Image

കുവൈത്തിലേക്ക്‌ കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ എത്തുന്നു

Published on 16 January, 2012
കുവൈത്തിലേക്ക്‌ കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ എത്തുന്നു
കുവൈത്ത്‌ സിറ്റി: ഇറാനെതിരെ ഉപരോധവും ആക്രമണനീക്കവും ശക്തമാക്കുന്നതിന്‍െറ ഭാഗമായി കുവൈത്തിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നു. കുവൈത്തിലേക്ക്‌ കൂടുതല്‍ സൈനികരെയും ആയുധങ്ങളും അയച്ചുകൊണ്ടിരിക്കുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

ഇറാഖില്‍നിന്ന്‌ പിന്മാറിയ സൈന്യത്തിലെ ചില സംഘങ്ങളടക്കം കുവൈത്തിലെ അമേരിക്കന്‍ സൈന്യത്തിന്‍െറ എണ്ണം 15000 ആയതായാണ്‌ റിപ്പോര്‍ട്ട്‌. അമേരിക്കയോ കുവൈത്തോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്‌ളെങ്കിലും ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇക്കാര്യം സമ്മതിക്കുന്നുണ്ട്‌.

ഇറാനെതിരെ ആക്രമണത്തിന്‌ കോപ്പുകൂട്ടുന്നതിന്‍െറ ഭാഗമായാണ്‌ കുവൈത്തിലടക്കം ഗള്‍ഫ്‌ മേഖലയില്‍ അമേരിക്ക സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതെന്നാണ്‌ കരുതപ്പെടുന്നത്‌. നിലവില്‍ ഗള്‍ഫ്‌ മേഖലയില്‍ 40,000 ഓളം അമേരിക്കന്‍ സൈനികരുണ്ടെന്നാണ്‌ കരുതപ്പെടുന്നത്‌.

കുവൈത്തിലെ സൈനിക സാന്നിധ്യം സ്ഥിരമായി വര്‍ധിപ്പിച്ച്‌ നിര്‍ത്താന്‍ അമേരിക്കക്ക്‌ താല്‍പര്യമില്‌ളെന്ന്‌ കഴിഞ്ഞ ദിവസം പെന്‍റഗണ്‍ വക്താവ്‌ നാവിക ക്യാപ്‌റ്റന്‍ ജോണ്‍ കര്‍ബി പറഞ്ഞിട്ടുണ്ടെങ്കിലും അതങ്ങനെയല്ലന്നാണ്‌ സൂചന. കഴിഞ്ഞമാസത്തോടെ ഇറാഖില്‍നിന്ന്‌ അമേരിക്കന്‍ സൈനിക പിന്മാറ്റം ഔദ്യോഗികമായി പൂര്‍ണമായപ്പോള്‍ ഒന്നാം ബ്രിഗേഡ്‌ ഒന്നാം കവല്‍റി ഡിവിഷന്‍ നാട്ടിലേക്ക്‌ മടങ്ങാതെ പൂര്‍ണമായി കുവൈത്തില്‍ തുടരുകയാണുണ്ടായത്‌. 4500 സൈനികരുടെ ഈ സംഘം സര്‍വായുധ സജ്ജരാണ്‌. പ്രദേശത്ത്‌ ?മൊബൈല്‍ റെസ്‌പോണ്‍റ്‌സ്‌ ഫോഴ്‌സ്‌? ആയി ഇവര്‍ തുടരുമെന്നാണ്‌ ബ്രിഗേഡ്‌ കമാന്‍ഡര്‍ കേണല്‍ സ്‌കോട്ട്‌ എഫ്‌എലാന്‍റ്‌ പറയുന്നത്‌. ഇത്‌ കൂടാതെ മിനസോട്ടയില്‍നിന്ന്‌ ആഗസ്റ്റില്‍തന്നെ നാഷണല്‍ ഗാര്‍ഡ്‌ ബ്രിഗേഡ്‌ കുവൈത്തിലെത്തിയിരുന്നു. ഡിസംബറില്‍ മറ്റൊരു ബ്രിഗേഡും എത്തി. വേറൊരു ബ്രിഗേഡ്‌ ഉടന്‍ എത്തുമെന്നും സൂചനയുണ്ട്‌.
കുവൈത്തിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള അനുമതി കഴിഞ്ഞ വര്‍ഷാവസാനം അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിന്‍െറ ചുമതലയുള്ള മറൈന്‍ കോപ്‌സ്‌ മേധാവി ജനറല്‍ ജെയിംസ്‌ മാറ്റിസ്‌ നേടിയെടുത്തിരുന്നു.

ഇറാഖില്‍ അടിയന്തര ആവശ്യമുണ്ടായാല്‍ ഉപയോഗപ്പെടുത്താനാണ്‌ കുവൈത്തില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നത്‌ എന്നാണ്‌ നേരത്തേ അമേരിക്ക പറഞ്ഞിരുന്നതെങ്കിലും ഇറാനെതിരെ ഉരുണ്ടുകൂടുന്ന ആക്രമണ സാധ്യതയാണ്‌ ഇതിനുപിന്നിലെന്നാണ്‌ നിരീക്ഷകര്‍ കരുതുന്നത്‌. കുറച്ചുകാലമായി അറേബ്യന്‍ കടലിലുള്ള യു.എസ്‌.എസ്‌ ജോണ്‍ സി. സ്‌റ്റെനിസ്‌ വിമാനവാഹിനി യുദ്ധക്കപ്പലിനെ കൂടാതെ കഴിഞ്ഞ ദിവസം യു.എസ്‌.എസ്‌ കാള്‍ വിന്‍സന്‍ എന്ന കപ്പലും എത്തിയിരുന്നു. മൂന്നാമതൊരു കപ്പല്‍ കൂടി ഉടന്‍ എത്തുമെന്നും സൂചനയുണ്ട്‌. യുദ്ധക്കപ്പലുകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍നിന്നുള്ള എണ്ണക്കപ്പലുകളുടെ പ്രധാന പാതയായ ഹോര്‍മുസ്‌ കടലിടുക്ക്‌ തങ്ങള്‍ അടക്കുമെന്ന്‌ ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക