Image

ട്രേയ്ഡ് യൂണിയന്‍ തലത്തിലേക്ക് ഡോക്ടര്‍മാര്‍ തരം താഴരുത് : മന്ത്രി ശിവകുമാര്‍

പി.പി.ചെറിയാന്‍ Published on 04 October, 2015
ട്രേയ്ഡ് യൂണിയന്‍ തലത്തിലേക്ക് ഡോക്ടര്‍മാര്‍ തരം താഴരുത് : മന്ത്രി ശിവകുമാര്‍
ഗാര്‍ലന്റ്(ടെക്‌സസ്): പൊതുജനാരോഗ്യം സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരായ ഡോക്ടര്‍മാര്‍ ശമ്പള വര്‍ദ്ധനവ്, പ്രൈവറ്റ് പ്രാക്ടീസ് അനുവദിക്കു, ഡ്യൂട്ടി സമയം കുറയ്ക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചു സമര രംഗത്തേക്ക് എടുത്തു ചാടുന്ന പ്രവണത ഉപേക്ഷിക്കണമെന്നും, ട്രേയ്ഡ് യൂണിയന്‍ തലത്തിലേക്ക് ഡോക്ടര്‍മാര്‍ തരം താഴരുതെന്നും കേരള ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ അഭ്യര്‍ത്ഥിച്ചു.

ഒക്ടോബര്‍ 4 ഞായര്‍ വൈകീട്ട് 6 മണിക്ക് കേരള അസോസിയേഷന്‍ ഓഫ് ഡാളസ് അംഗങ്ങളും, യു.ഡി.എഫ് പ്രവര്‍ത്തകരും, അനുഭാവികളും സംയുക്തമായി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ അഭിപ്രായ പ്രകടനം നടത്തുകയായിരുന്നു മന്ത്രി.

ആരോഗ്യപരിപാലന രംഗത്തു കേരളം നടപ്പാക്കിയ പ്രത്യേക പദ്ധതികള്‍ ദേശീയതലത്തില്‍ മൂന്ന് അവാര്‍ഡുകള്‍ കേരളത്തിന് നേടിതന്നു. കേരളത്തില്‍ അമ്മമാരുടേയും, നവജാത ശിശുക്കളുടേയും മരണനിരക്ക് കുറക്കുവാന്‍ കഴിഞ്ഞതും, കേരളത്തില്‍ മെഡിക്കല്‍ കോളേജുകളുടെ എണ്ണം 5 ല്‍ നിന്നും പതിനെട്ടാക്കി ഉയര്‍ത്തുവാന്‍ കഴിഞ്ഞതും ആരോഗ്യ വകുപ്പിന്റേയും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റേയും നേട്ടമായി മന്ത്രിചൂണ്ടികാട്ടി.

അമേരിക്ക ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്ന മലയാളി സമൂഹം കേരള ആരോഗ്യസംരക്ഷണ മേഖലകളില്‍ സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് ബാബു.സി.മാത്യു സ്വാഗതം ആശംസിച്ചു. ബോബന്‍ കൊടുവത്ത് മന്ത്രിയെ സദസ്സിന് പരിചയപ്പെടുത്തി. സദസ്യരില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മന്ത്രി സമുചിതമായി മറുപടി നല്‍കി. അസ്സോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്ത് നന്ദി പറഞ്ഞു.


ട്രേയ്ഡ് യൂണിയന്‍ തലത്തിലേക്ക് ഡോക്ടര്‍മാര്‍ തരം താഴരുത് : മന്ത്രി ശിവകുമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക