Image

ഗലീലായില്‍ ഒരു സൂര്യോദയം - ബാബു പാറയ്ക്കല്‍

ബാബു പാറയ്ക്കല്‍ Published on 15 December, 2015
ഗലീലായില്‍ ഒരു സൂര്യോദയം - ബാബു പാറയ്ക്കല്‍
ഞങ്ങളുടെ ബസ് ജോപ്പാ തുറമുഖത്തുനിന്നും പല വഴി കറങ്ങി ഗലീലാ കടല്‍തീരത്തുള്ള റിസോര്‍ട്ടില്‍ എത്തിയപ്പോഴേക്കും സന്ധ്യകഴിഞ്ഞിരുന്നു. ഭക്ഷണം കഴിഞ്ഞ് നാലാം നിലയിലുള്ള മുറിയില്‍ എത്തി ജനാലയില്‍ക്കൂടി നോക്കിയപ്പോള്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല. വെളിയില്‍ ഇരുട്ടു വ്യാപിച്ചിരിക്കുന്നു. ജനാല തുറന്ന് കടലിന്റെ ഇരമ്പലിനുവേണ്ടി കാതോര്‍ത്തു. പക്ഷേ, അന്തരീക്ഷം നിശബ്ദമായിരുന്നു. അടുത്ത മുറികളില്‍നിന്നും ഉച്ചത്തില്‍ ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു. എല്ലാം ഞങ്ങളുടെ ഗ്രൂപ്പിലെ ആളുകള്‍തന്നെ. കുറേനേരം അവിടെ പോയിരുന്നു വര്‍ത്തമാനം പറഞ്ഞിട്ട് നേരം വളരെ വൈകിയാണ് കിടന്നുറങ്ങിയത്. രാവിലെ കൃത്യം ഏഴുമണിക്ക് പ്രഭാതഭക്ഷണത്തിനായി ചെല്ലണം. എട്ടുമണിക്ക് ബസ് വിടുന്നതിനു മുമ്പ് എല്ലാവരും എത്തിയിരിക്കണം എന്നാണു ഗ്രൂപ്പ്‌ലീഡറായ വൈദികന്റെ കര്‍ശന നിര്‍ദ്ദേശം. ആ സമയത്തിനു പത്തു മിനിറ്റു മുമ്പുതന്നെ ഗൈഡ് യഹൂദനായ 'ലിയോര്‍' മുന്‍സീറ്റില്‍ സ്ഥാനം പിടിച്ചിരിക്കും. ഒരു മിനിറ്റെങ്കിലും താമസിച്ച് അവസാനമായി എത്തുന്നവരെ മറ്റുള്ളവരെല്ലാവരുംകൂടി കരഘോഷത്തോടെയാണു സ്വീകരിക്കുക. ആ നാണക്കേട് ഒഴിവാക്കാന്‍ എല്ലാവരും സമയത്തിനു മുമ്പുതന്നെ എത്തും.
ഉറക്കമുണര്‍ന്നപ്പോള്‍ നേരം വെളുത്തിരുന്നില്ല. കുളികഴിഞ്ഞു വന്ന് ജനാലയുടെ കര്‍ട്ടന്‍ വകഞ്ഞുമാറ്റി. പ്രഭാതം പൊട്ടിവിടര്‍ന്നിരിക്കുന്നു ഉടുത്തിരുന്ന കൈലിയില്‍ തന്നെ അര്‍ദ്ധനഗ്നനായി ബാല്‍ക്കണിയിലേക്കിറങ്ങി നിന്നു. ഗലീലാക്കടല്‍ എന്ന നീലത്തടാകം ഏതാനും വാര അകലെ മാത്രം. തടാകത്തിനക്കരെ വലിയ മൊട്ടക്കുന്നുകളാണ്. അവയ്ക്കു മുകളിലൂടെ ഉദിച്ചുയരുന്ന സൂര്യനെ പൂര്‍ണ്ണമായി കാണാനായില്ല. എങ്കിലും അതിന്റെ സ്വര്‍ണ്ണരശ്മികള്‍ ആ കുന്നുകളെ തഴുകി തടാകത്തിലേക്കെത്തിക്കൊണ്ടിരുന്നു. റിസോര്‍ട്ടിന്റെ താഴെ മനോഹരമായ പൂന്തോട്ടത്തിലെ പൂക്കളും ചെടികളും ആ സ്വര്‍ണ്ണരശ്മികളെ ഏറ്റുവാങ്ങി. താന്‍ താഴേക്കു നോക്കി. തുഷാരബിന്ദുക്കളാല്‍ നമ്രശിരസ്‌കരായി നില്‍ക്കുന്ന പുല്‍ച്ചെടികളില്‍ ആ രശ്മികള്‍ കുഞ്ഞുകുഞ്ഞു മഴവില്ലുകള്‍ തീര്‍ത്തു. ഞങ്ങളുടെ ഗ്രൂപ്പിലുള്ള പലരും ക്യാമറയുമായി തടാകത്തിന്റെ തീരത്തെത്തിയിരിക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു. അതില്‍ ഏതാനും ക്യാമറകള്‍ എന്റെ നേരെ തിരിഞ്ഞപ്പോള്‍ ഞാന്‍ വേഗം മുറിയിലേക്കു മടങ്ങി.
ഭാര്യ കുളികഴിഞ്ഞു വന്ന് പ്രഭാതപ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്നു. പെട്ടെന്നു തന്നെ ഡ്രസ്സ് ചെയ്തു ബൈനോക്കുലേഴ്‌സുമെടുത്ത് ഞാന്‍ വീണ്ടും ബാല്‍ക്കണിയിലേക്കിറങ്ങി. ഇപ്പോള്‍ സൂര്യന്‍ ഏതാണ്ടു മുഴുവനായി കുന്നില്‍മുകളിലേക്കെത്തിയിരിക്കുന്നു. ഞാന്‍ തടാകത്തിലേക്കും അക്കരെയുള്ള കുന്നുകളിലേക്കും നോക്കി. പ്രഭാതത്തിന്റെ സൗന്ദര്യം അവര്‍ണ്ണനീയമായിരുന്നു. സ്വപ്നസാക്ഷാത്ക്കാരമായ നിമിഷങ്ങള്‍! ഞാന്‍ തിരിഞ്ഞുനോക്കി. ക്യാമറക്കാര്‍ എല്ലാം മുറികളിലേക്കു പോയിരിക്കുന്നു. ഞാന്‍ തീരത്തിന്റെ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു. അപ്പോഴാണ് പെട്ടെന്ന് ഒരുകാര്യം എന്റെ ശ്രദ്ധയില്‍പെട്ടത്. പതിനാറോ പതിനേഴോ വയസ്സു പ്രായം തോന്നുന്ന ഒരു പെണ്‍കുട്ടി റിസോര്‍ട്ടിന്റെ മതിലിനു വെളിയിലായി നില്‍ക്കുന്നു. അവളുടെ കൈയ്യിലുള്ള കുട്ടയില്‍ റൊട്ടികളായിരുന്നു. ഞാന്‍ അവളെത്തന്നെ സൂക്ഷിച്ചുനോക്കി. യൂദസൗന്ദര്യം വഴിഞ്ഞൊഴുകുന്ന മുഖം. ഞാന്‍ ബൈനോക്കുലേഴ്‌സ് അല്പംകൂടി അഡ്ജസ്റ്റ് ചെയ്തു. അവള്‍ തനിക്കുനേരെ ചിരിച്ചുകൊണ്ടു കൈവീശുന്നു. അവള്‍ നില്‍ക്കുന്നത് ഏതാനും വാര അകലെമാത്രം. സ്വര്‍ണ്ണാഭമായ സൂര്യരശ്മികള്‍ ഏറ്റുവാങ്ങിയ നീലത്തടാകത്തിലെ കുഞ്ഞോളങ്ങള്‍ അവളുടെ മുഖത്തു പ്രതിഫലിക്കുന്നു. ഞാന്‍ അകത്തേക്കുപോയി ക്യാമറയുമായി വേഗം ബാല്‍ക്കണിയിലേക്കു മടങ്ങി. പക്ഷേ, അവളെ കാണാനില്ലായിരുന്നു. ബൈനോക്കുലേഴ്‌സില്‍ക്കൂടി തീരം മുഴുവന്‍ അരിച്ചുപെറുക്കിയിട്ടും കണ്ടില്ല. ബാല്‍ക്കണിയില്‍നിന്നും മടങ്ങുന്നതിനു മുമ്പ് ഒന്നുകൂടി കണ്ണോടിച്ചു. അതാ, അവള്‍ വീണ്ടും! കൂടയില്‍നിന്നും റൊട്ടിയെടുത്ത് ആര്‍ക്കോ കൊടുക്കുന്നു. അതിനിടയില്‍ അവള്‍ തന്നെ വീണ്ടും ശ്രദ്ധിച്ചിരിക്കുന്നു. ചിരിച്ചുകൊണ്ടവള്‍ കൈ വീശി. താനും കൈ ഉയര്‍ത്തി വീശി. പ്രഭാതഭക്ഷണത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
ഭാര്യയോടു ഡൈനിംഗ്ഹാളിലേക്കു പൊയ്‌ക്കൊള്ളാന്‍ പറഞ്ഞിട്ട് ബാല്‍ക്കണിയുടെ സൈഡിലുള്ള പടികളിറങ്ങി ഞാന്‍ തീരത്തേക്കു നടന്നു. അവള്‍ റൊട്ടിയുടെ ശേഖരവുമായി അവിടെത്തന്നെ നില്‍പ്പുണ്ടായിരുന്നു. അവളുടെ അടുത്തേയ്ക്കു ഞാന്‍ ചെന്നു. കൂടയില്‍നിന്നും ഒരു റൊട്ടിയെടുത്തു നീട്ടിക്കൊണ്ടു അവള്‍ എന്തോ പറഞ്ഞു.
'ഐ ഡോണ്ട് സ്പീക്ക് ഹീബ്രൂ' ഞാന്‍ പറഞ്ഞു.
'ദിസ് ഈസ് നോട്ട് ഹീബ്രൂ, ദിസ് ഈസ് അരമായാ, ദ ലാംഗ്വേജ് ജീസസ് സ്‌പോക്ക്'
'ഹോ' ഞാന്‍ ചിരിച്ചു.
അവള്‍ കുടുകുടെ ചിരിച്ചു. തുടര്‍ന്ന് സുഗമമായ ഇംഗ്ലീഷ് ഭാഷയില്‍ അവള്‍ സംസാരിച്ചു.
പാവാടയും ഷര്‍ട്ടുമായിരുന്നു അവളുടെ വേഷം. രാവിലെ നേരിയ തണുപ്പുണ്ടായിരുന്നതിനാലാവാം കഴുത്തില്‍ ഒരു ഷാളും ചുറ്റിയിരുന്നു.
ഏതാനും പേര്‍ അവളുടെ അടുത്തു വന്ന് റൊട്ടി വാങ്ങി തിരിച്ചുപോയി.
'നല്ല കച്ചവടമാണല്ലോ!' ഞാന്‍ പറഞ്ഞു.
'നിങ്ങള്‍ അടുത്തു നിന്നതുകൊണ്ടായിരിക്കും'.
ഞാന്‍ ചിരിച്ചു.
'നിങ്ങള്‍ക്കു റൊട്ടി വേണ്ടേ?'
'വേണ്ട. ഞങ്ങള്‍ക്കു ഭക്ഷണം ഹോട്ടലില്‍ കിട്ടും'.
'ഈ റൊട്ടിയൊന്നു രുചിച്ചുനോക്കിക്കൂടെ?'
'വേണ്ട. ഞാന്‍ ഭക്ഷണം കഴിക്കാന്‍ പോകുകയായിരുന്നു. അപ്പോഴാണ് നിന്നെ കണ്ടത്'.
'അതുകൊണ്ടു ഭക്ഷണം വേണ്ടെന്നു വച്ചോ?'
ഞാന്‍ ചിരിച്ചു.
'ഈ റൊട്ടി കഴിച്ചാല്‍ തലയില്‍ മുടി കിളിര്‍ക്കും.' എന്റെ കഷണ്ടിയുള്ള തലയിലേക്കു നോക്കിക്കൊണ്ടു കൂടയില്‍നിന്നും അവള്‍ ഒരു ചെറിയ റൊട്ടിക്കഷണം എനിക്കു നീട്ടി.
ചിരിച്ചുകൊണ്ടു ഞാന്‍ അതു വാങ്ങി.
അവള്‍ കുടുകുടെ ചിരിച്ചു.
'എന്നെ കളിയാക്കിയതാണോ?'
'അയ്യോ അല്ല. കഷണ്ടിയുള്ളവരെ എനിക്കിഷ്ടമാണ്. എന്റെ അപ്പന്റെ തലയില്‍ ഒരു രോമംപോലുമില്ലായിരുന്നു.'
'എങ്കില്‍ പിന്നെ അപ്പന് ഈ റൊട്ടി കൊടുത്താല്‍ മതിയായിരുന്നില്ലേ!'
'നിങ്ങള്‍ തിരിച്ചടിച്ചു അല്ലേ? എന്റെ അപ്പന്‍ ഇന്നു ജീവിച്ചിരിപ്പില്ല'.
ഞാന്‍ ചിരിക്കാന്‍ തുടങ്ങിയെങ്കിലും പെട്ടെന്നു നിര്‍ത്തി.
'ക്ഷമിക്കണം'.
'സാരമില്ല. ഇപ്പോള്‍ പത്തു വര്‍ഷമായി.'
'എന്താണു നിന്റെ പേര്? ചോദിക്കാന്‍ മറന്നു'
'മറിയം. യേശുവിന്റെ അമ്മയുടെ പേരുതന്നെയാണ്'.
'വീട്ടില്‍ മറ്റാരൊക്കെയുണ്ട്? നീ സ്‌കൂളില്‍ പോകുന്നില്ലേ?'
'എന്റെ വീട്ടില്‍ ഒരു സഹോദരനും അമ്മയുമുണ്ട്. അമ്മയ്ക്കു നല്ല സുഖമില്ല. ഞങ്ങള്‍ ഈ റൊട്ടിയുണ്ടാക്കി വിറ്റാണു ജീവിക്കുന്നത്. സ്‌കൂളില്‍ പോകുന്നതിനു മുമ്പായി ഈ റൊട്ടിയൊക്കെ വില്‍ക്കണം'. അടുത്തു കെട്ടിയിട്ടിരിക്കുന്ന കൊച്ചു വള്ളത്തില്‍ ബാക്കിയിരിക്കുന്ന റൊട്ടികളിലേക്കു ചൂണ്ടിയവള്‍ പറഞ്ഞു.
'ഇതും നിന്റെയാണോ? നീ വള്ളത്തിലാണോ വന്നത്?'
അവള്‍ തലയാട്ടി.
'നീ എവിടെയാണു താമസിക്കുന്നത്?'
'ഇവിടെനിന്ന് അധികം ദൂരമില്ല. കഷ്ടിച്ചു രണ്ടു ഫര്‍ലോംഗ്'.
'ആരാണ് ഈ റൊട്ടിയൊക്കെ ഉണ്ടാക്കുന്നത്? നിനക്കു റൊട്ടിയുണ്ടാക്കാന്‍ അറിയുമോ?'
'അമ്മയും സഹോദരനുംകൂടിയുണ്ടാക്കും. ഞാന്‍ വില്‍ക്കും. റൊട്ടിയുണ്ടാക്കുന്നതു കാണണോ?'
'അതെങ്ങനെ സാധിക്കും?'
'എന്റെ വീട്ടില്‍ വന്നാല്‍ മതി'.
'എനിക്കു നിങ്ങളുടെ വീട്ടില്‍ വരാമോ?'
'തീര്‍ച്ചയായും. ഞാന്‍ ക്ഷണിച്ചിരിക്കുന്നു.'
ഏതാനും ആളുകള്‍കൂടി വന്നപ്പോള്‍ അവളുടെ വള്ളത്തില്‍ വച്ചിരുന്ന റൊട്ടികളും തീര്‍ന്നു.
'ഇനിയും റൊട്ടി കൊണ്ടുവരാനായി എനിക്കു വീട്ടില്‍ പോകണം. നിങ്ങള്‍ വരുന്നെങ്കില്‍ ഈ വള്ളത്തില്‍ പോകാം. തിരിച്ചു ഞാന്‍ കൊണ്ടുവിട്ടുകൊള്ളാം.'
അവളുടെ ക്ഷണം നിരസിക്കാന്‍ എനിക്കു തോന്നിയില്ല. ഞാന്‍ വാച്ചില്‍ നോക്കി. ബസ്സു വിടാന്‍ ഇനിയും അരമണിക്കൂറുണ്ട്.
അവള്‍ വള്ളത്തിലേക്കു കയറി ഇരുന്നുകഴിഞ്ഞു. കയറി ഇരിക്കാന്‍ അവള്‍ ആംഗ്യം കാട്ടി. ഞാന്‍ അവള്‍ക്കു അഭിമുഖമായി വള്ളത്തില്‍ ഇരുന്നു.
അവള്‍ വള്ളം തുഴഞ്ഞു.
'ഞങ്ങള്‍ യഹൂദക്രിസ്ത്യാനികള്‍ ആണ്. ഗലീലയില്‍ ഞങ്ങള്‍ വളരെ കുറച്ചുപേര്‍ മാത്രമേയുള്ളൂ. ഇപ്പോള്‍ ഇവിടെ മുസ്ലീംകളും ഒരു നല്ല ശതമാനമുണ്ട്. ഇതിനിടയില്‍ ജീവിക്കുക ബുദ്ധിമുട്ടാണ്.'
'എങ്കില്‍ പിന്നെ കൂടുതല്‍ സാദ്ധ്യതയുള്ള സ്ഥലങ്ങളിലേക്കു മാറിക്കൂടെ?'
'അത്, ഈ സ്ഥലത്തെപ്പറ്റി നിങ്ങള്‍ക്കറിയാത്തതുകൊണ്ടാണ്'. ഒരു നിമിഷം നിര്‍ത്തിയിട്ടവള്‍ തുടര്‍ന്നു: 'നിങ്ങള്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത് ഗലീലാ തടാകത്തില്‍കൂടിയാണ്. ഈ തടാകവും ഇതിന്റെ തീരങ്ങളും അക്കരെയുള്ള കുന്നുകളും എല്ലാം ചരിത്രം ഉറങ്ങുന്ന സ്ഥലമാണ്. രണ്ടായിരം വര്‍ഷം മുമ്പ് യേശുവിന്റെ പ്രവര്‍ത്തനമേഖല ഇവിടം ആയിരുന്നു.'
ഞാന്‍ കൈകൊണ്ടു തടാകത്തിലെ അല്പം വെള്ളം കോരിയെടുത്തു.
'ഇതു ശുദ്ധജല തടാകമാണ്. ഗലീലക്കടല്‍ എന്നു പറയുമെങ്കിലും വെറും പതിനേഴു മൈല്‍ നീളവും ഏഴു മൈല്‍ വീതിയും ഇരുപത്തിയഞ്ചു അടി മാത്രം ആഴവുമുള്ള ഒരു ചെറിയ തടാകം മാത്രമാണ്. പക്ഷെ, ഇസ്രായേലിലെ വിശാലമായ ഒരു മേഖലയ്ക്കു മുഴുവന്‍ കുടിവെള്ളം എത്തിച്ചുകൊടുക്കുന്നത് ഇതില്‍നിന്നാണ്.
'അപ്പോള്‍ ഇതിലെ വെള്ളം വറ്റിപ്പോകില്ലേ?'
'ഇല്ല. അതാണത്ഭുതം. എടുക്കുന്നതില്‍ കൂടുതല്‍ വെള്ളം ഉറവകളില്‍നിന്നും ഊറിവരുകയാണ്.'
ഞാന്‍ ആ തടാകത്തിലേക്കു നോക്കിയിരുന്നപ്പോള്‍ അവള്‍ എന്നെ തോണ്ടിവിളിച്ചുകൊണ്ടു അക്കരെയുള്ള ഒരു കുന്നിലേക്കു വിരല്‍ ചൂണ്ടി.
'അവിടെവച്ചാണ് യേശു അഞ്ചപ്പംകൊണ്ട് അയ്യായിരത്തെ പോഷിപ്പിച്ചത്. ഞാന്‍ ആ കുന്നിലേക്കു നോക്കി. ആ വലിയ ജനാവലി അവിടെ നില്‍ക്കുന്നതായി എനിക്കു തോന്നി.
'അന്ന് കയ്യിലുണ്ടായിരുന്ന അഞ്ച് അപ്പവും രണ്ടു മീനും കൊടുത്ത ബാലന്റെ പിന്‍തലമുറയില്‍പെട്ടതാണ് ഞങ്ങളുടെ കുടുംബവും എന്നാണു പറയുന്നത്'.
'അതുകൊണ്ടാണോ റൊട്ടിയുടെ കച്ചവടം നടത്തുന്നത്?'
വള്ളം തുഴയുന്നതിനിടയില്‍ അവള്‍ കുടുകുടാ ചിരിച്ചു.
'നിങ്ങള്‍ വിചാരിക്കുന്നുണ്ടോ ആയിരക്കണക്കിനുള്ള ആളുകളില്‍ മറ്റാരുടെയും കയ്യില്‍ അപ്പമോ മീനോ ഒന്നും ഇല്ലായിരുന്നെന്ന്? കൊടുക്കുവാനുള്ള മനസ്സ് ഉണ്ടാകണം. അതുകൊണ്ടാണ് അത്ഭുതം നടന്നത്. ആ ബാലന്റെ അമ്മ രാവിലെ പൊതികെട്ടി കൊടുത്തപ്പോള്‍ പറഞ്ഞുകാണും, മോനേ, മറ്റുള്ളവര്‍ വിശന്നിരിക്കുമ്പോള്‍ ഇതു നീ തന്നെ കഴിക്കരുത്. അവര്‍ക്കുകൂടി കൊടുക്കണം എന്ന്. ആ അമ്മയുടെ പഠിപ്പിക്കലാണ് അവന്‍ അതു ഷെയര്‍ ചെയ്യുവാന്‍ കാരണമായത്.'
അവള്‍ വള്ളം തീരത്തോടടുപ്പിച്ചു. തടാകത്തിന്റെ തിട്ടയില്‍ നില്‍ക്കുന്ന ഒലിവു മരത്തിന്റെ മുറിച്ചു നിര്‍ത്തിയിരിക്കുന്നൊരു കൊമ്പിലേക്ക് വള്ളത്തില്‍നിന്നു എടുത്ത കയര്‍ കോര്‍ത്തിട്ടിട്ട് അവള്‍ എന്റെ കയ്യില്‍ പിടിച്ച് ഇറങ്ങാന്‍ സഹായിച്ചു. അവിടെനിന്നും കഷ്ടിച്ച് ഇരുപത്തഞ്ചടി മാത്രമേയുണ്ടായിരുന്നുള്ളു അവളുടെ ഭവനത്തിലേക്ക്. കല്ലില്‍ പണിതീര്‍ത്ത വീടിന് നൂറ്റാണ്ടുകളുടെ പഴക്കമുള്ളതുപോലെ തോന്നി. തടാകത്തോട് അഭിമുഖമായി നില്‍ക്കുന്നത് വീടിന്റെ പിന്‍ഭാഗമാണ്. മുന്‍ഭാഗത്തുകൂടി അന്‍പതടി നടന്നാല്‍ ടാറിട്ട റോഡിലെത്താം. ഞാന്‍ വീടിനുള്ളിലേക്കു കയറി. അവിടെ റൊട്ടി ചുട്ടെടുക്കുന്നതിന്റെ നല്ല മണമുണ്ടായിരുന്നു. വീടിന്റെ ഒരുവശത്തായിട്ടുള്ള വലിയ ഒരു മുറിയിലായിരുന്നു റൊട്ടികള്‍ ഉണ്ടാക്കിയിരുന്നത്. അവളുടെ സഹോദരന്‍, പതിമൂന്നോ പതിനാലോ വയസ്സു കാണും, റൊട്ടിക്കു മാവു കുഴച്ചുവയ്ക്കുന്നു. അവരുടെ മാതാവ് ഒരു കസേരയിലിരുന്ന് മാവ് പല റൊട്ടികളുടെ ആകൃതിയിലാക്കി രൂപപ്പെടുത്തുന്നു. അല്പം മാറി തറയില്‍ കല്ലുകൊണ്ടുള്ള അടുപ്പ്. റൊട്ടി രണ്ടോ മൂന്നോ നിരകളിലായി കല്ലിനു മുകളില്‍ വച്ചു ചുട്ടെടുക്കുന്നു. നേരത്തേ ചുട്ടുവച്ചിരുന്ന റൊട്ടികള്‍ മറിയം കുട്ടയിലേക്കു പെറുക്കിവച്ചു. അവള്‍ എന്നെ അവര്‍ക്കു പരിചയപ്പെടുത്തിയതുകൊണ്ടാവാം അവര്‍ വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയത്.
ഞാന്‍ വാച്ചിലേക്കു നോക്കി. സമയം 8 മണി കഴിഞ്ഞ് 15 മിനിറ്റ്.
'അയ്യോ, സമയം പോയതറിഞ്ഞില്ല. ഞാന്‍ പോകട്ടെ'. ഞാന്‍ അവളുടെ സഹോദരന്റെ കരം ഗ്രഹിച്ചുകൊണ്ടു പറഞ്ഞു.
മാതാവിനെ വണങ്ങിയപ്പോള്‍ അവര്‍ ഒരു റൊട്ടി നീട്ടിക്കൊണ്ട് എന്തോ പറഞ്ഞു.
'ഇതു വാങ്ങിക്കൊള്ളാനാണ് അമ്മ പറയുന്നത്. കസേരയില്‍നിന്നും എഴുന്നേല്‍ക്കാന്‍ കഴിയില്ല. നാലു വര്‍ഷത്തിലേറെയായി കാലുകള്‍ക്കു സ്വാധീനമില്ല'. മറിയത്തിന്റെ കണ്ണുകള്‍ ആര്‍ദ്രമാകുന്നതു കണ്ടു.
'വരൂ, ഞാന്‍ റിസോര്‍ട്ടില്‍ വിടാം.' മറിയം കൂട കയ്യിലെടുത്തുകൊണ്ടു പറഞ്ഞു
'വേണ്ട. സമയം ഒത്തിരി വൈകി. മുമ്പിലുള്ള റോഡില്‍കൂടി നടന്നാല്‍ മതിയല്ലോ'.
ഞാന്‍ വീടിനു മുമ്പിലേക്കിറങ്ങി.
'എങ്കില്‍ അങ്ങനെയാവട്ടെ. അല്പം മുമ്പോട്ടു ചെന്ന് ആ വളവു തിരിഞ്ഞാല്‍ റിസോര്‍ട്ടിലാണു ചെല്ലുക. കഷ്ടിച്ച് നാലു മിനിറ്റു നടപ്പ്.' മറിയം വഴിവരെ എന്നെ അനുഗമിച്ചു.
ഞാന്‍ റോഡിലേക്കു കയറിയപ്പോള്‍ അവള്‍ ചോദിച്ചു, 'നിങ്ങളുടെ പേര് എന്താണെന്നിതുവരെ പറഞ്ഞില്ല.'
ഞാന്‍ പേരു പറഞ്ഞു. അവളുടെ കയ്യില്‍ പിടിച്ചു യാത്ര പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു: 'യേശുവിന്റെ നാട്ടില്‍ നിങ്ങള്‍ക്ക് എന്നും ഒരു നല്ല സുഹൃത്തുണ്ടാവും.'
ഞാന്‍ റിസോര്‍ട്ടിലെത്തിയപ്പോഴേക്കും ബസ്സ് എനിക്കുവേണ്ടി കാത്തു നില്‍ക്കുകയായിരുന്നു. ഭാര്യ ഉത്കണ്ഠയോടെ ബസ്സിനു വെളിയിലും.
ബസ്സിനുള്ളിലേയ്ക്കു കയറിയപ്പോള്‍ ഉച്ചത്തിലുള്ള കയ്യടിയായിരുന്നു. ബസ്സ് വളവു തിരിഞ്ഞ് മറിയത്തിന്റെ വീടിനോടടുക്കുന്നു. താന്‍ സീറ്റിലിരുന്ന് ജനാലയില്‍കൂടി നോക്കി. അവള്‍ മുറ്റത്തുതന്നെ നില്‍ക്കുന്നുണ്ടാവുമോ?
ബസ്സ് മുമ്പോട്ടു നീങ്ങി. തന്റെ കണ്ണുകളെ തനിക്കു വിശ്വസിക്കാനായില്ല. അവിടെയെല്ലാം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒലിവു മരങ്ങളുടെ തോട്ടമായിരുന്നു.
Read as PDF too 
ഗലീലായില്‍ ഒരു സൂര്യോദയം - ബാബു പാറയ്ക്കല്‍
Join WhatsApp News
George Thumpayil 2015-12-15 07:15:51
Hello Babu, Very nicely narrated. I don't have any words to express my happiness and joy by going through your narration of a live encounter during your trip to the Holy Land. As normal human beings, we may look at that girl and will go back to our own business. You took another step. Your curiousity and journalistic mindset obligated you to go further. And the beauty is that you wrote about it so well and pleasantly. I went through each line devotedly. I enjoyed every bit of it. You made my day. I wish you all the best. George Thumpayil
Sudhir Panikkaveetil 2015-12-15 16:16:52
കാൽപ്പനികതയുടെ ചിറകിൽ നിന്നും ചരിത്രം
മയക്കമുണരുന്ന അഭൗമ ഭംഗി. നല്ല കഥ.
ആസംസകൾ !
വായനക്കാരൻ 2015-12-15 18:46:47
പലതവണ പറയപ്പെട്ട കഥ പിന്നെയും പറയുമ്പോഴും ബാബു പുലര്‍ത്തുന്ന പരീക്ഷണകൗതുകങ്ങളോ, നാട്യങ്ങളോ ഇല്ലാത്ത  സരളമായ ആഖ്യാനശൈലി  കഥപറച്ചിലിനെ മികവുറ്റതാക്കുന്നു.
Sherrin Mathew 2015-12-15 20:55:15
ഞാനും ആ വള്ളത്തിൽ കയറിയിരുന്നു ഗലീല തടാകത്തിൽ കൂടി യാത്ര ചെയ്യുന്നതായി തോന്നി. അവാച്യമായ അനുഭൂതി. വായനക്കാരനെ കൂടെ കൊണ്ടുപോകാൻ കഴിയുന്ന കഥാകാരന്റെ കഴിവിനെ അഭിനന്ദിക്കുന്നു. നല്ലൊരു കഥ. 
ദ്രോഹബൂദ്ധി 2015-12-16 11:00:58
ഭാര്യ പ്രാർത്ഥനയിൽ മുഴുകാൻ നോക്കി ഇരിക്കും ഓരോ ഭർത്താക്കന്മാർ റൊട്ടി കച്ചവടത്തിനുപോകാൻ.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക