Image

പടിയിറങ്ങിയ 'പടനായകന്‍' - ഷാജന്‍ ആനിത്തോട്ടം

ഷാജന്‍ ആനിത്തോട്ടം Published on 05 October, 2015
പടിയിറങ്ങിയ 'പടനായകന്‍' - ഷാജന്‍ ആനിത്തോട്ടം
ഡോ.എം.അബ്ദുള്‍ സലാം കാലിക്കറ്റ് സര്‍വകലാശാലയുടെ പടിയിറങ്ങി. നാല് വര്‍ഷം വൈസ് ചാന്‍സലറായിരുന്ന വാഴ്‌സിറ്റിയുടെ നേതൃസ്ഥാനത്തുനിന്നിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ മധുരാനുഭവങ്ങളേകാന്‍ വേദനിപ്പിയ്ക്കുന്ന ഒരുപാടോര്‍മകളുടെ തിരകളാണലയടിച്ചിട്ടുണ്ടാവുക. ബ്രിക്‌സ് റാങ്കിംഗില്‍ കാലിക്കറ്റ് വാഴ്‌സിറ്റിയ്ക്ക് ഇന്ത്യയില്‍ ഏഴാം സ്ഥാനം നേടിക്കൊടുത്തതിന്റെ അഭിമാനബോധത്തേക്കാളുപരി കഴിഞ്ഞ നാലുവര്‍ഷം താനനുഭവിച്ച നിന്ദാപമാനങ്ങളുടെ നൊമ്പരസ്മരണകളോടെയാണദ്ദേഹം മലബാറിന്റെ അഭിമാനമായ ആ കലാക്ഷേത്രത്തിന്റെ പടിയിറങ്ങിയതെന്നുറപ്പിയ്ക്കാം. കാരണം, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അധിപനായിരിയ്ക്കുമ്പോള്‍ത്തന്നെ, നീതിബോധത്തോടെ ഭരണം നിര്‍വ്വഹിച്ചതിന്റെ പേരില്‍ തന്റെ രക്തത്തിനായി ദാഹിച്ചലറിയ ഒരുപാട് പോരാളികള്‍ക്കെതിരെ ഏതാണ്ടൊറ്റയ്ക്കു തന്നെ പടനയിയ്‌ക്കേണ്ടിവന്ന ഹതഭാഗ്യനായിരുന്നുവല്ലോ ഡോ.സലാം. കര്‍മ്മനിരതവും സംഭവ ബഹുലവുമായിരുന്ന ആ കാലഘട്ടത്തെ ഓര്‍മ്മകളുടെ മാളങ്ങളിലൊളിപ്പിച്ച് ഇനിയെങ്കിലുമദ്ദേഹം വിശ്രമിയ്ക്കട്ടെ.

നാലുവര്‍ഷം മുമ്പ് ഡോ.അബ്ദുള്‍ സലാം വൈസ് ചാന്‍സലറായി ചാര്‍ജ്ജെടുക്കുമ്പോഴത്തെ അവസ്ഥയേയല്ല കാലിക്കറ്റ് വാഴ്‌സിറ്റിയ്ക്ക് ഇന്നുള്ളത്. അക്കാദമിക്ക് തലത്തിലും അഡ്മിനിസ്‌ട്രേറ്റീവ് തലത്തിലും സര്‍വ്വകലാശാല ഒരുപാട് മുന്നോട്ട് പോയിരിയ്ക്കുന്നു. അധികാരമേറ്റെടുത്ത് അധികകാലമാകുന്നതിനുമുമ്പുതന്നെ അദ്ദേഹം കാലിക്കറ്റിനെ ഇന്ത്യയിലെ ആദ്യത്തെ നൂറുശതമാനം ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയാക്കി മാറ്റി. ഇന്ന് ഇ-ഗവര്‍ണന്‍സിന്റെ ഗുണഭോക്താക്കള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മാത്രമല്ല, ജീവനക്കാരും പൊതുജനങ്ങളും കൂടിയാണ്. മിക്കവാറും പരീക്ഷകള്‍ സമയബന്ധിതമായി നടത്തപ്പെടുന്നു; ഫലങ്ങള്‍ പറഞ്ഞ സമയത്തുതന്നെ പ്രസിദ്ധീകരിയ്ക്കുന്നു;  കൂടാതെ കെട്ടിക്കിടന്ന രണ്ട് ലക്ഷത്തിലധികം സര്‍ട്ടിഫിക്കറ്റുകള്‍ ഇക്കാലയളവില്‍ വിതരണം ചെയ്യുകയും ചെയ്തു. (സര്‍വ്വകലാശാലയുടെ സല്‍പ്പേര് കളഞ്ഞുകുളിയ്ക്കുന്ന രീതിയില്‍ ചില ജീവനക്കാര്‍ ബോധപൂര്‍വ്വം സര്‍ട്ടിഫിക്കറ്റുകള്‍ മാറി വിതരണം ചെയ്തത് സമീപകാലത്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അവര്‍ക്കെതിരെയുള്ള നടപടികള്‍ പുരോഗമിയ്ക്കുകയാണ്.). ഗ്രീന്‍ കാമ്പസ്, ഇ-കാമ്പസ് തുടങ്ങിയ പദ്ധതികളുടെയും അക്കാദമിക്ക്, നോണ്‍ അക്കാദമിക് തലങ്ങളില്‍ നടപ്പിലാക്കിയ അനവധി അവാര്‍ഡുകളുടെയും പ്രോല്‍സാഹന നടപടികളുടെയും സദ്ഫലങ്ങള്‍ ഇനിയങ്ങോട്ട് കാലിക്കറ്റിന്റെ സല്‍ക്കീര്‍ത്തി ചിരകാലം നിലനിര്‍ത്തും.

വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്നും ഡോ.സലാം പടിയിറങ്ങുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഒരിയ്ക്കല്‍കൂടി അദ്ദേഹത്തെ സന്ദര്‍ശിയ്ക്കാന്‍ സാധിച്ചത് ഒരു ഭാഗ്യമമായിത്തന്നെ കരുതുന്നു. വെക്കേഷന് നാട്ടിലെത്തിയ വിവരമറിഞ്ഞ് വീട്ടിലേയ്ക്ക് അദ്ദേഹം നിര്‍ബ്ബന്ധപൂര്‍വ്വം ക്ഷണിച്ചപ്പോള്‍ നിരസിക്കുവാന്‍ സാധിച്ചില്ല. ഔദ്യോഗിക പദവിയിലെ അവസാനദിവസങ്ങളുടെ തിരക്കിനിടയിലും അദ്ദേഹവും സഹധര്‍മ്മിണി ഷെമീറും ഏറെ സ്‌നേഹത്തോടെയാണ് സ്വീകരിച്ചതും സല്‍ക്കരിച്ചതും. മെഡിക്കല്‍ ഡോക്ടറായി ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ സേവനമനുഷ്ഠിയ്ക്കുന്ന മൂത്ത മകളുടെയും എം.ടെക് കഴിഞ്ഞ് ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന ഇളയ മോളുടെയും അസാന്നിദ്ധ്യം രണ്ടുപേരെയും അലട്ടിയിരുന്നെങ്കിലും വി.സി. പദവിയെന്ന മുള്‍ക്കിരീടം താമസിയാതെ തന്നെ അഴിച്ചുവയ്ക്കാമെന്നതിന്റെ ആശ്വാസത്തിലായിരുന്നു ഇരുവരും. അത്രമാത്രം കൂടുന്ന പ്രതിസന്ധിയിലൂടെയായിരുന്നു കഴിഞ്ഞ നാലു വര്‍ഷം ആ കുടുംബം കടന്നുപോയത്. പാര്‍ട്ടിക്കാരുടെയും യണിയന്‍ നേതാക്കളുടെയും കുട്ടിസഖാക്കളുടെയും സമ്മര്‍ദതന്ത്രങ്ങള്‍ അസഹനീയമായ വേദനയും യാതനയുമാണ് അവര്‍ക്ക് നല്‍കിയത് എന്നത് ഒരു പച്ചയായ സത്യം.
ഓര ആഴ്ചയിലും ഓരോ വിവാദങ്ങള്‍; ഏഴ് വിജിലന്‍സ് കേസുകള്‍പ്പെടെ ഇരുപത് കേസുകള്‍, ലോകായുക്തയിലും വനിതാ കമ്മീഷനിലുമായി ഒരു പറ്റം കേസുകളും പരാതികളും, വസതിക്കു മുമ്പിലും വാഹനത്തിലും ഓഫീസിലും പോലീസ് കവചം; പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി ഗവര്‍ണ്ണറുടെ അടുത്ത വരെ പരാതിക്കാര്‍ ചെന്നു. സാധാരണഗതിയില്‍ ഏതൊരാളും മനസ്സ് തകര്‍ന്ന് ആത്മഹത്യയുടെ വക്കിലെത്തുന്ന അവസ്ഥ. അത്രമാത്രം കഥിനമായ പീഡനപര്‍വ്വത്തിലൂടെയാണ് കഴിഞ്ഞ നാലുവര്‍ഷം അദ്ദേഹം കടന്നു പോയത്.

വിവാദങ്ങളും അപവാദങ്ങളും പക്ഷേ ഡോ.അബ്ദുള്‍ സലാമിന്റെ മനോവീര്യം കെടുത്തിയില്ല. ചെയ്തതെല്ലാം സര്‍വ്വകലാശാലയുടെ ആക്ടും സ്റ്റാറ്റിയൂട്ടും പാലിച്ചായിരുന്നതിനാല്‍ നെഞ്ചുറപ്പോടെ അദ്ദേഹം എല്ലാ പ്രതിസന്ധികളെയും നേരിട്ടു. സിന്‍ഡിക്കേറ്റ്- രാഷ്ട്രീയ അവിശുദ്ധബന്ധം മൂലം പല കാര്യങ്ങള്‍ക്കും ഉദ്ദേശിച്ച വേഗത കിട്ടിയില്ലെങ്കിലും ഒട്ടേറെ നല്ല പരിപാടികള്‍ എടുക്കുവാന്‍ സാധിച്ചു. പടിയിറങ്ങുമ്പോള്‍ എന്തുതോന്നുന്നുവെന്ന് ഒറ്റവാക്കില്‍ പറയാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ 'സംതൃപ്തി'  യെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരുകാര്യം അദ്ദേഹം എടുത്തു പറഞ്ഞു: 'ഇവിടെയുള്ള ജീവനക്കാരും അദ്ധ്യാപകരും നല്ല മനുഷ്യരാണ്. പക്ഷേ അവര്‍ അവസാനമായി യൂണിയനെ പിന്തുടരുകയാണ്. യൂണിയനാണ് അവരുടെ ദൈവം. ആ ദൈവം പറഞ്ഞാല്‍ അവര്‍ എന്തും ചെയ്യും' വി.സി.എടുക്കുന്ന സദുദേശ്യപരമായ നടപടികളൊന്നിനോടുപോലും യോജിച്ചുപാകാന്‍ ആ ദൈവം പറയുന്നില്ലെന്നതാണ് മുഖ്യപ്രശ്‌നം. കൃത്യസമയത്ത് ജീവനക്കാര്‍ ജോലിക്ക് എത്തുന്നതിനുവേണ്ടി പഞ്ചിംഗ് സിസ്റ്റം കൊണ്ടുവന്നപ്പോള്‍ തുടങ്ങി അവരുടെ ശത്രുത. പിന്നെയങ്ങോട്ട് പ്രശ്‌നങ്ങളുടെ ജൈത്രയാത്രയായിരുന്നു.

പ്രതിഷേധങ്ങളും അധികാരസ്ഥാനത്തോടുള്ള വെല്ലുവിളികളും കാര്യമാക്കാതെ മുന്നോട്ട് പോയെങ്കിലും വ്യക്തിപരമായി അധിഷേപിച്ചപ്പോള്‍ താന്‍ വേദനിച്ചുവെന്ന് ഡോ.സലാം വെളിപ്പെടുത്തി. തന്റെ മകളെപ്പോലും വിവാദങ്ങളിലേയ്ക്ക് വലിച്ചിഴച്ചപ്പോഴാണ് ഏറ്റവും വേദനിച്ചത്. ആരോപണങ്ങളും പരാതികളും അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞെങ്കിലും തന്റെ ആരോഗ്യത്തെ കുറച്ചൊന്നുമല്ല അവ ബാധിച്ചത്. നാലുവര്‍ഷം മുമ്പ് തേഞ്ഞിപ്പാലത്തേയ്ക്ക് വൈസ് ചാന്‍സലറായി ചാര്‍്‌ജ്ജെടുക്കാന്‍ വന്നപ്പോള്‍ ഒരസുഖവുമില്ലാതിരുന്ന തനിയ്ക്കിപ്പോള്‍ ഷുഗറും ബി.പി.യും. അള്‍സറും സഹജീവികളായുണ്ട്. എങ്കിലും ഇനിയുള്ള ജീവിതകാലവും വിശ്രമിയ്ക്കാന്‍ നില്‍ക്കാതെ മനസ്സിന് നിര്‍വൃതി നല്‍കുന്ന എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാനാണ് തന്റെ ഇഷ്ടമെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ എഴുത്തിന്റെയും ഗവേഷണങ്ങളുടെയും വായനയുടെയും ലോകത്ത് കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നും താല്‍പ്പര്യപ്പെടുന്നു.

ലേഖകന്റെ 'പൊലിക്കറ്റ' എന്ന കവിതാസമാഹാരം ബേപ്പൂരിലെ വൈക്കം മുഹമ്മദ് ബഷീറിന്റെ വസതിയില്‍ വച്ച് പ്രകാശിപ്പിയ്ക്കണമെന്ന് താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ ഒരു സാഹിത്യാസ്വാദകന്‍ കൂടിയായ അദ്ദേഹം സന്തോഷപൂര്‍വ്വം ക്ഷണം സ്വീകരിച്ചു. എത്ര തിരക്കാണെങ്കിലും പുസ്തകപ്രകാശനത്തിന് താനുണ്ടാവുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ആ ഉറപ്പ് പാലിച്ചുകൊണ്ട് നിശ്ചയിച്ച ദിവസം സമയത്തു തന്നെ അദ്ദേഹം എത്തിചേരുകയും ചെയ്തു. ബേപ്പൂര്‍ സുല്‍ത്താന്റെ വയിലാലില്‍ തറവാട്ടില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെ മഹത്വം തളംകെട്ടി നില്‍ക്കുന്ന എഴുത്തുമുറിയും മ്യൂസിയവും തികഞ്ഞ ആദരവോടെ കണ്ടുനിന്നപ്പോള്‍ വൈസ് ചാന്‍സലര്‍ എന്നതിനേക്കാളേറെ അക്ഷരസ്‌നേഹിയായ ഒരു നല്ല മനുഷ്യനെയാണ് അദ്ദേഹത്തില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞത്. ആ മനസ്സിന്റെ നന്മയും വിശുദ്ധിയും ഇനിയുള്ള കാലം അദ്ദേഹത്തിന്റെ പ്രവര്‍ത്തനവഴികളില്‍ നക്ഷത്രപ്രഭ ചൊരിയട്ടെയെന്നാശംസിക്കുന്നു.


പടിയിറങ്ങിയ 'പടനായകന്‍' - ഷാജന്‍ ആനിത്തോട്ടംപടിയിറങ്ങിയ 'പടനായകന്‍' - ഷാജന്‍ ആനിത്തോട്ടംപടിയിറങ്ങിയ 'പടനായകന്‍' - ഷാജന്‍ ആനിത്തോട്ടംപടിയിറങ്ങിയ 'പടനായകന്‍' - ഷാജന്‍ ആനിത്തോട്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക