Image

ശബരിമല സുരക്ഷിത മേഖല സുരക്ഷയ്‌ക്കും, ശുചിത്വത്തിനും മുന്‍ഗണന നല്‍കും : മന്ത്രി രമേശ്‌ ചെന്നിത്തല

അനില്‍ പെണ്ണുക്കര Published on 19 November, 2015
ശബരിമല സുരക്ഷിത മേഖല സുരക്ഷയ്‌ക്കും, ശുചിത്വത്തിനും മുന്‍ഗണന നല്‍കും : മന്ത്രി രമേശ്‌ ചെന്നിത്തല
ശബരിമല പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിക്കുകയാണെന്നും സുരക്ഷയ്‌ക്കും ശുചിത്വത്തിനും മുന്‍ഗണന നല്‍കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. ശബരിമല സംബന്ധിച്ച്‌ പോലീസ്‌ ഉള്‍പ്പടെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന അവലോകനം പമ്പ ജലഅതോറിറ്റി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ-ദേവസ്വം മന്ത്രി വി.എസ്‌ ശിവകുമാര്‍, റവന്യു മന്ത്രി അടൂര്‍ പ്രകാശ്‌, ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

പ്രത്യേക സുരക്ഷാ മേഖലയായി 2016 ജനുവരി 20 വരെയുള്ള കാലയളവാണ്‌ കണക്കാക്കുക. ഇതുവഴി സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പോലീസിന്‌ പ്രത്യേക അധികാരം ലഭിക്കും. നിലവില്‍ 1500 സേനാംഗങ്ങള്‍ ശബരിമലയില്‍ സേവനത്തിനായുണ്ട്‌. 4000 പേരാണ്‌ തീര്‍ഥാടന കാലയളവില്‍ സേവനത്തിനായി സജ്ജരാവുന്നത്‌. പമ്പയില്‍ പോലീസ്‌ മെസിന്‌ പുതിയ കെട്ടിടം പണിയുന്നതിന്‌ ഉടന്‍ ശിലപാകും. പുല്‍മേട്‌ ദുരന്തം നടന്ന സ്ഥലത്ത്‌ ഡി.ജി.പി സന്ദര്‍ശനം നടത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

ഭക്തര്‍ക്ക്‌ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന്‌ വിവിധ വകുപ്പ്‌തല പ്രവര്‍ത്തനങ്ങളുടെ ഏകോപനം കാര്യക്ഷമമാക്കും. രണ്ടുനാള്‍ കൂടുമ്പോള്‍ വകുപ്പ്‌തല പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും.

പമ്പയും സന്നിധാനവും ശുചിയാക്കി സൂക്ഷിക്കുന്നതിന്‌ ജില്ലാ കളക്‌ടര്‍ എസ്‌.ഹരികിഷോറിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്‌. ദിവസേന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ 50 പേരടങ്ങുന്ന സംഘം പമ്പ മലിനമാക്കരുതെന്നും തുണികള്‍ ഒഴുക്കരുതെന്നും സന്ദേശം നല്‍കുന്നുണ്ട്‌. പ്ലാസ്റ്റിക്‌ കവറുകള്‍ വാങ്ങി പകരം തുണി സഞ്ചി നല്‍കുന്നതിനും സംവിധാനമുണ്ട്‌. പുണ്യം പൂങ്കാവനം പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പന്തളത്ത്‌ തീര്‍ഥാടകര്‍ക്ക്‌ വേണ്ട സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പോക്കറ്റടി ഉള്‍പ്പടെ കുറ്റങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കുന്നതിനും ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

സന്നിധാനത്ത്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ സ്ഥാപിക്കാനായത്‌ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആക്കംകൂട്ടുമെന്ന്‌ ആരോഗ്യ-ദേവസ്വം മന്ത്രി വി.എസ്‌ ശിവകുമാര്‍ പറഞ്ഞു. പമ്പാനദി സംരക്ഷിക്കുന്നതുള്‍പ്പടെ പ്രവര്‍ത്തനങ്ങള്‍ക്കായി പമ്പയിലെ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌ അടുത്ത തീര്‍ഥാടന കാലത്തിനകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല്‌ വര്‍ഷക്കാലത്തെ തീര്‍ഥാടന വേളയില്‍ സുരക്ഷാ വീഴ്‌ചകളില്ലാതിരുന്നത്‌ ശ്രദ്ധേയമാണ്‌. ആരോഗ്യ സുരക്ഷയ്‌ക്കും ഭക്തര്‍ക്ക്‌ അടിയന്തര ചികിത്സയ്‌ക്കും ഇത്തവണ വിപുലമായ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട മുതല്‍ പമ്പ വരെയും പമ്പയില്‍ നിന്നും സന്നിധാനത്തേക്കും ദുരന്ത നിവാരണ യാത്ര നടത്തുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികളെടുത്തതും സുരക്ഷിതമായ തീര്‍ഥാടനത്തിന്‌ സൗകര്യമൊരുക്കിയതായി റവന്യു മന്ത്രി അടൂര്‍ പ്രകാശ്‌ അറിയിച്ചു. അടിയന്തര ഘട്ടങ്ങളില്‍ വിവിധ വകുപ്പ്‌തല ഏകോപനത്തിനും നിലവില്‍ സംവിധാനമായി. പുതുതായി നിര്‍മിച്ച പ്ലാപ്പള്ളി-സീതത്തോട്‌-അച്ചന്‍കോവില്‍ റോഡ്‌ വഴി തീര്‍ഥാടകര്‍ക്ക്‌ 40 കിലോമീറ്റര്‍ ലാഭിക്കാമെന്നും മന്ത്രി പറഞ്ഞു.

ഭക്തര്‍ക്ക്‌ തൃപ്‌തിയും ക്ഷേത്രങ്ങളില്‍ ശുദ്ധിയും എന്നതാണ്‌ ലക്ഷ്യമെന്ന്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു. അന്നദാനം സംബന്ധിച്ച്‌ നടത്തിയ നടപടിക്രമങ്ങള്‍ ആശ്വാസകരമായി. പമ്പയില്‍ തുണി ഉപേക്ഷിക്കുന്നത്‌ തടയാന്‍ നടപടികള്‍ വിപുലമാക്കിയെന്നും അദ്ദേഹം അറിയിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ 800 പേര്‍ ദിവസേന ഏര്‍പ്പെടുന്നുണ്ടെന്നും അടിയന്തര ചികിത്സാ കേന്ദ്രങ്ങളില്‍ 200 സന്നദ്ധ സേവകരും ഹോട്ട്‌ ലൈന്‍ സംവിധാനവും തയാറാണെന്നും വകുപ്പ്‌തല ഏകോപനം നടന്നുവരുന്നതായും ജില്ലാ കളക്‌ടര്‍ എസ്‌.ഹരികിഷോര്‍ പറഞ്ഞു.

ആഭ്യന്തര സെക്രട്ടറിയും അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയുമായ നളിനി നെറ്റോ, ദേവസ്വം കമ്മീഷണര്‍ സി.പി രാമരാജ പ്രേമ പ്രസാദ്‌, സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ദേവസ്വം ബോര്‍ഡംഗം അജയ്‌ തറയില്‍, ഡി.ജി.പി ടി.പി സെന്‍കുമാര്‍, എ.ഡി.ജി.പി കെ.പത്മകുമാര്‍, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം റൂറല്‍ എന്നിവിടങ്ങളിലെ പോലീസ്‌ മേധാവികള്‍, വിവിധ വകുപ്പ്‌തല ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

പമ്പയിലെ വെള്ളപ്പൊക്കം :സമയോചിത ഇടപെടല്‍ ആളപായം ഒഴിവാക്കി

പമ്പയില്‍ ബുധനാഴ്‌ച (നവം.18) വൈകിട്ട്‌ പൊടുന്നനെ വെള്ളം പൊങ്ങിയപ്പോള്‍ സമയോചിത ഇടപെടലിലൂടെ വന്‍ ദുരന്തം ഒഴിവാക്കാനായി. ജില്ലാ ഭരണകൂടം, പോലീസ്‌, ഫയര്‍ഫോഴ്‌സ്‌, മോട്ടോര്‍ വാഹന വകുപ്പ്‌, ദേവസ്വം ബോര്‍ഡ്‌ എന്നിവയും പമ്പയിലുണ്ടായിരുന്ന ഭക്തര്‍ ഉള്‍പ്പടെയുള്ളവരും ആളപായമുണ്ടാകാതിരിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്തി.

ഉള്‍വനത്തില്‍ ക്യാച്ച്‌മെന്റ്‌ പ്രദേശത്തുണ്ടായ കനത്ത മഴയെ തുടര്‍ന്ന്‌ ഓര്‍ക്കാപ്പുറത്ത്‌ ഒഴുകിയെത്തിയ ജലം ത്രിവേണി പാര്‍ക്കിംഗ്‌ സ്ഥലത്ത്‌ വെള്ളപ്പൊക്കമുണ്ടാക്കി. നിരവധി വാഹനങ്ങളില്‍ വെള്ളം കയറി. പമ്പയില്‍ സ്‌നാനം പാടില്ലെന്ന്‌ മൈക്ക്‌ അനൗണ്‍സ്‌മെന്റിന്‌ പുറമെ പോലീസ്‌, ശുചിത്വ സേനാംഗങ്ങള്‍, ഫയര്‍ഫോഴ്‌സ്‌ തുടങ്ങിയവര്‍ ഭക്തരെ സ്‌നാനത്തിന്‌ വിടാടെ തടയുകയും ചെയ്‌തു. ട്രാക്‌ടര്‍ കൊണ്ടുവന്ന്‌ വാഹനങ്ങള്‍ കെട്ടിവലിച്ച്‌ മാറ്റി. സന്നിധാനത്ത്‌ നിന്ന വാഹന ഉടമകളെ അറിയിച്ച്‌ വാഹനങ്ങള്‍ നീക്കാന്‍ നടപടിയെടുത്തു. ആളെത്താതിരുന്ന 30ഓളം വാഹനങ്ങള്‍ ഒഴുകാതിരിക്കാന്‍ വടമിട്ട്‌ കെട്ടി.

അയ്യപ്പന്‍മാര്‍ പമ്പയിലേക്കെത്താതിരിക്കാന്‍ പത്തനംതിട്ട, നിലയ്‌ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ അറിയിപ്പ്‌ കൊടുത്തു. സന്നിധാനത്തു നിന്നും തിരികെ വന്നുകൊണ്ടിരിക്കുന്നവരെ പമ്പയിലെ സ്ഥിതി അറിയിച്ച്‌ വരാതിരിക്കാന്‍ നിര്‍ദേശം നല്‍കി. പമ്പയില്‍ ഭക്തരെത്താത്ത അവസ്ഥയില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനും അപകടം ഒഴിവാക്കുന്നതിനും സാധിച്ചു.

ഒന്നര മണിക്കൂര്‍ ഉയര്‍ന്നുനിന്ന ജലനിരപ്പ്‌ രാത്രി 9.30 ന്‌ ശേഷമാണ്‌ താഴ്‌ന്നു തുടങ്ങിയത്‌. തുടര്‍ന്ന്‌ തൊഴുതിറങ്ങിയ അയ്യപ്പന്മാരെ ആദ്യം പമ്പ കടത്തിവിട്ടു. പിന്നീട്‌ വിവിധ ഭാഗങ്ങളിലായി കാത്തുനിന്നവരെ പമ്പയിലേക്ക്‌ വരാന്‍ പോലീസ്‌ നിര്‍ദേശം നല്‍കി.

ഉയര്‍ന്ന ജലനിരപ്പില്‍ ഒഴുകിപ്പോയ രണ്ട്‌ വാഹനങ്ങള്‍ ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥര്‍ ശ്രമകരമായി വടംകെട്ടി കരയിലേക്ക്‌ കയറ്റി. പമ്പാ, നിലയ്‌ക്കല്‍ യൂണിറ്റുകള്‍ക്കുപുറമെ പത്തനംതിട്ട യൂണിറ്റിലെയും അഗ്നിശമന സേന രക്ഷാ പ്രവര്‍ത്തനത്തിനെത്തി. രക്ഷാപ്രവര്‍ത്തനം നടത്തിയ ഒരു ഫയര്‍ഫോഴ്‌സ്‌ ജീവനക്കാരന്‌ കുപ്പിച്ചില്ല്‌ തുളഞ്ഞുകയറി പരിക്കേറ്റു. പമ്പയില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ചെയ്‌തിരുന്ന കായംകുളം ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ സജേഷിനാണ്‌ പരിക്കേറ്റത്‌. സജേഷിന്റെ മുറിവിന്‌ അഞ്ച്‌ തുന്നല്‍ വേണ്ടിവന്നു. പമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി.

മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ കേടായ വാഹനങ്ങള്‍ 20 മെക്കാനിക്കുകള്‍ ഇടപെട്ട്‌ ശരിയാക്കി. ഇതിനായി ഇന്നലെ ചക്കുപാലം ഒന്നില്‍ പ്രത്യേക കൗണ്ടര്‍ തുറന്നിരുന്നു. 22 വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തി. വെള്ളംകയറി സ്റ്റാര്‍ട്ടാകാതിരുന്ന അഞ്ച്‌ വാഹനങ്ങള്‍ റിക്കവറി വാനില്‍ കയറ്റി വര്‍ക്ക്‌ഷോപ്പുകളിലേക്ക്‌ മാറ്റി. ഇന്നലെ പുലര്‍ച്ചെ മൂന്നുവരെ സജ്ജരായി നിന്ന വിവിധ വിഭാഗം രക്ഷാസംഘത്തിന്‌ ജില്ലാ കളക്‌ടര്‍ എസ്‌.ഹരികിഷോര്‍, അസിസ്റ്റന്റ്‌ കളക്‌ടര്‍ വി.ആര്‍ പ്രേംകുമാര്‍, ഡി.ജി.പി ടി.പി സെന്‍കുമാര്‍, എഡിജിപി കെ.പത്മകുമാര്‍, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്‌ടര്‍ ടി.വി സുഭാഷ്‌ എന്നിവര്‍ നിര്‍ദേശങ്ങള്‍ നല്‍കി. പമ്പാ പോലീസ്‌ സ്‌പെഷ്യല്‍ ഓഫീസര്‍ തോംസണ്‍ ജോസ്‌, അസിസ്റ്റന്റ്‌ സ്‌പെഷ്യല്‍ ഓഫീസര്‍ വിനോദ്‌കുമാര്‍, അഗ്നിശമന സേനാ സ്‌പെഷ്യല്‍ ഓഫീസര്‍മാരായ ബൈജു, ശിവദാസന്‍, സേഫ്‌ സോണ്‍ നോഡല്‍ ഓഫീസര്‍ സുനില്‍ ബാബു എന്നിവരും ദ്രുതകര്‍മസേന, ശുചിത്വസേനാംഗങ്ങള്‍, തൊഴിലാളികള്‍ എന്നിവരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയില്‍ കുടുംബശ്രീയും പങ്കാളിയാവും

ശബരിമലയെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന്‌ ജില്ലാ ഭരണകൂടത്തിന്റെയും ശുചിത്വ മിഷന്‍, വനം, ആരോഗ്യം, ദുരന്ത നിവാരണ വിഭാഗം എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയില്‍ കുടുംബശ്രീയും പങ്കാളിയാവും. 21 ന്‌ രാവിലെ 10 ന്‌ ളാഹ വനം വകുപ്പ്‌ ഓഫീസിന്‌ സമീപത്തു നടക്കുന്ന ചടങ്ങില്‍ കുടുംബശ്രീയുടെ ശുചീകരണ പ്രവൃത്തി ഉദ്‌ഘാടനം റവന്യു മന്ത്രി അടൂര്‍ പ്രകാശ്‌ നിര്‍വഹിക്കും. ജില്ലാ കളക്‌ടര്‍ എസ്‌.ഹരികിഷോര്‍ അധ്യക്ഷത വഹിക്കും. കുടുംബശ്രീ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറുടെ ചുമതല വഹിക്കുന്ന എന്‍.കെ ജയ മുഖ്യപ്രഭാഷണം നടത്തും.

ശുചീകരണത്തിന്റെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ 10 ഗ്രൂപ്പുകളായി ളാഹ, കണമല എന്നിവിടങ്ങളില്‍ ബോധവത്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. 60 ദിവസമായി നടക്കുന്ന ശുചീകരണ പ്രവൃത്തികളില്‍ ജില്ലയിലെ വിവിധ സി.ഡി.എസുകളില്‍ നിന്നായി 1200 കൂടുംബശ്രീ പ്രവര്‍ത്തകര്‍ ഇതില്‍ പങ്കാളികളാവും.

പമ്പയില്‍ വസ്‌ത്രം ഉപേക്ഷിക്കുന്നത്‌ തടയാന്‍ ഗ്രീന്‍ ഗാര്‍ഡുകള്‍ രംഗത്ത്‌

പമ്പയില്‍ വസ്‌ത്രം ഉള്‍പ്പടെ മാലിന്യം നിക്ഷേപിക്കുന്നത്‌ തടയാന്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഗ്രീന്‍ ഗാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. പമ്പയെ മലിനപ്പെടുത്തരുതെന്ന സന്ദേശമടങ്ങിയ പ്ലക്കാര്‍ഡ്‌ ജില്ലാ കളക്‌ടര്‍ എസ്‌. ഹരികിഷോറിന്‌ നല്‍കി മന്ത്രിമാരായ രമേശ്‌ ചെന്നിത്തല, വി.എസ്‌. ശിവകുമാര്‍, അടൂര്‍ പ്രകാശ്‌ എന്നിവര്‍ ചേര്‍ന്ന്‌ പമ്പയില്‍ ഉദ്‌ഘാടനം ചെയ്‌തു. മൂന്ന്‌ ഷിഫ്‌റ്റുകളിലായി 24 മണിക്കൂറും ഗ്രീന്‍ ഗാര്‍ഡുകളുടെ സേവനമുണ്ടാവും.

പമ്പ പുണ്യനദിയാണെന്നും വസ്‌ത്രം ഉള്‍പ്പടെയുള്ള മാലിന്യം ഉപേക്ഷിക്കുന്നത്‌ ആചാര വിരുദ്ധമാണെന്നും തീര്‍ഥാടകരെ ബോധവത്‌ക്കരിക്കുകയാണ്‌ ഗ്രീന്‍ ഗാര്‍ഡുകളുടെ പ്രധാന ലക്ഷ്യം. ഈ സന്ദേശമടങ്ങിയ പ്ലക്കാര്‍ഡുകള്‍ ആറ്‌ ഭാഷകളില്‍ തയാറാക്കിയിട്ടുണ്ട്‌. ചിത്രങ്ങളോടുകൂടിയ സൈന്‍ ബോര്‍ഡുകള്‍ രണ്ട്‌ ദിവസത്തില്‍ തയാറാകും. നിലവില്‍ 21 ഗ്രീന്‍ ഗാര്‍ഡുകളെയാണ്‌ പമ്പയില്‍ നിയോഗിച്ചിരിക്കുന്നത്‌. ഇവര്‍ക്ക്‌ പ്രത്യേക യൂണിഫോം ഉണ്ടാകും.

തീര്‍ഥാടകര്‍ക്കും ഗ്രീന്‍ ഗാര്‍ഡുകളായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ട്‌. മിഷന്‍ ഗ്രീന്‍ ശബരിമല വെബ്‌സൈറ്റില്‍ ഇതിനായി രജിസ്റ്റര്‍ ചെയ്യാം. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ ഗ്രീന്‍ ഗാര്‍ഡ്‌ സേനയില്‍ പ്രവര്‍ത്തിക്കാന്‍ താത്‌പര്യം അറിയിച്ചിട്ടുണ്ടെന്ന്‌ ശുചിത്വമിഷന്‍ ജില്ലാ അസിസ്റ്റന്റ്‌ കോ-ഓര്‍ഡിനേറ്റര്‍ മധുസൂദനന്‍ അറിയിച്ചു.


ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പമ്പയില്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി

പമ്പയാറ്റില്‍ വസ്‌ത്രം ഉപേക്ഷിക്കരുതെന്ന ബഹു: കേരളാ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പമ്പാ സന്ദര്‍ശിച്ച്‌ ക്രമീകരണങ്ങള്‍ വിലയിരുത്തി. പമ്പാ നദിക്കരയില്‍ വിവിധ ഭാഷകളില്‍ ബോര്‍ഡുകള്‍ എഴുതി പ്രദര്‍ശിപ്പിക്കുവാനും പമ്പാ പബ്ലളിസിറ്റി ഓഫീസ്‌ വഴി മൈക്ക്‌ അനൗണ്‍സ്‌മെന്റ്‌ ചെയ്യുവാനും അദ്ദേഹം നിര്‍ദേശിച്ചു. കൂടുതല്‍ തൊഴിലാളികളെ നിയോഗിച്ച്‌ പമ്പയാറ്റില്‍ നിക്ഷേപിച്ച തുണികള്‍ അപ്പപ്പോള്‍ നീക്കം ചെയ്യാനും നടപടി സ്വീകരിച്ചു. നിലവിലുള്ള ബോക്‌സുകള്‍ക്കു പുറമേ സെറ്റയിന്‍ലസ്‌ സ്റ്റീലില്‍ നിര്‍മിച്ച വലിയ ഗ്രില്ലുകള്‍ അയ്യപ്പന്മാര്‍ക്ക്‌ തുണി നിക്ഷേപിക്കാന്‍ പമ്പയില്‍ സ്ഥാപിക്കണമെന്നും പ്രസിഡന്റ്‌ പറഞ്ഞു. എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ ജി.എല്‍ വിനയകുമാര്‍, പമ്പാ മാനേജര്‍ സുധീഷ്‌ എന്നിവരും സന്നിഹിതരായിരുന്നു.


ദേവസ്വം ചുക്കുകാപ്പി വിതരണം തുടങ്ങി

ദേവസ്വം ബോര്‍ഡിന്റെ ചുക്കുകാപ്പി വിതരണം ആരംഭിച്ചു. ദേവസ്വം ബോര്‍ഡ്‌ മെമ്പര്‍ അജയ്‌തറയില്‍ വിതരണം ഉദ്‌ഘാടനം ചെയ്‌തു. മാളികപ്പുറം ക്ഷേത്രത്തിനടുത്തുള്ള മാളികപ്പുറം ബില്‍ഡിംഗിലാണ്‌ ചുക്കുകാപ്പി വിതരണം നടക്കുന്നത്‌. വൈകിട്ട്‌ ആറ്‌ മണിമുതല്‍ അടുത്ത ദിവസം രാവിലെ ആറ്‌ മണിവരെ 12 മണിക്കൂര്‍ ഇടതടവില്ലാതെ ചുക്കുകാപ്പി വിതരണം ചെയ്യും. ചടങ്ങില്‍ ശബരിമല എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ബി.എല്‍ രേണുഗോപാല്‍, അസി.എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ സുധീര്‍, അന്നദാനം സ്‌പെഷ്യല്‍ ഓഫീസര്‍ മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

ദേവസ്വം ജീവനക്കാര്‍ ശബരിമല സീസണില്‍ സ്വാമി എന്ന്‌ സംബോധന ചെയ്യണം

ശബരിമല തീര്‍ഥാടനം തുടങ്ങിയ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ തസ്‌തികകളിലെയും ജീവനക്കാര്‍ നേരില്‍ സംസാരിക്കുമ്പോഴോ ഫോണില്‍ സംസാരിക്കുമ്പോഴോ പുരുഷന്മാരെ സ്വാമിയെന്നും സ്‌ത്രീകളെ മാളികപ്പുറമെന്നും സംബോധന ചെയ്യണമെന്ന്‌ ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ അറിയിച്ചു.

ദേവസ്വം ഉദേ്യാഗസ്ഥരും ജീവനക്കാരും നേരിട്ടും ഫോണിലും സംസാരിക്കുമ്പോള്‍ സ്വാമിശരണം എന്ന ആമുഖത്തോടെ വേണം സംഭാഷണം തുടങ്ങാനെന്നും ദേവസ്വം ബോര്‍ഡ്‌ ഉത്തരവായി. അതുപോലെ എഴുത്തുകുത്തുകള്‍ നടത്തുമ്പോഴും സ്വാമിശരണം എന്ന മഹാ മന്ത്രം ശീര്‍ഷകമായി എഴുതണം. ഇത്തരത്തിലുള്ള നിര്‍ദേശം വൃശ്ചികം ഒന്ന്‌ മുതല്‍ നിലവില്‍ വന്നതായും അറിയിച്ചു.

ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പിതൃതര്‍പ്പണം നടത്തി

തിരുവിതാകൂര്‍ ദേവസ്വം പ്രസിഡന്റ്‌ പ്രയാര്‍ഗോപാലകൃഷ്‌ണന്‍ പമ്പയിലെത്തി ഇന്ന്‌ പിതൃതര്‍പ്പണം നടത്തി. പമ്പാ നദീതീരത്തുള്ള ബലിമണ്‌ഡപത്തിലാണ്‌ അദേഹത്തിന്റെ മരിച്ചുപോയ പിതൃക്കള്‍ക്കുവേണ്ടി ബലിതര്‍പ്പണം നടത്തിയത്‌. വനവാസത്തിനുപോയ ശ്രീരാമസ്വാമി പമ്പയിലെത്തിയപ്പോള്‍ തന്റെ പിതാവ്‌ ദശരഥമഹാരാജാവിനറെ ദേഹവിയോഗം അറിയുകയും അവിടെ വച്ചു പിതൃപൂജനടത്തുകയും ചെയ്‌തതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ്‌ പുണ്യ നദിയായ പമ്പയില്‍ പിതൃതര്‍പ്പണം നടത്തിയതെന്ന്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.

സ്വാമിമാരുടെ വേഷത്തിലെത്തി മോഷണം നടത്തിയവരെ പിടികൂടി

സ്വാമിമാരുടെ വേഷത്തിലെത്തി മോഷണം നടത്തുന്ന സംഘത്തിലെ മൂന്നുപേരെ സന്നിധാനം പൊലീസ്‌ പിടികൂടി. കമ്പം സ്വദേശി സാലി, തേനി സ്വദേശികളായ ഈശ്വരന്‍, മുരുകന്‍ എന്നിവരെയാണ്‌ പാണ്ടിത്താവളത്തിനു സമീപത്തു നിന്ന്‌ പിടികൂടിയത്‌.

കഴിഞ്ഞദിവസം 27 പേരടങ്ങുന്ന അയ്യപ്പന്‍മാരുടെ സംഘത്തിലേക്ക്‌ നുഴഞ്ഞു കയറിയ ഇവര്‍ അയ്യപ്പന്‍മാരുടെ സഞ്ചി ബ്ലേഡുപയോഗിച്ച്‌ കീറി പണം അപഹരിക്കുകയായിരുന്നു. എസ്‌.ഐമാരായ അശ്വത്‌, സുരേഷ്‌ , എ.എസ്‌.ഐ കൃഷ്‌ണകുമാര്‍, ഷാഡോ പൊലീസിലെ ശ്യാംലാല്‍, രാധാകൃഷ്‌ണന്‍ എന്നിവര്‍ അനേ്വഷണത്തിന്‌ നേതൃത്വം നല്‍കി.


ഭണ്‌ഡാരം സുരക്ഷ: മോണിറ്ററുകള്‍ സ്ഥാപിക്കും

ശബരിമല ക്ഷേത്രത്തിലെ ഭണ്‌ഡാരത്തിന്റെ പ്രവര്‍ത്തനം സുതാര്യമമാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്ത്‌ വിവിധ സ്ഥലങ്ങളില്‍ മോണിട്ടറുകള്‍ സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ മെമ്പര്‍ അജയ്‌ തറയില്‍ നിര്‍ദ്ദേശം നല്‍കി. ഭണ്‌ഡാരത്തില്‍ പണമെണ്ണുന്നത്‌ അയ്യപ്പഭക്തന്മാര്‍ക്കു കാണുവാന്‍ വേണ്ടിയാണ്‌ പുതിയക്രമീകരണം നടത്തിയത്‌.

ഇതനുസരിച്ച്‌ ഒരു മോണിട്ടര്‍ എക്‌സിക്യൂട്ടീവ്‌ ഓഫീസറുടെ മുറിക്കുമുന്നിലും ഒരെണ്ണം മാളികപ്പുറത്തേയ്‌ക്കുള്ള നടപന്തലിലും സ്ഥാപിച്ചു. ഒരെണ്ണം അപ്പം, അരവണ പ്രസാദവിതരണ കൗണ്ടറിനു മുന്നിലും സ്ഥാപിക്കും. പ്രസാദകൗണ്ടറിനുമുന്നിലെ അറ്റകുറ്റപണികള്‍ തീര്‍ത്ത്‌ മഴവെള്ള ചോര്‍ച്ച നിയന്ത്രിക്കാനും മെമ്പര്‍ നിര്‍ദേശം നല്‍കി.


കുപ്പിവെള്ളത്തിന്‌ അമിതവില: 7000 രൂപ പിഴയിട്ടു

അയ്യപ്പഭക്തന്‍മാര്‍ക്ക്‌ കുപ്പിവെള്ളം അമിത വിലക്ക്‌ നല്‍കിയതിന്‌ ഡ്യൂട്ടിമജിസ്‌ട്രേറ്റ്‌ പി. ഗോപകുമാര്‍ സ്ഥാപന ഉടമയ്‌ക്ക്‌ 7000 രൂപ പിഴ ചുമത്തി. 18 രൂപ വിലയുള്ള വെള്ളം 20 രൂപയ്‌ക്ക്‌ വിറ്റത്‌ പിടികൂടിയപ്പോഴായിരുന്നു നടപടി.

വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകളില്‍ പട്ടിക പ്രദര്‍ശിപ്പിക്കുവാന്‍ നിര്‍ദേശം നല്‍കി. പാത്രങ്ങള്‍ക്ക്‌ ജില്ലാകളക്‌ടര്‍ നിശ്ചയിച്ച്‌ വിലവിവരം പ്രദര്‍ശിപ്പിക്കാനും നിര്‍ദേശം നല്‍കി.

പരിശോധനാ സ്‌ക്വാഡില്‍ എക്‌സിക്യൂട്ടീവ്‌ മജിസ്‌ട്രേറ്റ്‌ മോഹന്‍കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ സന്തോഷ്‌ കുമാര്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ അജയകുമാര്‍ അളവു തൂക്കവിഭാഗത്തിലെ വിമല്‍കുമാര്‍, റേഷനിങ്ങ്‌ ഇന്‍സ്‌പെക്‌ടര്‍ പ്രദീപ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

സര്‍വസജ്ജരായി ദുരന്തനിവാരണ സേന

അടിയന്തര ഘട്ടങ്ങളില്‍ രക്ഷാ ദൗത്യം നടത്താന്‍ സര്‍വസജ്ജരായി 75 അംഗ ദേശീയ ദുരന്ത നിവാരണ സേന ശബരിമലയിലുണ്ട്‌. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവശ്യമായ എല്ലാ ആധുനിക ഉപകരണങ്ങളുമായാണ്‌ സംഘം എത്തിയിരിക്കുന്നത്‌. 50 പേരെ സന്നിധാനത്തും 25 പേരെ പമ്പയിലുമായാണ്‌ വിന്യസിച്ചിരിക്കുന്നത്‌. ഡെപ്യൂട്ടി കമാണ്ടന്റ്‌ ജി.വിജയന്റെ നേതൃത്വത്തിലുള്ള സംഘം പുണ്യം പൂങ്കാവനം പദ്ധതിയിലും സജീവമായി പങ്കാളികളാവുന്നുണ്ട്‌. പോലീസ്‌,ആരോഗ്യവകുപ്പ്‌, ഇതര വിഭാഗങ്ങള്‍ എന്നിവരുമായി ചേര്‍ന്ന്‌ ദിവസവും നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന്‌ ഡെപ്യൂട്ടി കമാണ്ടന്റ്‌ ജി. വിജയന്‍ പറഞ്ഞു. ഇത്‌ എട്ടാം വര്‍ഷമാണ്‌ ദേശീയ ദുരന്ത നിവാരണ സേന ശബരിമലയിലെത്തുന്നത്‌.

അനധികൃതമായി ശേഖരിച്ച പഴങ്ങള്‍ നശിപ്പിച്ചു

സ്ഥലം ലേലം കൊള്ളാതെ അനധികൃതമായി ശേഖരിച്ച പഴങ്ങള്‍ പമ്പയില്‍ നശിപ്പിച്ചു. ഹൈക്കോടതി നിയമിച്ച എക്‌സിക്യൂട്ടീവ്‌ മജിസ്‌ട്രേറ്റ്‌ എം.പി വിനോദിന്റേ നേതൃത്വത്തിലുള്ള പരിശോധനയിലായിരുന്നു നടപടി. മുപ്പതോളം ടണ്‍ പഴവര്‍ഗങ്ങളാണ്‌ റെയ്‌ഡ്‌ ചെയ്‌ത്‌ നശിപ്പിച്ചത്‌. തുടര്‍ന്നും പരിശോധന കര്‍ശനമാക്കുമെന്ന്‌ എക്‌സിക്യൂട്ടീവ്‌ മജിസ്‌ട്രേറ്റ്‌ അറിയിച്ചു.


അധ്യാത്മിക ഗ്രന്ഥങ്ങള്‍ക്ക്‌ പ്രിയമേറുന്നു

ദേവസ്വം ബോര്‍ഡിന്റെ സന്നിധാനത്തെ പുസ്‌തക ശാലകളിലെ അധ്യാത്മിക ഗ്രന്ഥങ്ങള്‍ക്കും മറ്റ്‌ അധ്യാത്മിക പ്രസിദ്ധികരണങ്ങള്‍ക്കും പ്രിയമേറുന്നു. വിവിധ ഭാഷകളിലുള്ള അയ്യപ്പചരിതവും ഇവിടെ ലഭിക്കുന്നു.

സന്നിധാനത്തെ നാല്‌ ദേവസ്വം പുസ്‌തകവിതരണശാലകളിലും വില്‍ക്കുന്ന പുസ്‌തകങ്ങളില്‍അധികവും ദേവസ്വംബോര്‍ഡിന്റെ പ്രസിദ്ധീകരണങ്ങളാണ്‌. അധ്യാത്മരാമായണം,അയ്യപ്പതത്വം, ദേവസ്വംബോര്‍ഡിന്റെ പഞ്ചാഗം, കലണ്ടര്‍, ഡയറി, യോഗ തുടങ്ങിയ വിവിധ പ്രസിദ്ധീകരണങ്ങള്‍ നാല്‌ സ്റ്റാളുകളിലായി വില്‍പ്പനനടത്തുന്നു.

സന്നിധാനത്തെ ദേവസ്വത്തിന്റെ പുസ്‌തകശാലകള്‍ മണ്‌ഡല-മകരവിളക്ക്‌ കാലത്തും മാസപൂജാസമയത്ത്‌ അഞ്ച്‌ ദിവസവും തുറന്ന്‌ പ്രവര്‍ത്തിക്കുന്നു. വിവിധ ഭക്തിഗാനങ്ങളുടെ സി ഡികളും ഈ സ്‌റ്റാളുകള്‍ വഴി മിതമായ നിരക്കില്‍ വില്‍പ്പന നടത്തിവരുന്നു.
ശബരിമല സുരക്ഷിത മേഖല സുരക്ഷയ്‌ക്കും, ശുചിത്വത്തിനും മുന്‍ഗണന നല്‍കും : മന്ത്രി രമേശ്‌ ചെന്നിത്തല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക