Image

ഫിലഡല്‍ഫിയ വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റും(പി.ഡബ്ല്യൂ.ഡി) യും ശുദ്ധജല വിതരണവും- നീനപനയ്ക്കല്‍

നീനപനയ്ക്കല്‍ Published on 30 November, 2015
ഫിലഡല്‍ഫിയ വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റും(പി.ഡബ്ല്യൂ.ഡി) യും ശുദ്ധജല വിതരണവും- നീനപനയ്ക്കല്‍
നമ്മുടെ ശരീരത്തിന്റെയും, രാജ്യത്തിന്റെ സാമ്പത്തിക നിലയുടെയും ക്ഷേമകരമായ അവസ്ഥയുടെയും ജീവരക്തമാണു ജലം എന്നു പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ തലവനായ മിസ്റ്റര്‍ സ്റ്റീഫന്‍ ജോണ്‍സണ്‍ പറയുന്നു.
വെള്ളം ജീവന്റെ മാറ്ററും മാട്രിക്‌സും, മദറും മീഡിയവും ആണെന്നും, വെള്ളമില്ലാതെ ജീവിതമില്ലെന്നും വൈദ്യശാസ്ത്രത്തില്‍ നോബല്‍ സമ്മാനജേതാവായ അല്‍ബെര്‍ട്ട് സെന്റ് ജ്യോജിയും.(വാട്ടര്‍ ഈസ് ലൈഫ്‌സ് മെയ്‌റ്റെര്‍ ആന്‍ഡ് മാട്രിക്‌സ്, മദര്‍ ആന്‍ഡ് മീഡിയം. ദെയര്‍ ഈസ് നോ ലൈഫ് വിത്തൗട്ട് വാട്ടര്‍.... ഹങ്കേറിയന്‍ ബയൊകെമിസ്റ്റ്- നോബെല്‍ പ്രൈസ് വിന്നര്‍)
ഖരം, ദ്രവം, വാതകം എന്നീ രൂപങ്ങളുള്ള ഭൂമിയിലെ ഒരേ ഒരു പദാര്‍ത്ഥം.
മൂന്നു ദിവസം ഭക്ഷണം കഴിയാതെ, വെള്ളം മാത്രം കുടിച്ച് ജീവിക്കാന്‍ മനുഷ്യനു സാധിക്കും. എന്നാല്‍ വടക്കേ ഇന്ത്യയില്‍ ശുദ്ധജലം മാത്രം പാനം ചെയ്ത് നാല്‍പ്പത് ദിവസത്തെ വ്രതമാചരിക്കുന്ന സ്ത്രീരത്‌നങ്ങളുണ്ടെന്നത് സത്യം മാത്രം.
മനുഷ്യ ശരീരത്തില്‍ ശരാശരി 80% വെള്ളമാണ്. ഒരു വയസ്സില്‍ താഴെയുള്ള ശരീരത്തില്‍ 78 %, ഒരു വയസ്സിനു മുകളില്‍ 65% വും പ്രായമായ പുരുഷ ശരീരത്തില്‍ 60% വും, സ്ത്രീ ശരീരത്തില്‍ 55% വും ജലമാണത്രെ.
കുടിക്കാനും, കുളിക്കാനും നനയ്ക്കാനും തുടങ്ങി പരശ്ശതം ആവശ്യങ്ങള്‍ക്ക് നാം ഉപയോഗിക്കുന്ന, നമ്മുടെ ടാപ്പിലൂടെ വരുന്ന വെള്ളം എത്രമാത്രം ശുദ്ധമാണെന്ന്, എങ്ങിനെയാണു ജലം ശുദ്ധീകരിക്കുന്നതെന്ന്, എവിടെ നിന്നാണ് ശുദ്ധീകരിക്കാനുള്ള ജലം ഫിലാഡല്‍ഫിയ വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റിനു ലഭ്യമാകുന്നതെന്ന് അറിയുന്നത് രസകരമായിരിക്കുമല്ലൊ.
2014 ഏപ്രില്‍ മാസത്തില്‍, പി.ഡബ്ലിയൂ.ഡി സമര്‍പ്പിച്ച വാട്ടര്‍ ക്വാളിറ്റി റിപ്പോര്‍ട്ടില്‍ ഉറപ്പിച്ചു പറയുന്ന കാര്യം, 'ദി ഗുഡ് ന്യൂസ് ഈസ് യുവര്‍ റ്റാപ്പ് വാട്ടര്‍ ഈസ് ടോപ്പ് ക്വാളിറ്റി' എന്നാണ്. അമേരിക്കയുടെ എന്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി(ഈ.പി.എ.) ആവശ്യപ്പെടുന്ന അളവിനേക്കാള്‍ ഗുണമേന്മയുള്ള വെള്ളമാണ് പി.ഡബ്ലിയൂ.ഡി. നമുക്ക് നല്‍കുന്നത്.
ഡലവെയര്‍, സക്യൂള്‍ക്കില്‍ എന്നീ നദികളില്‍ നിന്നുമാണ് ഫിലഡല്‍ഫിയായ്ക്ക് ആവശ്യമായ ശുദ്ധജലനിര്‍മ്മാണത്തിനുള്ള വെള്ളം പി.ഡബ്ലിയൂ.ഡി.പമ്പ്‌ചെയ്ത് എടുക്കുന്നത്.
ലക്ഷക്കണക്കിനു ഗ്യാലന്‍ ശുദ്ധീകരിച്ച വെള്ളം ദിനവും നദികളിലേക്ക് തിരികെ പമ്പ് ചെയ്ത് വിടുകയും ചെയ്യുന്നു.
ഡലവെയര്‍, സ്‌ക്യൂള്‍ക്കിള്‍ നദികളുടെ ഒരല്പം ചരിത്രം: 
രുചികരമായ ദശയുള്ള ഷാഡ് മല്‍സ്യങ്ങള്‍ തിങ്ങി നിറഞ്ഞ കിഴക്കന്‍ തീരപ്രദേശത്തെ(ഈസ്റ്റ് കോസ്റ്റ്) ഏറ്റവും പ്രശസ്തമായ നദിയായിരുന്നു ഒരുകാലത്ത് ഡലവെയര്‍ നദി. പില്‍ക്കാലത്ത് നദീജലം മലിനമാവുകയും ഷാഡുകള്‍ എങ്ങോട്ടൊക്കെയോ പോയി മറയുകയും, നദിയുടെ അടിത്തട്ടില്‍ ജീവിക്കാനിഷ്ടപ്പെടുന്ന 'സ്ടൃജിയണ്‍' എന്ന ചെമ്പലില്ലാത്ത വലിയ മല്‍സ്യങ്ങള്‍ നദിയില്‍ ആധിപത്യം സ്ഥാപിക്കയും ചെയ്തു. ഈ മല്‍സ്യങ്ങള്‍ ചെറിയ ബോട്ടുകള്‍ക്ക് ഭീഷണിയായി തീരുന്നു എന്ന് ഫിലഡല്‍ഫിയ സിറ്റിക്ക് രൂപരേഖ നല്‍കി വികസിപ്പിച്ചെടുത്ത വില്യം പെന്‍ പരാതി പറഞ്ഞതായി ചരിത്രത്തില്‍ കാണുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ഈ നദിയിലെ ജലം കറുത്ത് ഒരു തുറന്ന അഴുക്കുചാല്‍(സ്യൂവര്‍) ആയിത്തീര്‍ന്നു. 1940 കളില്‍ ഫിലഡല്‍ഫിയയുടെ 85% മാലിന്യങ്ങളും ഈ നദിയിലേക്കാണ് ഒഴുക്കി വിട്ടിരുന്നത്. ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള ഹൈഡ്രജന്‍ സള്‍ഫൈഡ് വാതകം ഈ അഴുക്കില്‍ നിന്നുമുയര്‍ന്ന് കപ്പലുകളുടെയും, നദിക്കരയിലെ കെട്ടിടങ്ങളുടെയും ലോഹങ്ങളെ ദ്രവിപ്പിച്ചു കളഞ്ഞിരുന്നു. മലിനജലത്തില്‍ ഒഴുകിനടക്കുന്ന വസ്തുക്കള്‍ കപ്പലുകളുടെ എഞ്ചിനുകള്‍ക്കകത്തു കയറി അടഞ്ഞ് അവയെ പ്രവര്‍ത്തന രഹിതമാക്കുക പതിവായി. ബ്രോഡ് സ്ട്രീറ്റിലും, ചെസ്റ്റ്‌നട്ട് സ്ട്രീറ്റിലും വരെ ഈ നദിയുടെ നാറ്റം എത്തുന്നു എന്ന് ഒരു പത്രം എഴുതി.
മല്‍സ്യങ്ങള്‍ക്ക് ജീവിക്കണമെങ്കില്‍ വെള്ളത്തില്‍ ജീവവായുവായ ഓക്‌സിജന്‍ കലര്‍ന്നിരിക്കണം, ഒരു മില്യണ്‍ ഗ്രാം ജലത്തിനു ആറുമുതല്‍ ഏഴുവരെ ഗ്രാം ഓക്‌സിജന്‍. എന്നാല്‍ 1946 ന്റെ അവസാനത്തില്‍ ബെന്‍ ഫ്രാങ്കഌന്‍ ബ്രിഡ്ജ് മുതല്‍ ബ്രിഡ്ജ്‌പോര്‍ട്ട് ഡലവെയര്‍ വരെ ഇരുപതു മൈല്‍ ദൂരത്തില്‍ ഡലവെയര്‍ നദിയില്‍ മല്‍സ്യങ്ങള്‍ ഇല്ലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ നദി ചത്തിരുന്നു, ദി റിവര്‍ വാസ് ഡെഡ്.
1953 ല്‍ മൂന്നു ജല ശുദ്ധീകരണ ശാലകളും(പ്ലാന്റുകളും) പ്രവര്‍ത്തിച്ചതോടെ ഷാഡുകള്‍ കൂട്ടമായി ഡലവെയറിലേക്ക് മടങ്ങി വന്നു. ഇപ്പോള്‍ നാല്‍പ്പത്തി മൂന്നു തരം മല്‍സ്യങ്ങല്‍ ഫിലഡല്‍ഫിയായുടെ ഭാഗത്തു കൂടെ ഒഴുകുന്ന ഡലവെയര്‍ നദിയില്‍ ജീവിക്കുന്നു.
സ്‌ക്യൂള്‍ക്കില്‍ നദിയും തീരെ വൃത്തിയില്ലാതെ കിടന്നിരുന്നു. ഓട മാലിന്യങ്ങളും, വീടുകളിലെ അഴുക്കുചാലുകളും(സ്യൂവര്‍) ഖനികളില്‍ നിന്നുള്ള മാലിന്യങ്ങളും ഈ നദിയിലെ ജലത്തെ വിഷലിപ്തമാക്കിയിരുന്നു.
ഇന്ന് ഉന്നത ഗുണമേന്മയുള്ള വെള്ളം പി.ഡബ്ലിയൂ.ഡി. നമുക്ക് തരുന്നതിന് ആധാരമായിരിക്കുന്നത് ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും ഗ്രൗണ്ട് ബ്രേക്കിങ്ങ് റീസേര്‍ച്ചുകളുമാണ്.
ചിലര്‍ക്ക് സാധാരണക്കാരെപ്പോലെ വെള്ളത്തിലെ ചില മാലിന്യങ്ങള്‍(ശുദ്ധീകരിച്ച വെള്ളത്തിലും മാലിന്യങ്ങള്‍ കാണും, 100% ശുദ്ധമല്ല ബോട്ടിലുകളില്‍ കിട്ടുന്ന വെള്ളം പോലും) ശരീരത്തിനുള്‍ക്കൊള്ളാന്‍ സാധിക്കില്ല. ഉദാഹരണമായി, കീമോ തെറാപ്പി ചികില്‍സയിലിരിക്കുന്നവര്‍, ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് നടത്തിയവര്‍, എച്ച്.ഐ.വി/എയിഡ്‌സ് തുടങ്ങിയ ഇമ്മ്യൂണ്‍ ഡിസോര്‍ഡേഴ്‌സ് ഉള്ളവര്‍. ഇവര്‍ക്ക് രോഗപ്രതിരോധ ശക്തി കുറവായാല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാകുന്നു. അവര്‍ തങ്ങളുടെ ഡോക്ടര്‍മാരോട് ഉപദേശം തേടണമെന്ന് പി.ഡബ്ലിയൂ.ഡി. ആവശ്യപ്പെടുന്നു.
അമേരിക്കന്‍ വാട്ടര്‍ റിസോഴ്‌സസ് അസോസ്സിയേഷന്‍, അമേരിക്കന്‍ വാട്ടര്‍ വര്‍ക്ക്‌സ് അസ്സോസിയേഷന്‍, അമേരിക്കന്‍ പബ്ലിക്ക് വര്‍ക്ക്‌സ് അസ്സോസിയേഷന്‍, വാട്ടര്‍ റിസേര്‍ച്ച് ഫൗണ്ടേഷന്‍ തുടങ്ങി നിരവധി ഏജന്‍സികളിലും ഫൗണ്ടേഷനുകളിലും പി.ഡബ്ലിയൂ.ഡി.യ്ക്ക് സജീവമായ അംഗത്വമുണ്ട്.
വെള്ളത്തെ മലിനമാക്കുന്നത് എന്തൊക്കെയാണ്?
സ്യൂവറുകളില്‍ നിന്നും, കൃഷ്ടിയിടങ്ങളിലെ പക്ഷി മൃഗാദികളില്‍ നിന്നും കാട്ടുപക്ഷികളില്‍ നിന്നും ഉള്ള ബാക്ടീരിയ, വൈറസ് എന്നിവ, പെറ്റിസൈഡ് ഹെര്‍ബിസൈഡ്കള്‍, ഓര്‍ഗാനിക്കും അല്ലാത്തതുമായ രാസപദാര്‍ത്ഥങ്ങള്‍, സ്വാഭാവികമായി ഉണ്ടാകുന്നതോ, ഓയില്‍, ഗ്യാസ് എന്നിവയുടെ നിര്‍മ്മാണം മൂലം ഉല്‍പ്പാദിപ്പിക്കപ്പെടുന്നതോ ആയ റേഡിയോ ആക്റ്റീവ് മറ്റേരിയലുകള്‍, ലെഡ്, മരുന്നുകള്‍(ഫാര്‍മസ്യൂട്ടിക്കല്‍സ്)
ജലശുദ്ധീകരണ ശാലകള്‍(വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്‌സ്)
1) ബാക്സ്റ്റര്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്
1909-ല്‍ ഈ പ്ലാന്റ് ആരംഭിക്കുമ്പോള്‍ ഇതിനു ടോറസ്‌ഡെയില്‍ പ്ലാന്റ് എന്നായിരുന്നു പേര്‍. 1982-ല്‍ ഈ പേരു മാറ്റി ഫിലഡെല്‍ഫിയായുടെ വാട്ടര്‍ കമ്മീഷ്ണര്‍ ആയിരുന്ന മിസ്റ്റര്‍ സാമുവല്‍ എസ് ബാക്സ്റ്ററെ ആദരിച്ച് അദ്ദേഹത്തിന്റെ പേരു നല്‍കി. ഡെലവെയര്‍ നദീജലമാണ് ഈ പ്ലാന്റ് ശുദ്ധിചെയ്യുന്നത്. സിറ്റിയിലെ 60% ജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള വെള്ളം ഈ പ്ലാന്റ് വഴി ശുദ്ധജലം നല്‍കാന്‍ കഴിയുന്നു. ഒരു ദിവസം ശരാശരി 200 മില്യണ്‍ ഗാലന്‍ വെള്ളം ഇവിടെ ശുദ്ധീകരിക്കപ്പെടുന്നു, നദിയിലേക്ക് ക്ലീന്‍ വാട്ടര്‍ തിരികെ പമ്പ് ചെയ്യുന്നു.
2) ബെല്‍മാണ്‍ ട് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്
സ്‌ക്യൂള്‍ക്കില്‍ നദിയിലെ 40 മില്യന്‍ ഗാലന്‍ വെള്ളം ദിവസേന ശുദ്ധിയാക്കുന്നു. ഡെലവെയര്‍ നദിയിലേക്കാള്‍ അധികം ലവണങ്ങള്‍ ഈ നദീജലത്തിലടങ്ങിയിരിക്കുന്നു.
3) ക്വീന്‍ ലെയിന്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്
ശരാശരി 70 മില്യന്‍ ഗാലന്‍ വെള്ളം ഓരോ ദിവസവും ശുദ്ധിയാക്കുന്നു. ഈ പ്ലാന്റും സ്‌ക്യൂള്‍ക്കില്‍ നദിയിലെ വെള്ളമാണുപയോഗിക്കുന്നത്. ഇരു പ്ലാന്റുകളും കൂടി സിറ്റിയുടെ ശേഷിച്ച 40% ജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ജലം ക്ലീന്‍ ചെയ്യുന്നു.
ഒരുതരം പിഴിഞ്ഞെടുക്കല്‍ പ്രക്രിയയാണ് കുടിവെള്ള ശുദ്ധീകരണം എന്നു പറയാം. ദിവസത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ പ്ലാന്റുകള്‍ ഓരോന്നിനും അതിന്റേതായ പരീക്ഷണ സമ്പ്രദായങ്ങള്‍ ഉണ്ട്. ഓരോ മൂന്നു മണിക്കൂറിലും വെള്ളം പരിശോധിക്കുന്നതു മൂലം ക്ലീനിങ്ങില്‍ ആവശ്യമായ ക്രമീകരണം നടത്താന്‍ സാധിക്കുന്നു. പ്ലാന്റുകളിലെ ശാസ്ത്രജ്ഞന്മാര്‍ ശുദ്ധീകരണം നിയന്ത്രണാധീനമാക്കാനായി വര്‍ഷം തോറും 350,000 പരീക്ഷണങ്ങള്‍ നടത്തുന്നു. ഡിജിറ്റല്‍ ആനലൈസേഴ്‌സ് നിരന്തരം പ്രവര്‍ത്തിപ്പിച്ചും ജലപരിശോധന നടത്തുന്നു. നദിയുടെ ഒഴുക്കിനെതിരെ ഒരു ഓയില്‍ സ്പില്‍ നടന്നാന്‍ നദിയില്‍ നിന്ന് പ്ലാന്റിലേക്ക് തുറക്കുന്ന പൈപ്പുകള്‍ അടയ്ക്കാന്‍ ഇതുമൂലം സാധിക്കും. പ്ലാന്റ് സൂപ്പര്‍വൈസര്‍മാര്‍ 24 മണിക്കൂറും ഓണ്‍-കാളിലാണ്.
ജലശുദ്ധീകരണ ശാലകള്‍ ശുദ്ധീകരിച്ച വെള്ളത്തെ ബ്യൂറോ ഓഫ് ലബോറട്ടറി സര്‍വീസസ് പിന്നെയും പരിശോധിക്കുന്നു. രസതന്ത്ര ശാസ്ത്രജ്ഞരും, ജലജീവ ശാസ്ത്രജ്ഞരും മറ്റു ലാബ് സ്‌പെഷ്യലിസ്റ്റുകളും തുടര്‍ച്ചയായി വെള്ളം നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നു. ജലശുദ്ധീകരണശാലയില്‍നിന്നും, നമ്മുടെ ടാപ്പില്‍ എത്തുന്നതുവരെയുള്ള യാത്രയില്‍ 68 ഓളം വിവിധയിടങ്ങളില്‍ നിന്ന് വെള്ളമെടുത്ത് ടെസ്റ്റ് ചെയ്ത് ഉറപ്പു വരുത്തുന്നു. പ്രതിവര്‍ഷം 100,000 ജലവൈശിഷ്ട്യ പരിശോധനകളാണ് ബ്യൂറോ ഓഫ് ലബോട്ടറി സര്‍വീസസ് നടത്തുന്നത്.


ഫിലഡല്‍ഫിയ വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റും(പി.ഡബ്ല്യൂ.ഡി) യും ശുദ്ധജല വിതരണവും- നീനപനയ്ക്കല്‍
Join WhatsApp News
Ajith 2015-12-02 08:29:10
very informative article. I hv shared this with my friend who is a Phd in this area and doing studies in water quality in kerala 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക