Image

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ശബരിമലയില്‍ പ്രത്യേക പൂജ

അനില്‍ പെണ്ണുക്കര Published on 06 December, 2015
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ശബരിമലയില്‍ പ്രത്യേക പൂജ
ദക്ഷിണ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതേ്യകിച്ച് തമിഴ്‌നാട്ടിലുണ്ടായ മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ ക്ഷേമൈശ്വര്യത്തിനും ശാന്തിക്കുമായി സന്നിധാനത്തും പമ്പയിലും ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രതേ്യക പൂജകളും വഴിപാടുകളും നടത്തി.

സന്നിധാനത്ത് പുലര്‍ച്ചെ 4 മണിക്ക് നിര്‍മ്മാല്യത്തിന് ശേഷം അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തി. പുഷ്പാഭിഷേകം, മാളികപ്പുറം ക്ഷേത്രത്തില്‍ സവിശേഷമായ ഭഗവതിസേവ, പമ്പ ഗണപതി ക്ഷേത്രത്തില്‍ മഹാഗണപതി ഹോമം, ഉച്ചപൂജ എന്നിവയുണ്ടായി. പമ്പയിലെ ഉപദേവാലയങ്ങളിലും വിശേഷാല്‍ പുജകള്‍ നടന്നു. വൈദിക വിധിപ്രകാരം തന്ത്രിയുടെ അനുമതിയോടെയായിരുന്നു ചടങ്ങുകള്‍.

സന്നിധാനത്ത് നടന്ന അഷ്ടദ്രവ്യഗണപതി ഹോമത്തില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പൂജാകര്‍മ്മങ്ങള്‍ നടത്തി. മേല്‍ശാന്തി ഇ.എസ്.ശങ്കരന്‍ നമ്പൂതിരി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമപ്രസാദ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി.എല്‍ രേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മണ്ഡലകാലത്ത് നടന്ന ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് നിത്യശാന്തി നേരുന്നതിനും കുടുംബങ്ങള്‍ക്ക് അയ്യപ്പന്റെ ആശ്വാസമേകാനുമാണ് പൂജകള്‍ നടത്തിയതെന്ന് ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ദേവസ്വം പ്രസിഡന്റ് സന്നിധാനവും പരിസരവും സന്ദര്‍ശിച്ചു

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ സന്നിധാനത്തും പരിസരത്തും വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. ഗോശാല, ഉരക്കുഴി, ശബരീനന്ദനം, വാട്ടര്‍ ടാങ്ക് എന്നീ സ്ഥലങ്ങളിലാണ് സന്ദര്‍ശിച്ചത്. ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമ പ്രസാദ്, ചീഫ് എഞ്ചിനീയര്‍ വി. മുരളീകൃഷ്ണന്‍, ഡെപ്യൂട്ടികമ്മീഷണറും പ്രസിഡന്റിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റുമായ ഉണ്ണികൃഷ്ണന്‍, പിആര്‍ഒ മുരളി കോട്ടയ്ക്കകം എന്നിവര്‍ കൂടെയുണ്ടായിരുന്നു ഉദേ്യാഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും പ്രസിഡന്റ് നല്‍കി.

ദേവസ്വം ബോര്‍ഡ് ഇടപെടല്‍ ശക്തമാക്കുന്നു

ശബരിമലയില്‍ അയ്യപ്പഭക്തര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിച്ച് ദേവസ്വം ബോര്‍ഡ്. ഭക്തന്‍മാരും മാധ്യമങ്ങളും ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങള്‍ ഗൗരവത്തിലെടുത്ത് പരിഹാരവുമായി മുന്നോട്ടു പോവുകയാണ് അധികൃതര്‍.

പമ്പയിലും സന്നിധാനത്തും ഡോളിക്കാരുടെ സാമ്പത്തിക ചൂഷണം പോലീസുകാരുടെ സഹായത്തോടെ നിര്‍ത്തലാക്കി. സ്വാമിഭക്തരെ ബുദ്ധിമുട്ടിക്കുന്ന താത്ക്കാലിക ജീവനക്കാരെ തീര്‍ത്ഥാടന സ്ഥലത്ത് നിന്ന ഒഴിവാക്കാന്‍ നിര്‍ദേശിച്ചു. അമിതവില, വൃത്തിയില്ലായ്മ, മോശമായ പെരുമാറ്റം, അനധികൃത കച്ചവടം, അനധികൃത താമസം എന്നിവ വിവിധ വകുപ്പുകളുടെ സഹായത്തോടെ ഒഴിവാക്കിയെടുത്തു. സന്നിധാനത്തും പമ്പയിലും വഴിപാടിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ വൃത്തിയും ശുദ്ധിയും ഉളളതാക്കി.

സന്നിധാനത്തെ വഴിപാട് അരിയിലെ ഇരുമ്പ്, പ്ലാസ്റ്റിക്, കമ്പി, മറ്റ് മാലിന്യങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിന് മണിക്കൂറില്‍ ഒരു ടണ്‍ ശേഷിയുള്ള പുതിയ യന്ത്രം വാങ്ങാന്‍ ടെണ്ടര്‍ പൂര്‍ത്തിയാക്കി. അടുത്ത ആഴ്ചയോടെ യന്ത്രം സന്നിധാനത്ത് എത്തും. താമസമുറി ഒഴിഞ്ഞ് ഒരു മണിക്കൂറിനകം രസീതുമായി അക്കോമഡേഷന്‍ ഓഫീസിലെത്തിയാല്‍ നിക്ഷേപതുക മുഴുവന്‍ തിരികെ നല്‍കുന്നുണ്ട്. വാടകമുറി എടുക്കുന്നതിനുള്ള നിര്‍ദേശങ്ങളും നിബന്ധനകളും വിവിധ ഭാഷകളില്‍ എഴുതി അക്കോമഡേഷന്‍ ഓഫീസിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചു.

ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഭണ്ഡാരത്തില്‍ ഡ്യൂട്ടി നോക്കുന്ന പോലീസുകാര്‍ ഷര്‍ട്ടിനു പകരം നീലഷാള്‍ ധരിക്കാന്‍ നിര്‍ദേശിച്ചു. ഇവര്‍ക്കായി ഇരുപത് നീല ഷാള്‍ ദേവസ്വം ബോര്‍ഡ് വാങ്ങി നല്‍കുകയും ചെയ്തു. മരക്കൂട്ടം മുതല്‍ ശരംകുത്തിവരെയുള്ള ആറ് ക്യൂ കോംപ്ലക്‌സുകളില്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യുന്നതിനായി മുപ്പത് പിന്‍ സംവിധാനം സ്ഥാപിച്ചു. ക്യൂ കോംപ്ലക്‌സുകളില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതിന് സംവിധാനം ഒരുക്കി.

പമ്പ കെ.എസ്.ആര്‍.ടി.സിക്ക് 2.41 കോടി രൂപ വരുമാനം

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പമ്പ കെ.എസ്.ആര്‍.ടി.സിക്ക് ഇതുവരെ 2 കോടി 41 ലക്ഷം രൂപ വരുമാനം. പമ്പയില്‍ നിന്ന് 7,26,930 പേര്‍ യാത്ര ചെയ്തു. ഇതില്‍ 5,33,962 പേര്‍ പമ്പ- നിലയ്ക്കല്‍ ചെയിന്‍ സര്‍വ്വീസ് യാത്രക്കാരും 1,92,968 പേര്‍ ദീര്‍ഘ ദൂരയാത്രക്കാരുമാണ്.

പമ്പ- നിലയ്ക്കല്‍ ഭാഗത്തേയ്ക്ക് 6,720 ചെയിന്‍ സര്‍വ്വീസ് നടത്തി. 4,285 ദീര്‍ഘദൂര യാത്ര ട്രിപ്പുകളും. തിരുവനന്തപുരം, ചെങ്ങന്നൂര്‍, പത്തനംതിട്ട, കോട്ടയം ,എരുമേലി, എറണാകുളം, കൊട്ടാരക്കര, കുമളി , ഓച്ചിറ , ബാംഗ്ലൂര്‍ ,തെങ്കാശി, പളനി, കോയമ്പത്തൂര്‍, മധുരൈ, പളനി എന്നിവടങ്ങളിലേക്ക് സര്‍വ്വീസുണ്ട്. എന്നാല്‍ തമിഴ്‌നാട്ടിലെ പ്രളയക്കെടുതി കാരണം മധുരൈ, പളനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വരവ് കുറഞ്ഞത് വരുമാനത്തെ ബാധിച്ചിട്ടുണ്ട്. കുമളി ,പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പയിലേയക്ക് ജീപ്പ് സര്‍വ്വീസ് നടത്തുന്നതും കെ.എസ്.ആര്‍.ടി.സിയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു.
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ശബരിമലയില്‍ പ്രത്യേക പൂജ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക