Image

ദീപന്റെ പുതിയ ചിത്രം ഹീറോ ഷൂട്ടിംഗ് തുടങ്ങി

Published on 15 January, 2012
ദീപന്റെ പുതിയ ചിത്രം ഹീറോ ഷൂട്ടിംഗ് തുടങ്ങി
പുതിയ മുഖം നല്‍കിയ വിജയത്തിനുശേഷം ദീപന്‍ സംവിധാനംചെയ്യുന്ന പുതിയ ചിത്രമാണ് ഹീറോ. സെവന്‍ ആര്‍ട്‌സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജി.പി. വിജയകുമാര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലെ ഉദ്യോഗമണ്ഡല്‍ ഫാക്ട് കോമ്പൗണ്ടില്‍ കലാസംവിധായകനായ ഗിരീഷ് മേനോന്‍ ഒരുക്കിയ കോളനി സെറ്റില്‍വച്ചായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. ചിത്രത്തിന്റെ നല്ലൊരു ശതമാനം ഭാഗങ്ങളും ഈ സെറ്റില്‍വച്ചുതന്നെയാണ് ചിത്രീകരിച്ചതെന്ന് സംവിധായകനായ ദീപന്‍ പറഞ്ഞു.

പ്രശസ്ത സംവിധായകനായ ജോഷി ആദ്യ ഭദ്രദീപം തെളിയിച്ചുകൊണ്ടായിരുന്നു ചടങ്ങ് തുടങ്ങിയത്. തുടര്‍ന്ന് ദീപന്റെ ഗുരുകൂടിയായ ഷാജി കൈലാസ് സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചു. എം. പത്മകുമാര്‍ ഫസ്റ്റ് ക്ലാപ്പ് നല്‍കി. മിലന്‍ ജലീല്‍, മേജര്‍ രവി, ജോണി ആന്റണി, ആന്റോ ജോസഫ്, എം. സിന്ധുരാജ് തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചവരില്‍ പ്രമുഖരാണ്. 

തുടര്‍ന്ന് പൃഥ്വിരാജ്, നെടുമുടി വേണു, കെ.പി.എ.സി ലളിത, സുധീര്‍ കരമന എന്നിവരും ഏതാനും ജൂനിയര്‍ താരങ്ങളും പങ്കെടുത്ത രംഗവും ചിത്രീകരിച്ചു. പിന്നീട് തുടര്‍ച്ചയായി മൂന്നുദിവസവും ഒരു ഗാനരംഗമായിരുന്നു ചിത്രീകരിച്ചത്. പൃഥ്വിരാജ്, ടിനി ടോം, അനില്‍ മുരളി, നെടുമുടി വേണു, കെ.പി.എ.സി ലളിത, കുളപ്പുള്ളി ലീല തുടങ്ങിയവരൊക്കെ ഈ ഗാനരംഗത്തില്‍ പങ്കെടുത്തവരാണ്.

ഈ കോളനിക്കാരുടെ പ്രിയപ്പെട്ടവനായ ടാര്‍സന്‍ ആന്റണി വീണ്ടും സിനിമയിലേക്ക് മടങ്ങുന്നതിന്റെ സന്തോഷപ്രകടനമാണ് ഈ ഗാനരംഗത്തിലൂടെ അവതരിപ്പിക്കുന്നത്.

സിനിമയ്ക്കുള്ളില്‍ ആരും ശ്രദ്ധിക്കപ്പെടാതെപോകുന്ന ഒരു വിഭാഗത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ പ്രതിപാദിക്കുന്നത്. സംഘട്ടനരംഗങ്ങളില്‍ സൂപ്പര്‍താരങ്ങള്‍ക്കുവരെ ഉപയോഗപ്രദമാകുന്ന ഡ്യൂപ്പുകളാണിവര്‍. സിനിമയില്‍ ഏറെ ആവശ്യമുള്ളവരും എന്നാല്‍ അതിന് അനുസരിച്ച് അംഗീകാരം ലഭിക്കാത്തതും എന്നും അവഗണിക്കപ്പെട്ടുപോകുന്നവരുമാണ് ഡ്യൂപ്പുകള്‍. സാഹസമേറിയതും അപകടം നിറഞ്ഞതുമായ ജോലിയാണ് ഇവരുടേത്. അത്തരത്തിലൊരു കഥാപാത്രമാണ് ടാര്‍സന്‍ ആന്റണി. സിനിമയിലെ പ്രശസ്ത സംഘട്ടനസംവിധായകനായ ധര്‍മ്മരാജന്റെ സഹായിയായിരുന്നു. ചില പ്രശ്‌നങ്ങള്‍മൂലം അവന് സിനിമയില്‍നിന്നും വിട്ടുനില്‍ക്കേണ്ടിവന്നു. വീണ്ടും തന്റെ പഴയ ലാവണത്തിലേക്ക്.

ധര്‍മ്മജന്‍ മാസ്റ്റര്‍ ഇന്ന് സിനിമയില്‍ തിരക്കുള്ളവനല്ല. തന്റെ ശിഷ്യഗണങ്ങള്‍ ആ നിലയിലേക്കുയര്‍ന്നു. ഇപ്പോള്‍ വീണ്ടും ഒരവസരം കൈവന്നിരിക്കുന്നു. പക്ഷേ, തന്നോടൊപ്പം സഹായികളില്ല. ഇവിടെ ധര്‍മ്മരാജന്‍ സഹായം തേടുന്നത് തന്റെ മുന്‍ശിഷ്യനായ ടാര്‍സന്‍ ആന്റണിയുടെ അടുത്താണ്. ധര്‍മ്മരാജന്‍ മാസ്റ്ററുടെ ഇപ്പോഴത്തെ സാഹചര്യം മനസിലാക്കിയ ടാര്‍സന്‍ ആന്റണി വീണ്ടും അദ്ദേഹത്തോടൊപ്പം ഡ്യൂപ്പായി പോകുന്നു. ഇത് പുതിയ പല വഴിത്തിരിവുകള്‍ക്കും പ്രധാനകാരണമായി മാറുന്നു. ഈ സംഭവങ്ങളുടെ അത്യന്തം രസകരവും ഉദ്വേകജനകവുമായ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ചിത്രം. ഇവിടെ പൃഥ്വിരാജ് ടാര്‍സന്‍ ആന്റണിയെ അവതരിപ്പിക്കുന്നു. യാമിനി ഗൗതമാണ് നായിക. ശ്രീകാന്ത്, ബാല, തലൈവാസല്‍ വിജയ്, വിജയകുമാര്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി. ശോഭാ മോഹന്‍, റോസ്‌ലിന്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

വിനോദ് ഗുരുവായൂര്‍ ഈ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നു. ഷിബു ചക്രവര്‍ത്തി, അനില്‍ പനച്ചൂരാന്‍ എന്നിവരുടേതാണ് ഗാനങ്ങള്‍. സംഗീതം- ഗോപി സുന്ദര്‍. ഭരണി കെ. ധരണ്‍ ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. മേക്കപ്- രതീഷ് അമ്പാടി, വസ്ത്രാലങ്കാരം- എസ്.ബി. സതീശന്‍, അസോസിയേറ്റ് ഡയറക്ടര്‍- സുധീര്‍ ബോസ്, പ്രൊഡ. കണ്‍ട്രോളര്‍- സെവന്‍ ആര്‍ട്‌സ് മോഹന്‍, പ്രൊഡ. എക്‌സിക്യൂട്ടീവ്- സേതു അടൂര്‍. സെവന്‍ ആര്‍ട്‌സ് റിലീസാണ് വിതരണം.

ദീപന്റെ പുതിയ ചിത്രം ഹീറോ ഷൂട്ടിംഗ് തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക