Image

ഐ.എ.ഡി.ഒ വാര്‍ഷിക ബാങ്ക്വറ്റ്‌ ഒക്‌ടോബര്‍ 25-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 04 October, 2015
ഐ.എ.ഡി.ഒ വാര്‍ഷിക ബാങ്ക്വറ്റ്‌ ഒക്‌ടോബര്‍ 25-ന്‌
ഷിക്കാഗോ: 1980-ല്‍ സ്ഥാപിതമായതു മുതല്‍ തുടര്‍ച്ചയായി നടത്തിവരുന്ന ഇന്‍ഡോ അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്റെ (ഐ.എ.ഡി.ഒ) വാര്‍ഷിക ബാങ്ക്വറ്റ്‌ ഒക്‌ടോബര്‍ 25-ന്‌ ഞായറാഴ്‌ച നടത്തപ്പെടും. 5300 വെസ്റ്റ്‌ തൂഹി അവന്യൂവിലുള്ള ഹോളിഡേ ഇന്‍ നോര്‍ത്ത്‌ ഷോര്‍ ഹോട്ടലാണ്‌ ബാങ്ക്വറ്റിനു വേദിയാകുന്നത്‌. വൈകുന്നേരം 5.30-നു സോഷ്യല്‍ അവറോടുകൂടി ആരംഭിക്കുന്ന ബാങ്ക്വറ്റില്‍ തുടര്‍ന്ന്‌ ഡിന്നറും, അതിനു ശേഷം പൊതുസമ്മേളനത്തോടുകൂടി പര്യവസാനിക്കും.

ഡെമോക്രാറ്റിക്‌ പാര്‍ട്ടി നേതൃനിരയിലേക്ക്‌ ഉയര്‍ന്നുവരുന്ന ഇന്‍ഡ്യന്‍ വംശജരായ ചിക്കാഗോ സിറ്റി കൗണ്‍സില്‍ മെമ്പര്‍ അമയാ പവാര്‍, എട്ടാം ഡിസ്‌ടിക്‌ടിറ്റില്‍ നിന്നും യു.എസ്‌ കോണ്‍ഗ്രസിലേക്ക്‌ മത്സരിക്കുന്ന രാജാ കൃഷ്‌ണമൂര്‍ത്തി എന്നിവര്‍ കോ-ചെയറായിട്ടാണ്‌ ഈവര്‍ഷത്തെ സമ്മേളനം നടത്തപ്പെടുന്നത്‌.

യു.എസ്‌ കോണ്‍ഗ്രസിലെ ഏക ഇന്‍ഡ്യന്‍ വംശജനായ കാലിഫോര്‍ണയിയില്‍ നിന്നുള്ള ഡോ. അമി ബേറ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ ഇല്ലിനോയിയിലെ പ്രമുഖ ഡെമോക്രാറ്റിക്‌ പാര്‍ട്ടി നേതാക്കളും സമ്മേളനത്തില്‍ സന്നിഹിതരായിരിക്കും.

ഐ.എ.ഡി.ഒ പ്രസിഡന്റ്‌ റാം വില്ലിവാളം ആനുകാലിക രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ അവലോകനം ചെയ്യുന്നതോടൊപ്പം സംഘടനയുടെ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്യും. ഇല്ലിനോയിയിലേയും അമേരിക്കന്‍ രാഷ്‌ട്രീയത്തിലേയും സ്വാധീനമുള്ള നിരവധി ഡെമോക്രാറ്റിക്‌ പാര്‍ട്ടി നേതാക്കളെ പരിചയപ്പെടുവാനും, പാര്‍ട്ടി അനുഭാവികളുമായി ആശയവിനിമയം നടത്തുവാനും, സുഹൃദ്‌ബന്ധങ്ങള്‍ സ്ഥാപിക്കാനും ഈ വാര്‍ഷിക സമ്മേളനം അവസരമൊരുക്കും. പൊതുജീവിതത്തില്‍ തത്‌പരരായ നമ്മുടെ യുവതലമുറയ്‌ക്ക്‌ അമേരിക്കന്‍ രാഷ്‌ട്രീയത്തിലേക്കുള്ള കാല്‍വെയ്‌പിനു അവസരം സൃഷ്‌ടിക്കുകയും ബാങ്ക്വറ്റ്‌ സമ്മേളനത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്‌.

സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനും, പിന്തുണയ്‌ക്കുന്നതിനും നിശ്ചയിച്ചിട്ടുള്ള തുക ഇപ്രകാരമാണ്‌. പ്രസിഡന്റ്‌സ്‌ സര്‍ക്കിള്‍- 5000 ഡോളര്‍, ഗവര്‍ണേഴ്‌സ്‌ സര്‍ക്കിള്‍ - 2500 ഡോളര്‍, മേയേഴ്‌സ്‌ സര്‍ക്കിള്‍ - 1000 ഡോളര്‍. ഡിന്നര്‍ ടിക്കറ്റ്‌ (സിംഗിള്‍) -100 ഡോളര്‍.

സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്ക്‌ അമേരിക്കന്‍ രാഷ്‌ട്രീയത്തില്‍ ചെലുത്തുവാന്‍ കഴിയുന്ന സ്വാധീനം തിരിച്ചറിഞ്ഞ്‌, ഇന്‍ഡ്യന്‍ വംശജരുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യ തലമുറയിലെ ക്രാന്തദര്‍ശികളായ ചില സമുന്നത വ്യക്തികള്‍ രൂപം നല്‍കിയ ഈ പ്രസ്ഥാനം ഇപ്പോള്‍ വളര്‍ച്ചയുടെ പാതയിലാണ്‌. പ്രസ്ഥാനത്തിന്റെ ഭാഗമാകുവാനും, വാര്‍ഷിക ബാങ്ക്വറ്റില്‍ പങ്കെടുക്കുവാനും ഇല്ലിനോയിയിലെ എല്ലാ ഇന്‍ഡ്യന്‍ വംശജരേയും ഐ.എ.ഡി.ഒ ഡയറക്‌ടര്‍ ബോര്‍ഡിനുവേണ്ടി പ്രസിഡന്റ്‌ റാം വില്ലിവാളം, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ എന്നിവര്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. iadoamericandemocraticorg1980@gmail.com-വഴി ബാങ്ക്വറ്റിലേക്ക്‌ രജിസ്‌റ്റര്‍ ചെയ്യാവുന്നതാണ്‌. ടോം കാലായില്‍ (വൈസ്‌ പ്രസിഡന്റ്‌) അറിയിച്ചതാണിത്‌.
ഐ.എ.ഡി.ഒ വാര്‍ഷിക ബാങ്ക്വറ്റ്‌ ഒക്‌ടോബര്‍ 25-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക