Image

ഫോമാ ഷിക്കാഗോ റീജിയന്‍ ഗാന്ധിജയന്തി ആചരിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 03 October, 2015
ഫോമാ ഷിക്കാഗോ റീജിയന്‍ ഗാന്ധിജയന്തി ആചരിച്ചു
ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധിയുടെ ജന്മദിനം ഒക്‌ടോബര്‍ രണ്ടിന്‌ ആചരിച്ചു. സ്‌കോക്കിയില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമയ്‌ക്കു മുന്നില്‍ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളത്തിന്റെ നേതൃത്വത്തില്‍ മറ്റ്‌ റീജിയണല്‍ ഭാരവാഹികളായ സെക്രട്ടറി ജോസി കുരിശിങ്കല്‍, ട്രഷറര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍, നാഷണല്‍ കമ്മിറ്റിയംഗം ബിജി ഫിലിപ്പ്‌, ജോയിന്റ്‌ സെക്രട്ടറി അച്ചന്‍കുഞ്ഞ്‌ മാത്യു, ജോര്‍ജ്‌ മാത്യു, രഞ്‌ജന്‍ ഏബ്രഹാം, ഷിബു അഗസ്റ്റിന്‍, ഫിലിപ്പ്‌ പവ്വത്തില്‍, മനു മാത്യു, സന്തോഷ്‌ ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന്‌ പുഷ്‌പാര്‍ച്ചന നടത്തി. സണ്ണി വള്ളിക്കളം തന്റെ ആമുഖ പ്രസംഗത്തില്‍ ഗാന്ധിജിയെ സ്‌മരിക്കുകയുണ്ടായി. ഒക്‌ടോബര്‍ രണ്ടാനാണ്‌ ഭാരതത്തിന്റെ രാഷ്‌ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുന്നത്‌. വിദേശികളുടെ ആധിപത്യത്തില്‍ നിന്ന്‌ നമുക്ക്‌ സ്വാതന്ത്ര്യം നേടിത്തരുവാന്‍ വേണ്ടി സുദീര്‍ഘമായ സമരം നയിച്ച ധീരനായ ദേശാഭിമാനിയായിരുന്നു ഗാന്ധിജി.

മഹാത്മാഗാന്ധിയുടെ ജനനം 1869 ഒക്‌ടോബര്‍ രണ്ടിന്‌ ഗുജറാത്തിലെ പോര്‍ബന്തര്‍ എന്ന സ്ഥലത്തായിരുന്നു. ഇന്ത്യയുടെ രാഷ്‌ട്രപിതാവ്‌ എന്നാണ്‌ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്‌. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമരസിദ്ധാന്തത്തിലൂടെ ലോകമെമ്പാടും അറിയപ്പെട്ടിരുന്നു. ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ച്‌ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചു. അതാണ്‌ അദ്ദേഹത്തിന്റെ മഹത്വം. ഈ ഗാന്ധിജയന്തി ദിനത്തില്‍ നമുക്ക്‌ ഗാന്ധിജി കാട്ടിത്തന്ന മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാം.

ഗാന്ധിജി ഒരിക്കലും അധികാരത്തിനുവേണ്ടി ശ്രമിച്ചിട്ടില്ല. ഈശ്വരഭക്തിയും മനുഷ്യസ്‌നേഹവും അദ്ദേഹത്തിനുണ്ടായിരുന്നു. ലളിതമായ ജീവിതവും ഉന്നതമായ ചിന്തയും അദ്ദേഹം പുലര്‍ത്തിപ്പോന്നു. സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ വ്യക്തിയാണ്‌ ഗാന്ധിജി. ഒടുവില്‍ രാജ്യത്തിനായി ജീവന്‍ അര്‍പ്പിക്കുകയും ചെയ്‌തു. ജോസി കുരിശിങ്കല്‍ അറിയിച്ചതാണിത്‌.
ഫോമാ ഷിക്കാഗോ റീജിയന്‍ ഗാന്ധിജയന്തി ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക