Image

ഫണ്ട്‌ സമാഹരണവും, ഭരണഘടനാ ഭേദഗതിയും ഫോമാ ജനറല്‍ബോഡിയില്‍

Published on 18 October, 2015
ഫണ്ട്‌ സമാഹരണവും, ഭരണഘടനാ ഭേദഗതിയും ഫോമാ ജനറല്‍ബോഡിയില്‍
സില്‍വര്‍സ്‌പ്രിംഗ്‌, മേരിലാന്‍ഡ്‌: ഫോമ ഭരണഘടന അനുശാസിക്കുന്ന പ്രകാരം പ്രതിവര്‍ഷം നടത്തേണ്ട വാര്‍ഷിക ജനറല്‍ബോഡി തോമസ്‌ പൈല്‍ സ്‌കൂളില്‍ പതിവുകള്‍ തെറ്റിച്ച പങ്കാളിത്തത്തോടെ നടത്തപ്പെട്ടു. ഇതോടനുബന്ധിച്ച്‌ റീജിയന്റെ ആഭിമുഖ്യത്തില്‍ മയാമി കണ്‍വന്‍ഷനായുള്ള കിക്കോഫും നടന്നു.

പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍ അധ്യക്ഷത വഹിച്ച ജനറല്‍ബോഡിയില്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ജോയിന്റ്‌ സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍ മിനിറ്റ്‌സും, ട്രഷറര്‍ ജോയി ആന്റണി ഓഡിറ്റ്‌ ചെയ്യാത്ത കണക്കും അവതരിപ്പിച്ചു.

ഫോമ തിരുവനന്തപുരം കാന്‍സര്‍ സെന്ററില്‍ നിര്‍മ്മിച്ചു നല്‍കുന്ന വാര്‍ഡിന്‌ 15,000-ല്‍പ്പരം ഡോളര്‍ ജനറല്‍ബോഡിയില്‍ നിന്ന്‌ സമാഹരിക്കാനായി. പ്രസിഡന്റിന്റെ അഭ്യര്‍ത്ഥന മാനിച്ച്‌ അംഗങ്ങളും അംഗസംഘടനകളും സ്വമേധയാ തുക നല്‍കാമെന്ന്‌ പ്ലഡ്‌ജ്‌ ചെയ്യുകയായിരുന്നു. ജോണ്‍ ടൈറ്റസ്‌ 5000 ഡോളറും, എമ്പയര്‍ റീജിയന്‍ 5000 ഡോളറും നല്‍കും. വൈസ്‌ പ്രസിഡന്റ്‌ വിന്‍സന്‍ പാലത്തിങ്കല്‍ 1000 ഡോളര്‍ നല്‍കാമെന്നേറ്റതിനു പുറമെ കൂടുതല്‍ തുക പിരിച്ചു നല്‍കാമെന്നും ഉറപ്പു നല്‍കി.

അമേരിക്കന്‍ മലയാളികള്‍ ഒരു ഡോളര്‍ വച്ചു നല്‍കിയാല്‍കൂടി ഒരുലക്ഷം ഡോളര്‍ സമാഹരിക്കുക വിഷമമില്ലെന്ന്‌ ആനന്ദന്‍ നിരവേല്‍ ചൂണ്ടിക്കാട്ടി. ഫോമയുടെ കാല്‍പ്പാട്‌ എക്കാലവും പതിഞ്ഞുകിടക്കുമെന്നുറപ്പുള്ള പദ്ധതിയാണിത്‌.

ഫോമയുടെ കേരളാ കണ്‍വന്‍ഷന്‌ എട്ടര ലക്ഷം രൂപ സമാഹരിച്ചുവെന്നും 8,76,000 രൂപ ചെലവായതായും ട്രഷറര്‍ അറിയിച്ചു.

പന്തളം ബിജു തോമസ്‌ ചെയറും, രാജു വര്‍ഗീസ്‌, ഡോ. ജയിംസ്‌ കുറിച്ചി, ജെ മാത്യൂസ്‌ എന്നിവര്‍ അംഗങ്ങളുമായ ഭരണഘടനാ സമിതി നിര്‍ദേശിച്ച ചില ഭേദഗതികള്‍ അംഗീകരിക്കുകയും ചിലത്‌ തള്ളിക്കളയുകയും ചെയ്‌തതാണ്‌ സുപ്രധാനമായ മറ്റൊരു കാര്യം. ഫോമയില്‍ വ്യക്തികള്‍ നേരിട്ട്‌ അംഗത്വമെടുക്കുന്നതും പ്രൊഫഷണല്‍ സംഘടനകള്‍ക്ക്‌ (അഫിലിയേറ്റഡ്‌) അംഗത്വം നല്‍കുന്നതും ഒഴിവാക്കി.

പുതുതായി ഫ്‌ളോറിഡയില്‍ രൂപംകൊണ്ടിട്ടുള്ള സണ്‍ഷൈന്‍ റീജിയന്‍ ഉള്‍പ്പടെ 12 റീജിയനുകളുള്ളപ്പോള്‍ നാഷണല്‍ കമ്മിറ്റിയില്‍ 15 അംഗങ്ങള്‍ വരുന്നത്‌ ഒഴിവാക്കി ഒരു റീജിയന്‌ ഒരു അംഗമെന്ന ഭേദഗതി കമ്മിറ്റി അവതരിപ്പിച്ചു. എന്നാല്‍ ഫോമ വളരുകയാണെന്നും അംഗത്വം ചുരുക്കുകയല്ല വേണ്ടതെന്നും അഭിപ്രായമുയര്‍ന്നതിനെ തുടര്‍ന്ന്‌ ഒരു റീജിയനില്‍ നിന്ന്‌ ഒരു നാഷണല്‍ കമ്മിറ്റി അംഗം എന്നത്‌ രണ്ടാക്കാന്‍ തീരുമാനിച്ചു. അഡൈ്വസറി ബോര്‍ഡ്‌ ചെയറും കമ്മിറ്റിയില്‍ അംഗമായിരിക്കും.

വൈസ്‌ പ്രസിഡന്റ്‌ തസ്‌തിക ഒന്നു മാത്രമായി തുടരും. നാഷണല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച്‌ പരിചയമുള്ളയാളെ മാത്രമേ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലേക്ക്‌ പരിഗണിക്കാവൂ എന്ന ഭേദഗതി മഹാഭൂരിപക്ഷത്തോടെ തള്ളിക്കളഞ്ഞു. ഈ നിലപാടിനെതിരേ അംഗങ്ങള്‍ കടുത്ത എതിര്‍പ്പ്‌ പ്രകടിപ്പിച്ചു. അംഗ സംഘടനകളില്‍ നിന്ന്‌ നാഷണല്‍ കമ്മിറ്റിയിലേക്കുള്ള എണ്ണം അഞ്ചില്‍ നിന്ന്‌ ഏഴാക്കി. 65 അംഗസംഘടനകളില്‍ നിന്ന്‌ 450 പ്രതിനിധികളുണ്ടാകും. പുതിയ വ്യവസ്ഥകള്‍ അടുത്തവര്‍ഷത്തെ ഭാരവാഹികളുടെ ഇലക്ഷനുശേഷം നവംബര്‍ ഒന്നിനേ നിലവില്‍വരൂ.

ഓഡിറ്ററായി ഏബ്രഹാം ഫിലിപ്പ്‌ സി.പി.എയെ (ന്യൂയോര്‍ക്ക്‌) തെരഞ്ഞെടുത്തു. പ്രവാസി പ്രൊട്ടക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സ്ഥിരത വരുത്തുന്നതിനായി അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചു. മൂന്നുവര്‍ഷമാണ്‌ കാലാവധി. സേവി മാത്യു, രാജു തോമസ്‌, ബിജു തോമസ്‌, തോമസ്‌ ടി. ഉമ്മന്‍ തുടങ്ങിയവരാണ്‌ അംഗങ്ങള്‍.

ഗ്രാന്റ്‌ കാന്യന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കുന്ന ഡിസ്‌കൗണ്ട്‌ പതിനഞ്ചില്‍ നിന്ന്‌ പത്തുശതമാനമാക്കിയതായി സെക്രട്ടറി അറിയിച്ചു. ഡിസ്‌കൗണ്ട്‌ പതിനഞ്ച്‌ ശതമാനം നല്‍കിയാല്‍ ഫീസ്‌ കൂട്ടുമെന്നു പറഞ്ഞതിനെ തുടര്‍ന്ന്‌ ഫീസ്‌ കുട്ടുന്നതിനു പകരം ഡിസ്‌കൗണ്ടില്‍ ഇളവു വരുത്താന്‍ സമ്മതിച്ചത്‌.

ആര്‍.വി.പി ഷാജു ശിവബാലന്റെ സ്വാഗതത്തോടെയാണ്‌ ജനറല്‍ബോഡി തുടങ്ങിയത്‌. ഫോമ 12 ശതമാനം വളര്‍ച്ച കൈവരിച്ചതായി ആനന്ദന്‍ നിരവേല്‍ ചൂണ്ടിക്കാട്ടി. മറ്റ്‌ സംഘടനകളെ പിളര്‍ത്താനോ പുതിയത്‌ ഉണ്ടാക്കിയോ അല്ല ഈ നേട്ടം കൈവരിച്ചത്‌.

സമ്മര്‍ ടു കേരളാ പദ്ധതി പ്രകാരം ഒരുസംഘം വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക്‌ അയച്ചു. അവര്‍ ഏറെ സന്തോഷത്തോടെയാണ്‌ തിരിച്ചെത്തിയത്‌. അടുത്തവര്‍ഷം കൂടുതല്‍ ബാച്ചിനെ അയയ്‌ക്കാന്‍ ശ്രമിക്കും.

കേരളാ കണ്‍വന്‍ഷന്‍ വന്‍ വിജയമായിരുന്നു. അതു ഫോമയുടെ യശസ്‌ ഉയര്‍ത്തി. ഡോ. ജേക്കബ്‌ തോമസ്‌, അഡ്വ. വര്‍ഗീസ്‌ മാമ്മന്‍ എന്നിവര്‍ക്ക്‌ അദ്ദേഹം നന്ദി പറഞ്ഞു. കാന്‍സര്‍ സെന്ററുമായുള്ള കരാര്‍ ഒപ്പിടാന്‍ നിരന്തരം പ്രവര്‍ത്തിച്ച ജോസ്‌ ഏബ്രഹാമിനും  ആനന്ദന്‍ നിരവേല്‍ നന്ദി പറഞ്ഞു.

കഴിഞ്ഞവര്‍ഷം ജിബി തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ യംഗ്‌ പ്രൊഫഷണല്‍ സമ്മിറ്റിന്റെ ചുവടു പിടിച്ച്‌ നവംബര്‍ 21-ന്‌ ഡിട്രോയിറ്റില്‍ വിനോദ്‌ കൊണ്ടൂര്‍ ഡേവിഡിന്റെ നേതൃത്വത്തില്‍ സമ്മിറ്റ്‌ നടത്തും.

കണ്‍വന്‍ഷനായി 40 കമ്മിറ്റികള്‍ രൂപീകരിക്കും. അതിലേക്ക്‌ അംഗങ്ങളാകാന്‍ സ്വമേധയാ മുന്നോട്ടുവരാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മയാമി ബീച്ചിലെ കണ്‍വന്‍ഷന്‍ രിസോര്‍ട്ട്‌ നല്ല നിരക്കിലാണ്‌ ലഭിച്ചത്‌. രണ്ട്‌, മൂന്ന്‌ അംഗങ്ങളുള്ള ഫാമിലിക്ക്‌ ഫിലാഡല്‍ഫിയ കണ്‍വന്‍ഷനിലെ റേറ്റ്‌ തന്നെ. നാലംഗ ഫാമിലിക്ക്‌ ഫിലാഡല്‍ഫിയ റേറ്റിനേക്കാള്‍ 100 ഡോളര്‍ കുറവാണ്‌. 1399 ഡോളര്‍.

പ്രഭാത ഭക്ഷണവും ഡിന്നറുമാണ്‌ നല്‌കുക. ഉച്ചഭക്ഷണം ഒഴിവാക്കിയത്‌ വരുന്നവര്‍ക്ക്‌ സ്ഥലങ്ങള്‍ കാണുന്നതിനും മറ്റും പോകാന്‍ സൗകര്യമൊരുക്കിയാണ്. റിസോർട്ടിൽ തന്നെ ചടഞ്ഞു കൂടേണ്ടതില്ല. ടൂര്‍ പോകണമെങ്കില്‍ ഹോട്ടലിന്റെ കൗണ്ടറില്‍ ചെന്നാല്‍ മതി. മുന്‍കൂട്ടി ബുക്കിംഗ്‌ ഒന്നും വേണ്ട.

മുന്‍കാലങ്ങള്‍ക്ക്‌ വിപരീതമായി പങ്കെടുക്കുന്നവരില്‍ പകുതി യുവജനങ്ങളായിരിക്കും. ഇവിടുത്തെ കലാകാരന്മാര്‍ക്കാണ്‌ പ്രധാന്യം നല്‍കുക. നാട്ടില്‍ നിന്ന്‌ രാഷ്‌ട്രീയക്കാരേയോ, നടീ നടന്മാരേയോ കൊണ്ടുവരുന്നതിനു ഏറ്റവും കുറഞ്ഞ പ്രധാന്യമേ നല്‍കുകയുള്ളൂ.

സമ്മേളന നഗറിന്‌ ഡോ. അബ്‌ദുള്‍ കലാം നഗര്‍ എന്നു പേരിട്ടത്‌ ജനറല്‍ബോഡി സഹര്‍ഷം സ്വാഗതം ചെയ്‌തു.

റിപ്പോര്‍ട്ടില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ സെക്രട്ടറി എടുത്തുകാട്ടി. കേരളാ കണ്‍വന്‍ഷന്‌ സ്റ്റാന്‍ലി കളത്തില്‍, ജോഫ്രിന്‍ ജോസ്‌ എന്നിവര്‍ നല്‍കിയ സാമ്പത്തിക സഹായവും എടുത്തു പറഞ്ഞു.

ആര്‍.സി.സി പ്രൊജക്‌ടിനെക്കുറിച്ച്‌ ജോസ്‌ ഏബ്രഹാം വിശദീകരണം നല്‌കി.

അടുത്ത വര്‍ഷത്തേക്കുള്ള സ്ഥാനാര്‍ത്ഥികള്‍ എല്ലാംതന്നെ ജനറല്‍ബോഡിക്കെത്തി പരസ്യമായല്ലെങ്കിലും രഹസ്യമായ പ്രചാരണവും നടത്തി.

പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുള്ള ബെന്നി വാച്ചാച്ചിറ, തോമസ്‌ ടി. ഉമ്മന്‍, സ്റ്റാന്‍ലി കളത്തില്‍, സെക്രട്ടറി സ്ഥാനാര്‍ത്ഥികളായ ജിബി തോമസ്‌, ജോസ്‌ ഏബ്രഹാം, വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള സണ്ണി ഏബ്രഹാം, ലാലി കളപ്പുരയ്‌ക്കല്‍, ട്രഷറര്‍ സ്ഥാനത്തേക്കുള്ള ബിജു തോമസ്‌, ജോസി കുരിശിങ്കല്‍ തുടങ്ങിയവരെല്ലാം പ്രതിനിധികളുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു.

പാനലോന്നുമില്ലെങ്കിലും ധാരണകളും മറ്റുമായാണു മുന്നോട്ടു പോകുന്നതെന്ന് ബെന്നി വാച്ചാച്ചിറ പറഞ്ഞു.

ഫോമയില്‍ 2028 വരെ സ്ഥാനാര്‍ത്ഥികള്‍ അണിനിരന്നുകഴിഞ്ഞുവെന്നും അതുകഴിഞ്ഞു നില്‍ക്കുമ്പോള്‍ താന്‍ വൃദ്ധനായിപ്പോകുമെന്നും സ്റ്റാന്‍ലി കളത്തില്‍ പറഞ്ഞു. അതിനാല്‍ ഇത്തവണ മത്സരരംഗത്തിറങ്ങാന്‍ തീരുമാനിക്കുകായിരുന്നു. ചര്‍ച്ചകള്‍ തുടരുന്നതായി തോമസ്‌ ടി. ഉമ്മനും പ്രതികരിച്ചു.

മുന്‍ പ്രസിഡന്റുമാരായ ബേബി ഊരാളില്‍, ജോര്‍ജ്‌ മാത്യു, മുന്‍ സെക്രട്ടറി അനിയൻ ജോർജ് , 
ബിനോയി തോമസ്‌, കണ്‍ വന്‍ഷന്‍ ചെയര്‍ മാത്യു വര്‍ഗീസ്, കണ്‍ വീനര്‍ ജോയി കുറ്റിയാനി  തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.
ഫണ്ട്‌ സമാഹരണവും, ഭരണഘടനാ ഭേദഗതിയും ഫോമാ ജനറല്‍ബോഡിയില്‍
Join WhatsApp News
malayalimankan 2015-10-19 13:00:27
Enginae paniyum thozhilum ellatha kurae paer! Koodae thongan kurae pathrakkarum!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക