കാണ്‌.

ആദ്യ ഘട്ടത്തില്‍ നാല്‌ വടക്കന്‍ ജില്ലകളിലും മൂന്ന്‌ തെക്കന്‍ ജില്ലകളിലും വോട്ടെടുപ്പു നടക്കും. അതിനുശേഷം രണ്ടു ദിവസത്തെ ഇടവേള ഉണ്ടാകും. രണ്ടാം ഘട്ടത്തില്‍ മധ്യകേരളത്തിലെ ഏഴു ജില്ലകളിലും വോട്ടെടുപ്പു നടക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക