Image

നോര്‍ക്കയുടെ സേവനം അമേരിക്കയിലും വിപുലമാക്കും: റാണി ജോര്‍ജ്‌

Published on 18 November, 2015
നോര്‍ക്കയുടെ സേവനം അമേരിക്കയിലും വിപുലമാക്കും: റാണി ജോര്‍ജ്‌
ന്യൂയോര്‍ക്ക്‌: പ്രവാസികള്‍ക്കായി വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെങ്കിലും  നോര്‍ക്കയെപ്പറ്റി (നോണ്‍ റസിഡന്റ്‌ കേരളൈറ്റ്‌സ്‌ അഫയേഴ്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌) അമേരിക്കന്‍ മലയാളികളില്‍ നല്ലൊരു പങ്കിന്‌ ധാരണയൊന്നുമില്ലെന്നു നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്‌ ഐ.എ.എസും, നോര്‍ക്ക റൂട്ട്‌സ്‌ സി.ഇ.ഒ ആര്‍.എസ്‌ കണ്ണനും ചൂണ്ടിക്കാട്ടി.

നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതലും ഗള്‍ഫ്‌ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ്‌. അവിടെയുള്ള ലക്ഷക്കണക്കിനു മലയാളികള്‍ നിത്യേന ഓരോ പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും നോര്‍ക്ക സഹായവുമായെത്തുന്നു. പ്രധാനമായും തൊഴില്‍ പ്രശ്‌നങ്ങള്‍, വിസ തട്ടിപ്പ്‌, ചൂഷണം തുടങ്ങിയവ. അത്തരം പ്രശ്‌നങ്ങളൊന്നും അമേരിക്കയിലില്ല-കള്‍ച്ചറല്‍ അഫയേഴ്‌സ്‌ വകുപ്പ്‌ സെക്രട്ടറികൂടിയായ റാണി ജോര്‍ജ്‌ ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ മലയാളികളുടെ നാട്ടിലെ സ്വത്തിനെ സംബന്ധിച്ചും, നാട്ടില്‍ ചെല്ലുമ്പോള്‍ ക്രമിനല്‍ കേസുകളില്‍ പെടുന്നതും ആണ്‌ പ്രധാന പ്രശ്‌നങ്ങള്‍. കോടതി മുഖേനയും പോലീസ്‌ 
മുഖേനയുമൊക്കെ ഇവയ്‌ക്ക്‌ പരിഹാരം കാണാന്‍ കാലതാമസം ഉണ്ടാകുന്നുണ്ട്‌. സ്വത്ത്‌ തര്‍ക്കം സംബന്ധിച്ച സിവില്‍ കേസുകള്‍ ഏറെ നീണ്ടുപോകുന്നു.

ഇവയൊക്കെ ഒരു പരിധിവരെ ഒഴിവാക്കാനാണ്‌ അര്‍ധ- ജൂഡീഷ്യല്‍ അധികാരങ്ങളോടെ എന്‍.ആര്‍.ഐ കമ്മീഷനു സര്‍ക്കാര്‍ രൂപംകൊടുക്കുന്നത്‌. അതിനുള്ള ബില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിയമസഭ പാസാക്കുമെന്നാണ്‌ കരുതുന്നത്‌. കമ്മീഷന്‍ വന്നാല്‍ ആരേയും വിളിച്ചു വരുത്തി വിചാരണ ചെയ്യാനും, ഓരോ പ്രശ്‌നങ്ങളിലും നേരിട്ട്‌ ഇടപെടാനും പറ്റും. ഇപ്പോള്‍ അതിനു പരിമിതികളുണ്ട്‌.

അമേരിക്കന്‍ മലയാളികള്‍ക്ക്‌ ആവശ്യമില്ലെങ്കിലും പലവിധ സേവന പദ്ധതികളും നോര്‍ക്ക നടപ്പാക്കുന്നു. തൊഴില്‍ നഷ്‌ടപ്പെട്ടുവരുന്നവര്‍ക്ക്‌ വായ്‌പ ലഭ്യമാക്കി ബിസിനസ്‌ തുടങ്ങുന്നതിനു സാഹചര്യമൊരുക്കുന്നതാണ്‌ ഒന്ന്‌. 20 ലക്ഷം രൂപ വരെ കുറഞ്ഞ പലിശയ്‌ക്ക്‌ വായ്‌പ ബാങ്കുമായി സഹകരിച്ച്‌ ലഭ്യമാക്കുന്നു.

ഗള്‍ഫിലേക്ക്‌ നഴ്‌സിംഗ്‌ റിക്രൂട്ട്‌മെന്റ്‌ ഇപ്പോള്‍ നോര്‍ക്കയുടെ ഭാഗമായ പബ്ലിക്‌ കമ്പനിയായ നോര്‍ക്ക്‌ റൂട്ട്‌സ്‌ വഴിയാണ്‌. വിദേശത്ത്‌ നഴ്‌സുമാരെ ആവശ്യമുള്ള കമ്പനികള്‍ `ഇ- മൈഗ്രേറ്റ്‌' എന്ന പ്രോഗ്രാം വഴി ബന്ധപ്പെടണം. നോര്‍ക്ക അവരെപ്പറ്റി അന്വേഷിച്ച്‌ റിക്രൂട്ട്‌മെന്റിനു അനുമതി നല്‍കുന്നു. 1200-ല്‍പ്പരം നഴ്‌സുമാര്‍ക്ക്‌ അനുമതി നല്‍കിക്കഴിഞ്ഞു. 3000-ല്‍പ്പരം പേരുടെ അപേക്ഷ പരിഗണനയിലുണ്ട്‌.

എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ വേണ്ട രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റിനു മാത്രമേ നോര്‍ക്ക വഴി പോകേണ്ടതുള്ളൂ. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ പോകുന്നതിനു അനുമതിയൊന്നും വേണ്ട.

പ്രവാസികള്‍ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ ബന്ധപ്പെടാന്‍ 24 മണിക്കൂറും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. നാട്ടില്‍ വന്നു പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും ബന്ധപ്പെടാം. അതുപോലെ ഏതു ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തെപ്പറ്റി ആയാലും തങ്ങള്‍ക്ക്‌ പരാതി തപാലിലൂടെയോ ഇ-മെയിലിലൂടെയോ നല്‍കിയാല്‍ പ്രസ്‌തുത ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കും മറ്റും കൈമാറുകയും വിവരം ശേഖരിച്ച് അറിയിക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ ഒരു കോര്‍ഡിനേറ്റര്‍ എന്ന നിലയിലാണ്‌ നോര്‍ക്ക പ്രവര്‍ത്തിക്കുന്നത്‌.

വിദേശത്തുള്ളവര്‍ക്കു ഐ.ഡി  ആവശ്യമെങ്കില്‍ ലഭ്യമാണ്‌. വിദേശത്ത്‌ എത്ര മലയാളികളുണ്ടെന്ന കൃത്യമായ കണക്ക്‌ ഇല്ലെന്ന്‌ അവര്‍ പറഞ്ഞു. വിദേശത്തുള്ളവര്‍ക്ക്‌ നോര്‍ക്കയുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. അതുപോലെ സംഘടനകള്‍ക്കും. ഇപ്പോള്‍ ഫൊക്കാന, ഫോമ, കാലിഫോര്‍ണിയയിലുള്ള കല എന്നീ സംഘടനകള്‍ മാത്രമാണ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌.

പ്രവാസികള്‍ക്കായി ഒരു ന്യൂസ്‌ ലെറ്റര്‍ താമസിയാതെ പുറത്തിറക്കുമെന്ന്‌ ആര്‍.എസ്‌. കണ്ണന്‍ പറഞ്ഞു.

കേരള സംസ്‌കാരത്തെപ്പറ്റിയുള്ള വിവരങ്ങളും വിശേഷങ്ങളുമൊക്കെ ചേര്‍ന്ന കേരള കള്‍ച്ചറല്‍ ഡോട്ട്‌ ഓര്‍ഗ്‌ (kerlaculture.org)എന്ന വെബ്‌സൈറ്റ്‌ തയാറായി വരുന്നതായി റാണി ജോര്‍ജ്‌ അറിയിച്ചു.

ടേസ്റ്റ്‌ ഓഫ്‌ കൊച്ചിനില്‍ നടന്ന സൗഹൃദ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അമേരിക്കന്‍ മലയാളികളുടെ പ്രശ്‌നങ്ങള്‍ പലതും അവരുടെ ശ്രദ്ധയില്‍പ്പെടുത്തി. ബന്ധുക്കള്‍ നല്‍കുന്ന കേസ്‌ മൂലവും നാട്ടിലേക്ക്‌ ചെല്ലാനോ അവിടെയുള്ള വീട്ടില്‍ താമസിക്കാനോ പറ്റാത്ത അവസ്ഥ വരുന്നതു പലരും ചൂണ്ടിക്കാട്ടി. സ്‌ത്രീ പീഡനത്തിനെതിരേയുള്ള ഐ.പി.സി 498a ഉപയോഗിച്ച്‌ കേസുകൊടുക്കുന്നതും പരാമര്‍ശ വിധേയമായി. ഈ വകുപ്പ്‌ അനുസരിച്ച്‌ നാട്ടില്‍ ഒരു സ്‌ത്രീ കേസ്‌ കൊടുത്താല്‍ ഭര്‍ത്താവിന്റെ ബന്ധുക്കളെയെല്ലാം അറസ്റ്റ്‌ ചെയ്യാം. അമേരിക്കയിലുള്ള ബന്ധുക്കള്‍ ആ സ്‌ത്രീയെ കണ്ടിട്ടു പോലും ഉണ്ടാവില്ല. അമേരിക്കയില്‍ നിന്ന്‌ എയര്‍പോര്‍ട്ടിലെത്തുമ്പോഴാകും അറസ്റ്റുണ്ടാവുക. ജാമ്യം കോടതിയില്‍ നിന്നേ കിട്ടൂ.

ഇത്തരം പ്രശ്‌നങ്ങളെപ്പറ്റി തങ്ങള്‍ക്ക്‌ അറിയാമെന്നവര്‍ പറഞ്ഞു. കേന്ദ്ര നിയമമാണിത്‌. സംസ്ഥാനങ്ങള്‍ക്ക്‌ ഇതില്‍ ഇടപെടാന്‍ പരിമിതികളുണ്ട്‌.

പോള്‍ കറുകപ്പള്ളില്‍, ഡോ. ജോസ്‌ കാനാട്ട്‌, ഡോ. ജേക്കബ്‌ തോമസ്‌, ഷാജി മാത്യു, വിനോദ് കെആ
ര്‍കെ ,  തോമസ്‌ കൂവള്ളൂര്‍, ലീല മാരേട്ട്‌, ജോര്‍ജ്‌ ഏബ്രഹാം, യു.എ. നസീര്‍ ജോര്‍ജ്‌ തോമസ്‌ , ബാബു പാറയ്‌ക്കല്‍, അലക്‌സ്‌ തോമസ്‌, ലൈസി അലക്‌സ്‌, ലത കറുകപ്പള്ളില്‍, തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.

ചിക്കാഗോയില്‍ ഇന്ത്യാ പ്രസ്‌ ക്ലബ്‌ സമ്മേളനത്തില്‍ ഇരുവരും പങ്കെടുക്കും.

ലോസാഞ്ചലസില്‍ റീജിയന്‍ പ്രവാസി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ്‌ ഇരുവരും ന്യൂയോര്‍ക്കിലെത്തിയത്‌.
നോര്‍ക്കയുടെ സേവനം അമേരിക്കയിലും വിപുലമാക്കും: റാണി ജോര്‍ജ്‌
Join WhatsApp News
kuruvilla luke 2015-11-18 10:41:24
Norka means non resident keralites affairs association .NRI's are indian citizens who work abroad. A usa citizen of indian origin has nothing to do with this organisation...First of all please accept the fact that if you are not an indian citizen anymore please go to your senator and ask him what he can do for you. Otherwise you should of stayed an indian citizen,
Geetha Rajan 2015-11-19 09:11:37
നോര്ക പോലുള്ള സംഘടന മേധാവികൾ അമേരിക്കയിൽ മലയാളീ സമൂഹം എന്ന് വിശേഷിപ്പിക്കുന്നതും കാണുന്നതും ഇവിടെ കുടിയേറ്റം ഉറപ്പിച്ചവരെയാണ് (അമേരിക്കൻ സിറ്റിസൻ ആയവരോ ഗ്രീൻ കാർഡ്‌ ഉള്ളവരോ)  എന്നതാണ് ദുഖകരമായ  സത്യം... വിസ, തൊഴിൽ പ്രശ്നങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസം  തുടങ്ങി ധാരാളം പ്രശ്നങ്ങൾ അഭിമുഖികരിക്കുന്ന  അനേകം   മലയാളികള് ഇവിടെ ഇന്നും നിലനില്പ്പിനുള്ള കഷ്ടപാടുകൾ തുടർന്ന് കൊണ്ടിരിക്കുന്നു എന്ന സത്യം ഇനിയെങ്കിലും ഈ അധികാരികൾ മനസിലാക്കിയെങ്കിൽ.....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക