Image

വിസര്‍ഗ്ഗമെന്ന മായാവി (ലേഖനം- ഷീല. എന്‍. പി)

ഷീല. എന്‍. പി) Published on 07 November, 2015
വിസര്‍ഗ്ഗമെന്ന മായാവി (ലേഖനം- ഷീല. എന്‍. പി)
നാം പിറക്കമ്പോള്‍ത്തന്നെ ദേവഋണം പിതൃഋണം ഋഷിഋണം ആദിയായ ചില കടങ്ങളുമായിട്ടാണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. ഒരു ക്രിസ്തുവും മുന്നൂറില്‍പരം അവാന്തരഭാഗങ്ങളുമുള്ളതില്‍ ഒരു കൂട്ടര്‍ ജന്മപാപവുമായിട്ടാണു ജനിക്കുന്നതെന്നും വിശ്വസിക്കുന്നു. അതിവിടെ പ്രസക്തമല്ല. ഋഷികളോടുള്ള കടം, അറിയാവുന്ന കാര്യങ്ങള്‍ മറ്റുള്ളവരെ പഠിപ്പിച്ചാണ് തീര്‍ക്കേണ്ടതെന്നു പറയുന്നു. തന്റെ വ്യാകരണചിന്തകള്‍ ശ്രീ.സുനില്‍.എം.എസ് ഈ പംക്തികളിലൂടെ നമ്മെ 'അഹ' വേണ്ട എന്നു പഠിപ്പിക്കുകയുണ്ടായി. അറിയാവുന്ന കാര്യങ്ങളില്‍ നിശ്ചയമില്ലെങ്കില്‍ ആശാനക്ഷരമൊന്നു പിഴച്ചാല്‍ അന്‍പത്തൊന്നു പിഴയ്ക്കും ശിഷ്യന് എന്നൊരു ചൊല്ലുണ്ട്. ആകയാല്‍ ഇതു കഥയല്ല, കാര്യമാണല്ലോ. നമുക്ക് അദ്ദേഹത്തിന്റെ വ്യാകരണചിന്തകളിലേയ്ക്കു മനമൂന്നുക. 

സ്വരാക്ഷരങ്ങളില്‍ ഒടുവിലത്തെ 'അഃ'വേണ്ടെന്നും പിന്നെ വിസര്‍ഗ്ഗം ഒരനാവശ്യമെന്നും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ കേരളഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് 'അഹ' ഉപേക്ഷിച്ചെന്നും സംസ്‌കൃതഭാഷാ പ്രേമികള്‍ ഇപ്പോഴും അഹയില്‍ നിന്നും പിടിവിട്ടിട്ടില്ലെന്നും അദ്ദേഹം ദുഃഖിക്കുന്നു. പക്ഷേ, ദുഃഖിക്കാതെ വഴിയില്ലെന്നും ആകയാല്‍ ഒരു സൗജന്യമെന്ന നിലയില്‍ അതു നിലനിര്‍ത്താമെന്നും ഗുരുപദേശമുണ്ട്. 
മുക്കിനി അക്ഷരമാല നോക്കാം. സ്വരം, വ്യജ്ഞനം എന്ന രണ്ടിനങ്ങളില്‍ വ്യജ്ഞനങ്ങള്‍ക്ക് സ്വതന്ത്രമായ ഉച്ചാരണത്തിന് സ്വരം അവശ്യഘടകമാണല്ലോ. ക് + അ = ക എന്നിങ്ങനെ. ഭാഷാശാസ്ത്രവും വ്യാകരണവും പഠിച്ചവരോട് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. സ്വരാക്ഷരങ്ങളിലെ അ:, അഹ എന്ന് വാ തുറന്ന് പല്ലു മുഴുവന്‍ കാട്ടേണ്ടതില്ല. 'അഃ'യ്ക്ക് ഒരു മരുന്നുണ്ട്. അതാണ് വിസര്‍ഗ്ഗമായി മാറുന്നത്. മലയാളഭാഷ തന്നെ സംസ്‌കൃതപദബഹുലമാണല്ലോ. കാരണം, ദ്രാവിഡഗോത്രത്തില്‍ നിന്ന് മലയാളിമങ്കയുടെ ബാന്ധവം നടന്നത് സംസ്‌കൃതവരനുമായിട്ടായിരുന്നുവല്ലോ.  ഭര്‍ത്തൃഗൃഹത്തിലെ ഭാഷ അവള്‍ പഠിക്കയും ശീലിക്കയും ചെയ്തു.

'ഹന്ത! പഴകിയശീലം പോലൊരു ബന്ധനമുണ്ടോ പാരില്‍? എന്നു കവി വചനം. ഭാവമായി പരിണമിക്കുമല്ലോ. അത് അനുഭവസാക്ഷ്യം. ഏതായാലും പാണിനി സംസ്‌കൃതവരനും വേളിയുമെന്നൊക്കെ പഠിതാക്കളെ സുഖിപ്പിച്ച് പറഞ്ഞത് വ്യാകരണപഠനത്തിന്റെ കാഠിന്യം ഒന്നു മയപ്പെടുത്താനാണ്. സംസ്‌കൃതവ്യാകരണത്തെക്കുറിച്ച് ഒരാകര്‍ഷണം ആചാര്യന്മാര്‍ തരുന്നത് ആദ്യം ഇരുമ്പുവേലി, പിന്നെ കരിമ്പുവേലി, എന്നു പറഞ്ഞാണ്. സിദ്ധരൂപം പഠിക്കുന്നത് വെളുപ്പാന്‍ കാലത്ത് കട്ടുവെള്ളത്തില്‍ ഇറങ്ങി നിന്ന് ഉറക്കെ പറഞ്ഞു ഹൃദിസ്ഥമാക്കുന്ന പതിവുണ്ടായിരുന്നത്രേ. ഒരു വിദ്യാര്‍ത്ഥി രാമശബ്ദത്തിലെ വിഭക്തി പ്രത്യയങ്ങളില്‍ വരുന്ന രാമേഭ്യ ചൊല്ലിക്കൊണ്ടിരുന്നപ്പോള്‍ അക്ഷരാഭ്യാസമില്ലാത്ത അച്ഛന്‍ രാമന്‍ 'എന്താടാ പഠിച്ചു പഠിച്ച് തന്നെ ഏഭ്യനെന്നു വിളിക്കുന്നോ?' എന്നാക്രോശിച്ച് മകനെ പൊതിരെ തല്ലിപോലും!

ഇനി 'അഹ' യിലേക്കു വരാം. വിസര്‍ഗ്ഗം ഉദ്ദേശിച്ചാണല്ലോ ലേഖകന്‍ 'അഹ' എന്നു പറയുന്നത്. ഈ വിസര്‍ഗ്ഗമെന്ന മായാവി തരംപോലെ രൂപം മാറിക്കളയും.  രാമ:ശബ്ദത്തില്‍ സ്വരം 'ഹ' ആണെന്ന ഭേദങ്ങളുണ്ട്. സാന്ദര്‍ഭികമായി പറയട്ടെ, ഉച്ചാരണശുദ്ധിയുടെ കാര്യത്തില്‍ ആചാര്യന്മാര്‍ അങ്ങേയറ്റം ശ്രദ്ധിക്കണമെന്ന് അവര്‍ നിര്‍ദ്ദേശിക്കുന്നത്, ഒരു പദം ശരിയായ രീതിയില്‍ ഉച്ചരിച്ചാല്‍ മതി നേരേ സ്വര്‍ഗ്ഗത്തില്‍ പോകും. ചിലര്‍ വിശ്വസിക്കുന്ന ശുദ്ധീകരണസ്ഥലം എന്ന കടമ്പ ഒഴിവാക്കാമെന്ന് ഒരു സൂചനയായും കരുതാം.

ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ചില സംസ്‌കൃതശബ്ദങ്ങളോട് മറ്റു ചില പദങ്ങള്‍ സന്ധിചേരുമ്പോള്‍ വിസര്‍ഗ്ഗത്തിനുപകരം, പകരമായി വരുന്ന പദങ്ങളിലെ ആദ്യാക്ഷരങ്ങള്‍ ഇരട്ടിച്ചാലും മതിയാകും. (നിശബ്ദം, അധപതനം തുടങ്ങിയ പദങ്ങള്‍) അതൊരു നിയമമല്ല. ഒരു സൗജന്യം. സാഹിത്യസാമ്രാജ്യത്തില്‍ മകുടശിഖാമണിച്ചട്ടം സ്വയം അണിഞ്ഞു വിരാജിക്കുന്ന സാമ്രാട്ടുകള്‍, പദങ്ങള്‍ വികലമായി ഉച്ചരിക്കുന്നതു കേള്‍ക്കുമ്പോള്‍ അവര്‍ പറയുന്ന ബാഷയും 'ബോഷ' ത്വവുമൊക്കെ കേട്ട് പേരിനുമുമ്പും പുറകിലുമൊക്കെ കൊമ്പും വാലുമൊന്നുമില്ലാത്ത സാധാരണക്കാര്‍ അസഹിഷ്ണുക്കളാകുന്നതു കണ്ടിട്ടുണ്ട്. അതിവരവും ഘോഷവുമൊക്കെ മൃദുക്കളാക്കുന്ന തഥാകഥിക കേസരികള്‍ക്ക് ജിഹ്വാബലം കുറയുമെങ്കിലും ദീര്‍ഘജിഹ്വന്മാരായി കാണപ്പെടുന്നുണ്ട്. കഴിവുകളും പ്രതജന്നഭിന്നമാണല്ലോ. ആ വലിയ കുശവന്‍ (ഒറ്റക്കണ്ണനായ, ഹിന്ദി സാഹിത്യത്തിലെ യശസ്വിയായ കവി ജായസിയോട് കടപ്പാട്) കൈ വിട്ടു കളിക്കയില്ല. ചില കയ്യടക്കങ്ങള്‍ സൂക്ഷിച്ചിട്ടേ പ്രജകളെ ഭൂതത്തിലേക്ക് അയക്കൂ. അതുകൊണ്ടാണല്ലോ സമസ്തസൃഷ്ടികളിലും ചിലപിശകുകളുള്ളത്. 
ഭാഷ ഏതുമാകട്ടെ, ശുദ്ധമായ എന്നൊന്നില്ല. കൊണ്ടും കൊടുത്തും പദസമ്പത്തു വര്‍ദ്ധിപ്പിക്കുന്നു. നദി കൈവഴികളെയെല്ലാം തന്നിലേക്കു ചേര്‍ക്കും പോലെ, ഭാഷ ഒഴുക്കില്ലാത്ത കുളംപോലെയല്ലല്ലോ. ഭാഷാനദിയാണ്. 

ഭാഷാഭിമാനത്തെക്കുറിച്ചു പറയുമ്പോള്‍ മലയാളിഭാഷയുടെ വികാസപരിണാമങ്ങളെക്കുറിച്ച് പഠിക്കുന്നതും ഭാഷാപ്രേമികള്‍ക്കു ഗുണം ചെയ്യും. നമ്മുടെ ഭാഷ ശ്രേഷ്ഠം തന്നെ. കാക്കത്തൊള്ളായിരം ഭാഷയുള്ള ഈ ഭൂതലത്തില്‍, കാക്കയ്ക്കും തന്‍ കുഞ്ഞു പൊന്‍കുഞ്ഞ് ആണല്ലോ.

“അമ്മ താന്‍ തന്നെ പകര്‍ന്നു തരുമ്പോഴേ
നമ്മള്‍ക്കമൃതും അമൃതായ്‌ത്തോന്നു”  എന്ന് ആനന്ദിക്കുന്നതും നല്ലതുതന്നെ. എങ്കിലും ഗൗരവമുള്ള കാര്യങ്ങള്‍ പറയാന്‍ പലരും ആംഗലത്തെ ആശ്രയിക്കാറുണ്ട്. ആകയാല്‍ മത്താടിക്കൊള്‍കഭിമാനമോ നീ എന്നു കവി പറയുന്നതു കാര്യമാക്കണ്ടാ എന്റെ സുനിലേ. ഈ കവികള്‍ ഒരു പ്രത്യേക ദിനുസ്സാണ്.- ഏതു ചപ്രത്തലമുടിയിലും ഒരെണ്ണമിനുപ്പ്! ഏതു നഗ്നപാദത്തിലും ഒരു ചിലങ്കയുടെ കിലുക്കം ഇതൊക്കെ കാണുകയും കേള്‍ക്കുകയുമൊക്കെ സഹജസ്വഭാവം!

പക്ഷേ, വ്യാകരണത്തെക്കുറിച്ച് നമുക്കു കുറേക്കൂടി അവധാനത വേണ്ടേ? അതൊരു ശാസ്ത്രമല്ലേ? നമുക്ക് പണ്ഡിതന്മാരോടു ചോദിച്ചറിയാം. കഥപോലല്ല, വ്യാകരണം സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒന്നാണല്ലോ. അത്രയുമേ എനിക്കറിയാവൂ. 

ഷീല. എന്‍. പി


വിസര്‍ഗ്ഗമെന്ന മായാവി (ലേഖനം- ഷീല. എന്‍. പി)വിസര്‍ഗ്ഗമെന്ന മായാവി (ലേഖനം- ഷീല. എന്‍. പി)
Join WhatsApp News
വിദ്യാധരൻ 2015-11-07 21:54:20
എവിടെയോ ആശാന് പിഴച്ചിട്ടുണ്ട്. അല്ലെങ്കിൽ ഈയുള്ളവനടക്കം ഇത്രയും പേർ മലയാള ഭാഷയിൽ പിഴച്ചുപോകാൻ കാരണം എന്താണ്? ഒന്നാമതായി മലയാളം സാറ് ശരിക്ക് പടിപ്പിക്കില്ലായിരുന്നു. അദ്ദേഹത്തിന് കുട്ടികൾ പഠിച്ചു രക്ഷപ്പെടുന്നതിലും കാര്യം അദ്ദേഹത്തിൻറെ കൃഷി രക്ഷപ്പെടുന്നതിലായിരുന്നു.  വീടിനോട് ചേർന്ന് ഒരു ജോലി ഇടക്ക് ഓടിപ്പോയി വീട്ടിലെ കാര്യം നോക്കാനുള്ള അവസരം ഇതിൽ കവിഞ്ഞു അവർക്ക് ആരെങ്കിലും രക്ഷപ്പെടണം എന്നൊന്നും ഇല്ല. തറ. പന, ആന ചേന എന്നൊക്കെ പഠിപ്പിച്ചു വിട്ടതല്ലാതെ വ്യാകരണത്തിന്റെ കാര്യം ചോദിച്ചു ചെന്നാൽ കരണത്തടി തീർച്ച. അതിനിടക്ക് വിസർഗ്ഗത്തിന്റെ കാര്യം ചോദിച്ചാൽ വിസർജ്ജിക്കുന്നതുവരെ ചന്തിക്ക് കിഴുക്ക്.  അം, അ: എന്നിവയ്ക്ക് യഥാക്രമം അനുസ്വാരം, വിസർഗ്ഗം എന്നൊക്കയാണ് പേര്. ഉച്ചാരണത്തിൽ അനുസ്വാരത്തിനു 'മ' കാരത്തോടും വിസർഗ്ഗത്തിന് 'ഹ' കാരത്തോടും സാദൃശ്യമുണ്ടെന്നു ഒരു അമേരിക്കൻ മലയാളി സാഹിത്യകാരനോട് പറഞ്ഞപ്പോൾ അയാൾ പറഞ്ഞത് 'താങ്കൾ മകാരം മത്തായിയുടെ കാര്യമാണോ പറയുന്നതെന്നു ഒരു മറു ചോദ്യം. അല്ല വ്യന്ജാനാക്ഷരമായ 'മ'യുടെ കാര്യമാണ് പറയുന്നത് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചൂടാകുകയും 'താൻ എന്നെ അതികം പഠിപ്പിക്കണ്ട മലയാള ഭാഷ ആദ്യമായി അമേരിക്കയിൽ കൊണ്ട്വന്നത് ഞാനാണ്' എന്ന് പറഞ്ഞു തട്ടികേറി.   ആദ്യം അമേരിക്കയിൽ വന്നപ്പോൾ, അതായത് വലിയ എഴുത്തുകാരനാകുന്നത് മുന്പ്  'മഴയ്ക്ക്' മശ  എന്നും 'സ്പുടതക്ക്' 'സ്പുഷത' എന്നുമൊക്കെ പറഞ്ഞപ്പോൾ ഒരു പ്രായം ചെന്ന സാറ് പറഞ്ഞു തന്നു അക്ഷരങ്ങളെ ഉച്ചരിക്കുമ്പോൾ സ്ഥാനഭേദത്തെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നു.  ഞാൻ പറഞ്ഞു, അങ്ങ് സാറായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല ക്ഷമിക്കണമെന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു 'അത്തരത്തിലുള്ള സ്ഥാനഭേദത്തെ ക്കുറിച്ചല്ല ഞാൻ പറയുന്നത്, നേരെമറിച്ച് അക്ഷരങ്ങളെ ഉച്ചരിക്കുമ്പോൾ ഏതേതു സ്ഥാനത്തു നിന്നാണോ ധ്വനി പുറപ്പെടുന്നത് അതനുസരിച്ച് അക്ഷരങ്ങളെ കണ്ഠ്യ, താലവ്യം, ഒഷ്ട്യം, മൂർദ് ധന്യം കണ്ഠതാലവ്യം, കണ്ഠ+ ഓഷ്ട്യം   എന്നുണ്ടാന്നൊക്കെ പറഞ്ഞു.  അപ്പോൾ ഞാൻ ചോദിച്ചു 'സാറേ  ഈ ഗുലുമാലിൽക്കൂടി കടന്നുപോകാതെ എങ്ങനെങ്കിലും ഒരു സാഹിത്യകാരനാകാൻ പറ്റുമോ എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു എന്ത് വേണമെങ്കിലും ആർക്കും മനസിലാകാത്തപോലെ പറയുകയോ എഴുതുകയോ ചെയ്യ്തോ എന്നിട്ട് അതിനെ ആധുനികമെന്നോ, അത്യന്താധൂനികമെന്നോ, ഉത്തരാധൂനികമെന്നൊക്കെ വിളിച്ചാൽ മതിയെന്ന്.  എന്തായാലും അമേരിക്കയിൽ ഒരുത്തൻ എഴുതുന്നതും മനസിലാകില്ല. ചിലെരെഴുതുന്ന കവിത വായിച്ചാൽ ചവിട്ടു നാടകം കാണുന്നതുപോലിരിക്കും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക