Image

സന്നിധാനം :ദേവസ്വം ഡയറിക്ക് പ്രിയമേറുന്നു (ശബരിമല വിശേഷങ്ങള്‍)

അനില്‍ പെണ്ണുക്കര Published on 05 December, 2015
സന്നിധാനം :ദേവസ്വം ഡയറിക്ക് പ്രിയമേറുന്നു (ശബരിമല വിശേഷങ്ങള്‍)
ദേവസ്വം ബുക്ക് സ്റ്റാളുകളിലൂടെ ലഭിക്കുന്ന ദേവസ്വം ഡയറിക്ക് പ്രിയമേറുന്നു. സന്നിധാനത്തെ മൂന്ന് ദേവസ്വം ബുക്ക് സ്റ്റാളുകളില്‍ ഏറ്റവും ചെലവാകുന്നതും ഡയറി തന്നെ.

140 രൂപയാണ് ഡയറിയുടെ വില. പോക്കറ്റ്ഡയറിക്ക് 50 രൂപയും കലണ്ടറിന് 30 രൂപയുമാണീടാക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിദ്ധീകരണങ്ങള്‍ക്ക് പുറമേ നാരായണ ഗുരുകുലം, കറന്റ് ബുക്‌സ്, ഗുരുയാത്ര തുടങ്ങി നിരവധി പ്രസാധകരുടെ ആത്മീയ പുസ്തകങ്ങള്‍ ഇവിടെ ലഭ്യമാണ്. അയ്യപ്പനെക്കുറിച്ചുള്ള ഡോക്യുമെന്ററി സി.ഡികള്‍, ഫോട്ടോകള്‍, ഭക്തിഗാനങ്ങള്‍ എന്നിവയുമുണ്ട്.

എട്ടായിരത്തോളം ഡയറിയും മൂവായിരത്തോളം പോക്കറ്റ് ഡയറിയും ഇതുവരെ വിറ്റഴിച്ചു. പതിനഞ്ച് ലക്ഷത്തോളം രൂപയുടെ പ്രസിദ്ധീകരണങ്ങളും 5 ലക്ഷം രൂപയുടെ മറ്റ് പ്രസിദ്ധീകരണങ്ങളുമാണ് ബുക്സ്റ്റാളിലൂടെ നല്‍കിയത്. മാളികപ്പുറത്തിന് എതിര്‍വശത്തും അക്കോമഡേഷന്‍ ഓഫീസ് പരിസരത്തുമായാണ് ബുക്ക്‌സ്‌റ്‌റാളുകള്‍.

ഭക്ഷ്യസുരക്ഷാ ബോധവത്ക്കരണ ക്ലാസ് നടത്തി

പമ്പയിലും സന്നിധാനത്തും പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ മേഖലയിലുള്ള വിവിധ ജീവനക്കാര്‍ക്കും ഉടമകള്‍ക്കും ഭക്ഷ്യസുരക്ഷയും ശുചിത്വമാനദണ്ഡങ്ങളും എന്ന വിഷയത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തി. പമ്പയിലും സന്നിധാനത്തുമാണ് ക്ലാസ് നടത്തിയത്. പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ വി.ഹരിലാല്‍, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ ജോണ്‍ വിജയകുമാര്‍, ജി. രഘുനാഥക്കുറുപ്പ് സ്‌പെഷ്യല്‍ സ്ക്വാഡ് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ സക്കീര്‍ ഹുസൈന്‍, അനില്‍കുമാര്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ബോധവല്‍ക്കരണ ക്ലാസ്സില്‍ ഹോട്ടല്‍ മേഖലയിലുള്ള 350 ഓളം തൊഴിലാളികള്‍ പങ്കെടുത്തു.

എമര്‍ജന്‍സി മെഡിക്കല്‍ യൂണിറ്റ് ആരംഭിച്ചു

ആരോഗ്യവകുപ്പ് ചരല്‍മേട്ടില്‍ പുതുതായി എമര്‍ജന്‍സി മെഡിക്കല്‍ യൂണിറ്റ് ആരംഭിച്ചു. നോഡല്‍ ഓഫീസര്‍ ഡോ. സുരേഷ് ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി മെഡിക്കല്‍ യൂണിറ്റില്‍ 2 മെഡിക്കല്‍ ഓഫീസര്‍, രണ്ട് സ്റ്റാഫ് നഴ്‌സ്, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരുണ്ടാകും . ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ചെന്തൂര്‍ നാഥ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജയകൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജയേഷ് കുമാര്‍, സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രായം തെളിയിക്കുന്ന രേഖ സൂക്ഷിക്കണം

ശബരിമല സന്നിധാനത്തേക്ക് മലകയറുവാന്‍ എത്തുന്ന പത്ത് വയസ്സില്‍ താഴെ പ്രായമുള്ള മാളികപ്പുറങ്ങളും അന്‍പത് വയസ്സിന് മുകളിലുള്ള മാളികപ്പുറങ്ങളും തങ്ങളുടെ പ്രായം തെളിയിക്കുന്ന രേഖ നിര്‍ബന്ധമായും കൈവശം സൂക്ഷിക്കേണ്ടതും ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ കാണിക്കേണ്ടതാണെന്നും പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. പ്രായം തെളിയിക്കുന്ന രേഖകള്‍ കൈവശം ഇല്ലാത്ത മാളികപ്പുറം ഭക്തരെ യാതൊരു കാരണവശാലും സന്നിധാനത്തേയ്ക്ക് മലകയറുവാന്‍ അനുവദിക്കുന്നതല്ല.

ഭക്തി ഗാനസുധ അവതരിപ്പിച്ചു

സന്നിധാനം ശ്രീ ധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍ കാട്ടൂര്‍ ഹരികുമാറും സംഘവും അവതരിപ്പിച്ച ഭക്തിഗാനസുധ ഭക്തര്‍ക്ക് ഹൃദ്യമായി. സന്നിധാനം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് ഹരികുമാര്‍. തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് ഇദേഹം സന്നിധാനത്ത് ഭക്തിഗാനസുധ അവതരിപ്പിക്കുന്നത്. സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുരേന്ദ്രന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

സ്‌പെഷ്യല്‍ ഓഫീസര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി

ബാബ്‌റി ദിനത്തോടനുബന്ധിച്ച് സന്നിധാനത്തും പരിസരത്തും ഒരുക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. സന്നിധാനത്തേക്ക് ഭക്തര്‍ കടന്നു വരുന്ന വിവിധ വഴികള്‍, ഉരക്കുഴി എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച് പോലീസ് സേനാംഗങ്ങളുമായും ഭക്തന്മാരുമായും സംസാരിച്ചു. ഉദേ്യാഗസ്ഥന്മാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും അദേഹം നല്‍കി. എ.എസ്.ഒ ഡി. മോഹനന്‍, പോലീസ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.
സന്നിധാനം :ദേവസ്വം ഡയറിക്ക് പ്രിയമേറുന്നു (ശബരിമല വിശേഷങ്ങള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക