Image

മലകയറ്റത്തിനിടയില്‍ തീര്‍ത്ഥാടകര്‍ വിശ്രമമെടുക്കണം

അനില്‍ പെണ്ണുക്കര Published on 30 November, 2015
മലകയറ്റത്തിനിടയില്‍ തീര്‍ത്ഥാടകര്‍ വിശ്രമമെടുക്കണം
മലകയറ്റത്തിനിടയില്‍ ആവശ്യമായ വിശ്രമമെടുക്കുകയും ആരോഗ്യപരമായ മുന്‍കരുതലുകളെടുക്കുകയും ചെയ്താല്‍ സുഗമമായ മലകയറ്റം ഉറപ്പാക്കാന്‍ കഴിയുമെന്ന് ആരോഗ്യവകുപ്പ് നോഡല്‍ ഓഫീസര്‍ ജി.എസ് സുരേഷ്ബാബു പറഞ്ഞു. കുത്തനെയുള്ള കയറ്റങ്ങളായ നീലിമല, കരിമല, അപ്പാച്ചിമേട് എന്നിവ കയറുമ്പോഴും കയറിക്കഴിഞ്ഞും വിശ്രമിക്കണം. പ്രായമായവര്‍, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍ തുടങ്ങിയവരുടെ ആരോഗ്യകാര്യത്തില്‍ പ്രതേ്യക ശ്രദ്ധചെലുത്താന്‍ കൂടെയുള്ളവര്‍ തയ്യാറാകണം. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ആരോഗ്യവകുപ്പിന്റെ കാര്‍ഡിയോളജി സെന്ററുകളിലും ആശുപത്രികളിലും ഒരുക്കിയിട്ടുണ്ട് എന്നാല്‍ വിശ്രമിക്കാതെയുള്ള മലകയറ്റവും ആവശ്യമായ വൈദ്യസഹായം തേടുകയും ചെയ്യാത്തത് ചെറുപ്പക്കാര്‍ക്ക് പോലും അപകടം വരുത്തിവെക്കുന്നതായി അദേഹം ചൂണ്ടിക്കാട്ടി.
നീലിമല, അപ്പാച്ചിമേട്, ചരല്‍ക്കുന്ന്, സന്നിധാനം എന്നിവിടങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്ന കാര്‍ഡിയോളജി സെന്ററുകളില്‍ തീര്‍ത്ഥാടകര്‍ പരിശോധനയ്ക്ക് തയാറാകണം, തളര്‍ച്ചയോ മറ്റോ അനുഭവപ്പെട്ടാല്‍ വിവിധയിടങ്ങളില്‍ തയാറാക്കിയിരിക്കുന്ന ഓക്‌സിജന്‍ പാര്‍ലറുകള്‍, പ്രഥമ ശുശ്രൂഷാ കേന്ദ്രങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കണം. മലകയറുമ്പോള്‍ അമിതമായ ഹൃദയമിടിപ്പ്, ശ്വാസ തടസം മുതലായവ ഉണ്ടാകുന്നെങ്കില്‍ ഉടനടി വൈദ്യ സഹായം തേടുകയും വിശ്രമിക്കുകയും ചെയ്യണം. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടു പിടിക്കുന്നതിന് സഹാസ് കാര്‍ഡിയോളജി സെന്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ട്. മലകയറുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക വ്യതിയാനങ്ങള്‍ ഹൃദ്‌രോഗമാകാം. എന്നാല്‍ ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ തന്നെ ശരീര വേദനയ്‌ക്കൊപ്പം കാണണമെന്നില്ല. ഇത്തരം സാഹചര്യങ്ങള്‍ കൂടി ഭക്തര്‍ കണക്കിലെടുക്കണം.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റിന്റെ ഭാഗമായുള്ള ഓക്‌സിജന്‍ പാര്‍ലര്‍, പ്രഥമ ശുശ്രൂഷാ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം സന്നിധാനത്തും പമ്പ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ആരംഭിച്ചിട്ടുണ്ട്. നീലിമല ബോട്ടം, നീലിമല -2, നീലിമല-3, നീലിമല ടോപ്പ്, അപ്പാച്ചിമേട് താഴ്ഭാഗം, അപ്പാച്ചിമേട് മിഡില്‍,അബ്ബാസ്‌ക്യാമ്പ് ഷെഡ്, അപ്പാച്ചിമേട് മുകളില്‍, ലക്ഷ്മി ഹോസ്പിറ്റല്‍, ശബരിപീഠം, മരക്കൂട്ടം, ശരംകുത്തി താഴ്ഭാഗം, ശരംകുത്തി മുകളില്‍, ചരല്‍മേട് മുകളില്‍, ചരല്‍മേട് താഴ്ഭാഗം, മടുക്ക, ചെളിക്കുഴി തുടങ്ങി 17 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ടീമുകള്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ക്ഷീണിതരാകുന്ന ഭക്തര്‍ക്ക് ഇവിടങ്ങളിലെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. അസുഖബാധിതരല്ലെങ്കില്‍ പോലും അമിതമായ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്ന് അദേഹം പറഞ്ഞു.രോഗികളായ ഭക്തര്‍ മലകയറുന്നതിന് മുമ്പ് ഡോക്ടര്‍മാരുടെ അഭിപ്രായം സ്വീകരിക്കണം. കഴിക്കുന്ന മരുന്നുകളുടെ അളവ് സംബന്ധിച്ച് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും മരുന്ന് ഒപ്പം കരുതുകയും ചെയ്യണം.
സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ക്കായി ഇതരഭാഷകളിലുള്ള ബോധവത്ക്കരണം ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചതായും അദേഹം അറിയിച്ചു.

അരിയിലെ മാലിന്യം നീക്കം ചെയ്യാന്‍ ആധുനിക യന്ത്രം സ്ഥാപിക്കും: പ്രയാര്‍ ഗോപാലകൃഷ്ണന്‍

സ്വാമിമാരുടെ ഇരുമുടിക്കെട്ടില്‍ നിന്നും സന്നിധാനത്ത് ശേഖരിക്കുന്ന അരിയിലെ മാലിന്യം നീക്കം ചെയ്യാന്‍ ആധുനിക യന്ത്രം വാങ്ങുമെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി അത്യാധുനിക മെറ്റല്‍ ഡിക്ടക്ടര്‍ യന്ത്രം സ്ഥാപിക്കുന്നതിന് വിവിധ കമ്പനികളുമായി ചര്‍ച്ച നടത്തുന്നതിന് മരാമത്ത് ഇലക്ട്രിക്കല്‍ അസി.എഞ്ചിനീയറെ ചുമതലപ്പെടുത്തി. മണിക്കൂറില്‍ ഒരു ടണ്‍ അരി ശുദ്ധിയാക്കുന്നതിന് ശേഷിയുള്ള യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനാണ് ഉദേശിക്കുന്നതെന്ന് അദേഹം പറഞ്ഞു. അലുമിനിയം, സ്റ്റീല്‍, മറ്റ് ഖരമാലിന്യങ്ങള്‍ എന്നിവ വേര്‍തിരിക്കുന്നതിന് നിലവിലെ യന്ത്രത്തില്‍ ഏറെ കാലതാമസമെടുക്കുന്നതിനാലാണ് പുതിയ യന്ത്രം സ്ഥാപിക്കുന്നത്. ശര്‍ക്കര പായസം, വെള്ള നിവേദ്യം എന്നിവയ്ക്കായാണ് ഈ അരി ഉപയോഗിക്കുന്നത്. നിവേദ്യത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ പൂര്‍ണ്ണ ശുദ്ധിയുള്ളതായിരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

ശബരിമല: ഇടത്താവളങ്ങളിലെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കും

ഇടത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പ്രാഥമിക സൗകര്യ ബ്ലോക്കുകള്‍ അറ്റകുറ്റപണി നടത്തി പൂര്‍ണമായും തുറന്ന് കൊടുക്കുന്നതിനും ക്ഷേത്ര ഉപദേശക സമിതികളുമായി ചേര്‍ന്ന് ഉടന്‍ പദ്ധതി തയ്യാറാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. മലയാലപ്പുഴ ദേവീ ക്ഷേത്രത്തിലെ മകരപ്പൊങ്കാല ഉത്സവം കൂപ്പണ്‍ വിതരണോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ഉപദേശകസമിതി പ്രസിഡന്റ് രാജേഷ് റിഥം അദ്ധ്യക്ഷനായിരുന്നു. തന്ത്രി ബ്രഹ്മശ്രീ പരമേശ്വര ഭട്ടതിരിപ്പാട്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കേശവദാസ്, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ എസ്. അശോക് കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി.എസ്. ശ്രീകുമാര്‍, ഉപദേശക സമിതി സെക്രട്ടറി പ്രവീണ പ്ലാവറ, ജോയിന്റ് സെക്രട്ടറി ശരത് കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. 

ശബരിമലയുടെ ശുചിത്വത്തില്‍ വിട്ടുവീഴ്ചയില്ലെന്ന്
അജയ്തറയില്‍
പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പകരം തുണി സഞ്ചികള്‍ നല്‍കും

ശബരിമല തീര്‍ത്ഥാടന കാലത്ത് സമ്പൂര്‍ണ്ണ ശുചിത്വം ഉറപ്പുവരുത്തുകയാണ് ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യമെന്നും ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ദേവസ്വം ബോര്‍ഡ് അംഗം അജയ്തറയില്‍ പറഞ്ഞു. സന്നിധാനത്ത് ചേര്‍ന്ന വകുപ്പുതലവന്‍മാരുടെ അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ഏര്‍പ്പാടാക്കിയ കരാറുകാര്‍ പ്രവ്യത്തി ആരംഭിച്ചു. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പൂര്‍ണ്ണതോതില്‍ അടിയന്തിരമായി പ്രവര്‍ത്തനക്ഷമമാക്കണമെന്ന് പ്രവൃത്തി ഏറ്റെടുത്ത കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫെഡറല്‍ ബാങ്കുമായും മറ്റ് സ്വകാര്യസ്ഥാപനങ്ങളുമായും ചേര്‍ന്ന് തീര്‍ത്ഥാടകരുടെ പക്കലുള്ള പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പകരം തുണി സഞ്ചി നല്‍കുന്ന പദ്ധതി പമ്പയില്‍ ആരംഭിച്ചത് മാലിന്യ നിര്‍മ്മാര്‍ജന രംഗത്തെ വലിയ ചുവടുവെയ്പാണെന്ന് അദേഹം പറഞ്ഞു.
അനധികൃത വയറിംഗിലൂടെയും മറ്റും വൈദ്യുതി ദുരുപയോഗം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ വൈദ്യുതി ബോര്‍ഡ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ , കുടിവെള്ളം എന്നിവ ശുചിയും ഗുണമേന്മയുള്ളതുമാണെന്ന് ഉറപ്പ് വരുത്താന്‍ തുടര്‍ പരിശോധനയും നടപടികളും സ്വീകരിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിനും ആരോഗ്യവകുപ്പിനും നിര്‍ദേശം നല്‍കി. മലകയറുന്നതിനിടയില്‍ ക്ഷീണമനുഭവപ്പെടുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ വിശ്രമകേന്ദ്രങ്ങള്‍ വനം വകുപ്പിന്റെ അനുമതിയോടെ നിര്‍മ്മിക്കാന്‍ ശ്രമിക്കുമെന്നും അജയ്തറയില്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എല്‍. രേണുഗോപാല്‍, ദേവസ്വം വിജിലന്‍സ് എസ്.പി. ഗോപാല്‍കൃഷ്ണന്‍ വി, പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ കെ.എസ്. വിമല്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് പി.എസ്. സുനില്‍കുമാര്‍, എന്‍ഡിആര്‍എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍, ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസര്‍ സി.ടി. പത്മകുമാര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മുരളി കോട്ടയ്ക്കകം തുടങ്ങിയവര്‍ പങ്കെടുത്തു.
മലകയറ്റത്തിനിടയില്‍ തീര്‍ത്ഥാടകര്‍ വിശ്രമമെടുക്കണംമലകയറ്റത്തിനിടയില്‍ തീര്‍ത്ഥാടകര്‍ വിശ്രമമെടുക്കണംമലകയറ്റത്തിനിടയില്‍ തീര്‍ത്ഥാടകര്‍ വിശ്രമമെടുക്കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക