Image

ചെങ്കൊടി പറക്കുമ്പോള്‍ തകരുന്ന ജാതി രാഷ്‌ട്രീയം (ജയമോഹനന്‍ എം)

Published on 08 November, 2015
ചെങ്കൊടി പറക്കുമ്പോള്‍ തകരുന്ന ജാതി രാഷ്‌ട്രീയം (ജയമോഹനന്‍ എം)
`പശു മാതാവാണെങ്കില്‍ കാള നിന്റെയൊക്കെ അപ്പനാണോ'.

ഒരൊറ്റ ചോദ്യം, നേരെ നിവര്‍ന്നു നിന്നുകൊണ്ട്‌, സാക്ഷാല്‍ വി.എസ്‌ അച്യുതാനന്ദന്‍ വക. ആ ചോദ്യം കേള്‍ക്കുന്ന ഏതൊരാള്‍ക്കും ഉറപ്പിക്കാം. ഇത്‌ കമ്മ്യൂണിസ്റ്റുകാരന്‌ മാത്രം കഴിയുന്നതാണ്‌. അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടിക്കോ, രമേശ്‌ ചെന്നിത്തലയ്‌ക്കോ കഴിയുമോ സാധാരണക്കാരന്റെ ഭക്ഷണത്തിന്‌ മേല്‍ സംഘപരിവാരം കൂച്ചുവിലങ്ങിടുമ്പോള്‍ നേരെ നിന്ന്‌ ചോദ്യം ചോദിക്കാന്‍. മുട്ടുവിറയ്‌ക്കും ഏതൊരു കോണ്‍ഗ്രസുകാരന്റെയും. എന്നാല്‍ വി.എസ്‌ എന്ന പടക്കുതിരയ്‌ക്ക്‌ അതിനുള്ള തന്റേടമുണ്ട്‌. ആ തന്റേടമാണ്‌ ഇന്ന്‌ കേരളത്തില്‍ ചെങ്കൊടി വീണ്ടും പറപ്പിച്ചിരിക്കുന്നത്‌.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇടതുപക്ഷം നേടിയ വന്‍ വിജയം വെറുമൊരു തിരഞ്ഞെടുപ്പ്‌ വിജയമാകുന്നില്ല. സകല ജാതിമത സംഘടനകളുടെ കൂട്ടുകെട്ടിനോടും പൊരുതിയാണ്‌ ഈ വിജയം നേടിയത്‌. എസ്‌.എന്‍.ഡി.പി ബിജെപി കൂട്ടുകെട്ടും കൂടിയായപ്പോള്‍ കേരളത്തില്‍ മിക്കയിടത്തും ത്രികോണ മത്സരം തന്നെയായിരുന്നു. എസ്‌.എന്‍.ഡി.പിയെയും വിഎസ്‌ഡിപിയെയും മറ്റു ഹിന്ദു ജാതി സംഘടനകളെയും ബിജെപി കൂടെക്കൂട്ടി പൊരുതാനിറങ്ങിയപ്പോള്‍ യുഡിഎഫിനൊപ്പം ന്യൂനപക്ഷ മതമേലധ്യക്ഷന്‍മാരുടെ ആശിര്‍വാദമുണ്ടായിരുന്നു. `മലപ്പുറം ലീഗ്‌ പറയുന്നതേ കേള്‍ക്കു' എന്ന ആത്മവിശ്വസമുണ്ടായിരുന്നു. എന്നാല്‍ എല്ലാം പാഴായി എന്നതാണ്‌ സത്യം.

പ്രത്യേകിച്ച ജാതി മത സമവാക്യങ്ങളും ജാതി മതമേലധ്യക്ഷന്‍മാരുടെ ആശിര്‍വാദവും ഇല്ലാതിരുന്ന ഇടതുപക്ഷത്തിന്റെ മതേതര ആശയത്തിനാണ്‌ കേരളത്തിലെ ജനങ്ങള്‍ ഭൂരിപക്ഷം നല്‍കിയ വിജയിപ്പിച്ചത്‌. ഇവിടെ മനസിലാക്കേണ്ട ഒരു വസ്‌തുതതയുണ്ട്‌. വോട്ട്‌ ബാങ്ക്‌ എന്നത്‌ വെറും ഉമ്മാക്കി മാത്രമാണ്‌.

ക്രിസ്‌ത്യന്‍, ഈഴവ, നായര്‍, മുസ്ലിം വോട്ട്‌ ബാങ്ക്‌ എന്നതൊക്കെ വെറും ബലൂണ്‍ മാത്രമാണ്‌. ഒരു സൂചി കൊണ്ട്‌ കുത്തായില്‍ പോലും കാറ്റു പോകുന്ന ബലൂണ്‍. സാക്ഷാല്‍ ജോസഫ്‌ പുലിക്കുന്നേലിന്റെ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്ന ഒരു വസ്‌തുതയുണ്ട്‌. അരമനകള്‍ക്കും ജാതി കോമരങ്ങള്‍ക്കും അപ്പുറമാണ്‌ ജനങ്ങളുടെ മനസ്‌. പക്ഷെ എന്തുകൊണ്ട്‌ രാഷ്‌ട്രീയക്കാര്‍ ജാതി നേതാക്കന്‍മാരെയും മതമേലധ്യക്ഷന്‍മാരെയും കാണാന്‍ പോകുന്നു എന്നു ചോദിച്ചാല്‍ അത്‌ വോട്ടിന്‌ വേണ്ടിയൊന്നും അല്ല, മറിച്ച്‌ അവിടെ ധനം ഇരിക്കുന്നത്‌ കൊണ്ടാണ്‌. അതായത്‌ അവരുടെ കൈയ്യിലുള്ള ധനമാണ്‌ അവരിലേക്ക്‌ രാഷ്‌ട്രീയക്കാരെയും പാര്‍ട്ടികളെയും എത്തിക്കുന്നത്‌.

ഈ നിരീക്ഷണം ഉദാഹരണ സഹിതം വിവരിക്കുന്നുണ്ട്‌ പുലിക്കുന്നേല്‍.

ക്രിസ്‌ത്യന്‍ മതമേലധ്യക്ഷനും പുരോഹിതനുമായ ഒരു ബിഷപ്പിനെ ചെന്നുകൊണ്ട്‌ ദൈവിക പ്രാര്‍ഥനയും അനുഗ്രഹവും രാഷ്‌ട്രീയ നേതാക്കള്‍ വാങ്ങുന്നു. ഒപ്പം വോട്ട്‌ ബാങ്കും നേടുന്നു എന്നാണ്‌ വെയ്‌പ്പ്‌. കാര്യങ്ങളുടെ കിടപ്പ്‌ ഇങ്ങനെയാണെങ്കില്‍ ഹിന്ദു ദൈവങ്ങളുടെ ആശിര്‍വാദവും പ്രാര്‍ഥനയും നേടാന്‍ ശബരിമല മേല്‍ശാന്തിയുടെയോ ഗുരുവായൂര്‍ മേല്‍ശാന്തിയുടെയോ അടുത്ത്‌ രാഷ്‌ട്രീയക്കാര്‍ ചെല്ലേണ്ടതല്ലേ. പക്ഷെ രാഷ്‌ട്രീയക്കാര്‍ ചെല്ലുന്നത്‌ പെരുന്നയില്‍ സുകുമാരന്‍ നായരുടെ അടുത്തും കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളിയുടെ അടുത്തുമാണ്‌. അവിടെയാണ്‌ വോട്ട്‌ബാങ്ക്‌ ഉള്ളതെന്നാണ്‌ വെയ്‌പ്പ്‌. പക്ഷെ സത്യത്തില്‍ ഇത്തരമൊരു ബാങ്കില്ല. മറിച്ച്‌ ഉള്ളത്‌ പണമിരിക്കുന്ന ബാങ്ക്‌ അക്കൗണ്ടാണ്‌. ഉത്തരേന്ത്യന്‍ രാഷ്‌ട്രീയത്തില്‍ നിന്നും വ്യത്യസ്‌തമായി കേരളത്തിലെ വോട്ട്‌ ബാങ്കിന്‌ പുലിക്കുന്നേല്‍ പറഞ്ഞ സാധ്യത മാത്രമാണുള്ളത്‌. അതിന്റെ ഉത്തമ ഉദാഹരണമാണ്‌ ലീഗിന്റെ വോട്ട്‌ ബാങ്ക്‌ കോട്ട ഉണ്ടെന്ന്‌ കരുതുന്ന മലപ്പുറത്ത്‌ ലീഗിന്‌ നേരിട്ട തിരിച്ചടി. അവിടെ സാമ്പര്‍ മുന്നണി എന്ന്‌ ലീഗ്‌ പരിഹസിച്ച മതേതര മുന്നണിക്ക്‌ ലീഗിനെതിരെ വന്‍ വിജയം നേടാന്‍ കഴിഞ്ഞു.

അതിനേക്കാള്‍ ദയനീയമാണ്‌ വെള്ളാപ്പള്ളിയുടെ പരാജയം. ബിജെപിയുമായി ചേര്‍ന്ന്‌ നിയമസഭയില്‍ മുപ്പത്‌ സീറ്റ്‌ പിടിക്കുമെന്നൊക്കെയാണ്‌ വെള്ളാപ്പള്ളി വീമ്പിളക്കിയിരുന്നത്‌. എന്നാല്‍ അമ്പേ പരാജയപ്പെട്ടു പോകുകയായിരുന്നു എസ്‌.എന്‍.ഡി.പി സ്ഥാനാര്‍ഥികള്‍. എന്നാല്‍ ബിജെപിക്ക്‌ കേരളത്തില്‍ മുന്നേറ്റമുണ്ടായില്ലേ എന്ന ചോദ്യം സ്വഭാവികമായും കടന്നു വരാം.

തീര്‍ത്തും കെട്ടിപ്പൊക്കിയ വിജയം മാത്രമാണ്‌ ബിജെപിയുടേത്‌. തിരുവനന്തപുരത്തും പാലക്കാടുമൊക്കെ ബിജെപി നേടിയ വിജയം സിപിഎമ്മിന്റെ പരാജയമല്ല മറിച്ച്‌ യുഡിഎഫ്‌ വോട്ട്‌ മറിച്ചു നല്‍കിയത്‌ കൊണ്ടു മാത്രമാണ്‌ എന്ന്‌ വോട്ടിംഗ്‌ ശതമാന കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകും. തിരുവനന്തപുരത്ത്‌ യുഡിഎഫ്‌ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകത കാരണം വോട്ട്‌ ചോര്‍ച്ച സംഭവിച്ചുവെന്ന്‌ കെ.പി.സി.സി ഭാരവാഹികള്‍ തന്നെ പറഞ്ഞത്‌ ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കണം. അതായത്‌ ബിജെപി നേടിയെ സിറ്റുകളില്‍ ബഹുഭൂരിപക്ഷവും യുഡിഎഫുമായി നടത്തിയ വോട്ട്‌ ലേലത്തിന്റെ ഫലമാണ്‌.

ഇവിടെയാണ്‌ കേരളത്തില്‍ ഇടതുപക്ഷം നേടിയ വിജയത്തിന്‌ ഇരട്ടി മധുരമുണ്ടാകുന്നത്‌. രാഷ്‌ട്രീയമായി നോക്കിയാല്‍ യുഡിഎഫ്‌ എല്‍ഡിഎഫിനേക്കാള്‍ ശക്തമാണ്‌. കോണ്‍ഗ്രസും ലീഗും കേരളാ കോണ്‍ഗ്രസും അവരുടേതായ ഇടങ്ങളില്‍ പ്രബലരാണ്‌. ഒപ്പം ക്രിസ്‌ത്യന്‍ മുസ്ലിം മതമേലധ്യക്ഷന്‍മാരുടെ ആശിര്‍വാദവും. എന്നാല്‍ ഇടതുപക്ഷത്തില്‍ സിപിഎം മാത്രമാണ്‌ പോരാളി. സിപിഐ യാണ്‌ പിന്നെ അല്‌പമെങ്കിലും ജീവനുള്ള പാര്‍ട്ടി. മറ്റുളളതെല്ലാം കടലാസു പാര്‍ട്ടികളാണ്‌. എന്നാല്‍ ഇടതുപക്ഷത്തിന്‌ നേടാന്‍ കഴിഞ്ഞത്‌ മിന്നുന്ന വിജയം തന്നെയാണ്‌.

ഇവിടെയാണ്‌ വര്‍ഗീയതയെ എതിര്‍ക്കാന്‍ വി.എസിനെപോലെയുള്ള കമ്മ്യൂണിസ്റ്റുകാര്‍ കാണിച്ച ചങ്കുറ്റം വോട്ടായി മാറിയത്‌. വെള്ളാപ്പള്ളി ബിജെപിയുമായി ചേരുമെന്ന്‌ പറഞ്ഞ്‌ ഇടഞ്ഞു തുടങ്ങിയപ്പോള്‍ പ്രീണിപ്പിക്കാനൊന്നും സിപിഎം മിനക്കെട്ടില്ല. വി.എസ്‌ വെള്ളാപ്പള്ളിയെ തിരഞ്ഞുപിടിച്ച്‌ അക്രമിച്ചു. ഫലമോ ഈഴവ വോട്ട്‌ ബാങ്ക്‌ എന്ന മിത്ത്‌ അപ്പാടെ തകര്‍ന്നു വീണു. മാത്രമല്ല ഇടക്കാലത്ത്‌ നടത്താന്‍ തുടങ്ങിയ ജാതി പ്രീണനങ്ങളേക്കാളൊക്കെ നല്ലത്‌ മതേതരത്വ നിലപാട്‌ തന്നെയാണ്‌ അതിനാണ്‌ ജനങ്ങളുടെ വോട്ട്‌ വീഴുക എന്ന്‌ സിപിഎം തിരിച്ചറിഞ്ഞു.

എന്തായാലും രാജ്യമെങ്ങും ഹിന്ദുത്വരാഷ്‌ട്രീയം പശുവും പാകിസ്ഥാന്‍ ടൂറിസവുമായി അരങ്ങു തകര്‍ക്കുമ്പോള്‍ കേരളത്തിലുയര്‍ന്ന ചെങ്കൊടി പ്രതീക്ഷ നല്‍കുന്നു. ?ഒപ്പം ജാതി രാഷ്‌ട്രീയം കേരളത്തിന്റെ മാതൃകയല്ലെന്ന്‌ ഒരിക്കല്‍ കൂടി തെളിയിക്കപ്പെടുകയും ചെയ്യുന്നു.
Join WhatsApp News
Ninan Mathullah 2015-11-09 12:06:57
If no fear of consequence, man will get bold to do anything in self interest. Jesus had no problem to get physical for what is right even at the cost of his own life. I never heard anybody preach this from any pulpit.Yes I agree that the people of Kerala noticed the cowardice and hypocracy of certain groups. For people to live in peace LDF presence in Kerala politics is a must.
Aniyankunju 2015-11-09 13:46:02
FWD:   [__by Berly Thomas] -- 
ഭര്‍ത്താവും ബെസ്റ്റ് ഫ്രണ്ടും ബോറന്മാരായിത്തീര്‍ന്നപ്പോള്‍ സ്ഥിരമായി ബസ് സ്‌റ്റോപ്പില്‍ നിന്നു വായില്‍ നോക്കുന്ന സിക്‌സ് പായ്ക്ക് പയ്യനെ നോക്കി വെറുതെയൊന്നു ചിരിച്ചതുപോലെയാണ് കേരളം ബിജെപിക്കു വോട്ടു ചെയ്തത്. ഇതു കണ്ട് ബസ് സ്‌റ്റോപ്പിലെ പയ്യന്‍ പിറ്റേന്നു മുതല്‍ പ്രോട്ടീനടിച്ച് മരുന്നു കുത്തിവച്ച് ജിമ്മില്‍ പോയി work out  ചെയ്ത് 8-pack കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്നു തോന്നുന്നില്ല. കാരണം, മല്ലു ഗേള്‍ എന്നും മല്ലു ഗേള്‍ ആണ്. സിക്‌സ് പായ്ക്കുകാരനായ ബസ് സ്റ്റോപ്പിലെ പയ്യന്‍ അച്ഛനെയും അമ്മയെയും അമ്മാവന്‍മാരെയും കൂട്ടി ടാക്‌സി പിടിച്ചു വരുമ്പോള്‍ മല്ലു ഗേള്‍ ആലുവാ മണപ്പുറത്തു കണ്ട പരിചയം കാണിക്കില്ല.

കേരളത്തിലെ ബിജെപിയുടെ നേട്ടത്തിന്റെ കാരണം എസ്എന്‍ഡിപിയുടെ പിന്തുണയും സംഘപരിവാറിന്റെ തന്ത്രങ്ങളും ആണെന്നാണ് പാര്‍ട്ടി കോര്‍ ഗ്രൂപ്പ് കമ്മിറ്റി വിലയിരുത്തിയിരിക്കുന്നത്. എന്നാല്‍, ബിജെപിക്കുണ്ടായ നേട്ടം ഇടതു-വലതു മുന്നണികളോടുള്ള മലയാളിയുടെ രോഷപ്രകടനമാണ് എന്നതാണ് സത്യം. കേരളത്തില്‍ നല്ലൊരു ശതമാനം ആളുകളും വോട്ടു ചെയ്യുന്നത് ഇത്തരം ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. അതുകണ്ട് മൊത്തത്തില്‍ കാവി വാരിപ്പൂശി നിയമസഭാ തിരഞ്ഞെടുപ്പില്‍ തൂത്തുവാരാമെന്നു വ്യാമോഹിക്കുന്നത് മുകളില്‍പ്പറഞ്ഞ 8-pack attempt  തുല്യമായിരിക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക