Image

കൗതുകങ്ങള്‍ക്കുള്ളിലൂടെ ഒരു പെണ്‍കണ്ണ്‌ (ശ്രീപാര്‍വതി)

Published on 09 October, 2015
കൗതുകങ്ങള്‍ക്കുള്ളിലൂടെ ഒരു പെണ്‍കണ്ണ്‌ (ശ്രീപാര്‍വതി)
മേഘങ്ങളെ പോലെയാണ്‌ ചിലര്‍, ഏതു നേരവും ഇങ്ങനെ ഒഴുകി ഒഴുകി എല്ലാ കാഴ്‌ചകളും കാണും, എല്ലായിടങ്ങളിലും എത്തും ചിലത്‌ മനസ്സില്‍ ഒട്ടിച്ചു വയ്‌ക്കും, ചിലത്‌ പകര്‍ത്തി വയ്‌ക്കും, കണ്ടത്‌ കാണാത്തവരുടെ ലോകത്തിനായി നല്‌കാന്‍ വേണ്ടി... ആ ചിലരുടെ ലോകമാണ്‌ പാപ്പാത്തി എന്ന ലിമിയെയും അശോകിനെയും ഒന്നിപ്പിച്ചത്‌. യാത്രകളും ഫോട്ടോഗ്രാഫിയും പരസ്‌പരം ഒന്നിച്ചു നില്‍ക്കുന്ന ഘടകങ്ങളാണ്‌. എന്നാല്‍ പാപ്പാത്തി വ്യത്യസ്‌തയാകുന്നത്‌ ഫോട്ടോഗ്രാഫിയെ പ്രൊഫഷന്‍ ആയി കാണുന്നത്‌ കൊണ്ട്‌ കൂടിയാണ്‌. പുരുഷ കേന്ദ്രീകൃതമായ ക്‌ളിക്കുകളുടെയും സൂമിന്റേയും ലോകത്ത്‌ ഒരു പെണ്‍ ഫോട്ടോഗ്രാഫര്‍. വെഡിങ്ങ്‌ ഫോട്ടോഗ്രാഫി എന്ന നിരന്തരമായ ക്ലിക്കുകളുടെ ലോകത്തേയ്‌ക്ക്‌ ഇറങ്ങി നടക്കുമ്പോള്‍ ചിത്രമെടുപ്പ്‌ തനിക്ക്‌ ഹോബി അല്ലാ എന്ന്‌ പാപ്പാത്തി ഉറക്കെ പറയുന്നുണ്ട്‌.

പണ്ട്‌ കാലത്തെ അപേക്ഷിച്ച്‌ സ്‌ത്രീകളുടെ കയ്യിലും ഇപ്പോള്‍ ക്യാമറ കണ്ണുകള്‍ സുരക്ഷിതമാണ്‌. വൈല്‍ഡ്‌ ലൈഫ്‌ ഫോട്ടൊഗ്രാഫറായ സീമാ സുരേഷ്‌ മികച്ച ഒരു ഉദാഹരണമായി നമ്മുടെ ഒക്കെ മുന്നിലുണ്ട്‌. മാത്രമല്ല ഫെയ്‌സ്‌ബുക്കിലും ഇന്‍സ്റ്റഗ്രാമിലും നിരവധി ചിത്രങ്ങങ്ങള്‍ സ്‌ത്രീകളുടെ ഭാവനയിലും കണ്ണിലും വിരിയുന്നത്‌ കാണുന്നതും പുതുമയല്ലാതായി മാറിയിരിക്കുന്നു. മൊബൈല്‍ ക്യാമറകള്‍ കൂടി ക്രിയാത്മകമായത്തോടെ ക്ലിക്കുകളുടെ ലോകം ആര്‍ക്കു മുന്നിലും തുറന്നു കിടക്കുന്നു താനും. പക്ഷെ ഒന്നുണ്ട്‌, ഫോട്ടോഗ്രാഫി എന്നാല്‍ സ്‌ത്രീയ്‌ക്ക്‌ ഹോബി എന്ന രണ്ടക്ഷരത്തില്‍ കുടുങ്ങി കിടക്കുന്നു ഇന്നും. അവിടെയാണ്‌ പാപ്പാത്തി ലിമി വ്യത്യസ്‌തയാകുന്നത്‌. ചിത്രമെടുപ്പ്‌ പാപ്പാത്തിയ്‌ക്ക്‌ ജീവിത മാര്‍ഗവും ഇഷ്ടവും നിറഞ്ഞ ഒരു വഴിയാണ്‌.

ഫോട്ടോഗ്രാഫി അത്രയ്‌ക്കൊന്നും ഇഷ്ടമല്ലാതിരുന്ന തന്നെ കൊണ്ട്‌ പഠിക്കാന്‍ നിര്‍ബന്ധിച്ച്‌ ക്യാമറ കയ്യിലെടുത്ത്‌ തന്നത്‌ പ്രിയ സുഹൃത്തും ജീവിത പങ്കാളിയുമായ അശോകാണെന്ന്‌ പാപ്പാത്തി പറയുന്നു. പിന്നെ പഠിച്ചു. ചില ചിത്രങ്ങള്‍ കണ്ടു തിരുവനന്തപുരത്തെ ഒരു ഗ്രൂപ്പാണ്‌ വെഡിംഗ്‌ ചെയ്യാന്‍ ലേഡി ഫോട്ടോഗ്രാഫറെ വേണമെന്ന്‌ പറഞ്ഞു വിളിക്കുന്നത്‌, എന്നാല്‍ പോകാന്‍ താല്‌പ്പര്യം ഇല്ലായിരുന്നെങ്കിലും സൌഹൃദങ്ങള്‍ കാരണം പോകുകയായിരുന്നു എന്ന്‌ പാപ്പാത്തി. എന്നാല്‍ ഇന്ന്‌ അവരുടെ പ്രിയ സഹചാരിയാണ്‌ ഈ ക്യാമറ. വിവാഹങ്ങള്‍ക്ക്‌ ചിത്രങ്ങളെടുക്കാന്‍ പോകുന്ന മകളുടെ വിവാഹത്തിനു പാപ്പാത്തിയുടെ അമ്മ സമ്മാനിച്ചതോ ഒരു കിടിലന്‍ ക്യാമറ. ജീവിതം തന്നെ കാഴ്‌ചകളായി സ്വയം മാറുന്ന നിമിഷങ്ങള്‍.

സ്‌ത്രീ ആയതിനാല്‍ ഫോട്ടോഗ്രാഫി ഒരിക്കലും ബുദ്ധിമുട്ടായി തോന്നിയിട്ടില്ലാ എന്ന്‌ പാപ്പാത്തി പറയുന്നു. എന്നാല്‍ ശരീര വലിപ്പം കുറവായതിനാല്‍ തന്നെ എല്ലാവരും കുഞ്ഞു കൌതുകതോടെയാണ്‌ നോക്കുന്നതെണ്ണ്‌! പാപ്പാത്തി തിരിച്ചറിയുന്നുണ്ട്‌. ആ കൌതുകം പ്രശ്‌നമായി മാറാതിരിക്കാന്‍ സ്വയം ഒരു വിദ്യയും കണ്ടെത്തിയിട്ടുണ്ട്‌. വിവാഹം തുടങ്ങുന്നതിനു മുന്‍പ്‌ തന്നെ സദസ്സില്‍ കൂടി എല്ലാവരുടെയും മുന്നിലൂടെ കുറെ തവണ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക... ആദ്യം കാണുന്ന കൌതുകം പിന്നെ സ്ഥിരമാകുമ്പൊള്‍ കൌതുകമാല്ലാതായി മാറുന്ന അവസ്ഥയിലെത്തുംപോഴേക്കും തന്റെ ജോലിയിലേയ്‌ക്ക്‌ പാപ്പാത്തി കടന്നിരിക്കും. പക്ഷെ ആകെയുള്ള പ്രശ്‌നം ഒപ്പം ജോലി ചെയ്യുന്ന പുരുഷ ഫോട്ടോഗ്രാഫര്‍മാരുടെ വിലയില്ലായ്‌മയാണെന്ന്‌ പാപ്പാത്തി പരിഭവം പറയുന്നു. പക്ഷെ അതിനാല്‍ തന്നെ ചില അപ്രതീക്ഷിത ചിത്രമെടുപ്പ്‌ നന്നാക്കാന്‍ പറ്റുമെന്ന്‌ പാപ്പാത്തി പറയുന്നു. മാത്രവുമല്ല ലേഡി ഫോട്ടോഗ്രാഫര്‍ ആണെങ്കില്‍ വിവാഹങ്ങള്‍ക്ക്‌ വരുന്ന പെണ്‍കുട്ടികള്‍ക്കും സന്തോഷമാകും. പോസ്‌ ചെയ്യാനുള്ള കൌതുകം അവര്‍ക്കും ഉണ്ടാകും.

പുരുഷനെ അപേക്ഷിച്ച്‌ സ്‌ത്രീയുടെ പ്രത്യേകത തന്നെ ഹൃദയം കൊണ്ട്‌ കാര്യങ്ങളെ കാണുന്നവള്‍ എന്നാണു, പലപ്പോഴും ഇത്‌ അവള്‍ക്ക്‌ ആക്ഷേപങ്ങള്‍ എല്‍പ്പിക്കാമെങ്കിലും ഈ സ്‌ത്രീ വൈകാരിതകത ജോലിയെ സഹായിച്ചിട്ടെയുള്ളൂ എന്ന്‌ പാപ്പാത്തി. പുരുഷ ഫോട്ടോഗ്രാഫര്‍മാര്‍ കാണാത്ത പലതും തനിക്ക്‌ കാണുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നു പാപ്പാത്തി പറയുന്നു. അത്‌ ശരിയാണെന്ന്‌ അവരുടെ ചിത്രങ്ങളുടെ വ്യത്യസ്‌തകളും പറയുന്നുണ്ട്‌.

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന പാപ്പാത്തിയും കൂടെ അശോകും എപ്പോഴും അവരുടെ ഇഷ്ട യാത്രകളില്‍ തന്നെയാണ്‌. ഒരുപാട്‌ പറയുവാനും കാണുവാനുമുള്ള പ്രകൃതി തന്നെ ഇരുവരുടെയും ക്യാമറയില്‍ എറ്റവുമധികം പതിയുന്നതും. ഇടുക്കിയില്‍ കുളമാവില്‍ കളിമണ്ണു കൊണ്ട്‌ ഒരു വീട്‌ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്‌ ഈ ദമ്പതികള്‍. നിരന്തരമായ യാത്രകള്‍ക്കൊടുവില്‍ വിശ്രമിക്കാനൊരിടം അത്‌ തന്നെയാണീ മണ്‍വീട്‌.

ചിത്രമെടുപ്പ്‌ അത്ര ആയാസമായ ജോലിയല്ലെന്ന്‌ പാപ്പാത്തി പറയുമ്പോള്‍ അതില്‍ ഇഷ്ടമുള്ള ജോലി ചെയ്യുന്നതിന്‌ടെ ആനന്ദമുണ്ട്‌, വ്യത്യസ്‌തമായ ജോലിയില്‍ ഏര്‍പ്പെടുന്നതിന്‌ടെ ആശ്ചര്യമുണ്ട്‌. ഒപ്പം ജീവിതം തന്നെ തേടി വരുന്ന അനുഭവങ്ങളില്‍ കൌതുകവും. പാപ്പാത്തി എന്ന ലിമി ഇതുവരെ നൂറോളം വിവാഹങ്ങള്‍ കവര്‍ ചെയ്‌തു കഴിഞ്ഞു. ഫ്രീലാന്‍സായി ചെയ്യുന്നതിനാല്‍ സ്വാതന്ത്ര്യവും അനുഭവിക്കുന്നു ഈ പെണ്‍കുട്ടി. ഇപ്പോള്‍ പാപ്പാത്തിയും അശോകും കൂടി കാറ്റോസ്‌ മീഡിയ എന്ന പേരില്‍ സ്വന്തമായും വര്‍ക്കുകള്‍ എറെടുത്തു ചെയ്യുന്നു. ഒരേ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന ഇരുവരും അവരവരുടെ ജീവിതം ഒന്നിച്ചു തുഴഞ്ഞ്‌ പരസ്‌പരം ആശംസിക്കുന്നു. ചിത്രങ്ങളെടുക്കുന്നു, പ്രണയിക്കുന്നു... സൌഹൃദങ്ങളെ നെഞ്ചോടു ചേര്‍ക്കുന്നു...
കൗതുകങ്ങള്‍ക്കുള്ളിലൂടെ ഒരു പെണ്‍കണ്ണ്‌ (ശ്രീപാര്‍വതി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക