Image

സംസ്‌കാരശൂന്യമാകുന്ന ശവസംസ്‌ക്കാരങ്ങള്‍ (കോരസണ്‍)

കോരസണ്‍ Published on 15 October, 2015
സംസ്‌കാരശൂന്യമാകുന്ന ശവസംസ്‌ക്കാരങ്ങള്‍ (കോരസണ്‍)
കുറച്ചുനാള്‍ മുമ്പ് ഒരു ഐറീഷ്-അമേരിക്കന്‍ സുഹൃത്തിന്റെ മാതാവിന്റെ ശവസംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുത്തത് പുതിയ അനുഭവമായി. ശവസംസ്‌ക്കാര ഭവനത്തില്‍ (ഫ്യൂണറല്‍ ഹോം)ഒരു പാര്‍ട്ടി ആഘോഷിക്കുന്നതിന്റെ എല്ലാ ആരവങ്ങളും! മിക്കവാറും എല്ലാവരും മദ്യം പിടിച്ച ഗ്ലാസ്സുകളുമായി സന്തോഷമായി ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടു നടക്കുന്നു. സുഹൃത്തു അടുത്തു വന്നു സന്തോഷപൂര്‍വ്വം ആശ്ലേഷിച്ചു, അവര്‍ അമിത മദ്യാപനത്തില്‍ നില്‍ക്കുവാന്‍ തന്നെ പാടുപെടുകയായിരുന്നു. സുന്ദരിയായി ഒരുക്കിക്കിടത്തിയിരിക്കുന്ന അമ്മയുടെ ശരീരത്തിനരികില്‍ ഞങ്ങളെ കൂട്ടികൊണ്ടുപോയി. മുട്ടുമടക്കി കുരിശുവരച്ച് അമ്മയുടെ ശരീരത്തില്‍ വിരലുകള്‍ ഓടിച്ചു ഒന്നു തേങ്ങി. പെട്ടെന്ന് എഴുന്നേറ്റ് മന്ദഹസ്സിച്ചു അമ്മയുടെ റോസ് നിറമുള്ള സാറ്റിന്‍ കുപ്പായത്തെപ്പറ്റി പറയുവാനാരംഭിച്ചു. ചില വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അമ്മ അവരെ ധരിപ്പിക്കുവാനുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന തിരക്കിലായിരുന്നു അതിന്റെ നിറവും ഗുണവും എല്ലാം ഉറപ്പാക്കി പ്രത്യേകം തയ്യാറാക്കി വച്ചിരുന്നു. ശവസംസ്‌ക്കാരം നടത്തേണ്ട ഫ്യൂണറല്‍ ഹോം, സെമിട്ട്‌റി, മറ്റു ക്രമീകരണങ്ങള്‍ ഒക്കെ മുന്‍ക്കൂര്‍ പണം അടച്ചു. അറിയിക്കേണ്ടവരുടെ ലിസ്റ്റ്, ചടങ്ങുകള്‍ നടത്തേണ്ട പുരോഹിതന്‍, അദ്ദേഹത്തിനു കൊടുക്കേണ്ട പണം പ്രത്യേകം കവറിലിട്ട് തയ്യാറാക്കി വച്ചിരുന്നു. വീണ്ടും കൂടുതല്‍ ആളുകള്‍ എത്തിക്കൊണ്ടിരുന്നു. വരുന്നവര്‍ കൈയ്യില്‍ കൊണ്ടുവരുന്ന മദ്യക്കുപ്പികള്‍ മേശയില്‍ വച്ച് കുശലം ഒക്കെ പറഞ്ഞിട്ടാണ് മൃതശരീരം കാണുവാന്‍ പോയത്്. താന്‍ കടന്നു പോകുമ്പോള്‍ എല്ലാവരും സന്തോഷമായി യാത്ര അയക്കണമെന്നാണ് ആ മാതാവ് ആഗ്രഹിച്ചിരുന്നത് എന്നു സുഹൃത്തു പറഞ്ഞത് പൊട്ടിച്ചിരിച്ചുകൊണ്ടാണ്. കനം പിടിച്ച മുഖവുമായി കടന്നുചെന്ന് (കരയാനും ചിരിക്കാനും ആവാത്ത)ഒരു  പരുവത്തില്‍  അവിടെ നിന്നും പുറത്തുവന്നു.

അമേരിക്കന്‍ മലയാളികളുടെ ശവസംസ്‌ക്കാരച്ചടങ്ങുകള്‍   വിചിത്രമായ സംഭവങ്ങള്‍ ആയിക്കൊണ്ടിരിക്കയാണ്. മത-സാമൂഹിക സംഘടനാ നേതാക്കളുടെ ഒരു വലിയ നിര അനുശോചന പ്രസംഗത്തിനായി നെട്ടോട്ടം ഓടുന്ന കാഴ്ച, വേദന കടിച്ചമര്‍ത്തി ഇരിക്കുന്നവര്‍ക്കു അല്പം പരിഹാസോദ്യകമായ ശാന്തിയായി മാറുകയാണ്. മരിച്ച ആളിനെ ഒരു പരിചയം പോലുമില്ലെങ്കിലും, ക്ലബ്ബിന്റെയും സംഘടനയുടെയും പേരില്‍ അനുശോചനം അടിച്ചു വിടുകയാണ്. എത്ര ദൂരയാത്ര ചെയ്തും ഓടിയെത്തി, തന്റെ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യം ആവേശപൂര്‍വ്വം അറിയിച്ചിട്ട് സ്ഥലം വിടുകയാണ്. പല പ്രസംഗങ്ങളും കേട്ടാല്‍ മരിച്ചു കിടക്കുന്ന ആള്‍ എഴുന്നേറ്റു വന്നു ചെകിട്ടത്ത് അടിച്ചു പോകും. കേരളത്തിലെ അടിപൊളി ശവസംസ്‌ക്കാര ചടങ്ങുകള്‍ പോലെ അത്ര വിപുലീകൃതമല്ലെങ്കിലും ശവ സംസ്‌ക്കാരം, സംസ്‌കാര ശൂന്യമാകരുതല്ലോ!

അനാഥമായ മരണയാത്രകളെപ്പറ്റി മാദ്ധ്യമങ്ങളില്‍ അടുത്തിടെ വന്ന ചര്‍ച്ചകള്‍ ശ്രദ്ധേയമായി. തന്റെ പ്രഭാഷണങ്ങള്‍ കൊണ്ട് ഒരു കാലഘട്ടത്തെ കോള്‍മയിര്‍ കൊള്ളിച്ചതും, സത്യസന്ധമായ പ്രവര്‍ത്തനം കൊണ്ട് കേരളത്തിന്റെയും സമുദായത്തിന്റെയും ആത്മാവിനെ തൊട്ടുണര്‍ത്തിയ ഗുരുഭൂതനായ പ്രൊഫ.എം.പി. മന്മധന്‍ സാറിന്റെ ശുഷ്‌ക്കമായ അന്ത്യയാത്രയെപ്പറ്റി ശ്രീ. പ്രായിപ്ര രാധാകൃഷ്ണന്‍ എഴുതി. 'കല ജീവിതത്തിനുവേണ്ടി ' എന്ന രണ്ടു വാദങ്ങള്‍ക്കിടയില്‍ 'കല ജീവിതം തന്നെ' എന്ന് കാട്ടിക്കൊടുത്ത പ്രമുഖ സാഹിത്യ വിമര്‍ശകനും ഭാഷാ ശാസ്ത്രജ്ഞനുമായിരുന്ന കുട്ടികൃഷ്ണമാരാരുടെ 23 പേര്‍ മാത്രം അടങ്ങിയ മരണയാത്രയെപ്പറ്റി കാരിശ്ശേരി എഴുതി. 'വിശ്വരൂപം' മലയാളത്തിനു സമ്മാനിച്ച സുരാസുവിന്റെ ആള്‍കൂട്ടമില്ലാത്ത വിലാപയാത്രയും മാതൃഭൂമി വീക്കിലിയുടെ താളുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനും, സാഹിത്യ ലോകത്തെ പുകള്‍പെറ്റ ശ്രീ.കെ.എം.തരകന്റെ ശുഷ്‌ക്കമായ  അന്ത്യയാത്രയെപ്പറ്റി സാഹിത്യകാരനായ ശ്രീ തോമസ് നീലാര്‍മഠം പറഞ്ഞതും ഓര്‍ക്കുന്നു.

സ്വന്തമായ ഇടങ്ങള്‍ കണ്ടുപിടിച്ച് അവിടെ സ്വതസിദ്ധമായ പീഠങ്ങള്‍ സ്ഥാപിച്ച്, ലോകത്തെ ഒറ്റക്കണ്ണുകൊണ്ട് നോക്കി, സ്വയം നഷ്ടപ്പെടുത്തിയ ഒരു പിടി മഹാന്മാരെ നാം തമസ്‌ക്കരിച്ചു. അതാണു സമൂഹം. ഏകാന്തതയിലും ഒറ്റപ്പെടലുകളിലും ഒടുങ്ങി ചരിത്രത്തിന്റെ ഏടുകളില്‍ നിന്നും അറിയാതെ ഇവര്‍ അപ്രത്യക്ഷമാവുന്നു.  'സാറില്ലാതെ യോഗം നടക്കില്ല' എന്നു നിര്‍ബ്ബന്ധിച്ചു കാറില്‍ കയറ്റി കൊണ്ടു പോയിട്ട് ഏതോ പിള്ളാരുടെ സ്‌ക്കൂട്ടറിനു പിറകില്‍ കയറ്റി വീട്ടില്‍ കൊണ്ടു തട്ടിവിട്ടു പോവുന്ന ആഭരീണരായ പ്രതിഭകളുടെ ചരിത്രം ചിലരുടെ ഓര്‍മ്മയിലെങ്കിലും ഓടിയെത്താതിരിക്കില്ല.

'കമ്മ്യണിസറ്റു മാനിഫസ്റ്റോയും' 'ക്യാപിറ്റലും' മനുഷ്യ കുലത്തിനു സംഭാവന ചെയ്ത്, മനുഷ്യ വികസനത്തിന്റെ പുതിയ മാനം സമ്മാനിച്ച കാറല്‍ മാര്‍ക്‌സിന്റെ അന്ത്യയാത്രയ്ക്ക് സെമിട്ടറി ജോലിക്കാരുള്‍പ്പടെ 11 പേരായിരുന്നു സംസ്‌കാര ചടങ്ങില്‍ സംബന്ധിച്ചതെന്ന് വായിച്ചതോര്‍ക്കുന്നു. അതു 1883 ലെ പഴയ കഥയായിരുന്നെങ്കിലും, മനുഷ്യപക്ഷത്തു നിലയുറപ്പിച്ച ഒറ്റയാനും നിഷേധിയുമായി വിരല്‍ ചൂണ്ടി നിന്ന മഹാത്മാക്കളെ നാം എന്തോ അകത്തി നിര്‍ത്താനും, അവരുടെ ചിന്തകളെ മാത്രം താലോലിക്കാനും നാം തയ്യാറാവുന്നു.

മരണമാണ് ജീവിതത്തിന്റെ അസ്ഥിത്വം നിശ്ചയിക്കുന്നതെന്ന വാദം എത്ര ശരിയാണെന്നറിയില്ല. എത്ര പുളകിതമായി ഒഴുകുന്ന പുഴയാണെങ്കിലും അതു ആര്‍ത്തു വീണു നിപതിക്കുമ്പോഴുള്ള ഉന്മാദം ഒന്നു വേറെ തന്നെയാണ്. വെള്ളചാട്ടങ്ങള്‍ വന്‍ പതനങ്ങളാണെങ്കിലും, വലിയ ഊര്‍ജ്ജപ്രവാഹവും, മാസ്മരികമായ ചാരുതയും അതിനുണ്ട്. മനുഷ്യജീവിതത്തിന്റെ മരണമെന്ന പതനം തമസ്‌ക്രരിക്കപ്പെടേണ്ടതല്ല. ഒരു പക്ഷേ മരണമാണ് ജീവിത യാത്രയുടെ ലക്ഷ്യം തന്നെ, ഓരോ നിമിഷവും അടുത്തടുത്തുവരുന്ന പദവിന്യാസം നാം അറിയാതെ കേള്‍ക്കുന്നുണ്ടോ? മരണം ഒരു ചെന്നു  ചേരലാണ് എന്നോ പുറപ്പെട്ടു പോയ മകന്‍ വീട്ടില്‍ ചെന്നു ചേരുന്നതുപോലെ.....

സംസ്‌കാരശൂന്യമാകുന്ന ശവസംസ്‌ക്കാരങ്ങള്‍ (കോരസണ്‍)
Join WhatsApp News
പരേതൻ മത്തായി 2015-10-15 13:36:05
ഞാൻ ജീവിച്ചിരുന്നപ്പോൾ എന്നെ നിങ്ങൾ ശരിക്ക് പരിപാലിച്ചില്ല. എനിക്ക് വിശന്നപ്പോൾ 'ഷട്ടപ്പ്' പറഞ്ഞു., ഒടുവിൽ നിങ്ങൾ എന്നെ വൃദ്ധ സദനത്തിൽ കൊണ്ടാക്കി. ഞാൻ നിങ്ങൾക്കൊരു ഭാരമായി തീർന്നു. ഒരു കാര്യം നിങ്ങൾ മനസിലാക്കണം അന്ന് നിങ്ങളെന്നെ ചത്തെന്നു പറഞ്ഞു അടക്കിയപ്പോൾ ഞാൻ ശരിക്കും ചട്ടിട്ടില്ലായിരുന്നു. എഴുന്നേറ്റു ഓടണം എന്ന് തോന്നിയതാണ് പക്ഷെ നിങ്ങൾ എന്റെ പദങ്ങളെ തുണി കഷണം കൊണ്ട് കൂട്ടി കെട്ടി, മിണ്ടാതിരിക്കാൻ എന്റെ താടിയെ തലയുമായി കൂട്ടി കെട്ടി. കേൾക്കതിരിക്കാൻ എന്റെ ചെവിയിൽ പഞ്ഞി കുത്തി തിരുകി.  എന്തിനു പറയുന്നു എന്റെ ദുർബലമായ ശ്വാസോച്ചാസം കേള്ക്കാതിരിക്കാൻ മൂക്കിലും പഞ്ഞി കേറ്റി. പക്ഷെ എന്റെ മക്കളും അച്ചന്മാരും അടക്കം പറഞ്ഞ പച്ച കള്ളം മുഴുവൻ ഞാൻ കേട്ടിരുന്നു;  അന്ന് എഴുനേറ്റിരുന്നു അത് വിളിച്ചു പറയാൻ അവസരം തരാതെ നിങ്ങളെന്നെ എത്ര പെട്ടെന്നാണ് ആഴം ഉള്ള കുഴിയിൽ ഇറക്കി മണ്ണിട്ട്‌ മൂടി വലിയ സിമിന്റ് സ്ലാബ് കേറ്റി വച്ചത്.ഞാൻ  ജീവിച്ചിരുന്നപ്പോൾ എന്നെ ഒരിക്കൽ പോലും കാണാൻ വരാത്ത അച്ഛൻ പച്ച കള്ളം വിളിച്ചു പറയുന്നത് കേട്ടപ്പോൾ ശരിക്കും എനിക്ക് മരിച്ചാൽ മതിയെന്ന് തോന്നിയതാണ്.  ഞാൻ മലയാളി അസോസിയേഷന്റെ പ്രസിടണ്ടായിരുന്നപ്പോൾ എനിക്കിട്ടു പാരപണിഞ്ഞവന്മാർ പറഞ്ഞതു 'എന്റെ മരണം മലയാളി സമൂഹത്തിനു ഒരു തീരാ നഷ്ടം മെന്നും എന്റെ മരണ വാർത്ത കേട്ട് അവന്മാർ ഞെട്ടി എന്നുമാണ്"  ഭയങ്കരം ! ഭയങ്കരം.  എന്റെ പ്രിയ ഇ-മലയാളി വായനക്കാരെ നിങ്ങൾ സൂക്ഷിക്കണ്ട രണ്ടു ദുഷിച്ച വര്ഗ്ഗമാണ് അച്ചന്മാരും മലയാളി സംഘടനകളും  കൂടാതെ സാഹിത്യ കാരന്മാരും.  ഒരിക്കൽ എന്തോ പണപ്പിരിവിനു ചെന്നപ്പോൾ നിങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ഒരു സാഹിത്യകാരൻ പറഞ്ഞത് ' അയാൾക്ക് എന്തുകൊണ്ട് ഞാൻ പ്രസിടെണ്ടായിരുന്ന സാഹിത്യ സംഘടന അവാർഡും പോന്നടെം നല്കാതിരുന്നതെന്ന്. ഞാൻ പറഞ്ഞു ഞാൻ അയാളുടെ ഒരു കഥപോലും വായിച്ചിട്ടില്ല എന്ന് .  അപ്പോൾ അയാൾ പറഞ്ഞു അമേരിക്കയിലെ എത്ര എഴുത്തുകാരാണ് ശരിക്കും എന്തെങ്കിലും എഴുതി സമ്മാനം വാങ്ങിയിട്ടുള്ളതെന്ന്.  അവനും വന്നു നിന്ന് എന്റെ ദേഹ വിയോഗത്തിൽ ഞെട്ടൽ രേഖ പ്പെടുത്തുകയും ' സമയമാം രഥത്തിൽ എന്ന ഗാനം അവനെഴുതിയ കവിതയാണെന്ന് പറഞ്ഞു പാടുന്നത് കേട്ട്.  എഴുന്നേറ്റു വന്നു ഇവനെ ഒക്കെ തട്ടിയിട്ടു ശരിക്കും മരിക്കണം എന്ന് തോന്നിയതാണ് . എന്ത് ചെയ്യാം എന്റെ മക്കളും നാട്ടുകാരും അടക്കം എനിക്ക് അനങ്ങാൻ വയ്യാത്തപോലെ ആക്കി കളഞ്ഞില്ലേ.  കോരസൻ വറുഗീസ് എഴുതിയതിൽ സത്യം ഉണ്ട്  അത് നിങ്ങൾ മനസിലാക്കി ദൂരെ മാറി നിന്നില്ലെങ്കിൽ എന്റെ ഗതി നിങ്ങൾക്കും ഉണ്ടാകും അവർ നിങ്ങളെ കൊല്ലാ കൊല ചെയ്യുതു മോക്കിലും വായിലും ഒക്കെ പഞ്ഞികേറ്റി പറഞ്ഞയക്കും.  ഭൂമിയെപ്പോലെ മനോഹരമായ ഒരു സ്ഥലം വേറെയില്ല .  കഴിയുമെങ്കിൽ രാഷ്ട്രീയക്കാരു , മതം മലയാള സാഹിത്യക്കാര് ഇവരെ ഒഴിവാക്കി ജീവിക്കാൻ പഠിക്കുക . അല്ലെങ്കിൽ എന്നെപ്പോലെ അകാല ചരമം തീർച്ച 

വിദ്യാധരൻ 2015-10-15 20:31:47
സമർഥനായ സീസറും പ്രസിദ്ധനായ ഹോമറും 
സമത്വമറ്റ സോളമൻ തുടങ്ങിയുള്ള വിജ്ഞരും 
അമർന്നു പോയി കല ചക്ര വിഭ്രമത്തിലെങ്കിലീ 
നമുക്ക് പിന്നെയെന്തുശങ്ക മാറ്റമൊന്നുമില്ലതിൽ 
ഒരിക്കലും തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാ 
കരത്തിലുള്ളതൊക്കെ നാം ത്യജിക്കണം അതിർഥിയിൽ ( മേരിജോണ്‍ തോട്ടം)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക