Image

ബോബി ജിന്‍ഡാലിന്റെ ജനസമ്മതി വര്‍ദ്ധിച്ചേക്കും

എബ്രഹാം തോമസ് Published on 13 November, 2015
ബോബി ജിന്‍ഡാലിന്റെ ജനസമ്മതി വര്‍ദ്ധിച്ചേക്കും
മില്‍വാക്കി: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണം പത്തുമാസം പിന്നിട്ടിരിക്കുന്നു. ഇതുവരെ ആരാണ് മുന്നില്‍ എന്നൊരു ചിത്രം തെളിഞ്ഞിട്ടില്ല. നാലു തവണ സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള സംവാദം ടെലിവിഷനില്‍ കാണാനിടയായ റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ (റിപ്പബ്ലിക്കന്‍ പ്രൈമറികളിലും കോക്കസുകളിലും ഇവര്‍ക്ക് മാത്രമേ സമ്മതിദാനം വിനിയോഗിക്കാനാവൂ) ആശയക്കുഴപ്പം വര്‍ദ്ധിക്കുകയാണ് ചെയ്തത്.

പ്രധാന ഡിബേറ്റില്‍ രണ്ടു മണിക്കൂര്‍ നീണ്ട സംവാദത്തിന് മുന്‍പ് അത്രയും ജനപിന്തുണയില്ലെന്ന് സര്‍വേകളില്‍ കണ്ടെത്തിയ ലൂസിയാന ഗവര്‍ണറും ഇന്ത്യന്‍ വംശജനുമായ ബോബി ജിന്‍ഡാല്‍, ന്യൂജേഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റി, മുന്‍ പെന്‍സില്‍വാനിയ സെനറ്റര്‍ റിക്ക് സാന്റോറം, മുന്‍ ആര്‍ക്കുന്‍സാ ഗവര്‍ണര്‍ മൈക്ക് ഹക്കബി തുടങ്ങിയവരുടെ നിര ഒരു മണിക്കൂര്‍ നീണ്ട ഡിബേറ്റില്‍ പങ്കെടുത്തു.

മുന്‍ ഡിബേറ്റുകളില്‍ നിന്ന് വ്യത്യസ്തമായി ബോബി ജിന്‍ഡാല്‍ കൂടുതല്‍ ആക്രമാത്മകമായ പ്രകടനമാണ് കാഴ്ച വെച്ചത്. ഹിലരി ക്ലിന്റണ്‍ നിങ്ങളുടെ എല്ലാവരുടെയും പണസഞ്ചിക്ക് പിന്നാലെ വരാന്‍ പോവുകയാണ്. ഹക്കബിയെക്കുറിച്ചോ ജിന്‍ഡാലിനെ കുറിച്ചോ ആശങ്കപ്പെടേണ്ട, ഹിലരിയെക്കുറിച്ച് ആശങ്കപ്പെടുക. മൈക്ക് ഹക്കൂബിയോ ക്രിസ് ക്രിസ്റ്റിയോ ജോണ്‍ കസിഷോ പ്രസിഡന്റായാല്‍ ഹിലരി വന്നാല്‍ എന്ത് സംഭവിക്കും എന്നാലോചിക്കുക. അവര്‍ നമ്മളെ കടത്തില്‍ മുക്കും. ഹിലരിയെ തോല്‍പിക്കുക മാത്രമല്ല ചെയ്യേണ്ടത്. ഒരു യാഥാസ്ഥിതികനെ വൈറ്റ് ഹൗസിലെത്തിക്കുക ഏതെങ്കിലും ഒരു റിപ്പബ്ലിക്കനെയല്ല, ബോബി തന്റെ വാദത്തിന് മൂര്‍ച്ച കൂട്ടി.

തന്നോടൊപ്പം മത്സരിക്കുന്ന റിപ്പബ്ലിക്കനുകളെയും വിമര്‍ശിക്കുവാന്‍ ബോബി മറന്നില്ല. ക്രിസറ്റിയെയും മറ്റും പരാമര്‍ശിച്ച് അവരുടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക റെക്കോര്‍ഡ് പരിശോധിക്കുവാന്‍ ആവശ്യപ്പെട്ടു. ഇവര്‍ യാഥാര്‍ത്ഥ യാഥാസ്ഥിതികരല്ല, വെള്ളം ചേര്‍ത്ത ഡെമോക്രാറ്റുകളാണെന്നും ആരോപിച്ചു. ബോബിയുടെ പ്രകടനത്തെ പുകഴ്ത്തിയാണ് മാധ്യമവിശകലനങ്ങള്‍ വന്നത്. അഭിപ്രായ സര്‍വ്വേകളില്‍ ബോബിക്ക് മുന്നേറ്റം ഉണ്ടാക്കുവാന്‍ ഈ റിപ്പോര്‍ട്ടുകള്‍ കാരണമായേക്കും.

സര്‍വ്വേകള്‍ക്ക് വലിയ പ്രാധാന്യം നല്‍കാത്ത സ്ഥാനാര്‍ത്ഥികളുമുണ്ട്. ഇതുവരെയുള്ള സര്‍വേകളില്‍ പിന്നില്‍ നില്‍ക്കുന്നത് കാര്യമാക്കേണ്ട, ഭാഗധേയങ്ങള്‍ മാറി മറിയും എന്നിവര്‍ വിശ്വസിക്കുന്നു. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാതെ രംഗത്ത് തുടരുവാന്‍ ഇവരെ പ്രേരിപ്പിക്കുന്നത് ഈ വിശ്വാസമാണ്. അടുത്ത വേനലില്‍ ക്ലീവ് ലാന്‍ഡ് ഒഹായോവില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ സമ്മേളനത്തില്‍ പ്രഖ്യാപിക്കുന്ന പേര് ആരുടേതായിരിക്കും എന്ന് ഇവര്‍ ഇപ്പോഴേ വ്യാകുലപ്പെടുന്നില്ല.

സര്‍വേകള്‍ പ്രതിഫലിപ്പിക്കുന്നത് യഥാര്‍ത്ഥ ചിത്രമല്ല എന്ന പാദത്തിനും പിന്‍ബലം ഏറി വരികയാണ്. മത്സരത്തിന്റെ ശക്തിയോ, ഗതി ശാസ്ത്രമോ, വോട്ടര്‍മാര്‍ക്കിടയിലുള്ള ആശയവിനിമയമോ ഒന്നും സര്‍വേകള്‍ കണക്കിലെടുത്തിട്ടില്ല എന്നാരോപണമുണ്ട്.

മുന്‍നിരയില്‍ നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രമ്പും ബെന്‍ കാഴ്‌സറും ഉയര്‍ന്നത് മത്സരത്തിലെ പ്രധാനരായിരുന്ന ജെബ് ബുഷ്, മാര്‍കോ റൂബിയോ, ടെഡ് ക്രൂസ് എന്നിവരുടെ വീഴ്ച മൂലമാണ്. മുന്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ ജെബ് ബുഷ് ഈ  വേനലിന്റെ ആദ്യം സൂപ്പര്‍ പിഎസി യുടെ സഹായത്തോടെ നൂറ് മില്യണ്‍ ഡോളറിലധികം സമാഹരിച്ച് തന്റെ പ്രചരണം ശക്തമാണെന്ന ധാരണ ഉണ്ടാക്കിയിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് പിന്നിലേയ്ക്ക് പോയി. മറ്റൊരു ബുഷിനെ ബാലറ്റില്‍ കാണാന്‍ സമ്മതിദായകര്‍ ഇഷ്ടപ്പെടുന്നില്ല എന്ന കാരണം നിരീക്ഷകര്‍ നല്‍കി. ഇക്കഴിഞ്ഞ ഡിബേറ്റിന് ശേഷം ജെബിന്റെ നില മെച്ചപ്പെട്ടുവരികയാണ്.

1988 -ല്‍ തന്റെ പിതാവിനെയും 2000-ല്‍ മൂത്ത സഹോദരനെയും പിന്തുണച്ച ന്യൂനഹാംപ്‌ഷെയര്‍ ഇത്തവണ് പ്രൈമറിയില്‍ തനിക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയില്‍ ഈ സംസ്ഥാനത്തെ പ്രചരണം ജെബ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

മുന്നില്‍ നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രമ്പ് ഇപ്പോള്‍ ഒരു തികഞ്ഞ രാഷ്ട്രീയക്കാരെനെപ്പോലെ സംസാരിക്കുന്നു. കടുത്ത ഭാഷയോ വിമര്‍ശനമോ ഇല്ല. എങ്കിലും 1 കോടി 10 ലക്ഷം നിയമവിരുദ്ധകുടിയേറ്റക്കാരെ നാടുകടത്തും എന്ന പ്രസ്താവന പലരിലും അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.
റിപ്പബ്ലിക്കനുകളില്‍ ചിലര്‍ മാര്‍കോ റൂബിയോവും ടെഡ്ക്രൂസും തമ്മില്‍ ഒരു ഏറ്റുമുട്ടല്‍ പ്രതീക്ഷിക്കുന്നു. ഹിസ്പാനിക് വംശ പാരമ്പര്യം അവകാശപ്പെടുന്ന ഇരുവരും നേരിട്ട് മത്സരിച്ചാല്‍ ഈ വോട്ടുകള്‍ പങ്കിടേണ്ടി വരും. ഏറെ പിന്നിലല്ലാതെ ക്രിസ് ക്രിസ്റ്റിയും ജോണ്‍ കസിഷുമായി ഒരു ഏറ്റുമുട്ടലും തള്ളിക്കളയാനാവില്ല.

റിപ്പബ്ലക്കനുകള്‍ക്ക് ഇപ്പോള്‍ തിരഞ്ഞെടുക്കുവാന്‍ ധാരാളം പേരുണ്ട്. ഇത്രയും വലിയ ഒരു മത്സരരംഗം ഇതാദ്യമാണ്. ഇവരില്‍ ആരെ കൊള്ളണം ആരെ തള്ളണം എന്ന തീരുമാനം റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ മാസങ്ങള്‍ക്കള്ളില്‍ കൈക്കൊള്ളേണ്ടിയിരിക്കുന്നു.
      

ബോബി ജിന്‍ഡാലിന്റെ ജനസമ്മതി വര്‍ദ്ധിച്ചേക്കും
Join WhatsApp News
OBSERVER 2015-11-13 12:04:08
where did you get this idiotic idea ?
Democrat 2015-11-13 21:20:36
There are a bunch of them like him in the GOP.  They cannot see the plight of the middle class
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക