Image

ശരണമന്ത്രങ്ങളുയരുന്നു; മണ്ഡലകാലത്തെ വരവേറ്റ്‌ ഗീതാമണ്ഡലം

മിനി നായര്‍ Published on 21 November, 2015
ശരണമന്ത്രങ്ങളുയരുന്നു; മണ്ഡലകാലത്തെ വരവേറ്റ്‌ ഗീതാമണ്ഡലം
ഷിക്കാഗോ: കാലത്തിനും തോല്‌പിക്കാനാവാത്ത ചില വിശ്വാസങ്ങളുണ്ട്‌. സത്യങ്ങളുണ്ട്‌. ജന്മനാട്ടിലായാലും കടലുകള്‍ക്കപ്പുറമായാലും അത്‌ ചൈതന്യം വറ്റാതെ നിലനില്‌ക്കും .അതാണ്‌ വ്രതശുദ്ധിയുടെ ആതിര നിവാലിലൂടെ മകരകുളിരും മഞ്ഞും മുങ്ങിനിവരുന്ന ത്രിസന്ധ്യകളും പുലരികളുമുള്ള മണ്ഡലകാലം. എങ്ങും ഒരേയൊരു നാദം. സ്വാമി ശരണം...ഒരേയൊരു രൂപം. ശ്രീബരീശന്‍....അതിവിടെയാണ്‌. അതാണെന്റെ ദേവാലയം. ശ്രീ ശബരീശന്‍ വാഴും ശബരിമല. അവിടെ ശരണമന്ത്രങ്ങളുടെ നാളുകളുയര്‍ന്നു. മണ്ഡലകാലമായി. നടതുറന്നു. പൊന്നുപതിനെട്ടാംപടിയില്‍ സഹസ്രകോടികളുടെ തൃപ്പാദങ്ങള്‍ പതിയുകയായി.

അതിന്റെ പുണ്യം ഏറ്റുവാങ്ങി ഇങ്ങ്‌ മഹാനഗരത്തിന്റെ മധ്യത്തിലും ശരണമന്ത്രങ്ങളുയരുകയാണ്‌. ഗീതാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിലാണ്‌ മണ്ഡലകാലപുണ്യത്തിന്റെ സുകൃതം നുകരാന്‍ അവസരമൊരുക്കുന്നത്‌. മാലയിട്ട്‌ വ്രതം നോറ്റ്‌, ശരീരവും മനസും അയ്യപ്പനിലര്‍പ്പിച്ച്‌ ദര്‍ശന പുണ്യം നേടുന്ന നിമിഷങ്ങള്‍. ഈ ആത്മചൈതന്യത്തിലേക്കാണ്‌ ഗീതാമണ്ഡലവും ഓരോ അയ്യപ്പ ഭക്തനേയും വിളിക്കുന്നത്‌. തത്വമസിയുടെ (ഞാനും നീയും ഒന്നുതന്നെ) പൊരുളറിയിക്കുന്നത്‌. ജനുവരി 15വരെയാണ്‌ ഗീതാമണ്ഡലം ശരണംവിളികളും പൂജകളുടെയും അന്തരീക്ഷത്തില്‍ അയ്യപ്പതൃപ്പാദങ്ങളില്‍ സ്രാഷ്ടാംഗം നമസ്‌കരിക്കാനുമുള്ള വേദിയാകുന്നത്‌.

എല്ലാ ശനിയാഴ്‌ചയും ഞായറാഴ്‌ചയും ഇവിടെ അയ്യപ്പപൂജകളും ഉണ്ടായിരിക്കും. ഇതി്‌ല്‍പ്പരം മറ്റെന്തുവേണം? നാടുംവീടും വിട്ട്‌ നഗര വിസ്‌മയങ്ങളിലേക്ക്‌ ചെക്കേറുന്നവര്‍ക്ക്‌ ഉള്ളിലണയാതെ സൂക്ഷിച്ച വിശ്വാസത്തെ ഊതികാച്ചിയെടുക്കുന്ന ദര്‍ശനകേന്ദ്രങ്ങള്‍ ഇതുപോലെ എവിടെ ലഭ്യമാകും? നിലാവിന്റെ നീണ്ട പുഴയൊകുന്ന വഴിത്താരയില്‍ മുങ്ങിനിവരുന്ന സുഖം. അമ്പലത്തില്‍നിന്നും കേള്‍ക്കുന്ന മേളത്തിന്റെയും ശരണംവിളികളുടെയും നാദം. കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞ ദിവ്യചൈതന്യത്തില്‍ ഉറക്കംമറന്ന ദിനരാത്രങ്ങള്‍.

ഈ ദേവാലയത്തില്‍ വെറുമൊരു ദാസന്മാചത്രമാകുന്നു നാം. അയ്യപ്പപൂജകള്‍ക്കും ഭജനകള്‍ക്കും ഗീതാ മണ്ഡലം ഒരുങ്ങി കഴിഞ്ഞു. പൂവിലും പുല്ലിലും കല്ലിലും മുള്ളിലും ഈശ്വരനുണ്ടെന്ന സത്യം ഉദ്‌ഘോഷിക്കാന്‍. എല്ലാ ചരാചരങ്ങളിലും സ്വാമിയെ മാത്രം കാണുന്ന പുണ്യകാലം ഓര്‍ത്തെടുക്കാന്‍. മാലയിട്ട ഭക്തനും മലയിലെ ഭഗവാനും ഒന്നാകുന്ന ലോകത്തിലെ ഏക പുണ്യസ്ഥലം ദര്‍ശിക്കുവാന്‍. മനുഷ്യനെ ഒരു ജാതി മാത്രമെന്ന സത്യം തന്റെ പ്രവൃത്തികൊണ്ടു തെളിയിച്ച അദൈ്വത സന്ദേശത്തിന്റെ മൂര്‍ത്തീവത്തെ മനസിലേക്കാവാഹിക്കാന്‍. ഈ തീര്‍ത്ഥ പ്രയാണം അനന്തമാണല്ലോ.?

മറ്റേതൊരു ക്ഷേത്രദര്‍ശനം നടത്തുന്നതിനേക്കാളും കഠിനമായ നിഷ്‌ഠയാണ്‌ മണ്ഡലകാലത്തില്‍ ആചരിക്കേണ്ടത്‌. ശരീരം, ചിന്ത,വാക്ക്‌, എന്നിവയില്‍ അധിഷ്‌ഠിതമാണ്‌ മണ്ഡലകാല വ്രതം. സ്‌നാനം, ആഹാരം എന്നിവയിലൂടെ ശരീരശുദ്ധി, ജപം, ധ്യാനം, ക്ഷേത്രദര്‍ശനം എന്നിവയിലൂടെ മനശുദ്ധി , നിദ്ര, ആഹാരം എന്നിവ നിയന്ത്രിച്ച്‌ ഇന്ദ്രിയ നിയന്തണവും ശീലമാക്കേണ്ട നളുകളാണിത്‌. നാട്ടില്‍ മണ്ഡലകാലം 41 ദിവസത്തെ വ്രതാനുഷ്‌ഠാനങ്ങളിലൂടെയാണ്‌ കടന്നുപോകുക. ഇതിനൊടുവില്‍ ഇരുമുടിക്കെട്ടുമായി അയ്യപ്പനെ കാണാന്‍ കാടുംമേടും താണ്ടി യാത്രക്കു പുറപ്പെടുന്നു. പ്രകൃതിയില്‍ ഇത്രമേല്‍ ലയിക്കുന്ന മറ്റൊരു തീര്‍ഥാടനവുമില്ല. വന്യമൃഗങ്ങള്‍ വിഹരിക്കുന്ന വനാന്തരങ്ങളിലൂടെ അയ്യപ്പനെന്ന മനഃശക്തിയാണ്‌ ഓരോ ഭക്തനേയും മുന്നോട്ടുനയിക്കുന്നത്‌. കാട്ടാറും പമ്പയാറും താണ്ടി, കരിമലയും നീലിമലയും കയറി ശരംകുത്തിയിലെത്തി, പിന്നെ മാളികപ്പുറത്തമ്മയെ വണങ്ങി സന്നിധാനമണയുമ്പോള്‍ അവര്‍ ദൈവസന്നിധിയിലാണ്‌ എത്തിച്ചേരുന്നത്‌. അയ്യപ്പദര്‍ശനംകൂടിലഭിക്കുമ്പോള്‍ അവന്റെ യാത്ര സഫലമാകുന്നു. മകരവിളക്കും അയ്യപ്പദര്‍ശനത്തിനുള്ള പ്രത്യേക ദിവസങ്ങളാണ്‌. മകരവിളക്കുദര്‍ശനത്തോടെയാണ്‌ ശബരിമലയുടെ നടയടയ്‌ക്കുക. ഇത്രമേല്‍ പുണ്യനാമങ്ങളുള്ള, പര്യായങ്ങളുള്ള ചിരംജീവിയായ ജഗദ്‌ഗുരു വേറെയില്ല. കാനനവാസനും കലിയുഗവരദനും. അഖിലാണ്ഡേശ്വരനും ശ്രീധര്‌മയശാസ്‌താവും. പുലിവാഹനനും പമ്പാവാസനും. അഭീഷ്‌ഠദായകനും സത്യസ്വരൂപനും. മുക്തിദായകനും പരംപൊരുളുമായി അയ്യപ്പന്‍ നിറഞ്ഞുനില്‌ക്കുകയാണ്‌. പരംപൊരുളായ, സത്യമായ പൊന്നുപതിനെട്ടാംപടി മുകളില്‍ വാഴുന്ന പാദാരബിംബങ്ങളില്‍ സാഷ്‌ഠാംഗം നമസ്‌കരിക്കുമ്പോള്‍ അവന്റെ, അവളുടെ ജന്മം സഫലമാകുകയാണ്‌.

ദര്‍ശന സാഫല്യത്തിനായി കാത്തിരിക്കുന്ന എല്ലാ അയ്യപ്പ ഭക്തന്മാര്‍ക്കും ഗീതാമണ്ഡലം അവസരമൊരുക്കിയിരിക്കുകയാണ്‌. വ്രതംനോക്കി മാലയിടാന്‍ താല്‌പര്യമുള്ളവര്‍ അറിയിച്ചാല്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നതാണെന്ന്‌ അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌. പൂജകള്‍ സ്‌പോണ്‍സണര്‍ ചെയ്യാന്‍ കാട്ടിയ ഉത്സാഹത്തിന്‌എല്ലാവരോടും ഗീതാമണ്ഡലം കമ്മിറ്റി നന്ദിയും അറിയിച്ചു. അയ്യപ്പപൂജകള്‍ ഇപ്രകാരമായിരിക്കും. അയ്യപ്പ പഞ്ചാക്ഷരി, ഗണപതിപൂജ, സങ്കല്‌പ പൂജ (സ്‌പോണ്‍സര്‍മാര്‍ക്ക്‌ ), അഭിഷേക പൂജ, അയ്യപ്പ കവചം, ഭജന, പ്രത്യേക അഷ്‌ഠോഹരപൂജ (സ്‌പോണ്‌സേ്‌ഴ്‌സ്‌), പടി പൂജ,നമസ്‌കാര മന്ത്ര സമര്‍പ്പണം, മംഗള ആരതി,മന്ത്ര പുഷ്‌പം, ചതുര്‍ത്ഥ പാരായണം, ഹരിവരാസനം, അന്നദാനം എന്നിവയാണ്‌.

കൂടുതല്‍ വിവരങ്ങള്‌ക്ക്‌ വിളിക്കുക ജയ്‌ ചന്ദ്രന്‍ (8473617653), ബ്യജു എസ്‌. മേനോന്‍ ( 8477497444), അപ്പുകുട്ടന്‍ കാലാക്കല്‍ (6307723577), ആനന്ദ്‌ പ്രഭാകര്‍ ( 8477160599).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക