Image

തിരുപ്പിറവിയെ വരവേല്‍ക്കാന്‍ ഷിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഒരുങ്ങി

ബെന്നി പരിമണം Published on 24 November, 2015
തിരുപ്പിറവിയെ വരവേല്‍ക്കാന്‍ ഷിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഒരുങ്ങി
ഷിക്കാഗോ: മാനവ കുലത്തെ പാപത്തില്‍ നിന്ന് മോചിപ്പിക്കുവാന്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ ജാതനായ യേശു ക്രിസ്തുവിന്റെ തിരുജനനത്തെ കൊണ്ടാടുന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ഷിക്കാഗോ ഒരുങ്ങി. എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ 32-മത് ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 5-ാം തീയ്യതി ശനിയാഴ്ച വൈകീട്ട് 5ന് ആരംഭിക്കും. ഡസ്പ്ലയിന്‍സിലുള്ള മെയിന്‍ ഈസ്റ്റ് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയം വേദിയാകുന്ന ആഘോഷങ്ങള്‍ക്ക് ഷിക്കാഗോയിലെ മലയാളീ സമൂഹം ഒന്നാകെ സാക്ഷ്യം വഹിക്കും. ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്തുമസ് സന്ദേശം നല്‍കും.
ഷിക്കാഗോയിലെ വിവിധ ക്രൈസ്തവ സഭകളിലെ പതിനാറ് ദേവാലയങ്ങളില്‍ നിന്ന് മശീഹായുടെ തിരുജനനത്തെ അനുസ്മരിപ്പിക്കുന്ന ഗാനങ്ങളും, നൃത്തങ്ങളും, ദൃശ്യാവിഷ്‌ക്കാരങ്ങളും നയന മനോഹാരിത തീര്‍ക്കുന്ന മുഹൂര്‍ത്തങ്ങളെ സമ്മാനിക്കും. വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പരിപാടികള്‍ ആകര്‍ഷണീയമാക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് എത്തുന്ന കാണികളില്‍ നിന്ന് ഒരു ക്രിസ്തുമസ് ഭാഗ്യവാനെ തിരഞ്ഞെടുക്കുന്നത് ഈ വര്‍ഷത്തെ പരിപാടികളുടെ പ്രത്യേകതയാണ്. അച്ചീവ് റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിനുവേണ്ടി സാബു അച്ചേട്ട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന വിലപിടിപ്പുള്ള സമ്മാനവുമായി എത്തുന്ന സാന്താക്ലോസ് ആഘോഷങ്ങള്‍ക്ക് ആഹ്ലാദത്തിന്റെ നവ്യാനുഭൂതി തീര്‍്കകും. പ്രാരംഭമായി ക്രമീകരിച്ചിരിക്കുന്ന മീറ്റിംഗില്‍ വെച്ച് ഈ വര്‍ഷം എക്യൂമിനിക്കല്‍ വോളീബോള്‍, ബാസ്‌ക്കറ്റ് ബോള്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്യും. എക്യൂമിനിക്കല്‍ കൗണ്‍സില്‍ നല്‍കിയ സാമ്പത്തിക സഹായത്താല്‍ പൂര്‍ത്തിയായ കേരളത്തിലെ ഭവന രഹിതര്‍ക്കായി പണികഴിപ്പിച്ച വീടിന്റെ താക്കോള്‍ ദാനം തദവസരത്തില്‍ നടത്തും. എക്യൂമിനിക്കല്‍ കൗണ്‍സില്‍ അംഗങ്ങള്‍ അണിനിരക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്രയോടെ ആരംഭിക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും പ്രാരംഭമായി നടത്തപ്പെടും.

ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധ സബ്കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. റവ.ബിനോയ് പി. ജേക്കബ് ചെയര്‍മാനായും, ജോണ്‍സന്‍ കണ്ണൂക്കാടന്‍ ജനറല്‍ കണ്‍വീനറായും പ്രവര്‍ത്തിക്കുന്ന നേതൃത്വനിരയില്‍ മറിയാമ്മ പിള്ള ജോ.കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു. ബിഷപ്പ്മാര്‍ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്(രക്ഷാധികാരിമാര്‍), റവ.ഫാ.ഡാനിയേല്‍ ജോര്‍ജ്(പ്രസിഡന്റ്), റവ. സോനു വര്‍ഗ്ഗീസ്(വൈ.പ്രസിഡന്റ്), ജോര്‍ജ് പണിക്കര്‍(സെക്രട്ടറി), മാത്യു മാപ്ലേറ്റ്(ജോ.സെക്രട്ടറി), ജോര്‍ജ്. പി. മാത്യു(ട്രഷറര്‍) എന്നിവര്‍ ഷിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സിലിനു നേതൃത്വം നല്‍കുന്നു.

വാര്‍ത്ത അയച്ചത്: ബെന്നി പരിമണം

തിരുപ്പിറവിയെ വരവേല്‍ക്കാന്‍ ഷിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഒരുങ്ങി
തിരുപ്പിറവിയെ വരവേല്‍ക്കാന്‍ ഷിക്കാഗോ എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഒരുങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക