Image

ജോണ്‍ ബ്രിട്ടാസ്‌ ചോദിച്ചു; തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ മൂന്നുവട്ടവും സമ്മതിച്ചു

Published on 22 November, 2015
ജോണ്‍ ബ്രിട്ടാസ്‌ ചോദിച്ചു; തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ മൂന്നുവട്ടവും സമ്മതിച്ചു
ചിക്കാഗോ: എന്താണു  വാര്‍ത്ത? മാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും വ്യക്തമായി നിര്‍ണ്ണയിക്കാനാവാത്ത കാര്യമാണ്‌ വാര്‍ത്ത- ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആറാമതു കണ്‍വന്‍ഷനില്‍ സമകാലീന ഇന്ത്യയും മാധ്യമങ്ങളും എന്ന വിഷയത്തപ്പറ്റിയുള്ള സംവാദത്തില്‍ കൈരളി ടിവി മാനേജിംഗ്‌ ഡയറക്‌ടററും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ്‌ ചൂണ്ടിക്കാട്ടി.

ടിവിയില്‍ വാര്‍ത്തകള്‍ ഉണ്ടാകാന്‍ കാരണം പ്രേക്ഷകര്‍ തന്നെ. ആളുകള്‍ കാണാന്‍ ആഗ്രഹിക്കുന്നത്‌ വാര്‍ത്തയാകുന്നു. ജനങ്ങളുടെ മിഴികളെ ആകര്‍ഷിക്കുന്ന എന്തും ടിവിയില്‍ വാര്‍ത്തയാണ്‌.

മാധ്യമരംഗം പോലെ ഇത്രയധികം വേഗത്തില്‍ മാറ്റം ഉണ്ടാകുന്ന മറ്റൊരു രംഗമില്ല. നിര്‍വചനം ഒരിക്കലും ശരിയാകാത്ത രംഗമാണ്‌ മാധ്യമം. ഇന്നിപ്പോള്‍ ഏറ്റവും വലിയ മാധ്യമമായി സെല്‍ഫോണ്‍ മാറിയിരിക്കുന്നു. എന്തും വിരല്‍തുമ്പിലൂടെ സാക്ഷാത്‌കരിക്കാന്‍ ശേഷി നല്‍കുന്ന ശക്തിയായി ഫോണ്‍ മാറി.

പരമ്പരാഗത മാധ്യമങ്ങള്‍ കാര്യമായി തുണക്കാതെയാണ് പ്രസിഡന്റായി ആദ്യവട്ടം ഒബാമ വിജയിച്ചത്‌. അന്ന്‌ ഇലക്ഷന്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത താന്‍ അന്വേഷിച്ചപ്പോള്‍ മാധ്യമ പിന്തുണ ഇല്ലാത്തത് വലിയ പ്രശ്‌നമൊന്നുമില്ലെന്നായിരുന്നു തെരഞ്ഞെടുപ്പു രംഗത്തുള്ളവരുടെ മറുപടി. ഇതിനൊക്കെ പകരമായി എസ്‌.എം.എസ്‌ വഴിയാണ്‌ തങ്ങള്‍ ജനങ്ങളുമായി ബന്ധപ്പെടുന്നതെന്നവര്‍ പറഞ്ഞു.

ആര്‍ക്കും പത്രക്കാരാകാവുന്ന കാലമാണിത്‌. താന്‍ ഏറ്റവും അധികം ചീത്ത കേള്‍ക്കുന്നത്‌ ഫേസ്‌ബുക്കില്‍ നിന്നാണ്‌. മതപരമായ ചായ്‌വില്ലെങ്കിലും അവര്‍ തന്നെ ക്രിസ്‌ത്യാനിയാക്കി.

സദസിലുള്ള തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ പങ്കെടുത്ത പ്രകടനത്തില്‍ പോലീസ്‌ ക്രൂരമായി പെരുമാറാതിരുന്നത്‌ ക്യാമറ കണ്ണുകളെ പേടിച്ചല്ലേ എന്ന ചോദ്യത്തിനു ശരിയെന്നായിരുന്നു ഉണ്ണിയാടന്റേയും ഉത്തരം.

പത്രക്കാരുടെ സ്വഭാവം അവര്‍ എപ്പോഴും കാണിക്കും. പലര്‍ക്കും അതറിയില്ല. ആന്റി-എസ്റ്റാബ്ലിഷ്‌മെന്റ്‌ ആണ്‌ അവര്‍ എപ്പോഴും പിന്തുടരുന്ന  അടിസ്ഥാന സ്വഭാവം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തിലെത്തിക്കാന്‍ മാധ്യമങ്ങള്‍ വലിയ പങ്കുവഹിച്ചെങ്കില്‍ ഇപ്പോള്‍ 
അവര്‍ പതിയെ വിമര്‍ശനം തുടങ്ങിയിരിക്കുന്നു. അധികാരസ്ഥാനങ്ങള്‍ക്കെതിരേ പ്രതികരിക്കാതിരിക്കാന്‍ അവര്‍ക്കാവില്ല.

ഇത്തരം വിമര്‍ശനം ഒരു ഓക്കുപ്പേഷണല്‍ ഹസാര്‍ഡ്‌ ആണെന്നു രാഷ്‌ട്രീയക്കാര്‍ മനസിലാക്കണം. മീഡിയയെ സഹിക്കാതെ പറ്റില്ല. മീഡിയയെ ബോയിക്കോട്ട്‌ ചെയ്യുമെന്നൊക്കെ പറഞ്ഞാലും അതൊന്നും ഫലിക്കാന്‍ പോകുന്നില്ല. അതിനാല്‍ അവരുമായി സഹകരിച്ച്‌ നീങ്ങുകയാണ്‌ നല്ലത്‌.

മാധ്യമങ്ങള്‍ വിമര്‍ശിക്കുമ്പോള്‍ കെ.എം. മാണിസാര്‍ എന്തിനാണ്‌ ചഞ്ചലനാകുന്നത്‌? മാണിസാറിന്റെ പത്രസമ്മേളനത്തില്‍ ചില ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയാതിരിക്കാന്‍ റോഷി അഗസ്റ്റിനും മറ്റും മാണിസാറിനെ തോണ്ടുന്നതു കണ്ടു. എന്തു സൂചനയാണ്‌ അതു ലോകത്തിനു കൊടുക്കുക? ഇവരൊക്കെ പറയുന്നത്  കേ
ള്‍ക്കാൻ മാത്രം  മാണിസാര്‍ അത്ര ദുര്‍ബലനാണോ? ചില മാധ്യമങ്ങള്‍ ആ തോണ്ടല്‍ എടുത്തുകാട്ടുകയും ചെയ്‌തു. ഓരോ കാര്യത്തിനും പല അര്‍ത്ഥതലങ്ങളുണ്ട്‌. ബോഡി ലാംഗ്വേജ്‌ വരെ ജനങ്ങള്‍ നോക്കുന്നു.

മാണിസാറിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതു ശരിയായില്ലെന്നു ഉണ്ണിടായനും സമ്മതിച്ചു.

കേരളത്തില്‍ എല്ലാ ഉത്തരവുകളും മലയാളത്തിലാക്കാനുള്ള നീക്കവും ഭാഷാഭ്രാന്തും ശരിയല്ലെന്നും ബ്രിട്ടാസ്‌ ചൂണ്ടിക്കാട്ടി. ഉത്തരവെല്ലാം മലയാളത്തിലാണെങ്കില്‍ പ്രവാസികളുടെ മക്കള്‍ എന്തുചെയ്യും? ബാംഗ്ലൂരില്‍ ബസിലെ ബോര്‍ഡെല്ലാം കര്‍ണ്ണാടകത്തിലാണ്‌. ഒരു സ്ഥലപ്പേര്‌ കണ്ടെത്താന്‍ പുറത്തുനിന്നും വരുന്നവര്‍ എന്തുചെയ്യും?

ഭാഷയെ കൊല്ലുന്നതു ടിവിക്കാരാണെന്നു പറഞ്ഞ ഭാഷാപണ്‌ഡിതരുടെ യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. ആക്ഷേപം ശക്തമായപ്പോള്‍ കാറില്‍ നിന്നു അമ്പതു വര്‍ഷം മുമ്പത്തെ മാതൃഭൂമി പത്രം താന്‍ എടുത്തുകൊണ്ടുവന്നു.  അതിലെ ഒരു വാര്‍ത്ത വായിച്ചിട്ടു ചോദിച്ചപ്പോള്‍ ആര്‍ക്കും ഒന്നും മനസിലായില്ല. ചുരുക്കത്തില്‍ 50 വര്‍ഷം മുമ്പത്തെ ഭാഷയല്ല ഇപ്പോള്‍. ഭാഷയില്‍ മാറ്റം വന്നിരിക്കുന്നു. ഭാഷയില്‍ മാറ്റം പാടില്ലെങ്കില്‍ നാം ഇപ്പോഴും ചെന്തമിഴ്‌ തന്നെയായിരിക്കും ഉപയോഗിക്കുക. സംസ്‌കൃതവും നിലനില്‍ക്കുമായിരുന്നു.

ഷേക്‌സ്‌പിയര്‍ എഴുതുമ്പോള്‍ ഇംഗ്ലീഷില്‍ 40,000 പദങ്ങള്‍ മാത്രം. അതില്‍ 24,000 എണ്ണം ഷേക്‌സ്‌പിയര്‍ ഉപയോഗിച്ചു. കുറെയെണ്ണം സ്വന്തമായി സൃഷ്‌ടിക്കുകയും ചെയ്‌തു. അസാസിനേഷന്‍, ക്രിട്ടിക്‌, ബജറ്റ്‌ തുടങ്ങിയവ. ഇന്നിപ്പോള്‍ ഇംഗ്ലീഷില്‍ 20 ലക്ഷം പദങ്ങളുണ്ട്‌. സംശുദ്ധവാദികള്‍ പുതിയ വാക്കുകള്‍ സമ്മതിക്കില്ല. ഭാഷ എങ്ങനെ ചുരുക്കാമെന്നാണവര്‍ ചിന്തിക്കുന്നത്‌. അത്തരം സങ്കുചിത മനസ്ഥിതി ഭാഷയെ തകര്‍ക്കും.

ഡഹിയില്‍ പത്രപ്രവര്‍ത്തകര്‍ തന്നെ പദാവലികള്‍ ഉണ്ടാക്കുമായിരുന്നു. റാപ്പിഡ്‌ ആക്ഷന്‍ ഫോഴ്‌സിനു മിന്നല്‍പ്പട എന്നിട്ടു. പക്ഷെ എഡിറ്റോറിയലിലെ വരേണ്യവര്‍ഗ്ഗം ക്രമേണ അതു ദൃതകര്‍മ്മ സേനയാക്കി. വാക്കുകള്‍ സൃഷ്‌ടിക്കാതെ ഭാഷ വളരില്ല. വാക്കുകള്‍ ഉണ്ടാക്കാന്‍ പത്രക്കാര്‍ക്ക്‌ കഴിയണം. ഗ്ലോബലൈസേഷനും, ലോക്കലൈസേഷനും ചേര്‍ത്ത്‌ ഗ്ലോക്കലൈസേഷന്‍ എന്ന പുതിയ പദം രൂപംകൊണ്ടപ്പോള്‍ പുതിയ അര്‍ത്ഥതലം ഉണ്ടായി.

മാധ്യമങ്ങള്‍ ഒരു സാങ്കേതിക വിദ്യ മാത്രം ഉപയോഗിച്ചാല്‍ പിന്നോക്കം പോകും. ന്യൂസ്‌ വീക്കിനു സംഭവിച്ചതു അതാണ്‌. ഡിജിറ്റല്‍ വന്നപ്പോള്‍ അതിലേക്കു മാറാന്‍ വൈകി. ഇന്നിപ്പോള്‍ ടെലികാസ്റ്റിനു പകരം മള്‍ട്ടികാസ്റ്റ്‌ ആണ്‌. ഒരേ വാര്‍ത്ത ടിവിയിലേക്കും ഇന്റര്‍നെറ്റിലും ബ്ലോഗിലുമൊക്കെ പോകും. മാറ്റങ്ങള്‍ക്കനുസരിച്ച്‌ നാം മാറണം. മാറ്റത്തെ പേടിച്ചുനിന്നാല്‍ പിന്നോക്കം പോകും.

നമ്മുടെ സെക്രട്ടേറിയേറ്റില്‍ ചെന്നാല്‍ ഇന്നും പഴയ ചുവപ്പുനാടയും കാലതാമസവും. ഒരു ഫയല്‍ എപ്പോള്‍ ഒപ്പുവച്ചു കിട്ടുമെന്നു പറയാനാവാത്ത അവസ്ഥ. 
അതു ശരിയെന്നു  ഉണ്ണിയാടനും സമ്മതിച്ചു. 

പ്രവാസികള്‍ ഒരുലക്ഷം കോടി അയയ്‌ക്കുമ്പോഴും നൂറുകോടി രൂപ പോലം വ്യവസായ- ബിസിനസ്‌ രംഗത്തു നിക്ഷേപിക്കുന്നില്ലെന്നു ബ്രിട്ടാസ്‌ ചൂണ്ടിക്കാട്ടി. പത്തു വര്‍ഷത്തിനിടെ കേരളത്തില്‍ പുതുതായി ഒരിഞ്ചു റോഡുപോലും ഉണ്ടാക്കിയിട്ടില്ല.

രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരുമൊക്കെ ചെയ്യുന്ന കാര്യങ്ങളെ ജനം സംശയദൃഷ്‌ടിയോടെ വീക്ഷിക്കുന്ന അവസ്ഥയുണ്ട്‌. വിശ്വാസ്യതയുടെ അഭാവം നിലനില്‍ക്കുന്നു.

പുതിയ പാലം വരുമ്പോള്‍ 50 രൂപ ടോള്‍ കൊടുക്കണം. പക്ഷെ ദൂരം കുറയുകയും അതുവഴി 150 രൂപ താന്‍ ലാഭിക്കുകയും ചെയ്യുന്നുണ്ടെന്നു മലയാളി മനസിലാക്കുന്നില്ല. അതിനുപകരം ടോളിനെതിരേ പ്രക്ഷോഭവും ബഹളവും നടക്കുന്നു.

മോഡറേററായിരുന്ന ഡോ. റോയ്‌ പി. തോമസ്‌ മെഡിക്കല്‍ രംഗത്തുണ്ടാകുന്ന മാറ്റങ്ങളോടാണ്‌ മാധ്യമ രംഗത്തെ മാറ്റങ്ങളെ ഉപമിച്ചത്‌. കോട്ടയം മെഡിക്കല്‍ കോളജിലെ ആദ്യ ബാച്ചില്‍പ്പെടുന്ന താനൊക്കെ സ്വപ്‌നത്തില്‍ പോലും കാണാത്ത മാറ്റങ്ങളാണ്‌ മെഡിക്കല്‍ രംഗത്തു വന്നിരിക്കുന്നത്‌. 

ഒരുകാലത്ത്‌ നാട്ടില്‍ നിന്നു മുളകു പൊതിഞ്ഞുകൊണ്ടുവരുന്ന പത്രം പോലും വായിക്കാന്‍ ആവേശമായിരുന്നു. ഇന്നിപ്പോള്‍ ബ്രിട്ടാസിന്റെ ജെ.ബി ജംഗ്‌ഷന്‍ താന്‍ കാണുന്നത്‌ ഓണ്‍ലൈനിലാണ്‌. ഇഷ്‌ടമുള്ളത്‌ വായിക്കാനും കാണാനും ഇന്നു പ്രേക്ഷകനു കഴിയുന്നു.

പിന്നീട്‌ സുപ്രീംകോടതി ജഡ്‌ജിയായ കെ.ടി. തോമസ്‌ അടിയന്തരാവസ്ഥ കാലത്ത്‌ അമേരിക്കയില്‍ വന്നു. ഇവിടുത്തെ പത്രങ്ങളില്‍ ഇന്ത്യയെപ്പറ്റിയുള്ള വാര്‍ത്തകള്‍ കണ്ടശേഷം ഇന്ത്യയിലെ യഥാര്‍ത്ഥ അവസ്ഥ ഇപ്പോഴാണ്‌ മനസിലായതെന്നദ്ദേഹം പറയുകയുണ്ടായി.

ഇന്ത്യയില്‍ ഏറെ ചുഷണം ചെയ്യപ്പെടുന്ന നഴ്‌സുമാരുടെ പ്രശ്‌നം അമേരിക്കയിലെ മലയാളി മാധ്യമങ്ങള്‍ ഏറ്റെടുത്തപ്പോള്‍ അതിനു ഫലമുണ്ടായി.

മലയാള ഭാഷയെപ്പറ്റി അമിതമായ ഉത്‌കണ്‌ഠ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളപാണിനി എ.ആര്‍. രാജരാജവര്‍മ്മയുടെ കൊച്ചുമകള്‍ ചിക്കാഗോയിലുണ്ട്‌. മലയാളം പറയില്ലെങ്കിലും സ്വന്തം പാരമ്പര്യത്തില്‍ ആ കുട്ടി അഭിമാനംകൊള്ളുന്നു.
ജോണ്‍ ബ്രിട്ടാസ്‌ ചോദിച്ചു; തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ മൂന്നുവട്ടവും സമ്മതിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക