Image

മുല്ലപ്പെരിയാര്‍: ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന്

Published on 18 January, 2012
മുല്ലപ്പെരിയാര്‍: ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഭീഷണിയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളികളുയരുമ്പോള്‍ സംരക്ഷണം നല്‍കുവാന്‍ ഉത്തരവാദിത്വപ്പെട്ട ഭരണനേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ നിസംഗത പുലര്‍ത്തുകയും വിഘടിച്ചുനിന്ന് തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്നത് വേദനാജനകവും മനുഷ്യജീവനുനേരെയുള്ള ലാഘവസമീപനവുമാണെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ വി.സി.സെബാസ്റ്റ്യന്‍ പ്രസ്താവിച്ചു.

രാഷ്ട്രീയപാര്‍ട്ടികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തുന്നത് അധികാരം നിലനിര്‍ത്താനുള്ള നെട്ടോട്ടവും രാഷ്ട്രീയ നാടകവുമാണ്. റൂര്‍ക്കി ഐഐടി വിദഗ്ദ്ധന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്ന പ്രാഥമിക ഡാം ബ്രേക്ക് അനാലിസിസ് റിപ്പോര്‍ട്ടുപ്രകാരം ഡാം തകര്‍ന്നാല്‍ 40 അടി ഉയരത്തില്‍ സെക്കന്റില്‍ 12 മീറ്റര്‍ വേഗത്തില്‍ വെള്ളം ഒഴുകുമെന്നതാണ്. ഡാമിന് ബലം നല്‍കിയിരിക്കുന്ന സുര്‍ക്കി നല്ലൊരു ശതമാനവും ഒലിച്ചുപോയിരിക്കുന്നുവെന്നാണ് മറ്റൊരു പഠനം. ഇവയൊന്നും മുഖവിലയ്‌ക്കെടുക്കാതെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഡാം സുരക്ഷിതമെന്ന് പ്രസ്താവിക്കുമ്പോള്‍ ജനങ്ങള്‍ക്കുള്ള ഉത്കണ്ഠയും തെറ്റിദ്ധാരണയും വര്‍ദ്ധിക്കുന്നു. ഇത് പരിഹരിക്കുവാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. സ്വന്തം ജനതയെ ബലികൊടുത്ത് ബാഹ്യശക്തികളെ സംരക്ഷിക്കാനുള്ള ജനപ്രതിനിധികളുടെയും ഭരണനേതൃത്വങ്ങളുടെയും ശ്രമങ്ങള്‍ ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടവും ജനങ്ങളെ അപമാനിക്കലുമാണെന്ന് സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ആരോപിച്ചു. 

ജീവനുനേരെ ഉയരുന്ന വെല്ലുവിളികള്‍ പരിഹരിക്കപ്പെടണം. മുല്ലപ്പെരിയാര്‍ ഡാമിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടുകയും, നിര്‍ദ്ദോഷികളായ ജനങ്ങളെ കൈയേറ്റം ചെയ്യുന്നതും ശരിയല്ല. പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാതെയിരിക്കുവാന്‍ നിസംഗത കൈവെടിഞ്ഞ് തെറ്റിദ്ധാരണകള്‍ മാറ്റി വസ്തുതകളെ സത്യസന്ധമായി ജനങ്ങളിലെത്തിച്ചും സമാധാനപൂര്‍വം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ കൂട്ടായ ശ്രമങ്ങള്‍വേണം. ഇത്തരം നടപടികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. 

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക