Image

കോണ്‍ഗ്രസ് തിരിച്ചു വരുമോ ...?

അനില്‍ പെണ്ണുക്കര Published on 06 November, 2015
കോണ്‍ഗ്രസ് തിരിച്ചു വരുമോ ...?
കേരളത്തിലെ പഞ്ചായത്ത് ഭരണം ആര്ക്ക് കിട്ടിയാലും അവര്ക്ക് ലോട്ടറി തന്നെ. വരാന്‍ പോകുന്ന കേന്ദ്ര ഫണ്ട് തന്നെ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി അക്കൌണ്ട് കൂടി തുറന്നാല്‍ കാര്യങ്ങള്‍ പിന്നെ പിന്നെ വളരെ എളുപ്പമാകും. ഇപ്പോഴത്തെ ഭാരതത്തിന്റെ സാമൂഹികാവസ്ഥ വച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പൊട്ടി പാളീസായതില്‍ ചില വോട്ടര്മാര്‌ക്കൊക്കെ സങ്കടമുണ്ട്.

എന്തൊക്കെ തകരാറുണ്ടെന്നാലും ഇന്ത്യന്‍ സമൂഹത്തിന്റെ വൈവിധ്യങ്ങളെ ഉള്‍ക്കൊണ്ടു ദേശീയതലത്തില്‍ ജനങ്ങളെ നയിക്കാന്‍ കെല്‍പ്പുള്ള രാഷ്ട്രീയപ്രസ്ഥാനം കോണ്‍ഗ്രസ് തന്നെയാണ്. ആ ബാധ്യതയില്‍നിന്നു വ്യതിചലിച്ച ഘട്ടങ്ങളിലെല്ലാം കോണ്‍ഗ്രസിനെ ഇന്ത്യന്‍ ജനത ബാലറ്റിലൂടെ ശിക്ഷിച്ചിട്ടുണ്ട്. എന്നാല്‍, കോണ്‍ഗ്രസിനോടുള്ള ശാശ്വതമായ വെറുപ്പല്ല, മറിച്ച് തെറ്റുതിരുത്താനുള്ള ഷോക്ക് ട്രീറ്റ്‌മെന്റായിരുന്നു ആ ജനവിധികള്‍. അത്തരം തിരിച്ചടികളില്‍നിന്നു പാഠമുള്‍ക്കൊണ്ടു വര്‍ധിതവീര്യത്തോടെ ഉയിര്‍ത്തെഴുന്നേറ്റ ചരിത്രമാണു പാര്‍ട്ടിക്കുള്ളത്.

ഓരോ വീഴ്ചയിലും ജനവികാരം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാന്‍ മുന്‍കാല നേതാക്കള്‍ക്കു സാധിച്ചതു കൊണ്ടാണ് അതു സാധ്യമായത്. ആ ചരിത്രപാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പുതിയ നേതൃത്വം തയാറാകേണ്ടതുണ്ട്.

അതിനുവേണ്ടിയായിരിക്കണം നേതൃത്വം ഇനി സമയം ചെലവഴിക്കേണ്ടത്.
മതേതര, ജനാധിപത്യ മൂല്യങ്ങളോടു പ്രതിബദ്ധത പുലര്‍ത്തിക്കൊണ്ടു സത്യസന്ധതയോടെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ തയാറായാല്‍ കോണ്‍ഗ്രസിനു ശക്തമായൊരു തിരിച്ചുവരവു സാധ്യമാണെന്നുറപ്പാണ്. അതിനുവേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണു രാജ്യത്തെ ജനാധിപത്യവിശ്വാസികള്‍.

ജനാധിപത്യത്തിന്റെ അടിക്കല്ലുകളായ വിയോജിപ്പുകളെ ക്രൂരമായി നേരിടുന്നു. നമ്മുടെ പൂര്‍വികര്‍ രക്തവും ജീവനും നല്‍കി നേടിയെടുത്ത മതേതര, ജനാധിപത്യാവകാശങ്ങളെ ഫാസിസ്റ്റുകള്‍ ചവിട്ടിയരയ്ക്കുമ്പോള്‍ ചോദിക്കാനും പറയാനും ആരുമില്ലാത്ത അസ്ഥയായിരുന്നു. ആ ചുമതല നിര്‍വഹിക്കേണ്ട പ്രതിപക്ഷം എവിടെപ്പോയെന്നോര്‍ത്തു വേവലാതിപ്പെടുകയായിരുന്നു സമാധാനകാംക്ഷികളായ സാധാരണക്കാര്‍.

രാജ്യം വേവുമ്പോഴും വിസ്മയകരമായ ആലസ്യത്തിലായിരുന്നു പ്രധാന പ്രതിപക്ഷകക്ഷിയായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നു പ്രതിഷേധ സ്വരങ്ങളുയരുമ്പോള്‍ ശക്തികുറഞ്ഞ പ്രസ്താവനകളിലൊതുങ്ങി പാര്‍ട്ടിയുടെ പ്രതികരണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച, ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയായിരിക്കണം ഇതിനു പ്രധാനകാരണം. പിന്നെ ദേശീയ നേതൃനിരയില്‍ അനുഭവസമ്പത്തുള്ള മുതിര്‍ന്നനേതാക്കളുടെ എണ്ണക്കുറവും.

അതെന്തു തന്നെയായാലും പ്രധാന പ്രതിപക്ഷകക്ഷിയുടെ ആലസ്യം ഇന്ത്യന്‍ ജനതയില്‍ വേവലാതി സൃഷ്ടിച്ചിരുന്നുവെന്നതു സത്യം. വൈകിയെങ്കിലും അതു തിരിച്ചറിഞ്ഞു കര്‍മപഥത്തിലേക്കിറങ്ങാന്‍ പാര്‍ട്ടി തയാറായത് ഇന്ത്യന്‍ ജനതയില്‍ സൃഷ്ടിക്കുന്ന പ്രതീക്ഷ ചെറുതല്ല.

രാജ്യത്തു വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയിലും അക്രമങ്ങളിലും പ്രതിഷേധിച്ചു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെയും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെയും നേതൃത്വത്തില്‍ കഴിഞ്ഞദിവസം മുതിര്‍ന്ന പാര്‍ട്ടിനേതാക്കള്‍ നടത്തിയ രാഷ്ട്രപതിഭവന്‍ മാര്‍ച്ച് രാജ്യം വലിയ പ്രതീക്ഷയോടെയാണു വീക്ഷിച്ചത്.

മാര്‍ച്ചിനുശേഷം അവര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടു നിവേദനം നല്‍കുകയുമുണ്ടായി.

കേന്ദ്രഭരണകൂടത്തില്‍ വളരെ ഉത്തരവാദിത്വമുള്ളവര്‍തന്നെ രാജ്യത്തു വെറുപ്പും വിദ്വേഷവും ഭിന്നിപ്പും വളര്‍ത്തുന്ന തരത്തില്‍ നടത്തുന്ന പ്രസ്താവനകളില്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുന്ന നിവേദനമാണു രാഷ്ട്രപതിക്കു നല്‍കിയത്. ഇതില്‍ ഇടപെടണമെന്നു രാഷ്ട്രപതിയോട് അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്.

ജനതയെ ഭിന്നിപ്പിച്ചു രാജ്യത്തെ അസ്ഥിരതയിലേയ്ക്കു നയിക്കുന്ന ഭരണപക്ഷത്തിന്റെ നിലപാടുകള്‍ക്കെതിരേ കോണ്‍ഗ്രസ് ശക്തമായി രംഗത്തുവരുമെന്ന പ്രതീക്ഷ ജനങ്ങളില്‍ സൃഷ്ടിക്കുന്നതാണ് ഈ നീക്കം.

നിവേദനത്തില്‍ പ്രകടിപ്പിച്ച നിലപാടില്‍ ശക്തമായി ഉറച്ചുനിന്നു കോണ്‍ഗ്രസ് മുന്നോട്ടുപോകുകയാണെങ്കില്‍ അതു രാഷ്ട്രത്തിനും കോണ്‍ഗ്രസിനുതന്നെയും ഏറെ ഗുണകരമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

സ്വാതന്ത്ര്യസമരത്തിനു നേതൃത്വം നല്‍കിയ പ്രസ്ഥാനമെന്ന നിലയില്‍ ഇത്തരമൊരു മുന്നേറ്റത്തിന്റെ ഒന്നാംനിരയില്‍ നില്‍ക്കാന്‍ മറ്റാരെക്കാളും ബാധ്യതയുള്ള പ്രസ്ഥാനമാണു കോണ്‍ഗ്രസ്. ആ ബാധ്യത അവര്‍ ആത്മാര്‍ഥതയോടെ നിറവേറ്റുകയാണെങ്കില്‍ ജനം ഇനിയും ആ പ്രസ്ഥാനത്തോടൊപ്പം നിലകൊള്ളുമെന്നുറപ്പാണ്.

ദീര്‍ഘകാലം രാജ്യം ഭരിച്ച കോണ്‍ഗ്രസിനു പറ്റിയ വീഴ്ചകളില്‍നിന്നാണു സംഘ്പരിവാര്‍ പോലുള്ള ജനാധിപത്യവിരുദ്ധശക്തികള്‍ ഊര്‍ജം വലിച്ചെടുത്തു വളര്‍ന്നുപന്തലിച്ചത്. ആ വളര്‍ച്ചതന്നെ ശാശ്വതമല്ലെന്നു വ്യക്തവുമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു ലഭിച്ച ഭൂരിപക്ഷം ആ പാര്‍ട്ടിയുടെ നയങ്ങള്‍ക്കു ലഭിച്ച ജനസമ്മതിയായിരുന്നില്ലെന്നതും മറിച്ച്, യു.പി.എ ഭരണത്തില്‍ നടന്ന അഴിമതികളോട് ഇന്ത്യന്‍ ജനത പ്രകടിപ്പിച്ച പ്രതിഷേധമായിരുന്നെന്നതും പകല്‍പോലെ വ്യക്തം. അതു തിരിച്ചറിയാന്‍ വൈകിയെന്ന തെറ്റാണ് ഇപ്പോള്‍ കോണ്‍ഗ്രസ് തിരുത്താനൊരുങ്ങുന്നത്. 
Join WhatsApp News
A.C.George 2015-11-07 15:05:13
Sure, Congress will come back. (Tirichuvarum) But in Kerala Congress and UDF need some punishment and shock treatment. Think in impartial way with out adding any water. The corruption and cover up and the lies of the ruling front cannot be tolerated for long time. drive the UDF away for some time and give chance to LDF. Hope they will do better. We know no front is good. " Just tammil Bhedam Thomman".  Let the Congress correct and come back. They will come back. Utmost India is for every body, not just for RSS/BJP alone. I am just a well wisher/ ordinary Indian born common man.
All the best to India/Bharat
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക