Image

പൈതല്‍മലയുടെ നിറമണ്ണില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി -91: ജോര്‍ജ്‌ തുമ്പയില്‍)

Published on 20 November, 2015
പൈതല്‍മലയുടെ നിറമണ്ണില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി -91: ജോര്‍ജ്‌ തുമ്പയില്‍)
കണ്ണൂരിലെ ഒരു സുഹൃത്തിന്റെ നിര്‍ബന്ധമായിരുന്നു എന്നെ പൈതല്‍മലയിലേക്ക്‌ ആകര്‍ഷിച്ചത്‌. രാവിലെ 10:30 ന്‌ കോഴിക്കോട്‌ നഗരത്തില്‍ നിന്നും ബസ്സിലായിരുന്നു ഞങ്ങളുടെ യാത്ര. ഉച്ചകഴിഞ്ഞ്‌ 2 മണിയോട്‌ കൂടി കാഞ്ഞിരക്കൊല്ലി (കൊടക്കനാലിലെ ആത്മഹത്യാ മുനമ്പിന്‌ സമാനമായ വലിയ കൊല്ലികള്‍ ഇവിടെയുണ്ടെന്നതാണ്‌ ഈ മലമ്പ്രദേശത്തിന്‍റെ പ്രത്യേകത) കന്‍മദപ്പാറ, മുക്കുഴി, ഹനുമാന്‍പാറ, ശശിപ്പാറ, അളകാപുരി ആനതെറ്റി വെള്ളച്ചാട്ടങ്ങള്‍ എന്നിവ മറി കടന്ന്‌ ഞങ്ങള്‍ മിസ്റ്റ്‌ വാലി റിസോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. പേരു കേള്‍ക്കും പോലെ തന്നെ ശരിക്കും കോടമഞ്ഞിന്റെ ആവാസകേന്ദ്രമായിരുന്നു ഇവിടെ. നല്ല ഭക്ഷണവും കഴിഞ്ഞ്‌ അല്‍പ്പം വിശ്രമം.

ശരിക്കും പ്രകൃതിയൊരുക്കിയ സ്വര്‍ഗ്ഗമാണിതെന്നു ഒറ്റനോട്ടത്തില്‍ മനസ്സിലായി. ആരും തൊട്ട്‌ വികൃതമാക്കാത്ത പ്രകൃതിയുടെ പരിശുദ്ധിയാണ്‌ പൈതല്‍മലയുടെ പ്രധാന ആകര്‍ഷണം. ചെറുതും വലുതുമായ വെള്ളചാട്ടങ്ങളും ആകാശം മുട്ടെ ഉയരത്തില്‍ നിന്നുള്ള മനോഹര ദൃശ്യങ്ങളും കണ്ണിനു കാഴ്‌ച്ചയുടെ നവ്യാനുഭൂതി നല്‌കുന്നു, അറിയാതെ നാം ഭൂമിയിലെ വൈവിധ്യം സമ്മാനിച്ച ദൈവത്തെ സ്‌തുതിച്ചു പോകും.

പൈതല്‍മലയ്‌ക്ക്‌ അപ്പുറം കര്‍ണ്ണാടകയാണ്‌. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും ഉയരമേറിയ സ്ഥലവും ഇതു തന്നെ. പേര്‌ വൈതല്‍മല അഥവാ പൈതല്‍മല. കടല്‍ നിരപ്പില്‍ നിന്ന്‌ 4500 അടി (1,372 മീറ്റര്‍) ഉയരത്തിലായി 4124 ഏക്കര്‍ പ്രദേശത്ത്‌ വൈതല്‍മല പരന്നുകിടക്കുന്നു. നിബിഢവനങ്ങളാണ്‌ മലമുകളില്‍. മലയുടെ അടിവാരത്താണ്‌ ഞങ്ങള്‍ താമസിക്കുന്നത്‌. മുകളിലേക്ക്‌ രാവിലെ കയറാനൊരുങ്ങുന്നതേയുള്ളു. മലമുകളില്‍ ഒരു വാച്ച്‌ ടവറുണ്ട്‌. നല്ല കോടമഞ്ഞും കാറ്റുമൊക്കെയുള്ള സ്ഥലമാണ്‌. കണ്ണൂരില്‍ നിന്നും 65 കിലോമീറ്റര്‍ കിഴക്കായി ആണ്‌ പൈതല്‍മല. മലയ്‌ക്ക്‌ 2 കിലോമീറ്റര്‍ വടക്കാണ്‌ കുടക്‌ വനങ്ങള്‍.

കട്ടികൂടിയ കോടമഞ്ഞിനാല്‍ സമൃദ്ധമാണിവിടം. ഇവിടെ അപൂര്‍വമായ ധാരാളം പച്ചമരുന്നുകള്‍ കാണപ്പെടുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത്‌ റെയില്‍വെ റീപ്പറുണ്ടാക്കുവന്‍ ഉപയോഗിച്ചിരുന്ന വയന എന്ന മരവും ഇവിടെ കാണപ്പെടുന്നു. വളവില്ലാതെ നീണ്ടു നിവര്‍ന്നതാണ്‌ ഇതിന്റെ തടി. വൈതല്‍ക്കുണ്ട്‌, ഏഴരക്കുണ്ട്‌ എന്നീ വെള്ളച്ചാട്ടങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്‌. ഒരു ഔഷധച്ചെടിയായ അങ്കര എന്ന ചെടിയും ഇവിടെ ധാരാളമായുണ്ട്‌. തൊട്ടുകഴിഞ്ഞാല്‍ ചൊറിച്ചില്‍, ശരീരവേദന, കടുത്ത പനി എന്നിവ ഉണ്ടാക്കാവുന്ന ഈ ചെടിയുടെ സമ്പര്‍ക്കം ആനകള്‍ പോലും ഒഴിവാക്കുമത്രേ.

രാത്രി സുഖകരമായിരുന്നു. നല്ല തണുപ്പും, നല്ല ഭക്ഷണവും പിന്നെ യാത്രയുടെ ക്ഷീണവും ഒക്കെ ചേര്‍ന്നതോടെ ഉറക്കം തകര്‍ത്തു. രാവിലെ ഉണര്‍ന്നപ്പോള്‍ കണ്ടത്‌ പ്രകൃതിയുടെ മറ്റൊരു ഭാവം. മഞ്ഞ്‌ നൃത്തം വയ്‌ക്കുന്നു. സൂര്യന്‍ ഉദിച്ചിട്ടുണ്ടെങ്കിലും വെയില്‍ കാണാനില്ല. വേഗം തന്നെ റെഡിയായി. അടിവാരത്തു നിന്നും മലയുടെ മുകളില്‍ എത്തുന്നതിന്‌ 6 കി.മീ ട്രെക്കിംഗ്‌ നടത്തണം. ഉഷ്‌ണകാലത്തിലും, പൈതല്‍മലയിലും പരിസരത്തും സുഖശീതള കാലാവസ്ഥയാണുള്ളത്‌. അതു കൊണ്ട്‌ നടപ്പിന്റെ കാഠിന്യം വലിയ പ്രശ്‌മുണ്ടാക്കില്ല. അത്യാവശ്യം തീറ്റസാധനങ്ങളും വെള്ളവുമൊക്കെയായി മലയുടെ മുകളിലേക്ക്‌. റിസോര്‍ട്ടില്‍ നിന്നും മാനേജര്‍ ഏര്‍പ്പാടാക്കിയ ശിവാനന്ദന്‍ എന്ന ഗൈഡിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു യാത്ര. അട്ടയുടെ ശല്ല്യമൊഴിവാക്കാന്‍ പുകയില കാലിലും മറ്റും തേച്ചു പിടിപ്പിച്ചിരുന്നു. ഒരു കിലോമീറ്റര്‍ കയറി കാണണം. ഒരു കെട്ടിടത്തിന്റെ അവശേഷിപ്പ്‌. ആദിവാസി രാജാവായിരുന്ന വൈതാളകന്റെ കൊട്ടാരത്തിന്റെ അവശിഷ്‌ടങ്ങളാണതെന്ന്‌ ശിവാനന്ദന്റെ വിശദീകരണം. നല്ല മഞ്ഞ്‌ ഉണ്ട്‌. അല്‍പ്പം കഴിയുമ്പോള്‍ കോട ഒഴിയും. അപ്പോള്‍ കാണുന്നത്‌ പ്രകൃതിയുടെ മറ്റൊരു ഭാവമാണെന്ന്‌ ശിവാനന്ദന്‍ പറഞ്ഞു. മിനിറ്റുകള്‍ വെച്ച്‌ തെന്നി മാറുകയാണ്‌ കോടമഞ്ഞ്‌. കിലോമീറ്ററുകള്‍ പരന്നു കിടക്കുന്ന മൊട്ടക്കുന്നുകള്‍. ഇത്‌ ശരിക്കുമൊരു ട്രെക്കിങ്‌ റൂട്ടാണ്‌. പക്ഷിനിരീക്ഷകര്‍ കൂടുതലായി ഇവിടെ വരുമത്രേ. പൈതല്‍മലയില്‍ നിന്നും 6 കി.മീ അകലെയുള്ള കുടിയാന്‍ മലയില്‍ ഡോര്‍മിറ്ററി സൗകര്യവും, ടൂറിസ്റ്റ്‌ ഇന്‍ഫര്‍മേഷന്‍ കേന്ദ്രവും ഉണ്ട്‌.

ഇരുന്നും മെല്ലെ നടന്നുമൊക്കെ നടപ്പു തുടര്‍ന്നു. ഏകദേശം രണ്ടര മണിക്കൂര്‍ കഴിഞ്ഞു കാണും. തണുത്ത ഇളം കാറ്റ്‌ തൊട്ടുരുമ്മി പറക്കുന്നു. അപൂര്‍വയിനം ശലഭങ്ങളും കുഞ്ഞുപക്ഷികളും. മഞ്ഞ്‌ മാറിയപ്പോള്‍ ഒരു മിന്നായം പോലെ കണ്ടു, പ്രകൃതിയുടെ നിറചാര്‍ത്തിനുള്ള കൈയൊപ്പേകി കാഴ്‌ചയുടെ വസന്തം വിരിയുന്ന പൈതല്‍മല. ആനയുടെ രൂപം പൂണ്ടു തലയുയര്‍ത്തി നില്‍ക്കുന്ന പൈതല്‍മല. അങ്ങു ദൂരെ, തെളിഞ്ഞ മാനം. അവിടെ ഒരു പൊട്ടു പോലെ, നിബിഡമായ കുടകു മലനിരകളുടേയും അറബിക്കടലിന്റെയും വളപട്ടണം പുഴയുടേയുമെല്ലാം മനോഹരമായ കാഴ്‌ചകള്‍. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പുല്‍മേടുകള്‍. ഞാന്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി.

മടിക്കേരി മുതല്‍ പൈതല്‍മല വരെ ഒരൊറ്റ വനപ്രദേശമാണെന്ന്‌ ശിവാനന്ദന്‍ പറഞ്ഞു. വരാന്‍ പോകുന്ന മൂര്‍ഖന്‍പറമ്പ്‌ വിമാനത്താവളത്തില്‍ നിന്നു മട്ടന്നൂര്‍, കൊളപ്പ, ഇരിക്കൂര്‍, പയ്യാവൂര്‍ വഴി ഒരു മണിക്കൂര്‍ കൊണ്ടു പൈതല്‍മലയിലെത്താം. തളിപ്പറമ്പ്‌ ദേശീയപാതയില്‍ നിന്നു 45 കിലോമീറ്റര്‍ ദൂരെയാണു പൈതല്‍മല. തളിപ്പറമ്പില്‍ നിന്നു നടുവില്‍, കുടിയാന്‍മല, പൊട്ടന്‍പ്ലാവ്‌ വഴി ഇവിടെ എത്താം. ഈ മാര്‍ഗമാണ്‌ ഇപ്പോള്‍ സഞ്ചാരികള്‍ പ്രധാനമായും എത്തുന്നത്‌. ആലക്കോട്‌ മഞ്ഞപ്പുല്ല്‌ വഴി മറ്റൊരു വഴിയുമുണ്ട്‌.

പൈതല്‍മലയിലെ കാഴ്‌ചകള്‍ ശരിക്കും ആസ്വദിച്ചു. ഏതാണ്ട്‌ പത്തു മണി കഴിഞ്ഞിരിക്കുന്നു. മഞ്ഞ്‌ ഇപ്പോള്‍ പൂര്‍ണ്ണമായും അകന്നു. തൊട്ടടുത്തു തന്നെയുണ്ട്‌ പാലക്കയംതട്ടും ജാനകിപ്പാറ വെള്ളച്ചാട്ടവും. രണ്ടുകിലോമീറ്റര്‍ സഞ്ചാരിച്ചാല്‍ പാലക്കയം തട്ടിലെത്താം. കഷ്ടിച്ച്‌ ഒരു കിലോമീറ്റര്‍ ദൂരമേ ജാനകിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ളൂ. പൈതലിന്റെ അത്ര തന്നെ ഉയരമില്ലെങ്കിലും 3000 അടി ഉയരത്തിലാണ്‌ പാലക്കയംതട്ട്‌. നീലക്കുറിഞ്ഞി പൂക്കുന്ന ഉത്തര മലബാറിലെ പ്രധാന സ്ഥലമാണ്‌ പാലക്കയംതട്ട്‌. വൈവിധ്യമാര്‍ന്ന ജീവജാലങ്ങള്‍, പൈതല്‍മലയുടേയും കുടകുമല നിരകളുടേയും നയന മനോഹരകാഴ്‌ച പാലക്കയംതട്ടിന്റെ പ്രാധാന്യം കൂട്ടുന്നു. അറുപത്‌ ഏക്കറോളം സ്ഥലത്തു പരന്നുകിടക്കുന്നതാണ്‌ ഈ ഭൂപ്രദേശം. നടുവിലൂടെ ഒഴുകുന്ന കൊച്ചരുവിയുടെ ദൃശ്യഭംഗി അനുഭവിക്കേണ്ടതു തന്നെയാണെന്ന്‌ ശിവാനന്ദന്‍ പറഞ്ഞു. എന്നാല്‍, അത്‌ തത്‌ക്കാലം ഒഴിവാക്കി ഞങ്ങള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി. പാലക്കയംതട്ടില്‍ നിന്നു ജാനകിപ്പാറ വെള്ളച്ചാട്ടത്തിലേക്കു വളരെ ചുരുങ്ങിയ ദൂരം മാത്രമേയുള്ളുവെങ്കിലും മുന്നോട്ടുള്ള യാത്ര അല്‍പ്പം സാഹസികമാണ്‌.

}ഞങ്ങള്‍ കയറിപ്പോയതിനേക്കാള്‍ സുന്ദരമായിരുന്നു തിരിച്ചിറങ്ങിയപ്പോള്‍ കണ്ടത്‌. പുല്‍മേടുകളുടെ കേദാരഭൂമി. അത്രയ്‌ക്ക്‌ സുന്ദരമായ മറ്റൊരിടം കേരളത്തില്‍ ഇല്ലെന്നു വേണം പറയാന്‍. എന്നാല്‍ ടൂറിസം വകുപ്പ്‌ ഇവിടെ കാര്യമായിട്ടൊന്നും ചെയ്‌തിട്ടില്ല. ഞങ്ങള്‍ താമസിക്കുന്നതുള്‍പ്പെടെ ചില റിസോര്‍ട്ടുകള്‍ സ്വകാര്യ വ്യക്തികളുടേതായി ഉണ്ട്‌. ഇനിയും ചിലത്‌ വൈകാതെ വരുമെന്നും ശിവാനന്ദന്‍ പറഞ്ഞു. ഇപ്പോള്‍ സഞ്ചാരികള്‍ വല്ലപ്പോഴുമേ എത്തുന്നുള്ളുവത്രേ. സീസണായാല്‍ റിസോര്‍ട്ടുകള്‍ നിറയും. പൈതല്‍മലയെക്കുറിച്ച്‌ കേട്ടറിഞ്ഞെത്തുന്നവര്‍ സാധാരണയായി റിസോര്‍ട്ടുകളില്‍ താമസിച്ച്‌ മടങ്ങിപ്പോവുകയാണത്രേ പതിവ്‌. എന്തായാലും മല കയറിയില്ലായിരുന്നുവെങ്കില്‍ അതൊരു തീരാ നഷ്‌ടമായേനെ.

റിസോര്‍ട്ടില്‍ എത്തി ഉച്ചയൂണു കഴിഞ്ഞ്‌ ഒന്നു മയങ്ങാന്‍ കിടന്നു. ജനല്‍പാളിക്കിടയിലൂടെ തണുത്ത കാറ്റ്‌. ഈ കാറ്റിന്റെ സൗന്ദര്യം എത്ര അനിര്‍വചനീയമാണ്‌. പ്രകൃതിയുടെ ഈ നിറസാന്നിധ്യമാണ്‌ ഓരോ തവണയും എന്നെ യാത്രയ്‌ക്കായി കൊതിപ്പിക്കുന്നതും തയ്യാറെടുപ്പിക്കുന്നതും. പൈതല്‍മല അതൊന്നു കൂടി ഊട്ടിയുറപ്പിച്ചു.

എത്തിച്ചേരാന്‍:

കാപ്പിമല, പൊട്ടന്‍പ്ലാവ്‌ എന്നിവയാണ്‌ ഏറ്റവും അടുത്തുള്ള ബസ്‌ സ്റ്റേഷന്‍. കണ്ണൂര്‍, പയ്യന്നൂര്‍ ഡിപ്പോകളില്‍ നിന്നും കെ.എസ്‌.ആര്‍.ടി.സി ധാരാളം ബസ്‌ സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. പയ്യന്നൂരിലും കണ്ണൂരിലും റെയില്‍വേ സ്റ്റേഷനുകളുണ്ട്‌. കാലിക്കറ്റ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌, മാംഗളൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ എന്നിവയാണ്‌ അടുത്തുള്ള വിമാനത്താവളങ്ങള്‍.

(തുടരും)
പൈതല്‍മലയുടെ നിറമണ്ണില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി -91: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക