Image

ഉറുമ്പുകള്‍ക്കുമുണ്ട് പറയാന്‍

ആശ എസ് പണിക്കര്‍ Published on 05 October, 2015
  ഉറുമ്പുകള്‍ക്കുമുണ്ട് പറയാന്‍
     ഉറുമ്പുകള്‍ ഉറങ്ങാറില്ല  ടൈറ്റില്‍ കേട്ടപ്പോള്‍ പുതുമ തോന്നിയെങ്കിലും മുന്‍നിരതാരങ്ങളൊന്നും ചിത്രത്തിലില്ലാത്തതിനാല്‍  ഇതൊരു തട്ടിക്കൂട്ടു സിനിമയായിരിക്കുമോ എന്നൊരു ചിന്തയുണ്ടായിരുന്നു. എന്നാല്‍ സിനിമ തുടങ്ങിയതോടെ കണക്കുകുകൂട്ടലുകള്‍ തെറ്റി.  നാട്ടിന്‍പുറത്തെ നന്‍മകളും അവിടുത്തെ വിശേഷങ്ങളുമൊക്കെയായി ഒരു നല്ല കൊച്ചു ചിത്രം. 

 സുഗീത് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒരുമിച്ചഭിനയിച്ച ഓര്‍ഡിനറി എന്ന ചിത്രത്തോട് സാദൃശ്യം തോന്നുന്നതാണ് ചിത്രത്തിലെ ആദ്യഭാഗവും അതിലെ കഥയും. ഗ്രാമത്തില്‍ ഒരു ഡേ കെയര്‍ സെന്റര്‍ നടത്തുകയാണ് മാധവേട്ടനും രാധ ചേച്ചിയും.  വാര്‍ദ്ധക്യത്തിലെത്തിയ ഇരുവര്‍ക്കും ഡേ കെയറിലെത്തുന്ന കുട്ടികള്‍ മാത്രമാണ് കൂട്ട്. പിന്നെ എല്ലാത്തിനും സഹായിയായി ഷീല എന്ന പെണ്‍കുട്ടിയും. പിന്നെ എന്താവശ്യത്തിനും ഓടിയെത്തുന്ന നല്ല അയല്‍ക്കാരനായ ബാബുവിനെ പോലുളള കുറേ അയല്‍ക്കാരും. ഇങ്ങനെയിരിക്കേയാണ് മാധവേട്ടന് ഒരറിയിപ്പ് കിട്ടുന്നത്. അവരുടെ ഒരേയൊരു മകന്‍ വിനോദ് നാട്ടിലെത്തുന്നു. വന്നാലുടന്‍ അവന്റെ വിവാഹമാണ്. അവനെ കാത്തിരിക്കുന്ന പെണ്ണുമായി. മാധവേട്ടനും ഷീലയും മകന്റെ കല്യാണത്തിനായി എല്ലാ ഒരുക്കങ്ങളും തുടങ്ങുന്നു. ഇത്ര വരെ കാണുമ്പോള്‍ നമുക്ക് ഓര്‍ഡിനറി സിനിമയോട് സാദൃശ്യം തോന്നാം. 

കഥയിങ്ങനെ സ്വച്ഛമായി പോകുന്നിടത്താണ് അപ്രതീക്ഷിതമായി ഒരു വഴിത്തിരിവ്. പിന്നീട് നമ്മള്‍ കാണുന്നത് കുറേ കള്ളന്‍മാരുടെ ലോകമാണ്. അവരുടെ കഥയും തമാശകളും. പല വഴികളിലൂടെ എല്ലാവരും സഞ്ചരിക്കുന്നു. ഒരു പാട് പേരുടെ കഥകളാണ് പിന്നെ സിനിമയില്‍. എങ്കിലും രസകരമായ ട്വിസ്റ്റുകള്‍ കൊണ്ട് കാഴ്ചയെ മടുപ്പിക്കാതെ കഥ മുന്നോട്ടു കൊണ്ടു പോകാന്‍ സംവിധായകനു കഴിയുന്നുണ്ട്. 

ചിത്രത്തില്‍ ഒരു നായകനെയോ നായികരയേയോ ചൂണ്ടിക്കാട്ടാന്‍ കഴിയില്ല എന്നതും പ്രത്യേകതയാണ്. കള്ളന്‍മാരുടെ കഥയായതുകൊണ്ട് മാത്രം ഒറിജിനാലിറ്റി പോകരുതല്ലോ എന്നു കരുതിയാകണം ചിത്രീകരണം തുടങ്ങും മുമ്പു തന്നെ  യഥാര്‍ത്ഥ കള്ളന്‍മാരുമായി സംവിദധായകന്‍  ജിജു അശോകന്‍ നിരവദി തവണ സംസാരിക്കുകയും അവരുടെ ജീവിതരീതി മനസിലാക്കുകയും ചെയ്തിരുന്നു. യഥാര്‍ത്ഥ ജീവിതത്തോട് വളരെ അടുത്തു നില്‍ക്കുന്ന രംഗങ്ങള്‍ ഈ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ സംവിധായകനു കഴിഞ്ഞതും അതുകൊണ്ടു തന്നെയാകണം.  ഏതായാലും മികച്ച ട്വിസ്റ്റുകള്‍ കൊണ്ട് സമ്പന്നമാണ് ചിത്രം. 

മലയാള സിനിമയിലിപ്പോള്‍ ഒരു കള്ളന്റെ വേഷമുണ്ടെങ്കില്‍ അതിന് ആദ്യം പരിഗണിക്കുക ചെമ്പന്‍ വിനോദിനെയാണെന്നു തോന്നുന്നു. സമീപ കാലത്തിറങ്ങിയ അദ്ദേഹത്തിന്റെ പല സിനിമകളിലും തസ്‌ക്കരന്റെ വേഷണാണ്. ഏതായാലും ഈ ചിത്രത്തില്‍ കള്ളന്‍ ബെന്നി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനോദിന്റെ പ്രകടനം ഉജ്വലമായി എന്നു പറയാതെ വയ്യ. കള്ളനും വ്യത്യസ്തത നല്‍കാന്‍ വിനോദ് ശ്രമിക്കുന്നുണ്ട്. ഒപ്പം എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രമാണ്  വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന  മനോജ് എന്ന കഥാപാത്രവും. നല്ല കൈയ്യടി കിട്ടുന്ന ഡയലോഗുകള്‍ പറയാന്‍ വിനയിന്റെ കഥാപാത്രത്തിനാകുന്നുണ്ട്. കേളുവാശാനായി സുധീര്‍ കരമന, ചൂടന്‍ രാജപ്പനായി ശ്രീജിത് രവി, മുറിച്ചവിയന്‍ കാര്‍ലോസായി കലാഭാവന്‍ ഷാജോണ്‍, റോസ്ലിയായി തെസ്‌നിഖാന്‍ എന്നിവര്‍ തങ്ങളുടെ കഥാപാത്രങ്ങളെ  ഏറെ മികച്ചതാക്കി. പ്രത്യേകിച്ച് സുധീര്‍ കരമന. കൊമേഴ്‌സ്യല്‍ ചിത്രങ്ങളുടെ അവിഭാജ്യഘടകമായി മാറാന്‍  ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഈ നടനു കഴിഞ്ഞിട്ടുണ്ട്.  ഇന്നസെന്റ്, അനന്യ, അജു വര്‍ഗീസ് എന്നിവരുടെ കഥാപാത്രങ്ങള്‍ക്കൊപ്പമാണ് ഇവര്‍ മത്സരിച്ചത്. ആരുടെയും അഭിനയം മോശമായില്ല എന്നു മാത്രമല്ല, എല്ലാവരും തന്നെ ഗംഭീര പ്രകടനം പുറത്തെടുക്കുകയും ചെയ്തു. 

ചിത്രത്തില്‍ എടുത്തുപറയേണ്ട മറ്റു രണ്ടു കാര്യങ്ങള്‍ ഇതിലെ സംഗീതവും ഛായാഗ്രഹണവുമാണ്. സംഗീതം നിര്‍വഹിച്ച ഗോപീസുന്ദറിന്റെ മൂന്നു പാട്ടുകളും പശ്ചാത്തല സംഗീതവും ചിത്രത്തിന് ഏറെ അനുയോജ്യമായി. ഒപ്പം വിഷ്ണു നാരായണന്റെ ഛായാഗ്രഹണത്തിന്റെ മികവ് ആദ്യ സീനുകളില്‍ തന്നെ തുടങ്ങുന്നു. ലിജോ പോളിന്റെ എഡിറ്റിംഗ് മികച്ചതായി. ഇടവേളയ്ക്കു ശേഷമാണ് കളി കാണാരിക്കുന്നതെന്നു പറയുന്നുണ്ടെങ്കിലും ആദ്യ പകുതിയാണ് കൂടുതല്‍ രസകരം.  താരങ്ങളേക്കാള്‍ കഥയ്ക്കും തിരക്കഥയ്ക്കും തുടക്കം മുതല്‍ ഒടുക്കം വരെ പ്രാധാന്യം നല്‍കിയത് കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ വ്യക്തിത്വം നല്‍കിയിട്ടുണ്ട്. ക്‌ളൈമാക്‌സ് കൂടുതല്‍ രസകരമായതും ഇതുകൊണ്ടു തന്നെ.  വന്‍താരനിരകളില്ലാതെയും കെട്ടുകാഴ്ചകളില്ലാതെയുമെത്തുന്ന കൊച്ചു ചിത്രങ്ങളെയും സ്വീകരിക്കാന്‍ ഇവിടെ പ്രേക്ഷകരുണ്ട് എന്നാണ് ഈ ചിത്രത്തിന്റെ പ്രയാണം കാണുമ്പോള്‍ മനസിലാകുന്നത്. 


  ഉറുമ്പുകള്‍ക്കുമുണ്ട് പറയാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക