Image

മുഖ്യധാര എന്ന സ്വപ്‌നം : സാഹിത്യ-കലാരംഗങ്ങളില്‍ (ജോണ്‍ മാത്യു)

Published on 13 November, 2015
മുഖ്യധാര എന്ന സ്വപ്‌നം : സാഹിത്യ-കലാരംഗങ്ങളില്‍ (ജോണ്‍ മാത്യു)
ദേശീയ സാഹിത്യസമ്മേളനങ്ങള്‍ കഴിയുമ്പോള്‍ പങ്കെടുക്കുന്നവര്‍ തങ്ങളുടെ മനസ്സില്‍ എടുത്തുകൊണ്ടു പോകുന്ന ഒരു വാക്കാണ്‌ `മുഖ്യധാര'; ചിലപ്പോള്‍ അത്‌ ഉപദേശമായി, നിര്‍ദ്ദേശമായി. മറ്റുചിലപ്പോള്‍ അസൂയ ജനിപ്പിച്ചുകൊണ്ടും; ഇനിയും തങ്ങള്‍ക്കും എങ്ങനെ അതില്‍ കടന്നുകൂടാമെന്ന ചിന്തയോടെ!

പല എഴുത്തുകാരും സ്വപ്‌നം കാണുന്നു ഈ മുഖ്യധാരയില്‍ എത്തുന്നതിന്റെ കുറുക്കുവഴികളെപ്പറ്റി. വിശിഷ്‌ടാതിഥികളുമായുള്ള സൗഹൃദം തങ്ങളെ ഉന്നതങ്ങളിലേറ്റുമെന്ന്‌ കുറേപ്പേരെങ്കിലും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു, കൂടാതെ ഇങ്ങനെയുള്ള വാര്‍ത്തകള്‍ വായിക്കുന്നവര്‍ക്കും ഒരു താല്‌ക്കാലിക ഞെട്ടലുണ്ടാക്കും. ഇത്‌ സാഹിത്യത്തിലെ പ്രവണത മാത്രമല്ല. നമ്മുടെ സമൂഹത്തിലെ വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അങ്ങനെയുള്ള പ്രസ്ഥാനങ്ങളുടെ മുന്നില്‍ നിന്ന്‌ അറിയപ്പെടാനാണ്‌ ആഗ്രഹം. മത-രാഷ്‌ട്രീയ ഉന്നതന്മാരുടെ പിന്നാലെ കൂടിയാല്‍, ഒരു ഫോട്ടോ അവസരം തരപ്പെടുത്തിയാല്‍ അതാതു രംഗങ്ങളില്‍ ശോഭിച്ചിരിക്കുംപോലും.

ചിന്തകളിലും സാമൂഹിക വ്യാപാരങ്ങളിലും ഏറെ പുരോഗമിച്ചുവെന്ന്‌ അവകാശപ്പെടുന്നവരും സാധാരണക്കാരുടെ ഈ ചിന്താഗതികള്‍ത്തന്നെ തോളിലേറ്റി നടക്കുന്നു. സാഹിത്യത്തിലെ പ്രമാണിത്തത്തെപ്പറ്റി എഴുതിയപ്പോള്‍ കേവല മനുഷ്യസ്വഭാവംകൂടി അതിനോടൊപ്പം നിരത്തിവെച്ചുവെന്നുമാത്രം.

രണ്ടുവിധത്തിലുള്ള മുഖ്യധാരകളുണ്ട്‌. ഒന്ന്‌ നമുക്കുവേണ്ടി മാധ്യമങ്ങള്‍ സൃഷ്‌ടിച്ചെടുക്കുന്നത്‌. അത്‌ അവരുടെ ബിസിനസ്സ്‌. ആ വഴിക്കാണല്ലോ വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കപ്പെടുന്നത്‌. സൂപ്പര്‍താരങ്ങളെ സൃഷ്‌ടിച്ചുകൊണ്ട്‌, തങ്ങളുടെ മതവും രാഷ്‌ട്രീയവുമായ താല്‌പര്യങ്ങള്‍ക്കനുസരിച്ചും. ഇവിടെ കുറേ സാമര്‍ത്ഥ്യവും ചില്ലറ ഭാഗ്യവുമായാല്‍ യഥാര്‍ത്ഥ സൂപ്പര്‍തന്നെ, തീര്‍ച്ച! സമൂഹത്തിലെ വിവിധ തലങ്ങളില്‍ ഇങ്ങനെയൊരു `സൃഷ്‌ടി'ക്കുവേണ്ടി മാധ്യമങ്ങള്‍ കാത്തിരിക്കുന്നു.

അമേരിക്കയിലെ സാഹിത്യകാര്യങ്ങളെപ്പറ്റിയായിരുന്നല്ലോ പറഞ്ഞുവന്നത്‌. ഇവര്‍ മലയാളത്തിന്റെ സാഹിത്യചര്‍ച്ചകളില്‍ യഥാര്‍ത്ഥമായി പങ്കെടുക്കുന്നുണ്ടോ? അതോ ഇവിടെ ഈ മുഖ്യധാരയെന്നുള്ളത്‌ അവര്‍ക്ക്‌ വെറും സ്വപ്‌നമാണോ?

സാഹിത്യം നിയന്ത്രിക്കുന്നത്‌ ചില `ഗൂഢസംഘ'മാണെന്ന്‌ എപ്പോഴും കേള്‍ക്കുന്നു. ചിലര്‍ക്ക്‌ അങ്ങനെയും തോന്നിയിരിക്കാം. അമ്പതുകളുടെ തുടക്കത്തില്‍ `കോട്ടയം ഗ്രൂപ്പ്‌' - പോള്‍, തകഴി, ദേവ്‌, ബഷീര്‍, വര്‍ക്കിമാര്‍ - സാഹിത്യം കയ്യാളിയായിരുന്നുവത്രേ. പിന്നീട്‌ എം. ഗോവിന്ദന്‍ തുടങ്ങിയവരുടെ ആധുനികതയായിരുന്നു `മുഖ്യധാര'. പക്ഷേ, ഇവിടെ ഒരപകടം, `ആധുനികന്‍' സാമൂഹിക പ്രതിബദ്ധത മാത്രം കണ്ടുകൊണ്ട്‌ എഴുതുന്ന ഒരാളല്ല. അയാള്‍ മാനസികമായി നിരന്തരം സംഘര്‍ഷം അനുഭവിക്കുന്ന ഒരു വ്യക്തിതന്നെ, `രാജാവിനും ദൈവത്തിനും' കീഴ്‌പ്പെടാത്ത മനസ്സിന്റെ ഉടമ!

സമൂഹം മൊത്തത്തില്‍ ആചാരങ്ങളിലേക്ക്‌, മതങ്ങളുടെ പൂര്‍വ്വരൂപങ്ങളിലേക്ക്‌ മടങ്ങുന്നിടത്ത്‌ എവിടെ ആധുനികത? ഇന്നത്തെ മലയാള സാഹിത്യപ്രസ്ഥാനങ്ങള്‍ സാരിക്കടയും സ്വര്‍ണ്ണക്കടയും സിനിമയും പോലെയെന്തോ ഒന്ന്‌. അത്‌ തുറന്നെഴുതുകതന്നെയാണ്‌.

ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കുക കാലുറക്കാതെ വശങ്ങളിലേക്ക്‌ ചാഞ്ചാടുന്ന ഒന്നാണ്‌ നമ്മുടെ `ഉത്തരാധുനികത'. `നമ്മുടെ' എന്ന്‌ എടുത്തെഴുതാന്‍ കാരണമുണ്ട്‌. ശൈലിയില്‍ സമര്‍ത്ഥമായ ചില ഹെര്‍പിന്‍ വളവുകള്‍ തിരുകിക്കയറ്റിയാല്‍, എന്നിട്ട്‌ ആധുനികതയുടെ തത്വശാസ്‌ത്രം മുഴുവന്‍ മാറ്റിനിര്‍ത്തിയാല്‍, ഉത്തരാധുനികതയായിയെന്ന്‌ തികച്ചും അവകാശപ്പെടാം. പുതുതായി രംഗത്തുവരുന്നവര്‍ ഈ ഒരൊറ്റ കച്ചിത്തുരുമ്പില്‍ പിടിച്ചാണ്‌ ഉത്തരാധുനികരെന്ന്‌ അഭിനയിക്കുന്നത്‌, അതായത്‌ ഇന്ന്‌ എങ്ങനെ എഴുതിയാലും ഉത്തരാധുനികതപോലും!

ഇവിടെ ഒന്നോര്‍ക്കണം സന്ദര്‍ശനത്തിനെത്തുന്ന പ്രമുഖര്‍ തന്ത്രപരമായി ചെയ്യുന്ന പ്രസ്‌താവനകളല്ല ഒരാളെ മുഖ്യധാരയില്‍ എത്തിക്കുക. ഒരു വ്യക്തി എവിടെ നില്‌ക്കുന്നുവെന്ന്‌ അയാള്‍ത്തന്നെയാണ്‌ തന്റെ എഴുത്തില്‍ക്കൂടി വെളിപ്പെടുത്തേണ്ടത്‌.

പ്രമുഖരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ തങ്ങളും അവരുടെ ഒപ്പം എത്തുമോ? അങ്ങനെ ചിലരെങ്കിലും ചിന്തിച്ചുപോകുന്നു. `എന്റെ ഈ പുസ്‌തകം ഒന്നു വായിക്കൂ...' വിമാനം കേറാന്‍ ധൃതിപിടിച്ചോടുന്ന മുഖ്യാതിഥിയുടെ കയ്യിലേക്ക്‌ തടിച്ച പുസ്‌തകത്തിന്റെ കോപ്പി കൊടുക്കുകയായി. അത്‌ എയര്‍പോര്‍ട്ടിലെ ട്രാഷ്‌ക്യാനില്‍ ചെന്നുകൂടാനാണ്‌ സാദ്ധ്യതയേറെ, മുഖ്യധാരയിലല്ലെന്നു ചുരുക്കം.

`മുഖ്യധാര' എന്നാല്‍ ചര്‍ച്ചയുടെ ഭാഗമായിത്തീരുന്നതാണ്‌. നിങ്ങള്‍ക്ക്‌ പുതിയ പ്രമേയങ്ങളുണ്ടോ, പടം വെക്കാതെ പ്രസിദ്ധീകരിച്ചാലും തിരിച്ചറിയപ്പെടുന്ന ഒരു ശൈലിയുടെ ഉടമയാണോ? നിങ്ങളുടെ കൃതികള്‍ സമന്മാരുടെ ചര്‍ച്ചക്ക്‌ വിഷയമാകുന്നുണ്ടോ. നിങ്ങളുടെ എഴുത്തില്‍ നിങ്ങളുടെ ഹൃദയത്തിന്റെ `മുദ്ര'യുണ്ടോ? ഇതിന്റെയെല്ലാം ഉത്തരം സാക്ഷാത്തായ ഒന്നാണെങ്കില്‍ `മുഖ്യധാര'യിലെത്തുന്നത്‌ സ്വപ്‌നം കണ്ടുകൊള്ളൂ. അല്ലെങ്കില്‍ അതിനുവേണ്ടി തളരാതെ പ്രയത്‌നിക്കുക.

എഴുത്ത്‌ എന്നാല്‍ `വീണുകിട്ടിയ' നിമിഷങ്ങളില്‍ക്കൂടി നേടിയെടുക്കാവുന്ന ഒന്നല്ല. എഴുത്തു മാത്രമല്ല, കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്‌ ഒരു മുഴുനേരതൊഴിലുതന്നെ, ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുന്നെങ്കില്‍പ്പോലും. അതായത്‌ കലയുടെ ഏതു മേഖലയിലാണെങ്കിലും മുഖ്യധാരയില്‍ കണക്കാക്കപ്പെടണമെങ്കില്‍ ഏറെ വിയര്‍പ്പൊഴുക്കുകതന്നെ വേണം.
മുഖ്യധാര എന്ന സ്വപ്‌നം : സാഹിത്യ-കലാരംഗങ്ങളില്‍ (ജോണ്‍ മാത്യു)
Join WhatsApp News
Vayanakkaran 2015-11-13 20:03:26
The writer also trying to get in to "Mukhyadhara" even by visiting Sahithya acadami Mukhysdhra meeting at Trichur etc.. etc. Who said "Mukhadhara" is in Kerala only?. We have "Mukhadhara" in USA also, means our writings are also better than some "Mukhyadharas writers, except some Coolie or paid writers products imported from Kerala and published in USA pravasi writers name and ultimately getting awards, that too on payment terms.. You can also become a "Mukhyadhara" writer by visiting the prominent writers in Kerala or just walk with them, eat with them, take photo with them, do some shopping with them or visit some clubs or hot spots with them. Above all you must be ready to spent some money to entertain the "Mukhadhara" Writers from Kerala.
Pissed off 2015-11-13 21:23:01
മുഖ്യധാരയിൽ വരാൻ കുറുക്കു വഴി നോക്കുന്നവന്മാരെ ഇരുട്ടടി അടിച്ചിട്ട് ധാരകോരണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക