Image

മാര്‍ ബര്‍ണാബാസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപെരുന്നാള്‍ കൊണ്ടാടുന്നു.

വര്‍ഗീസ് പോത്താനിക്കാട് Published on 02 December, 2015
മാര്‍ ബര്‍ണാബാസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപെരുന്നാള്‍ കൊണ്ടാടുന്നു.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ മാത്യൂസ് മാര്‍ ബര്‍ണാബാസ് തിരുമേനിയുടെ മൂന്നാം ദുഖറോനോ, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ കൊണ്ടാടുന്നു. പെരുന്നാള്‍ ശുശ്രൂഷകള്‍ ഡിസംബര്‍ 9, ബുധനാഴ്ച വൈകീട്ട് 7 മണിക്ക് ന്യൂയോര്‍ക്കിലെ ചെറിലെയിന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് ഭദ്രാസന മെത്രാപ്പോലീത്താ അഭി.സക്കറിയാ മാര്‍ നിക്കോളാവോസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ നടക്കും. വൈകീട്ട് സന്ധ്യാപ്രാര്‍ത്ഥനയിലും ശുശ്രൂഷകളിലും വിവിധ ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുക്കും. വിശുദ്ധ കുര്‍ബാനക്കും അനിസ്മരണ ശുശ്രൂഷകള്‍ക്കും ശേഷം, പെരുന്നാള്‍ സദ്യയോടും നേര്‍ച്ച വിളമ്പോടും കൂടെ പരിപാടികള്‍ സമാപിക്കും.

2012 ഡിസംബര്‍ 9 നായിരുന്നു മാര്‍ ബര്‍ണബാസ് കാലം ചെയ്തത്. അങ്കമാലി ഭദ്രാസനത്തിലെ വളയം-ചിറങ്ങര സെന്റ് പോള്‍സ് സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലാണ് വന്ദ്യപിതാവ് കബറടങ്ങിയിരിക്കുന്നത്. 

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ പള്ളികളില്‍ ഡിസംബര്‍ 13 ഞായറാഴ്ച പ്രത്യേക അനുസ്മരണ പ്രാര്‍ത്ഥനകള്‍ നടത്തേണ്ടതാണെന്നും ഭദ്രാസന മെത്രാപ്പോലീത്ത കല്പനയിലൂടെ അറിയിച്ചു.

1992 മുതല്‍ അവഭക്ത അമേരിക്കന്‍ ഭദ്രാസനാധിപനായും തുടര്‍ന്ന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായും ഇടയ ശുശ്രൂഷ അനുഷ്ഠിച്ച വന്ദ്യ ബര്‍ണാബാസ് പിതാവ് 2011 ല്‍ സ്വസ്ഥാനത്തുനിന്ന് വിരമിച്ച് കോട്ടയത്ത് പാമ്പാടി ദയറായില്‍ വിശ്രമജീവിതം നയിച്ചു വരുമ്പോളാണ് കാലം ചെയ്തത്.

1924 ഓഗസ്റ്റ് 9ന് പെരുമ്പാവൂര്‍, വെങ്ങോല, കല്ലറയ്ക്കപറമ്പില്‍ കുരുവിളയുടെയും മറിയാമ്മയുടെയും പുത്രനായി ജനിച്ച മാത്തുക്കുട്ടി തന്റെ 7-ാം വയസ്സ് മുതല്‍ ഒരു സന്യാസിയാകണം എന്ന താല്പര്യം പ്രകടിപ്പിച്ചു തുടങ്ങി. 1943 ല്‍ ശെമ്മാശനായി തുടര്‍ന്ന് 1951 ല്‍ പുരോഹിതനായും പട്ടത്വം സ്വീകരിച്ചു. 1977 ല്‍ റമ്പാനായി. പിന്നീട് 1978 ല്‍ ബിഷപ്പായി അവരോധിക്കപ്പെട്ട്, അങ്കമാലി, കോട്ടയം എന്നീ ഭദ്രാസനങ്ങളിലെ സഹായ മെത്രാപ്പോലീത്തായായും തുടര്‍ന്ന് 1985 ല്‍ ഇടുക്കി ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായായും സേവനമനുഷ്ഠിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റെവ.ഫാ.എം.കെ.കുര്യാക്കോസ്(ഭദ്രാസന സെക്രട്ടറി,(201) 681-1078
റവ.ഫാ.ഗ്രിഗറി വര്‍ഗീസ്(അസിസ്റ്റന്റ് വികാരി ചെറി ലെയിന്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച്)-(914) 413 - 9200
്അമേരിക്കന്‍ ഭദ്രാസന ഓഫീസ്- (718) 470-9844

മാര്‍ ബര്‍ണാബാസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മപെരുന്നാള്‍ കൊണ്ടാടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക