Image

`ഭാഷയ്‌ക്കൊരു ഡോളര്‍' ഫൊക്കാനയുടെ തിലകക്കുറി

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 19 January, 2012
`ഭാഷയ്‌ക്കൊരു ഡോളര്‍' ഫൊക്കാനയുടെ തിലകക്കുറി
ന്യൂയോര്‍ക്ക്‌: മലയാളഭാഷാ പരിപോഷണം ലക്ഷ്യമിട്ട്‌ ഫൊക്കാന ഏര്‍പ്പെടുത്തിയിരിക്കുന്ന `ഭാഷയ്‌ക്കൊരു ഡോളര്‍' പദ്ധതി ഫൊക്കാനയുടെ തിലകക്കുറിയാണെന്ന്‌ ഈ പദ്ധതിയുടെ ശില്‌പികളായ ഡോ. എം.വി.പിള്ള, ഡോ. എം. അനിരുദ്ധന്‍, ഡോ. പാര്‍ത്ഥസാരഥി പിള്ള, ശ്രീ സണ്ണി വൈക്ലിഫ്‌ എന്നിവര്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്തുനടന്ന പ്രൗഢമായ ചടങ്ങില്‍ വെച്ച്‌ ഭാഷയ്‌ക്കൊരു ഡോളര്‍ പുരസ്‌ക്കാരം ഡോ. ബി. ഭുവനചന്ദ്രന്‌ നല്‍കിയ വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു ഈ ഭാഷാസ്‌നേഹികള്‍. ഈ നിമിഷം ഞങ്ങള്‍ ഏറെ കൃതാര്‍ത്ഥരാണെന്നും അവര്‍ പറഞ്ഞു

തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ ഡോ. എം. അനിരുദ്ധന്‍ പങ്കെടുത്തിരുന്നു. ലോകപ്രശസ്‌തനായ മലയാള സാഹിത്യകാരനും ഭിഷഗ്വരനുമായ ഡോ. എം.വി. പിള്ളയുടെ ഭാവനയിലുദിച്ച ആശയമാണ്‌ `ഭാഷയ്‌ക്കൊരു ഡോളര്‍' എന്ന പദ്ധതി. 1992ലെ ഫൊക്കാന വാഷിംഗ്‌ടണ്‍ കണ്‍വന്‍ഷനിലാണ്‌ അദ്ദേഹം ഈ ആശയം മുന്നോട്ടു വെച്ചത്‌. ഡോ. പാര്‍ത്ഥസാരഥി പിള്ളയായിരുന്നു അന്നത്തെ ഫൊക്കാന പ്രസിഡന്റ്‌.

മലയാള ഭാഷയെ പ്രാണവായുവിനെപ്പോലെ കരുതുന്ന ഈ മഹാപ്രതിഭയുടെ ആശയം ഡോ. എം. അനിരുദ്ധന്‍, ഡോ. പാര്‍ത്ഥസാരഥി പിള്ള, ശ്രീ സണ്ണി വൈക്ലിഫ്‌ എന്നിവരുടെ അശ്രാന്തപരിശ്രമവും പരിലാളനവുമേറ്റപ്പോള്‍ ഭാഷയ്‌ക്കൊരു ഡോളറായി വളര്‍ന്നു പന്തലിച്ച്‌ ഫൊക്കാനയുടെ അഭിമാനമായിത്തീരുകയും മലയാള ഭാഷാസ്‌നേഹികള്‍ക്ക്‌ ഒരു തണല്‍ വൃക്ഷമാകുകയും ചെയ്‌തു. മാതൃഭാഷയെ മാറോടു ചേര്‍ത്ത്‌ പിടിക്കുന്ന അമേരിക്കന്‍ മലയാളികള്‍ ഈ വൃക്ഷത്തെ ഇപ്പോഴും ശ്രദ്ധയോടെ പരിപാലിച്ചു വരുന്നു.

ഭാഷയ്‌ക്കൊരു ഡോളര്‍ പദ്ധതി കേരള യൂണിവേഴ്‌സിറ്റിയുമായി ബന്ധിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച കോ-ഓര്‍ഡിനേറ്റര്‍ എന്‍.ആര്‍.എസ്‌. ബാബു, കേരള യൂണിവേഴ്‌സിറ്റി പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസര്‍ എസ്‌.ഡി. പ്രിന്‍സ്‌, അഡ്വ. അബ്ദുല്‍ റഷീദ്‌ എന്നിവരെ നന്ദിയോടെ സ്‌മരിക്കുന്നു എന്ന്‌ ഫൊക്കാന നേതാക്കള്‍ പറഞ്ഞു.

ഭാഷാസ്‌നേഹികള്‍ക്കുവേണ്ടി ഫൊക്കാന ഏര്‍പ്പെടുത്തിയിട്ടുള്ള ഈ പദ്ധതിയുടെ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള സണ്ണി വൈക്ലിഫ്‌, ഡോ. പാര്‍ത്ഥസാരഥി പിള്ള എന്നിവരോട്‌ അകൈതവമായ കൃതജ്ഞത ഫൊക്കാന ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌ അറിയിച്ചു.
`ഭാഷയ്‌ക്കൊരു ഡോളര്‍' ഫൊക്കാനയുടെ തിലകക്കുറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക