Image

അചഞ്ചല ഭക്തിയാണ്‌ മോക്ഷത്തിലേക്കുള്ള മാര്‍ഗം: മേല്‍ശാന്തി എസ്‌.ഇ ശങ്കരന്‍ നമ്പൂതിരി

അനില്‍ പെണ്ണുക്കര Published on 22 November, 2015
അചഞ്ചല ഭക്തിയാണ്‌ മോക്ഷത്തിലേക്കുള്ള മാര്‍ഗം: മേല്‍ശാന്തി എസ്‌.ഇ ശങ്കരന്‍ നമ്പൂതിരി
അചഞ്ചലമായ ഭക്തി മാത്രമാണ്‌ ഒരുവന്‌ മോക്ഷത്തിലേക്കുള്ള മാര്‍ഗമെന്ന്‌ മേല്‍ശാന്തി എസ്‌.ഇ ശങ്കരന്‍ നമ്പൂതിരി പറഞ്ഞു. താനും അയ്യപ്പന്റെ ഒരു ഭക്തന്‍ മാത്രമാണ്‌. കലുഷിതലോകത്തിന്റെ കവചവും ഇനി ഭക്തിമാര്‍ഗമാണ്‌.

ഒരു വ്യാഴവട്ടക്കാലത്തെ പൂജാകര്‍മങ്ങളുടെ അഹോരാത്ര പ്രയത്‌നമാണ്‌ തനിക്ക്‌ ലഭിച്ച ശബരിമല മേല്‍ശാന്തി എന്ന ഭാഗ്യം. ആയിരങ്ങളില്‍ ഒരുവനായി മുടങ്ങാതെ പതനെട്ടുപടിയും ചവിട്ടിയാണ്‌ താനും അയ്യപ്പന്റെ ശ്രീകോവിലിലെ പൂജാരിയായി മാറിയത്‌.

തിരുവഞ്ചൂര്‍ സൂര്യാഗാത്രം കാരയ്‌ക്കാട്ട്‌ ഇല്ലത്തില്‍ ജനനം. ഭാര്യ ലതഅന്തര്‍ജനം,മക്കള്‍ പ്രശോഭ്‌ നമ്പൂതിരി, പ്രണവ്‌ നമ്പൂതിരി. തിരുവല്ല എം.ജി.എം ഹൈസ്‌കൂളില്‍ പഠനം തുടര്‍ന്ന്‌ എം.ജി യൂണിവേഴ്‌സിറ്റിയില്‍ മലയാളം ബിരുദം. പഠനകാലയളവില്‍ തന്നെ രചനാ വൈഭവം പ്രകടമായിരുന്നു. കവിത,കഥാ രചനകളില്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടി.

കോട്ടയം വിദ്യാധിരാജാ വിദ്യാഭവനില്‍ മലയാളം അധ്യാപകനായി സേവനം അനുഷ്‌ഠിച്ചു. അപ്പോഴും പൂജാദികര്‍മങ്ങള്‍ മുറതെറ്റാതെ കാത്തു സൂക്ഷിച്ചു. മനസില്‍ കെടാതെ നിന്നിരുന്ന ആഗ്രഹമായിരുന്നു ശബരിമലയിലെ ശാന്തി. മേല്‍ശാന്തിയാവാന്‍ അധ്യാപനം തടസമായപ്പോള്‍ രാജിവച്ചു. ഇതിന്‌ പരിഹാരമായി കര്‍ണാടകയിലെ ജാലഹള്ളി അയ്യപ്പക്ഷേത്ത്രില്‍ ശാന്തി ചെയ്‌തു. അപ്പോഴും ശബരിമലയിലേക്ക്‌ അപേക്ഷിക്കുന്നത്‌ തുടര്‍ന്നു. നിരവധി അപേക്ഷകള്‍ നല്‍കിയെങ്കിലും 2002 മുതല്‍ 2005 വരെ മാളികപ്പുറം ലിസ്റ്റിലും 2005 മുതല്‍ 2010 വരെ ശബരിമല ലിസ്റ്റിലും ഉള്‍പ്പെട്ടു. എന്നാല്‍ ഭാഗ്യം അപ്പോഴും മാറിനിന്നു. ഒടുവില്‍ 2015 തുലാം ഒന്നിനു നടന്ന നറുക്കെടുപ്പിലാണ്‌ തനിക്ക്‌ ശബരിമല മേല്‍ശാന്തിയാകാനുള്ള ഭാഗ്യം ലഭിച്ചത്‌.

കലിയുഗവരദനായ അയ്യപ്പന്റെ പൂങ്കാവനം ശുചിയായും പരിപാവനമായും സൂക്ഷിക്കാന്‍ തീര്‍ഥാടകര്‍ ശ്രദ്ധിക്കണമെന്ന്‌ അപേക്ഷമാത്രമേ മേല്‍ശാന്തിക്ക്‌ ഭക്തരോട്‌ പറയാനുള്ളൂ. ഇരുമുടിക്കെട്ടില്‍ അവശേഷിക്കുന്ന പ്ലാസ്റ്റിക്കുകള്‍ തിരികെ കൊണ്ടുപോകണമെന്നും പമ്പനദിയില്‍ വസ്‌ത്രം ഉപേക്ഷിക്കുന്നത്‌ അവസാനിപ്പിക്കണമെന്നും അദേഹം പറഞ്ഞു.
അചഞ്ചല ഭക്തിയാണ്‌ മോക്ഷത്തിലേക്കുള്ള മാര്‍ഗം: മേല്‍ശാന്തി എസ്‌.ഇ ശങ്കരന്‍ നമ്പൂതിരി
Join WhatsApp News
Sudhir Panikkaveetil 2015-11-23 04:35:59
അമ്പത് വയസ്സ് കഴിയുന്ന വരെ അചഞ്ചല
ഭ്കതിയുമായി നാരീ ജനങ്ങൾ അയ്യപ്പൻറെ
അയല്പക്കത്ത് കൂടി വരരുത് എന്നും
പറയ ണ്ടായിരുന്നോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക