Image

അമേരിക്കന്‍ മലയാളികളുടെ സ്വന്തം മൊയ്‌തീന്‍

Published on 08 October, 2015
അമേരിക്കന്‍ മലയാളികളുടെ സ്വന്തം മൊയ്‌തീന്‍
മൊയ്‌തീനെപ്പറ്റി സിനിമ ചെയ്യുന്നെങ്കില്‍ നായകന്‍ പൃഥ്വിരാജ്‌ ആയിരിക്കണമെന്ന്‌ നിബന്ധന വെച്ചത്‌ മൊയ്‌തീന്റെ സ്വന്തം കാഞ്ചയേടത്തിയാണ്‌. മൊയ്‌തീന്റെ പൊക്കവും ലുക്കും പൃഥ്വിരാജിനാണെന്നവര്‍ പറഞ്ഞു.

സംവിധായകന്‍ വിമല്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാക്കളായ ന്യൂട്ടണ്‍ ഫിലിംസിന്റെ പാര്‍ട്ട്‌ണര്‍ സുരേഷ്‌ രാജ്‌  `ലണ്ടന്‍ ബ്രിഡ്‌ജിന്റെ' സെറ്റില്‍ 2013-ല്‍ പോയി 
പൃഥ്വിരാജിനെ കണ്ടു. പൃഥ്വിരാജിന്‌ കഥ ഇഷ്‌ടപ്പെട്ടു. ഇതു നല്ല രീതിയില്‍ തന്നെ ചെയ്യണണെന്ന പൃഥ്വിയുടെ ഉപദേശ നിര്‍ദേശങ്ങളാണ്‌ ഗുണമേന്മയില്‍ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയാറാകാതിരുന്നതിനു പിന്നിലെന്ന്‌ ഫൊക്കാനയിലും വിവിധ സംഘടനകളിലും പ്രവര്‍ത്തിച്ച ഐ.ടി വിദഗ്‌ധനായ സുരേഷ്‌ രാജ്‌. ഐ.ടി വിദഗ്‌ധന്‍ തന്നെയായ ബിനോയി ശങ്കരത്തുമായി ചേര്‍ന്നാണ്‌ ന്യൂട്ടണ്‍ ഫിലിംസിനു രുപംകൊടുത്തത്‌. പിന്നീട്‌ നിര്‍മ്മാണത്തില്‍ ന്യൂജേഴ്‌സിയില്‍ നിന്നുള്ള രാജി  തോമസ്‌, എക്‌സിക്യൂട്ടീവ്‌ പ്രൊഡ്യുസറായ ഡോ. സുരേഷ്‌ കുമാര്‍, കോ- പ്രൊഡ്യൂസറായി തേജി മണലേല്‍ എന്നിവരും ചേര്‍ന്നു.

ഒരു സിനിമ നിര്‍മ്മിച്ചാല്‍ കൊള്ളാമെന്ന മോഹം നാലുവര്‍ഷം മുമ്പ്‌ ഗായകന്‍ രമേഷ്‌ നാരായണനോട്‌ സുരേഷ്‌ രാജ്‌ പങ്കുവെച്ചതില്‍ തുടങ്ങുന്നു `എന്നു നിന്റെ മൊയ്‌തീന്‍' എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രത്തിന്റെ തുടക്കം. രമേഷ്‌ നാരായണന്‍ വിമലിന്റെ കാര്യം പറഞ്ഞു. ടിവി സീരിയലുകളും മറ്റും സംവിധാനം ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ വിമല്‍ മൊയ്‌തീന്റെ മരണത്തെപ്പറ്റി `ജലംകൊണ്ട്‌ മുറിവേറ്റവള്‍' എന്ന ഒരു ഡോക്യുമെന്ററി ചെയ്‌തിരുന്നു. അതൊരു സിനിമയാക്കണമെന്ന മോഹവുംകൊണ്ടുനടന്ന വിമലിന്റെ ആശയം സുരേഷ്‌ രാജിനും ബിനോയിക്കും ബോധിച്ചു.

 കഥാനായകനായ ബി.പി. മൊയ്‌തീനെ 
ഈ ലേഖകന്‍ കണ്ടിട്ടുണ്ട്‌. സാമൂഹിക പ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം മുക്കത്തുനിന്ന്‌ കോഴിക്കോട്‌ മനോരമ പത്രമോഫീസില്‍ വല്ലപ്പോഴും വന്നിരുന്നു. പത്രാധിപ സമിതിയില്‍ പലര്‍ക്കും മൊയ്‌തീനെ നല്ല പരിചയം. അങ്ങനെയിരിക്കെ 33 വര്‍ഷം മുമ്പ്‌ ഇരവഞ്ഞിപ്പുഴയില്‍ തോണി മുങ്ങി. രക്ഷാപ്രവര്‍ത്തനത്തിനു ചാടിയ മൊയ്‌തീനെ കാണാനില്ലെന്ന വാര്‍ത്ത വന്നു. `ഓ, നമ്മുടെ മൊയ്‌തീനല്ലേ രണ്ടു നാള്‍ കഴിഞ്ഞ്‌ ആളിങ്ങു വരും' എന്നാണ്‌ ഒരു റിപ്പോര്‍ട്ടര്‍ പ്രതികരിച്ചത്‌. എല്ലാറ്റിനേയും പുച്ഛത്തോടെ കാണുകയെന്നതാണല്ലോ പത്രക്കാരുടെ സ്വഭാവം.

പക്ഷെ മൊയ്‌തീന്‍ വന്നില്ല. മൊയ്‌തീന്റെ ജീവിതത്തില്‍ ഇത്ര തീവ്രമായ സ്‌നേഹത്തിന്റെ കഥകളുണ്ടെന്ന്‌ ഇപ്പോഴാണ്‌ അറിയുന്നത്‌. മരണാനന്തരമെങ്കിലും ഇത്ര വലിയ ബഹുമതി ആര്‍ക്കു കിട്ടും?

പരീക്കുട്ടിയും കറുത്തമ്മയുമൊക്കെ പോലെ മൊയ്‌തീനും കാഞ്ചനയും മലയാളി സിനിമയില്‍ എക്കാലവും തിളങ്ങി നില്‍ക്കുമെന്നാണ്‌ സുരേഷ്‌ രാജിന്റെ പക്ഷം. ഒരു സിനിമയെ മഹത്തരമാക്കുന്ന എല്ലാ ചേരുവകളും കൃത്യമായ അളവില്‍ ചേര്‍ന്നിട്ടുള്ള ചിത്രമാണിത്‌. ഷൂട്ടിംഗിനു ഒരു വര്‍ഷമെടുത്തു. പോസ്റ്റ്‌ പ്രൊഡക്ഷന്‌ എട്ടുമാസം. മലയാളിത്തില്‍ മറ്റു ചിത്രങ്ങളൊന്നും ഇത്രയും കാലം എടുത്തിട്ടില്ല.

സിനിമയ്‌ക്കായി കഥയെ രംഗങ്ങളായി വരച്ച ശേഷമാണ്‌ ഷൂട്ടിംഗ്‌ തുടങ്ങാറ്‌. ഇതാദ്യമായി ഡിജിറ്റലായാണ്‌ കോപ്പി ഉണ്ടാക്കിയത്‌. അതിനാല്‍ ലൈറ്റിംഗ്‌ മുതലുള്ള എല്ലാം പൂര്‍ണ്ണതയിലെത്തിക്കാനായി.

സിനിമയുടെ മുഖ്യ ആകര്‍ഷണം പ്രേമകഥ തന്നെ. താജ്‌മഹലിനെ ശവകുടീരത്തിനു പകരം ജീവനുള്ള സ്‌മാരകമാക്കിയ പ്രേമകഥ പോലെ. പിന്നീട്‌ ചിത്രീകരണം, സംവിധാനം, ശബ്‌ദം എല്ലാം പെര്‍ഫെക്‌ട്‌ ആകണമെന്നതായിരുന്നു നിര്‍മ്മാതാക്കളുടെ നിലപാട്‌. പൃഥ്വിരാജ്‌ അതു ശരിവെച്ചു. 

പണത്തെപ്പറ്റി തങ്ങളൊന്നും അത്രയധികം വേവലാതിപ്പെട്ടില്ലെന്നു സുരേഷ്‌ രാജ്‌. ചിത്രം വിജയിക്കണമെന്നാഗ്രഹമുണ്ടായിരുന്നു. എല്ലാ നിര്‍മ്മാതാക്കളും അങ്ങനെ ആഗ്രഹിക്കുമല്ലോ? പക്ഷെ ഇത്ര വലിയ വിജയമാകുമെന്നു കരുതിയില്ല.

കണ്ടവര്‍ വീണ്ടും വീണ്ടും കാണുന്നു എന്നതാണ്‌ പ്രത്യേകത. എന്തോ അപൂര്‍വ്വത ചിത്രത്തിനുണ്ടെന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. ബംഗളുരുവിലുമൊക്കെ സിനിമ നിറഞ്ഞ സദസ്സില്‍ ഓടുന്നു.

സബ്‌ ടൈറ്റില്‍ കൊടുടുത്തത്‌  കഴിയുന്നത്ര പേര്‍ സിനിമ കാണണമെന്നു കരുതിയാണെന്ന്‌ സുരേഷ്‌ രാജ്‌. മലയാളികളല്ലാത്തവര്‍ക്കും കാണാം. പണം കിട്ടുന്നതിലുപരി കൂടുതല്‍ പേര്‍ കാണുന്നതിലാണ്‌ തങ്ങളുടെ സംതൃപ്‌തി.

ചിത്രത്തിന്റെ ഓരോ സീനും സുദീര്‍ഘമായ ചര്‍ച്ചയും പ്ലാനിംഗും വഴിയാണ്‌ പിറവിയെടുത്തത്‌. തട്ടിക്കൂട്ടായിരുന്നില്ല.

നായികയായി ഏതാനും പേരുടെ ലിസ്റ്റ്‌ ഉണ്ടാക്കി. ഒടുവില്‍ പാര്‍വതിയെ തന്നെ തീരുമാനിച്ചു. മികച്ച നടിയാണ്‌ പാര്‍വതി. അതേസമയം ഒരുപാട്‌ സിനിമകളില്‍ അഭിനയിച്ചിട്ടുമില്ല. അതിനാല്‍ ഒരു നവാഗതയുടെ ഫ്രെഷ്‌നസ്‌ തോന്നും. ചിത്രം കാണുമ്പോഴത്‌ ബോധ്യമാകും.

ചിത്രം തമിഴില്‍ വിമല്‍ തന്നെ സംവിധാനം ചെയ്യുന്നു. മറ്റു ഭാഷകളുടെ കാര്യം തീരുമാനമായില്ല. ഈ ചിത്രത്തിന്റെ ജനതാത്‌പര്യം കുറയുന്നതുവരെ പുതിയ പ്രൊജക്‌ടുകളെപ്പറ്റിയൊന്നും ആലോചിച്ചിട്ടില്ലെന്ന്‌ സുരേഷ്‌ പറഞ്ഞു.

ചിത്രം ഇന്നു മുതല്‍ അമേരിക്കയിലെ വിവിധ തീയേറ്ററുകളില്‍ കാണാം. 


അമേരിക്കന്‍ മലയാളികളുടെ സ്വന്തം മൊയ്‌തീന്‍
അമേരിക്കന്‍ മലയാളികളുടെ സ്വന്തം മൊയ്‌തീന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക