Image

അന്താരാഷ്ട്ര ഖത്തര്‍ മോട്ടോര്‍ ഷോ 25 മുതല്‍

Published on 17 January, 2012
അന്താരാഷ്ട്ര ഖത്തര്‍ മോട്ടോര്‍ ഷോ 25 മുതല്‍
ദോഹ: രണ്ടാമത്‌ അന്താരാഷ്ട്ര ഖത്തര്‍ മോട്ടോര്‍ ഷോ ഈ മാസം 25 മുതല്‍ ദോഹ എക്‌സിബിഷന്‍ സെന്‍ററില്‍ നടക്കും. ദോഹയിലെ കാര്‍ പ്രേമികളെ ഹരം കൊള്ളിക്കുന്ന വിപുലമായ പരിപാടികളോടെയാണ്‌ ഈ വര്‍ഷത്തെ മോട്ടോര്‍ ഷോ സംഘടിപ്പിക്കുന്നതെന്ന്‌ സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്‌ ഹമദ്‌ ബിന്‍ ജാസിം ബിന്‍ ജബര്‍ ആല്‍ഥാനിയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന മോട്ടോര്‍ ഷോ ഈ മാസം 28 വരെ നീണ്ടുനില്‍ക്കും.

കഴിഞ്ഞവര്‍ഷം നടന്ന ആദ്യ മോട്ടോര്‍ ഷോ കാണാന്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി 90,000ഓളം സന്ദര്‍ശകരാണ്‌ എത്തിയത്‌. ഇത്തവണ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവാണ്‌ പ്രതീക്ഷിക്കുന്നത്‌. ഫോര്‍മുല വണ്‍ ടെസ്റ്റ്‌ െ്രെഡവും മോട്ടോര്‍ബൈക്കുകളുമെല്ലാം ഇത്തവണത്തെ മേളയോടനുബന്ധിച്ച്‌ അവതരിപ്പിക്കുന്നുണ്ട്‌. സ്‌കൂഡറിയ ഫെറാറി ഫോര്‍മുല വണ്‍ ടെസ്റ്റ്‌ െ്രെഡവര്‍ മാര്‍ക്‌ ജീന്‍െറ അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ക്ക്‌ കോര്‍ണിഷ്‌ സാക്ഷ്യം വഹിക്കും. 70ലധികം പ്രദര്‍ശകര്‍ പങ്കെടുക്കുന്ന മേളയില്‍ അത്യാധുനികവും ആഡംബരങ്ങള്‍ നിറഞ്ഞതും വിസ്‌മയം ജനിപ്പിക്കുന്ന രൂപകല്‍പനയോടു കൂടിയതുമായ കാറുകളും ക്‌ളാസിക്‌ കാറുകളും മോട്ടോര്‍ ബൈക്കുകളും അനുബന്ധ ഘടകങ്ങളുമാണ്‌ അണിനിരത്തുന്നത്‌. ഖത്തറിലെ വാഹനപ്രേമികള്‍ക്ക്‌ ഇത്തവണത്തെ മേള വ്യത്യസ്‌തതയുള്ള അനുഭവമാക്കി മാറ്റുകയാണ്‌ ലക്ഷ്യമെന്ന്‌ സംഘാടകര്‍ വിശദീകരിച്ചു. മറ്റ്‌ മേളകളിലൊന്നും കാണാത്ത കാഴ്‌ചകളും വിസ്‌മയങ്ങളുമാണ്‌ രണ്ടാമത്‌ മോട്ടോര്‍ ഷോയില്‍ സന്ദര്‍കരെ കാത്തിരിക്കുന്നതെന്നും അവര്‍ സൂചിപ്പിച്ചു.

കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി ഇത്തവണ കൂടുതല്‍ അനുബന്ധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്‌. വാഹനവ്യവസായരംഗത്തെ അന്താരാഷ്ട്ര ബ്രാന്‍റുകള്‍ക്കൊപ്പം വാഹന രൂപകല്‍പനയില്‍ ഇറ്റലിയിലെ പ്രശസ്‌ത കമ്പനികള്‍ തങ്ങളുടെ ഏറ്റവും പുതിയ മോഡലുകളുമായി മേളയില്‍ പങ്കെടുക്കുന്നു എന്നതും ഈ വര്‍ഷത്തെ പ്രത്യേകതയാണ്‌. ആദ്യ മോട്ടോര്‍ ഷോ പ്രദര്‍ശകരുടെയും സന്ദര്‍ശകരുടെയും എണ്ണത്തിലടക്കം എല്ലാ തലത്തിലും തങ്ങളുടെ പ്രതീക്ഷകളെ കവച്ചുവെച്ചതായും രണ്ടാമത്‌ മേളക്ക്‌ അതിനേക്കാള്‍ മികച്ച പ്രതികരണമാണ്‌ പ്രതീക്ഷിക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു. ഷെല്‍ ഖത്തര്‍, ഖത്തര്‍ ഹോള്‍ഡിംഗ്‌സ്‌, ഡബ്‌ളിയു ഹോട്ടല്‍ എന്നിവയാണ്‌ മേളയുടെ പ്രായോജകര്‍.
അന്താരാഷ്ട്ര ഖത്തര്‍ മോട്ടോര്‍ ഷോ 25 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക