Image

പാഠം 1-മതങ്ങള്‍ 100 (കഥ: ഷീല മോന്‍സ്‌ മുരിക്കന്‍)

Published on 07 October, 2015
പാഠം 1-മതങ്ങള്‍ 100 (കഥ: ഷീല മോന്‍സ്‌ മുരിക്കന്‍)
ഫസ്റ്റ്‌ ബെല്‍ മുഴങ്ങിക്കഴിഞ്ഞു.

പോര്‍വിളി പോലെ ആ ശബ്ദം മാഷിന്റെ കാതിലും പ്രകമ്പനം കൊണ്ടു.

യുദ്ധഭീതി ഉണര്‍ത്തുന്ന അതിര്‍ത്തി പ്രദേശത്ത്‌ എത്തപ്പെട്ട സൈനീകനെപ്പോലെ ജാഗ്രതയോടെ മാഷ്‌ ചുവടുകള്‍ വച്ചു.

അധിക വസ്‌ത്രധാരിയായ ഹാജിറടീച്ചര്‍ പതിവുപോലെ കൃത്യം ഒമ്പതരയ്‌ക്കു തന്നെ ഹാജര്‍ബുക്കും നെഞ്ചോട്‌ ചേര്‍ത്ത്‌ ഇറങ്ങിക്കഴിഞ്ഞു. മുമ്പിലുള്ള കാഴ്‌ചകള്‍ മാത്രം കാണുന്ന അവര്‍, തന്നെ കണ്ടില്ലെന്ന്‌ മാഷ്‌ ഊഹിച്ചു. അവരുടെ കറുത്ത തട്ടത്തിന്റെ അതിരു ഭേദിച്ച്‌
പനങ്കുല പോലെ തൂങ്ങിക്കിടക്കുന്ന ചുരുണ്ട തലമുടിയില്‍ നിന്നും വെള്ളത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നുണ്ട്‌. മുഴു നീളെ ആ മുടി ഒന്നു കാണാന്‍ നാളുകള്‍ക്കു മുമ്പേ മോഹിച്ചതാണ്‌. പക്ഷേ, അതൊരിക്കലും സാധ്യമല്ലെന്ന വാശിയോടെ ആ തട്ടത്തിന്‌ ഇറക്കം കൂടിക്കൊണ്ടേയിരുന്നു.

മിനുസമുള്ള ടീച്ചറിന്റെ ആ കറുത്ത തട്ടത്തോട്‌ പലപ്പോഴും ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്‌!

ചുറ്റുപാടും ഒന്നു വീക്ഷിച്ചതിനു ശേഷം മാഷ്‌ സ്വന്തം സീറ്റില്‍ ഇരിപ്പുറപ്പിച്ചു.

കുട്ടികള്‍ എന്തെങ്കിലും വികൃതി കാണിച്ചിട്ടുണ്ടെങ്കിലോ?.

കഴിഞ്ഞ ദിവസം പ്രഭാകരന്‍ മാഷിന്റെ മുണ്ടിന്റെ പിന്നില്‍ പതിഞ്ഞ ഗണപതിയുടെ റ്റാറ്റു. മേരിച്ചേച്ചിയുടെ സാരിത്തുമ്പില്‍ തൂങ്ങിയ മരക്കുരിശ്‌, ഹെഡ്‌മാസ്റ്റര്‍ കുഞ്ഞാലിക്കുട്ടി സാറിന്റെ ഷര്‍ട്ടില്‍ എഴുതിച്ചേര്‍ത്ത അസലാമും അലൈക്കും.

മതത്തിന്റെ മുഖമുദ്രകള്‍ പതിയാതിരിക്കാന്‍ മാഷ്‌ കൂടുതല്‍ ശ്രദ്ധിച്ചു.

തിടുക്കപ്പെട്ട്‌ ഓഫീസ്‌ മുറിയിലേയ്‌ക്ക്‌ കയറിവന്ന ഹാജിറ ടീച്ചറിന്റെ മുഖത്തേയ്‌ക്ക്‌ ഒരു ചോദ്യചിഹ്നമെറിഞ്ഞ്‌ മാഷ്‌ ഹാജര്‍ബുക്കു തുറന്നു.

എക്‌സ്‌കളമേഷന്‍ മാര്‍ക്കിട്ട ഒരു ചിരിയോടെ ഹാജിറടീച്ചര്‍ ചാര്‍ട്ടെടുക്കാനായി ഷെല്‍ഫിന്റെ താഴത്തെ തട്ടിലേയ്‌ക്ക്‌ കുനിഞ്ഞു.

`അത്തറിന്റെ മണമുള്ള ഹാജിറ ടീച്ചറിന്റെ മിനുസമുള്ള തട്ടത്തിലൂടെ മൂന്നാലു നിശറുറുമ്പുകള്‍ പരിഭ്രാന്തരായി അങ്ങോട്ടും ഇങ്ങോട്ടും പായുന്നു!'

ജാതിയുടെ കൊടിക്കൂറയിലാണ്‌ തങ്ങള്‍ വിഹരിക്കുന്നതെന്ന്‌ തിരിച്ചറിഞ്ഞതുകൊണ്ടാണോ ഉറുമ്പുകള്‍ക്ക്‌ ഇത്ര പരിഭ്രമം. ഇവറ്റള്‍ക്ക്‌ വിവേചന ശക്തിയുണ്ടോ? ഒരു നിമിഷം ചിന്തിച്ചുപോയി. എന്തായാലും കുറച്ചു നിമിഷങ്ങള്‍ക്കകം ഉറുമ്പുകള്‍ ഹാജിറ ടീച്ചറിന്റെ വെളുത്ത നെറ്റിയിലോ കാതിനുള്ളിലോ പ്രശ്‌നം സൃഷ്‌ടിക്കും എന്നുറപ്പാണ്‌.

പക്ഷേ മിണ്ടാനൊക്കുമോ?

തട്ടങ്ങളും പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന കാലത്തിലല്ലേ നമ്മളിപ്പോള്‍ ജീവിക്കുന്നത്‌.

ഒരു മത വിപ്ലവം ഉണ്ടാകാന്‍ ഈ മൂന്നുറുമ്പുകള്‍ ധാരാളം മതി. സാരിയിലോ ബ്ലൗസിലോ ആയിരുന്നെങ്കില്‍ തോണ്ടിക്കളയാമായിരുന്നു!.

നിരാശയോടെ മാഷ്‌ ഉറുമ്പുകള്‍ക്കു നേരെ കൊഞ്ഞനം കുത്തി.

ഹാജിറ ടീച്ചര്‍ പോയിട്ടും മാഷ്‌ ഉറുമ്പു ചിന്തകളില്‍ കുറച്ചു ദൂരം കൂടി മുന്നോട്ടു സഞ്ചരിച്ചു.

ഉറുമ്പിനെ തട്ടിക്കളയുമ്പോള്‍ തന്റെ കൈകൊണ്ട്‌ തട്ടം ഊര്‍ന്നു പോയാലോ......?

അതു വല്ല്യ പ്രശ്‌നമാവില്ലേ.? ഇനിയിപ്പോള്‍ താന്‍ പറയുന്ന ഉറുമ്പിന്റെ കഥ കേട്ട്‌ ഹാജിറ ടീച്ചര്‍ സ്വയം തൂത്തുകളഞ്ഞാലും സൂക്ഷിക്കണം. കാരണം, തൂക്കുമ്പോള്‍ ഉറുമ്പുകള്‍ ദൂരെ തെറിച്ചുപോകും. തട്ടത്തിന്‌ സ്ഥാനഭ്രംശം സംഭവിക്കുകയും ചെയ്യും.

തട്ടം തെറിപ്പിക്കാന്‍ മനപ്പൂര്‍വ്വം പരിശ്രമിച്ചു എന്നു വ്യാഖ്യാനിച്ചാലോ. വെറുതെ ഒരു പ്രശ്‌നം സൃഷ്‌ടിക്കണോ?

ഹാജിറ ടീച്ചറെ ഉറുമ്പു കടിക്കുകയോ തിന്നുകയോ ചെയ്യട്ടെ! തനിക്കെന്താ..?

മതങ്ങള്‍ക്ക്‌ ഒരു വിപ്ലവ അഭിവാദ്യം പറഞ്ഞ്‌, മാഷ്‌ ആ കാഴ്‌ച കണ്ടില്ലെന്നു നടിച്ചു.

മിനിഞ്ഞാന്നു ക്ലാസ്സില്‍ നിന്നു കിട്ടിയ `ശിക്ഷ' പോക്കറ്റില്‍ നിന്നെടുത്ത്‌ ഹാജര്‍ ബുക്കിന്റെ ആദ്യ പേജില്‍ തന്നെ ഭദ്രമായി വച്ചു. ഇന്നലെ ഉറക്കമുപേക്ഷിച്ചാണ്‌ ഇത്രയും എഴുതിയൊപ്പിച്ചത്‌. മതങ്ങളുടെ പേരില്‍ ഇളം പ്രായത്തില്‍ വേര്‍തിരിയുന്നത്‌, മതങ്ങളെക്കുറിച്ചുള്ള കാഴ്‌ച്ചപ്പാട്‌ തെറ്റായതുകൊണ്ടാണ്‌ എന്ന തന്റെ പ്രസ്‌താവനയ്‌ക്കു ശിക്ഷയായിട്ടാണ്‌ ഈ ലേഖന `കര്‍ത്തവ്യം' തന്റെ തലയില്‍ ഒരു മനസ്സോടെ ടെന്‍ എ യിലെ വിദ്യാര്‍ത്ഥികള്‍ വച്ചതെന്ന്‌ മാഷിനറിയാം. മാസങ്ങളായി ഓരോ ജാതിക്കൂട്ടങ്ങളായി വേര്‍തിരിഞ്ഞ്‌ അന്യമതസ്ഥരോട്‌ അപമര്യാദയായി സംസാരിക്കുന്നതും കലാപാന്തരീക്ഷം സൃഷ്‌ടിച്ചു കുഞ്ഞു മനസ്സുകളില്‍ വിഷപ്പുക നിറയുന്നതും എത്രയോ തവണ വേദനയോടെ എത്രയോ തവണ നോക്കി നില്‍ക്കേണ്ടി വന്നു.

മാഷ്‌ ഒന്നു നിശ്വസിച്ചു. മനസ്സില്‍ ആശങ്ക ഫണം വിടര്‍ത്തി ആട്ടം തുടങ്ങിക്കഴിഞ്ഞു.

ക്ലാസ്സില്‍ ഇത്‌ അവതരിപ്പിക്കുമ്പോള്‍ എന്താവും പ്രതികരണം?

നെറ്റിയിലെ ഞരമ്പുകള്‍ പിടച്ചു തുടങ്ങി. ഉറങ്ങാത്തതുകൊണ്ടാവും വല്ലാത്ത തലവേദന.
വിശ്വ - വേദന സംഹാരിയായ `പാരസെറ്റാമോള്‍' ഒരെണ്ണം വിഴുങ്ങാതെ പോന്നതില്‍ മാഷിനു സങ്കടം തോന്നി. എങ്കിലും ഞരമ്പില്‍ പിടയ്‌ക്കുന്ന തലവേദന അവഗണിച്ച്‌ ലേഖനം ഒരാവര്‍ത്തി കൂടി വായിച്ചു.

പശ പിടിപ്പിച്ച വെളുത്ത മുണ്ടും വരയന്‍ ജുബ്ബായുമിട്ട്‌ പ്രഭാകരന്‍ മാഷ്‌ ഓടിക്കിതച്ച്‌ വരാന്തയില്‍ കയറിയിട്ടുണ്ട്‌. മാഷിന്റെ വലതു കയ്യില്‍ തൂക്കിപ്പിടിച്ചിരിക്കുന്ന കറുത്ത ബാഗിന്റെ ഒരു കള്ളി നിറയെ ഉണങ്ങിയ വാഴയിലയില്‍ വെള്ളം കൊതിച്ചിരിക്കുന്ന പലതരം ചന്ദനക്കൂട്ടങ്ങളുണ്ട്‌.

മള്ളിയൂരിലെ ഗണപതി ചന്ദനം....

ഏറ്റുമാനൂരിലെ ശിവ ചന്ദനം.....

ചോറ്റാനിക്കരയിലെ ദേവി കളഭം....

ഗുരുവായൂര്‍ ചന്ദനം...

അല്‌പം കിട്ടിയിരുന്നെങ്കില്‍....!

ചന്ദനം തിരുനെറ്റിക്കിട്ടാല്‍ ഏതു തലവേദനയും പമ്പകടക്കും.

പക്ഷേ.......

എങ്ങനെ ചോദിക്കും? ദിവ്യപ്രസാദത്തെ തലവേദനയ്‌ക്കു പുരട്ടുന്ന ലേപനമായി കണ്ട്‌ അപമാനിച്ചെന്ന്‌ വ്യാഖ്യാനിച്ചാലോ? അദ്ദേഹത്തിന്റെ മതവികാരം വ്രണപ്പെടില്ലേ...?

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടികള്‍ക്കിടയില്‍ നിന്ന്‌ അദ്ധ്യാപകര്‍ക്കിടയിലേക്ക്‌ പടര്‍ന്നു കയറുന്ന മതമാത്സര്യം സ്‌കൂളില്‍ കുറേ ദു:സൂചനകളും നല്‍കുന്നുണ്ട്‌. കുട്ടികള്‍ക്കു പിന്നില്‍ പുറത്തുനിന്നുള്ള സംഘടനകളുടെ സ്വാധീനം ശക്തമാണെന്നും മാഷിനറിയാം. എന്തായാലും തലവേദനയെ സ്വന്തം നെറ്റിയോട്‌ ചേര്‍ത്തിരുത്തി മതങ്ങള്‍ക്കു മുമ്പില്‍ സാഷ്‌ടാംഗ പ്രണാമം ചെയ്‌ത്‌ മാഷ്‌ ആ ചന്ദന മോഹം വേണ്ടെന്നു വച്ചു.

തന്നെ കണ്ടതും പ്രഭാകരന്‍ മാഷ്‌ നെറ്റി ചുളിച്ചു ചോദിച്ചു.

``ഇന്നലെ ലീവാരുന്നൂല്ല്യേ....?''

മാഷിന്റെ നെറ്റിയിലെ വീതി കൂടിയ ചന്ദന മേഘങ്ങള്‍ അല്‌പം അടര്‍ന്നു നിലത്തു വീണു.

``അതെ. എന്താ ഇന്നലെയും പ്രശ്‌നമായിരുന്നോ..?

``അബ്ബാസും കൂട്ടുകാരും കുറെ ചന്ദനം കൊണ്ടുവന്ന്‌ അതില്‍ തുപ്പിയിട്ടു. ശശീന്ദ്രന്‍ എവിടുന്നോ കൊണ്ടു വന്ന ഒരു കറുത്ത തട്ടം വലിച്ചു കീറി....''

പ്രഭാകരന്‍ മാഷ്‌ പിന്നെ പറഞ്ഞതൊന്നും മാഷ്‌ കേട്ടിരുന്നില്ല. ഒരു ഞെട്ടലിന്റെ ആഘാതത്തില്‍ തന്റെ തലവേദന തെറിച്ചുപോകുന്നതു മാഷ്‌ അനുഭവിച്ചറിഞ്ഞു. കുറച്ചു മുമ്പ്‌ താന്‍ വെറുതെ വിട്ട, ഹാജിറ ടീച്ചറിന്റെ തട്ടത്തിലെ ഭീകരന്മാരായ നിശറുമ്പുകളുടെയുമ പ്രഭാകരന്‍ മാഷിന്റെ ഉണങ്ങിയ വാഴയിലയ്‌ക്കുള്ളിലിരിക്കുന്ന, ജല ദാഹികളായ ചന്ദനക്കട്ടകളുടെയും ഓര്‍മ്മകള്‍ക്കു മുമ്പില്‍ നന്ദി നിറഞ്ഞ ഹൃദയത്തോടെ, ആദരാജ്ഞലി അര്‍പ്പിക്കാനും മാഷ്‌ മടി കാണിച്ചില്ല.

നാലഞ്ചടികള്‍പ്പുറം യുദ്ധഭൂമി പോലെ ക്ലാസ്സ്‌ മുറി എന്തിനും തയ്യാറായി നില്‍ക്കുന്നു.

താന്‍ ഭയപ്പെടുന്നുണ്ടോ?

എങ്ങനെ ഭയക്കാതിരിക്കും ആറ്റംബോംബിന്റെ ശക്തിയുള്ള പദമല്ലേ `മതം' സൂക്ഷിച്ചു കൈകാര്യം ചെയ്‌തില്ലെങ്കില്‍ വായിലിരുന്നു പൊട്ടും. അദ്ധ്യാപകര്‍ മുതല്‍ മന്ത്രിമാര്‍ വരെ ഈ ബോംബേറില്‍ ഇരകളാവുന്നില്ലേ.

വര്‍ഷങ്ങള്‍ക്കു മുമ്പുള്ള തന്റെ ആദ്യ ക്ലാസ്സ്‌യാത്രയിലും താന്‍ ഭയന്നിരുന്നു. പക്ഷേ ആ യാത്രയില്‍ ചങ്ക്‌ ഇത്രയും ശക്തി പ്രകടിപ്പിച്ചിരുന്നില്ല.

``ഗുഡ്‌ മോര്‍ണിംഗ്‌''

എ.കെ 47 നില്‍ നിന്നും ഉതിര്‍ന്ന വെടിയൊച്ച പോലെയാണ്‌ ആ ശബ്‌ദം മുഴങ്ങിയത്‌.

മുദ്രാവാക്യം വിളിക്കുന്ന പോരാളികളുടെ ഭാവം കടമെടുത്ത വിദ്യാര്‍ത്ഥികള്‍ക്കു നേരെ ശാന്തമായ ഒരു നോട്ടമെറിഞ്ഞ്‌ ഹാജര്‍ ബുക്കിലെ അക്ഷരക്കൂട്ടങ്ങളെ ശബ്‌ദമാക്കാന്‍ മാഷ്‌ ഒന്നു ചുമച്ചു.

``ഭൂമിയില്‍ മനുഷ്യന്‍ ഉരുവായിട്ട്‌ എത്ര കാലമായി എന്നാണ്‌ ശാസ്‌ത്രം രേഖപ്പെടുത്തിയിട്ടുള്ളത്‌...?''

കുട്ടി മതഭ്രാന്തന്മാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വെറുതെ ഒരു ചോദ്യം തൊടുത്തുവിട്ടു.

അറിവില്ലാത്തവരായിരിക്കുമ്പോഴും അവരുടെ കണ്ണിലെ ചൂഴ്‌ന്ന നോട്ടത്തിനു മുമ്പില്‍ മാഷ്‌ പതറിപ്പോയി.

എന്തൊരു കൂസലില്ലായ്‌മ!

ശശീന്ദ്രന്റെ ഉന്തിയ ഉണ്ടക്കണ്ണുകളില്‍ തന്റെ മതവികാരത്തെ മുറിവേല്‍പ്പിച്ചാല്‍ പകരം ചോദിക്കുമെന്ന അഹങ്കാര ഭാവം. അബ്ബാസിന്റെ കണ്ണിലും ഏതാണ്ട്‌ അതേ ഭാവം.

നാല്‍പതു വര്‍ഷം മുമ്പുള്ള തന്റെ ക്ലാസ്സ്‌ മുറിയിലെ ഒടിഞ്ഞ ബഞ്ചില്‍ അറിയാതെ ഒരു നിമിഷം മാഷ്‌ ഇരുന്നു. പിള്ളസാറിന്റെ ചോദ്യങ്ങല്‍ക്കു മുമ്പില്‍ പലപ്പോഴും ഭയന്ന്‌, നനഞ്ഞുപോകുന്ന തന്റെ കാല്‍ചട്ട. കൂട്ടുകാരുടെ അടക്കിയ ചിരി.

അദ്ധ്യാപകരുടെ ഒരു നോട്ടം പോലും അന്നു കുട്ടികള്‍ ഭയന്നിരുന്നു.

ഇന്നോ....?

കാലം തലകുത്തി നില്‍ക്കുന്നതു കണ്ട്‌ മനസ്സ്‌ ആശ്ചര്യപ്പെട്ടു.

നിശബ്‌ദമായ നാലഞ്ചു നിമിഷം.

``ഏതാണ്ട്‌ നാല്‌ മില്ല്യന്‍ വര്‍ഷം മുമ്പാണ്‌ മനുഷ്യന്‍ ഉരുവായതെന്നു ശാസ്‌ത്രം പറയുന്നു.''

മാഷ്‌ സ്വയം ഉത്തരം പറഞ്ഞു.

``എന്നാല്‍ മതങ്ങളുടെ ആവിര്‍ഭാവത്തിന്‌ നാലായിരം വര്‍ഷം പഴക്കമേയുള്ളൂ. അതിനു മുമ്പുള്ള കാലഘട്ടത്തില്‍ മത സങ്കല്‌പങ്ങളും ദൈവീക സങ്കല്‌പങ്ങളും ഇല്ലായിരുന്നോ?''

കുട്ടികളുടെ കണ്ണുകളില്‍ ആകാംഷ ഒഴുകിയെത്തുന്നത്‌ മാഷ്‌ ഒരു ചെറു ചിരിയോടെ നോക്കി.

``ദൈവീക സങ്കല്‌പങ്ങളും മത സങ്കല്‌പങ്ങളും മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ക്ക ഉണ്ടായിരുന്നിരിക്കണം. ചരിത്ര മതങ്ങള്‍ പോലെ തന്നെ പ്രാകൃത മതങ്ങളും ഉണ്ടായിരുന്നു. അവയ്‌ക്ക്‌ സ്ഥാപകരോ പ്രത്യേക ഗ്രന്ഥങ്ങളോ ഉണ്ടായിരുന്നില്ല. അവര്‍ അനുഭവിച്ചറിഞ്ഞ അമര്‍ത്ത്യമായ ഒരു ശക്തി സാന്നിധ്യത്തെ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്‌തിരുന്നു. പേര്‍ഷ്യയിലെ പ്രാകൃത മനുഷ്യര്‍ അവരുടെ ശക്തിക്ക്‌ അതീതമായ പ്രകൃതി ശക്തികളെ ദൈവമായി കരുതി. കാറ്റിനെയും അഗ്നിയെയും ജലത്തേയും ആരാധിച്ചിരുന്നു.

``നിങ്ങള്‍ക്കു മനസ്സിലാകുന്നുണ്ടോ?'' മാഷ്‌ ഉറക്കെ ചോദിച്ചു.

ശശീന്ദ്രന്റെയും അബ്ബാസിന്റെയും കണ്ണുകളിലെ രൗദ്രഭാവത്തിന്‌ ഇനിയും കോട്ടം തട്ടിയിട്ടില്ല.

അറിയിപ്പുമായി പ്യൂണ്‍ മേരിച്ചേച്ചി ക്ലാസ്സിലേക്ക്‌ വന്നപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ
അവരിലേക്കായി. മെലിഞ്ഞുണങ്ങിയ അവരുടെ കഴുത്തിലെ നെല്ലിക്ക വലിപ്പത്തിലുള്ള കൊന്ത വളരെ വൃത്തികേടായി തോന്നി. ഒരു ചെറുതെങ്ങാനും ഇട്ടാല്‍ പോരെ എന്ന്‌ ചോദിക്കാന്‍ നാവുയര്‍ത്തിയതാണ്‌. പക്ഷേ, ചോദിക്കാനൊക്കുമോ? മതവികാരം വ്രണപ്പെടത്തില്ല്യോ?

``ഇന്ന്‌ മൂന്നു മണിക്ക്‌ കലക്‌ടര്‍ സ്‌കൂള്‍ സന്ദര്‍ശിക്കുന്നു.''

എല്ലാവരും പരസ്‌പരം നോക്കി.

സ്‌കൂളിലെ വര്‍ഗ്ഗീയ വിപ്ലവം കലക്‌ടറുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. കഴിഞ്ഞ ദിവസമാണ്‌ സ്‌കൂളില്‍ നിന്നും പോലീസ്‌ കാവല്‍ പിന്‍വലിച്ചത്‌.

ക്ലാസ്സ്‌ മുറിയില്‍ വെയിലിന്റെ ചൂട്‌ പലരുടെ നെറ്റിയിലും വിയര്‍പ്പുമണികള്‍ സൃഷ്‌ടിച്ചുകൊണ്ടിരുന്നു.

മുറ്റത്തെ അറബിമരത്തിന്റെ കുഴഞ്ഞാടുന്ന ചില്ലകള്‍ ആര്‍ത്തു ചിരിച്ചപ്പോള്‍ തള്ളിക്കയറി വന്ന കാറ്റിന്റെ രക്തസാക്ഷിയായതു ഹാജിറ ടീച്ചറിന്റെ ചാര്‍ട്ടുപേപ്പറായിരുന്നു.

നിശബ്‌ദമായ തന്റെ ക്ലാസ്സിലേയ്‌ക്ക്‌ അത്ഭുത കടാക്ഷമെറിഞ്ഞ്‌, ചാര്‍ട്ടു പേപ്പറെടുത്ത്‌ ഹാജിറ ടീച്ചര്‍ മിന്നിമറഞ്ഞു.

``ഭാരതത്തില്‍ അക്കാലത്ത്‌ മനുഷ്യര്‍ മുഖ്യമായും ജിവിച്ചിരുന്നത്‌ എവിടെയാണെന്നറിയാമോ?''

ആരും മറുപടി പറഞ്ഞില്ല.

``അഞ്ചു പുഴകളുടെ നാടായ പഞ്ചാബിലായിരുന്നു. കൃഷിക്കും കന്നുകാലി വളര്‍ത്തലിനും അനുയോജ്യമായ സ്ഥലമായിരുന്നു അത്‌. പല പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ അവിടെ ചേക്കേറി. പേര്‍ഷ്യയില്‍ നിന്നെത്തിയവരെ ആര്യന്മാരെന്നും പഞ്ചാബില്‍ വസിച്ചവരെ ദ്രാവിഡന്മാരെന്നും അറിയപ്പെട്ടു.''

ഒരര്‍ദ്ധ വിരാമത്തിന്റെ സഹായത്തോടെ മാഷ്‌ പേപ്പറില്‍ നിന്നും മുഖമുയര്‍ത്തി.

``ഇതൊക്കെ നിങ്ങള്‍ പഠിച്ചിട്ടുള്ളതല്ലേ.''

കുട്ടികള്‍ മെല്ലെ തലയിളക്കി.

``ഈ രണ്ടു സമൂഹങ്ങള്‍ ഒന്നു ചേര്‍ന്നപ്പോള്‍ വേദിക്‌ ധര്‍മ്മം, സനാതന ധര്‍മ്മം, ബ്രഹ്മന്‍, ആത്മന്‍, പരാമാത്മാവ്‌, ജീവാത്മാവ്‌, നിഷ്‌കാമ കര്‍മ്മം തുടങ്ങിയ മഹത്തായ ദര്‍ശനങ്ങളെ ലോകത്തിന്‌ സമ്മാനിച്ച ഒരമൂല്യ സംസ്‌കാരം രൂപമെടുത്തു. ഹൈന്ദവസംസ്‌കാരം.''

മാഷിന്റെ കയ്യിലിരുന്ന പേപ്പര്‍ കഷ്‌ണങ്ങളില്‍ നിന്ന്‌ അറിവും സൗഹാര്‍ദ്ദവും സ്‌നേഹവും വികാരങ്ങള്‍ പങ്കുവച്ചുകൊണ്ടിരുന്നു. കുട്ടികളുടെ മനസ്സ്‌ അല്‌പം അയഞ്ഞതായി മാഷ്‌ മനസ്സിലാക്കി.

``മതങ്ങള്‍ മനുഷ്യ സ്ഥാപിതമായാലും, പ്രവാചക പ്രചരണമായാലും എല്ലാത്തിന്റെയും അന്ത:സത്ത ഒന്നു മാത്രമാണ്‌. നന്‍മ ചെയ്യുക. തിന്മയില്‍ നിന്ന്‌ അകലുക.''

മാഷ്‌ ഏറുകണ്ണിട്ട്‌ നാലു കണ്ണുകളിലേയ്‌ക്ക്‌ നോക്കി.

``മതങ്ങള്‍ മനുഷ്യനെ ദൈവത്തിലേയ്‌ക്ക്‌ നയിക്കുന്ന പാതകളായി മാത്രമേ കാണാവൂ. ഒരിക്കലും അത്‌ മനുഷ്യര്‍ക്കിടയിലെ മതിലുകളാവരുത്‌.''

ആകാംഷാ ഭരിതരായിരിക്കുന്ന കുട്ടികളെ ഒന്നു നോക്കിയ ശേഷം വിണ്ടും അദ്ദേഹം തുടര്‍ന്നു.

``എത്രയോ മതങ്ങള്‍ മണ്‍മറഞ്ഞുപോയി. കാലഘട്ടത്തിനനുസൃതമായ ഒരു മതസങ്കല്‌പം മനുഷ്യന്‍ ആഗ്രഹിക്കുന്നു. അത്‌ അവന്റെ അവകാശമാണ്‌. നമുക്കു മുന്നില്‍ ശ്രേഷ്‌ഠങ്ങളായ ഒരുപാട്‌ മതങ്ങളുണ്ട്‌. ഒന്നും മറ്റൊന്നില്‍ നിന്ന്‌ ശ്രേഷ്‌ഠമോ നീചമോ അല്ല. ആത്മീകവും മാനസീകവും ശാരീരികവുമായി നന്മയുള്ളവരായി ജീവിക്കുവാന്‍ എല്ലാ മതഗ്രന്ഥങ്ങളും ഉത്‌ബോധിപ്പിക്കുന്നില്ലേ?''

``എന്നിട്ടും നമ്മള്‍ പരസ്‌പരം മതങ്ങളുടെ പേരില്‍ കലഹിക്കുന്നു. ഇത്‌ മതങ്ങളുടെ കുറ്റമാണോ? അതോ കലഹിക്കുന്നവരുടെ തെറ്റോ? ഓരോരുത്തരും ഉത്തരം പറയണം''

മാഷ്‌ കുട്ടികള്‍ക്കു നേരെ വിരല്‍ ചൂണ്ടി.

ഓരോരുത്തരായി അവര്‍ ഉത്തരം പറഞ്ഞു തുടങ്ങി.

``കലഹിക്കുന്നവരുടെ മാത്രം തെറ്റ്‌''

ചെറു പുഞ്ചിരിയോടെ പരസ്‌പരം നോക്കുന്ന അബ്ബാസിന്റെയും ശശീന്ദ്രന്റെയും കണ്ണുകളില്‍ അപ്പോള്‍ വിദ്വേഷവും പകയും ഉണ്ടായിരുന്നില്ല. ക്ഷമാപണത്തിന്റെ നേര്‍ത്ത ചമ്മല്‍.

ഹാജിറ ടീച്ചറിന്റെ ക്ലാസ്സില്‍ നിന്നും കലപില ശബ്‌ദം കേട്ടപ്പോള്‍ മാഷ്‌ ഒന്നു നിറുത്തി. പരിഭ്രാന്തിയോടെ ഒരു കുട്ടി ഓടി വന്നു പറഞ്ഞു.

``മാഷേ ടീച്ചര്‍ടെ ചെവിക്കുള്ളിലെന്തോ പോയി.''

മാഷ്‌ ക്ലാസ്സിലേയ്‌ക്കു ചെല്ലുമ്പോള്‍ ഹാജിറ ടീച്ചര്‍ ചൂണ്ടു വിരല്‍ ചെവിയിലിട്ടു തല കുടയുന്നുണ്ടായിരുന്നു. ജനല്‍ പടിയില്‍ നിരന്നിരുന്ന വാട്ടര്‍ബോട്ടിലുകളൊന്നില്‍ നിന്നും അല്‌പം വെള്ളമെടുത്തു മാഷ്‌ ഹാജിറ ടീച്ചറിന്റെ ചെവിയിലേയ്‌ക്കൊഴിച്ചു.

``കൈപ്പത്തി പൊത്തിപ്പിടിച്ച്‌ തലചെരിച്ചോളൂ. മൂന്ന്‌ നിശറുറുമ്പുകള്‍ ആയിരിക്കും.!''

ചെവിയില്‍ നിന്നും ചൂടുള്ള വെള്ളം ടീച്ചറിന്റെ കൈക്കുമ്പിളിലേയ്‌ക്ക്‌ ഒലിച്ചിറങ്ങി. ഒപ്പം
ചത്തുമലച്ച മൂന്ന്‌ നിശറുറുമ്പുകളും!

ഹാജിറ ടീച്ചര്‍ ഒരു പ്രവാചകനെ കണ്ടതുപോലെ മാഷിന്റെ കണ്ണിലേയ്‌ക്ക്‌ ഭക്തി
`വിഹ്വല'തയോടെ നോക്കി.

പാഠം 1-മതങ്ങള്‍ 100 (കഥ: ഷീല മോന്‍സ്‌ മുരിക്കന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക