Image

പമ്പ സംരക്ഷണത്തിന് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും

അനില്‍ പെണ്ണുക്കര Published on 29 November, 2015
പമ്പ സംരക്ഷണത്തിന് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും
പമ്പയുടെ സംരക്ഷണത്തിനായി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായി. കഴിഞ്ഞ ദിവസം പമ്പയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ സാഹചര്യത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനം വിലയിരുത്തുന്നതിനും ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിന്റെ അധ്യക്ഷതയില്‍ പമ്പയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പമ്പയെ മലിനമാക്കരുതെന്ന ബോര്‍ഡുകള്‍ തീര്‍ഥാടകര്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കും. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചാലക്കയം ടോള്‍ ബൂത്തിലെത്തുമ്പോള്‍ തീര്‍ഥാടകരെ ബോധവത്ക്കരിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കും. പമ്പയെ മലിനമാക്കരുതെന്ന സന്ദേശമടങ്ങിയ ആറ് ഭാഷകളിലുള്ള സ്റ്റിക്കറുകള്‍ വാഹനങ്ങളില്‍ പതിക്കും. തീര്‍ഥാടകര്‍ക്ക് വസ്ത്രം ഉപേക്ഷിക്കുന്നതിന് വലിയ ബിന്നുകള്‍ സ്ഥാപിക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെയും ശുചിത്വ മിഷന്റെ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പമ്പയില്‍ തീര്‍ഥാടകരെ ബോധവത്ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇതിനു പുറമെ വിവിധ ഭാഷകളില്‍ അനൗണ്‍സ്‌മെന്റും ഏര്‍പ്പെടുത്തും.
ദുരന്തങ്ങളെ നേരിടുന്നതിനായി കണ്ടിജന്‍സി പ്ലാന്‍ തയാറാക്കാന്‍ ഐ.എല്‍.ഡി.എമ്മിന് നിര്‍ദേശം നല്‍കി. ഓരോ വകുപ്പിന്റെയും ശക്തി മനസിലാക്കിയാകും പ്ലാന്‍ തയാറാക്കുക. ദുരന്ത വേളകളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ നോഡല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കും. ട്രാക്ടര്‍ തൊഴിലാളികള്‍ക്കും ശുചിത്വസേനയ്ക്കും അടിയന്തര ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പരിശീലനം നല്‍കും. വനമേഖലയില്‍ പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം പ്രകൃതിക്ഷോഭം എന്നിവ സംബന്ധിച്ച വിവരം വനം വകുപ്പ് കണ്‍ട്രോള്‍ സെന്ററില്‍ ഉടനടി അറിയിക്കും. എല്ലാ ദിവസവും രാവിലെ 11 നും വൈകിട്ട് അഞ്ചിനും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കും. പമ്പയിലെ വെള്ളത്തിന്റെ ഒഴുക്ക് സംബന്ധിച്ച് ജലവിഭവ വകുപ്പ് റിപ്പോര്‍ട്ട് നല്‍കും. ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഗ്യാസ്, വെടിമരുന്ന് ശേഖരങ്ങളുടെ പരിശോധന നടത്തി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. അടിയന്തര സാഹചര്യങ്ങളില്‍ വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റ് നടത്തുന്നതിന് വേണ്ട സംവിധാനമേര്‍പ്പെടുത്തും. ഇതു സംബന്ധിച്ച ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് 10 ദിവസത്തിനുള്ളില്‍ വീണ്ടും യോഗം ചേരും. വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.

ശബരിമലയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാമറകള്‍ സ്ഥാപിക്കും : മന്ത്രി

ശബരിമലയില്‍ ദുരന്ത നിവാരണത്തിന്റെയും സുരക്ഷയുടെയും ഭാഗമായി ഷോര്‍ട്ട് സര്‍ക്യൂട്ട് കാമറകള്‍ സ്ഥാപിക്കുമെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ പമ്പയില്‍ ആരംഭിച്ച എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
35 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തനിക്കും ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടര്‍ക്കുമുള്‍പ്പെടെ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ ഇതിലൂടെ സാധിക്കും. കഴിഞ്ഞ ദിവസം പമ്പയില്‍ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം നമുക്കൊരു പാഠമാണ്. ഇത്തരം സന്ദര്‍ഭത്തെ നേരിടുന്നതിന് സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള എല്ലാ സഹായവും ലഭ്യമാക്കും. പമ്പയില്‍ മേല്‍നോട്ട പ്രവര്‍ത്തനങ്ങള്‍ക്കായി നാല് ജൂനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. രണ്ടാഴ്ചയാണ് ഒരാള്‍ക്ക് ചുമതല. കൊച്ചുപമ്പ പോലെയുള്ള സ്ഥലങ്ങളില്‍ ദുരന്തമുണ്ടായാല്‍ അറിയിക്കാനുള്ള സംവിധാനത്തിന്റെ അപര്യാപ്തത പരിഹരിക്കണം. ബി.എസ്.എന്‍.എലുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെ സംവിധാനത്തിലൂടെ തീര്‍ഥാടന പാതയിലെ കാര്യങ്ങള്‍ മന്ത്രി നേരിട്ട് വിലയിരുത്തി. സുരക്ഷാ ദര്‍ശനം എന്ന പേരില്‍ തീര്‍ഥാടകരെ ബോധവത്ക്കരിക്കുന്നതിന് ദുരന്ത നിവാരണ അതോറിറ്റി തയാറാക്കിയ നോട്ടീസ് ജില്ലാ കളക്ടര്‍ക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു.
ഈ തീര്‍ഥാടന കാലം മുഴുവന്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. പമ്പ പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ തോംസണ്‍, ഐ.എല്‍.ഡി.എം ഡയറക്ടര്‍ കേശവ് മോഹന്‍, വാര്‍ഡംഗം രാജന്‍ വെട്ടിക്കല്‍, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.വി സുഭാഷ് എന്നിവര്‍ സംസാരിച്ചു.

പാത്രങ്ങള്‍ വിലകൂട്ടിവിറ്റതിന് രണ്ട്കടകള്‍ പൂട്ടിച്ചു

പാത്രങ്ങളില്‍ തൂക്കവും വിലയും രേഖപ്പെടുത്താതെ വിലകൂട്ടിവിറ്റതിന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് പി.ഗോപകുമാര്‍ മാളികപ്പുറത്തെയും പാണ്ടിത്താവളത്തെയും രണ്ട് കടകള്‍ അടച്ചുപൂട്ടിച്ചു. കൂടാതെ ഹോട്ടലുകളിലും മറ്റും സൂക്ഷിച്ചിട്ടുള്ള പഴകിയ പച്ചക്കറികള്‍, ചോറ്, ഉഴുന്നുവടകള്‍, മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍, എണ്ണ തുടങ്ങിയവ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. ശബരിമല സന്നിധാനത്ത് സ്റ്റീല്‍ അലുമിനിയം, ഓട് എന്നിവ കൊണ്ട് നിര്‍മിച്ച പാത്രങ്ങളും മറ്റും വില്‍ക്കുന്നതിന് നിശ്ചിതവില നിശ്ചയിച്ച് ജില്ലാകളക്ടര്‍ ഉത്തരവായിട്ടുള്ളതാണ്.
സാധനങ്ങള്‍ക്ക് വിലകൂട്ടി വിറ്റതിന് വിവിധ കടക്കാരില്‍ നിന്നും 65000 രൂപ പിഴ ഈടാക്കി. കടകളില്‍ എക്‌സിക്യൂട്ടീവ് മജിസ്ട്രറ്റ് കെ.മോഹന്‍കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എസ്. സന്തോഷ് കുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ പി.പ്രദീപ്, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ വി.എല്‍ അനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കല്ലുവാതുക്കല്‍ അജയകുമാര്‍, വില്ലേജ് ആഫീസര്‍ രാംദാസ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നും സാധനങ്ങള്‍ക്ക് വിലകൂട്ടിവില്‍ക്കുന്നതും മറ്റും ശ്രദ്ധയില്‍പ്പെട്ടാല്‍ കട അടപ്പിയ്ക്കുന്നതുള്‍പ്പെടെയുള്ള കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഡ്യൂട്ടി മജിസ്‌ട്രേറ്റ് പി. ഗോപകുമാര്‍ അറിയിച്ചു.

ഹൃദയാഘാതം മൂലം അയ്യപ്പന്‍ മരിച്ചു
ദര്‍ശനം കഴിഞ്ഞിറങ്ങിയ അയ്യപ്പന്‍ ഹൃദയാഘാതംമൂലം മരണപ്പെട്ടു. തമിഴ്‌നാട് സേലം പെരുമ്പട്ടിയില്‍ കത്തഗൗണ്ടര്‍ മകന്‍ മുരുഗന്‍ പി.കെ (30) ആണ് മരിച്ചത്. ദര്‍ശന ശേഷം ഭക്ഷണം കഴിക്കാനായി പോകവേ നമ്പ്യാര്‍ മഠത്തിന് സമീപം മുരുഗന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ സന്നിധാനത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഋഷിരാജ് സിങ് പുണ്യം പൂങ്കാവനത്തില്‍ പങ്കാളിയായി

എ.ഡി.ജി.പി ഋഷിരാജ് സിങ് പുണ്യം പൂങ്കാവനം പദ്ധതിയില്‍ പങ്കാളിയായി. പൊലീസ് യൂണിഫോമിലെത്തിയ അദ്ദേഹം സന്നിധാന പരിസര ശുചീകരണത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് അദേഹം പൊലീസ് കാന്റീന്‍ സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
സ്‌പെഷ്യല്‍ ഓഫീസര്‍ വിമല്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാണ്ടന്റ് പി.എസ് സുനില്‍കുമാര്‍, എന്‍.ഡി.ആര്‍.എഫ് ഡെപ്യൂട്ടി കമാണ്ടന്റ് ജി. വിജയന്‍, കോ-ഓര്‍ഡിനേറ്റര്‍ എന്‍ രാംദാസ്, ഡിവൈഎസ്പി ഷാജി സുഗുണന്‍, ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നം
അവഗണിക്കാനാവില്ല : മന്ത്രി
ശബരിമലയില്‍ തീര്‍ഥാടകര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്‌നം അവഗണിക്കാനാവില്ലെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന ബോധവത്ക്കരണ പരിപാടി നിലയ്ക്കല്‍ ഐ.ഒ.സി പെട്രോള്‍ പമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയില്‍ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും കൈകോര്‍ത്ത് മുന്നോട്ടുപോവുകയാണ്. പ്രതിവര്‍ഷം മൂന്ന് കോടി ജനം ശബരിമലയില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. സുരക്ഷയ്‌ക്കൊപ്പം ശുചിത്വത്തിനും പ്രാധാന്യം നല്‍കുന്ന പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ശുചിത്വമിഷന്‍ തയാറാക്കിയ ആറ് ഭാഷകളിലുള്ള പോക്കറ്റ് കാര്‍ഡുകള്‍ പെട്രോള്‍ പമ്പിലെത്തുന്ന തീര്‍ഥാടകര്‍ക്ക് നല്‍കുകയും വാഹനങ്ങളില്‍ ശബരിമല ശുചിയായി സൂക്ഷിക്കണമെന്ന സന്ദേശമടങ്ങിയ സ്റ്റിക്കര്‍ പതിക്കുകയുമാണ് ചെയ്യുന്നത്. ഇതോടൊപ്പം പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം തുണി സഞ്ചി നല്‍കും. പദ്ധതിയെ പിന്‍തുണച്ച് പരിപാടിക്കെത്തിയ കലഞ്ഞൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെ മന്ത്രി അഭിനന്ദിച്ചു. പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനായി ഐ.ഒ.സി 2000 ടീഷര്‍ട്ടുകള്‍ തയാറാക്കിയിട്ടുണ്ട്. പെട്രോള്‍ പമ്പിലെത്തിയ വാഹനങ്ങളില്‍ മന്ത്രി സ്റ്റിക്കര്‍ പതിച്ചു. തുണി സഞ്ചിയും ബോധവത്ക്കരണ കാര്‍ഡുകളും വിതരണം ചെയ്തു.
ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ അധ്യക്ഷത വഹിച്ചു. ഐ.ഒ.സി സീനിയര്‍ ഡിവിഷണല്‍ റീട്ടെയില്‍ സെയില്‍സ് മാനേജര്‍ കെ.രഘു മുഖ്യപ്രഭാഷണം നടത്തി. ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ സുധാകരന്‍, റാന്നി-പെരുനാട് പഞ്ചായത്തംഗം രാജന്‍ വെട്ടിക്കല്‍, ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.കെ രവിശങ്കര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ ജി.ശശികല എന്നിവര്‍ സംസാരിച്ചു.

പ്ലാസ്റ്റിക് ദുരന്തം നേരിടേണ്ടിവരിക ഭാവിതലമുറ : മന്ത്രി

പ്ലാസ്റ്റിക്കിന്റെ ദുരന്ത ഫലം നേരിടേണ്ടിവരിക ഭാവിതലമുറയാണെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. ളാഹ ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ ജില്ലാ ഭരണകൂടവും കുടുംബശ്രീയും വനം വകുപ്പും ശുചിത്വമിഷനും സംയുക്തമായി നടപ്പാക്കുന്ന മിഷന്‍ ഗ്രീന്‍ ശബരിമല ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്ലാസ്റ്റിക് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കും. ഭാവി തലമുറയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴെ തുടങ്ങണം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ ബോധവത്ക്കരണം അത്യാവശ്യമാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്നത് ഒരു പുണ്യകര്‍മമാണ്. മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയിലൂടെ ശബരിമലയിലെ പ്ലാസ്റ്റിക് മാലിന്യം വരുംകാലങ്ങളില്‍ പൂര്‍ണമായി ഒഴിവാക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. മിഷന്‍ ഗ്രീന്‍ ശബരിമല എന്ന ആശയത്തെ വിപുലമായ രീതിയില്‍ നടപ്പാക്കാന്‍ മുന്‍കൈയെടുത്ത ജില്ലാ കളക്ടര്‍ എസ്.ഹരികിഷോറിനെ മന്ത്രി അഭിനന്ദിച്ചു. തീര്‍ഥാടകരുടെ വാഹനങ്ങളില്‍ മന്ത്രി ബോധവത്ക്കരണ സ്റ്റിക്കര്‍ പതിക്കുകയും ബോധവത്ക്കരണ കാര്‍ഡുകളും തുണി സഞ്ചിയും വിതരണം ചെയ്യുകയും ചെയ്തു. റിക്കാര്‍ഡ് ചെയ്ത ബോധവത്ക്കരണ സന്ദേശം തീര്‍ഥാടകരെ കേള്‍പ്പിച്ചു. ആറു ഭാഷകളില്‍ സന്ദേശം തയാറാക്കിയിട്ടുണ്ട്.
ശബരിമലയില്‍ പ്ലാസ്റ്റിക് ഉപേക്ഷിക്കുന്ന സ്വഭാവത്തിനു മാറ്റം വരുത്തിയെങ്കില്‍ മാത്രമെ ഇവിടം പ്ലാസ്റ്റിക് മുക്തമാകു എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കള്കടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അനുമോദിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.കെ ജയ, ജില്ലാ പഞ്ചായത്തംഗം പി.വി വര്‍ഗീസ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, റാന്നി-പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് ബീന സജി, റാന്നി ഡി.എഫ്.ഒ എസ്.ജനാര്‍ദ്ദനന്‍, ബ്ലോക്ക് പഞ്ചായത്തംഗം ചിഞ്ചു അനില്‍, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ സുധാകരന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ മധുസൂദനന്‍, പദ്ധതി സ്‌പോണ്‍സര്‍ ചെയ്യുന്ന കൊക്കക്കോള കമ്പനിയുടെ ജനറല്‍ സെയില്‍സ് മാനേജര്‍ പ്രമോദ് വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. റാന്നി അങ്ങാടി പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

'തണ്ണിയില്‍ വേട്ടി പോടാതുങ്കെ സ്വാമി'

'തണ്ണിയില്‍ വേട്ടി പോടാതുങ്കെ സ്വാമി'. പമ്പയില്‍ കുളിക്കാനിറങ്ങുന്ന തീര്‍ഥാടകര്‍ക്ക് സമീപം പമ്പയില്‍ തുണി ഉപേക്ഷിക്കരുതെന്നും അത് നിയമവിരുദ്ധമാണെന്നുമുള്ള ബോധവത്ക്കരണ സന്ദേശവുമായി വിദ്യാര്‍ഥികളെത്തിയത് കൗതുകം പകര്‍ന്നു. അന്യസംസ്ഥാന തീര്‍ഥാടകര്‍ക്ക് സമീപം അവരുടെ ഭാഷയില്‍ സന്ദേശമെഴുതിയ പ്ലക്കാര്‍ഡും പിടിച്ചാണ് പത്തനംതിട്ട ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ എത്തുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലുള്ള സന്ദേശം കുട്ടികള്‍ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ ഇതര സംസ്ഥാന തീര്‍ഥാടകര്‍ക്കും സന്തോഷമായി. പമ്പയെ സംരക്ഷിക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം നിറഞ്ഞ മനസോടെ അവര്‍ അംഗീകരിച്ചു.
പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കുന്നത് തടയുന്നതിനും മലിനപ്പെടുത്തരുതെന്ന സന്ദേശം പകരുന്നതിനുമാണ് ജില്ലാ ഭരണകൂടവും ഹയര്‍ സെക്കന്‍ഡറി വകുപ്പും മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികളെ ഉപയോഗിച്ച് ബോധവത്ക്കരണം നടത്തുന്നത്. ഒരു ദിവസം 50 വിദ്യാര്‍ഥികളാണ് പമ്പയുടെ തീരത്ത് തീര്‍ഥാടകരെ ബോധവത്ക്കരിക്കാനെത്തുന്നത്. മിഷന്‍ ഗ്രീന്‍ ശബരിമലയുടെ പ്രത്യേക യൂണിഫോമും ആറ് ഭാഷകളിലുള്ള സന്ദേശമടങ്ങിയ ബോര്‍ഡും പിടിച്ചാണ് ഇവര്‍ സേവനം ചെയ്യുന്നത്.
റവന്യു വകുപ്പിന്റെ വാഹനങ്ങളിലാണ് വിദ്യാര്‍ഥികളെ പമ്പയിലെത്തിക്കുന്നത്. ഇവര്‍ക്കുള്ള ഭക്ഷണവും വകുപ്പ് ഒരുക്കുന്നു. പദ്ധതിയുടെ ഭാഗമാക്കാന്‍ വിദ്യാര്‍ഥികള്‍ സ്വയം തയാറായി മുന്നോട്ടുവരുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം വിതരണം മന്ത്രി അടൂര്‍ പ്രകാശ് ഇന്നലെ പമ്പയില്‍ ഉദ്ഘാടനം ചെയ്തു. മാതൃകാപരമായ പ്രവര്‍ത്തനമാണ് വിദ്യാര്‍ഥികളുടേതെന്നും ഇത് മറ്റുള്ളവര്‍ക്കും പ്രചോദനം പകരുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല : കാറപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്
നിലയ്ക്കലിനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. വാഹനത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറുപേര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവര്‍ക്ക് നിലയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയതിനുശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സേഫ്‌സോണ്‍ ഡ്യൂട്ടിയിലുള്ള തിരുവനന്തപുരം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ എ.കെ ശശികുമാര്‍, ആറ്റിങ്ങള്‍ എം.വി.ഐ എസ്.ബിജു, എറണാകുളം ഇന്‍ഫോപാര്‍ക്ക് സി.ഐ സാജന്‍ സേവ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. 
പമ്പ സംരക്ഷണത്തിന് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും
പമ്പ സംരക്ഷണത്തിന് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും
പമ്പ സംരക്ഷണത്തിന് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും
പമ്പ സംരക്ഷണത്തിന് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും
പമ്പ സംരക്ഷണത്തിന് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും
പമ്പ സംരക്ഷണത്തിന് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും
പമ്പ സംരക്ഷണത്തിന് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും
പമ്പ സംരക്ഷണത്തിന് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും
പമ്പ സംരക്ഷണത്തിന് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും
പമ്പ സംരക്ഷണത്തിന് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും
പമ്പ സംരക്ഷണത്തിന് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക