Image

അമേരിക്കന്‍ മലയാളി സംഘടനകളും മാധ്യമങ്ങളും-2 (എ.­സി. ജോര്‍ജ് )

Published on 13 December, 2015
അമേരിക്കന്‍ മലയാളി സംഘടനകളും മാധ്യമങ്ങളും-2 (എ.­സി. ജോര്‍ജ് )
(തുടര്‍ച്ച) (മുന്‍ അധ്യാ­യ­വുമായി ചേര്‍ത്തു വായിക്കണമെന്നു വീണ്ടും വിനീതമായി അപേക്ഷിക്കുന്നു) 

മാധ്യമങ്ങള്‍ ഉള്ളതുകൊണ്ടു മാത്രമാണ് ചില നാമമാത്രമായ സംഘടനകള്‍ പോലും പിടിച്ചു നില്‍ക്കുന്നത്. ഓരോ സംഘടനയും സംഘടനാ നേതാക്കളും സമൂഹത്തിനു വേണ്ടി എത്രയെത്ര ഹിമാലയന്‍ മനോഗുണ പ്രവര്‍ത്തികളും സഹായവും നല്‍കി എന്ന വാര്‍ത്തകളാണ് മാധ്യമങ്ങള്‍ വെളിയില്‍ വിടുന്നത്. ഗവണ്മെന്റ് നാട്ടിലെ എയര്‍പോര്‍ട്ടുകളില്‍ എന്‍ട്രി വിസാകള്‍ പ്രഖ്യാപിച്ചു. അല്ലെങ്കില്‍ ഓസിഐ കാര്‍ഡിന്റെ ലഭ്യത ശീഘ്രമാക്കി, ഫീസുകള്‍ വെട്ടിക്കുറച്ചു, പുതിയ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ പോകുന്നു, പ്രവാസി വോട്ട് അനുവദിച്ചു, തുടങ്ങിയ വാര്‍ത്തകള്‍ കേട്ടമാതിരി ഓരോ സംഘടനാ ഒറ്റയാള്‍ നേതാക്കള്‍ പോലും മീഡിയായില്‍ അവരുടെ പടവും വെച്ച് ആ നല്ല പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്യാനും അതുപോലെ ആ നേട്ടങ്ങള്‍ ഉണ്ടാക്കിയത് തങ്ങളുടെ മാത്രം പരിശ്രമങ്ങള്‍ കൊണ്ടാണെന്നും സ്വയം വീമ്പടിച്ച് ക്രെഡിറ്റ് എടുക്കാനും മറക്കാറില്ല. ഇപ്രകാരം ജനത്തെ സേവിച്ച് സേവിച്ച് വശം കെട്ട ഇത്തരത്തിലുള്ള നേതാക്കളും നേത്രിമാരും പണം കൊടുത്തും സ്വാധീനിച്ചും ഭയങ്കരങ്ങളായ എടുപ്പത് അവാര്‍ഡുകള്‍ വാങ്ങും. ജനം രഹസ്യബാലറ്റിലൂടെ തെരഞ്ഞെടുത്തതാണെന്നു പറഞ്ഞ് ചില മീഡിയാകള്‍വരെ ഇത്തരക്കാര്‍ക്ക് ഫലകങ്ങളും പുരസ്കാരങ്ങളും കൊടുത്ത് വാഴ്ത്തി പാടും. ഇന്നലെ പൊട്ടിമുളച്ച ചില സംഘടനകളും മീഡിയാകളും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും മാന്‍ ഓഫ് ദ ഇയര്‍, മലയാളി ഓഫ് ദ ഇയര്‍, വുമന്‍ ഓഫ് ദ ഇയര്‍ എന്നെല്ലാം പേരില്‍ മിക്കവാറും അയോഗ്യരായവരെ ഏറ്റം യോഗ്യരായവരായി തെരഞ്ഞെടുക്കും. (മേമ്പൊടിക്കു കുറച്ചു യോഗ്യരേയും അര്‍ഹരേയും കാണും). ഇതിനെ എല്ലാം സത്യസന്ധമായി ചോദ്യം ചെയ്യാന്‍ മുതിരുന്ന വ്യക്തിയെ അതിനു പരിഗണിക്കാത്തതിന്റെ കൊതികെറുവാണെന്ന് പറഞ്ഞ് അടിച്ചിരുത്തും. എന്നാല്‍ സാമൂഹ്യ പ്രതിബദ്ധത പുലര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്ന എല്ലാ തരത്തിലുമുള്ള മാധ്യമങ്ങളും ഇത്തരം വങ്കത്തരങ്ങളും പൊള്ളത്തരങ്ങളും ജനപക്ഷത്ത് ഉറച്ച് നിന്ന് വെളിവാക്കുകയാണ് വേണ്ടത്. 

ഇനി പൊതുജനങ്ങള്‍ തികച്ചും വിമര്‍ശന ബുദ്ധി­യോടെ വീക്ഷി­ക്കുന്ന ചില വാര്‍ത്ത­ക­ളി­ലേക്ക് ഒരു ഉദാഹരണത്തിനു കണ്ണോ­ടി­ക്കാം, അമേ­രി­ക്ക­യിലെ ഏറ്റവും വലിയ മല­യാളി അസ്സോ­സി­യേ­ഷന്റെ ഓണാ­ഘോ­ഷ­ത്തില്‍ ആയി­ര­ക്ക­ണ­ക്കി­നാ­ളു­കള്‍ സംബ­ന്ധിച്ച് പ്രൗഡ­ഗം­ഭീ­ര­മാ­ക്കി. കൂടാതെ ഇപ്രാ­വശ്യം ലോക­ത്തിലെ പുതി­യ­ പു­തിയ കലാ­പ­രി­പാ­ടി­ക­ളാണ­വ­ത­രി­പ്പി­ച്ച­ത്. ഇപ്ര­കാരം ഒരു രണ്ടു ഡസന്‍ മല­യാളി അസ്സോ­സി­യേ­ഷ­നു­കളും അവ­രു­ടേ­താണ് ഏറ്റവും വലിയ മല­യാളി അസ്സോ­സി­യേ­ഷ­നെന്ന് വാര്‍ത്താ കുറി­പ്പി­ലൂടെ അവ­കാശപ്പെടു­ന്നു. ഇതില്‍ ഏതാണ് ശരി? ഏതാണ് ഏറ്റവും വലിയ മല­യാളി അസ്സോ­സി­യേ­ഷന്‍? എന്താണ് ഒരു അസ്സോ­സി­യേ­ഷനെ ഏറ്റവും വലു­താ­ക്കു­ന്നത്? ഇക്കൊല്ലം പുതിയ പുതിയ കലാ­പ­രി­പാ­ടി­ക­ളാണ് രംഗത്ത് അവ­ത­രി­പ്പി­ച്ച­ത്. പുതിയ പരി­പാ­ടി­കളെപ്പറ്റി തുടര്‍ന്ന് എഴു­തു­ക­യാ­ണ്. തിരു­വാ­തി­രകളി, ഓണ­പ്പാ­ട്ട്, നൃത്ത­നൃ­ത്യ­ങ്ങള്‍, ഓണ­സ­ദ്യ, മാവേലി എഴു­ന്നെ­ള്ളത്ത് തുട­ങ്ങി­യ­വ. ആട്ടെ, ഇതെല്ലാം എങ്ങനെ പുതി­യ­പ­രി­പാ­ടി­ക­ളാ­കു­ന്നു. എല്ലാം ദശാ­ബ്ദ­ങ്ങ­ളായി മിക്ക മല­യാളി സംഘ­ട­ന­കളും അവ­ത­രി­പ്പിച്ചു വരുന്ന പരി­പാടികളല്ലെ? അങ്ങനെ ചോറും സാമ്പാറും ചില­പ്പോള്‍ ഒരു മാറ്റ­ത്തി­നു­വേണ്ടി സാമ്പാറും ചോറും എന്ന് ഒന്നു വകുപ്പ് മാറ്റി തല­തി­രിച്ചും പറ­യാ­റു­ണ്ട്. 

ചില സംഘ­ട­നാ ചോ­ട്ടാ ബഡാ നേതാക്കള്‍ അവ­ന­വന്റെ തലയൊ ഫോട്ടോയൊ വാര്‍ത്താ ചിത്ര­ങ്ങ­ളില്‍ കാണു­ന്നുണ്ടൊ എന്നു മാത്രം നോക്കു­ന്നു. സംഘ­ട­നയുടെ ­ഊട്ടു­പു­ര­യില്‍ ഫ്രീയായി ഉണ്ണാന്‍ വന്ന ചില വ്യക്തി­കള്‍ പോലും അവ­രുടെ പേരൊ ഫോട്ടോയൊ ന്യൂസില്‍ കണ്ടി­ല്ലെ­ങ്കില്‍ വാര്‍ത്ത എഴു­തി­യ­വ­രേയും പ്രസിദ്ധീക­രി­ച്ച­വ­രേയും തെറി വിളിച്ച ചരിത്രം ഇവിടെ ഉണ്ടാ­യി­ട്ടു­ണ്ട്. എഴു­ത്തിലൊ വാര്‍ത്ത­യിലൊ തെറ്റു­കള്‍ മാത്രം കണ്ടു­പി­ടി­ക്കാന്‍ ശ്രമി­ക്കുന്ന സംഘ­ട­നാ വായ­ന­ക്കാ­രു­ണ്ട്. വല്ല വാച­ക­ത്തെ­റ്റോ, ടൈപ്പിംഗ് മിസ്റ്റേക്കോ കണ്ടാല്‍ അത­വര്‍ക്കു വലിയ പ്രശ്‌ന­മാ­യി. നൂറ് ശരി­കള്‍ കണ്ടിട്ട് അതി­നി­ട­യില്‍ ഒരു ചെറിയ തെറ്റു കണ്ടെ­ത്തി­യാല്‍ അതാണ് ദോഷൈ­ക­ദൃ­ക്കു­ക­ളായ ചിലര്‍ക്ക് വലിയ പ്രശ്‌ന­മാ­കു­ന്ന­ത്. ചില വായ­ന­ക്കാര്‍ വാര്‍ത്ത അല്ലെ­ങ്കില്‍ രചന മുഴു­വ­നായി വായി­ക്കാ­തെ, അവി­ട­വിടെ മാത്രം ചുരു­ക്ക­മായി വായിച്ച് കുറി­പ്പിലെ ഭൂരി­ഭാ­ഗവും വെട്ടി വിഴുങ്ങി അതിനെ കുറിച്ച് മന­സ്സി­ലാ­ക്കാതെ വിക­ല­മായ അഭി­പ്രായ പ്രക­ട­ന­ങ്ങള്‍ നട­ത്തു­ന്നതും എഴു­തു­ന്നതും ഒട്ടും ഭൂഷ­ണ­മ­ല്ല.

പലരും അവനവന്റെ വാര്‍ത്തയൊ ചിത്രമൊ മീഡിയായില്‍ അവനവന്‍ കാംക്ഷിക്കുന്ന രീതിയില്‍ കണ്ടില്ലെങ്കില്‍ ആ മീഡിയായെ വിളിച്ച് അസഭ്യം പറഞ്ഞെന്നിരിക്കും. റിപ്പോര്‍ട്ടില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു എന്ന് ഉല്‍ഘോഷിക്കുന്ന യോഗത്തിന്റെ ചിത്രത്തില്‍ നാലൊ അഞ്ചോ ആള്‍ക്കാരും മൈക്കിന്റെ പാപ്പാനും ഒഴിഞ്ഞ കുറച്ച് കസേരകളും എന്നാല്‍ സ്റ്റേജ് നിറയെ പൊന്നാട പുതച്ച് ഫലകമേന്തി പച്ച ചിരിയോടെ നില്‍ക്കുന്ന ഒരു വന്‍ ഭാരവാഹി ജനസേവക സേവികാ പടയുടെ നടുവിലോ ഓരത്തോ കിളികൊഞ്ചലുമായി മൈക്കേന്തി പാല്‍പുഞ്ചിരിയുമായി നില്‍ക്കുന്ന അവതാരികയേയും കാണാം. ഇത്തരത്തിലുള്ള വാര്‍ത്തകളും ചിത്രങ്ങളും നമ്മുടെ മാധ്യമങ്ങളില്‍ ഏതാണ്ട് സ്ഥിരമായി കാണാറില്ലെയെന്ന് ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം. ഇത്തരത്തിലുള്ള ആഭാസങ്ങളും അപഹാസ്യങ്ങളും ഒന്നു കുറച്ചാല്‍ തരക്കേടില്ലായിരുന്നുവെന്ന് ചിലരെങ്കിലും ചിന്തിച്ചാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കുമൊ? 

അമേരിക്കയിലെ മലയാളി മാധ്യമങ്ങള്‍ ഒരു വിഭാഗത്തിനേയും അത്ര അങ്ങു ഭയക്കേണ്ടതില്ല. നാട്ടിലെ മാധ്യമങ്ങള്‍ക്കാണെങ്കില്‍ പ്രബലരായ രാഷ്ട്രീയക്കാരെ, ബിസിനസുകാരെ, കോര്‍പ്പറേറ്റുകളെ, സിനിമക്കാരെ ഒട്ടൊന്നു ഭയക്കണം. അവിടെ ഇത്തരത്തിലുള്ള വമ്പന്‍ സ്രാവുകളുടെ നികുതി വെട്ടിപ്പൊ, കള്ളക്കടത്തോ, കരിഞ്ചന്തയൊ, അഴിമതിയൊ ഒക്കെ പറ്റി ഒരു പരിധിവരെ മാത്രമെ അവിടത്തെ മാധ്യമങ്ങള്‍ തുറന്നു കാട്ടുന്നുള്ളൂ. ഇവരില്‍ നിന്നൊക്കെ പരസ്യ ഇനത്തിലൊ ശരിവാര്‍ത്തകള്‍ മുക്കാനുള്ളതിന്റെ പ്രതിഫലമായൊ ഒക്കെ പല ഇനങ്ങളില്‍ മാധ്യമങ്ങള്‍ വന്‍തുകകള്‍ വാങ്ങുന്നുണ്ടെന്ന് പറയപ്പെടുന്നു. അതുപോലെ പെയ്ഡ് യഥാര്‍ത്ഥ വാര്‍ത്തകളും നെയ്‌തെടുത്ത കെട്ടിച്ചമച്ച വാര്‍ത്തകളും, ഊഹങ്ങളും, അഭ്യൂഹങ്ങളും, കഥകളും, ഒളിക്യാമറകളും എല്ലാം എല്ലാം അവിടത്തെ പല മാധ്യമങ്ങളുടെ നിലനില്‍പ്പിനും മുന്നേറ്റത്തിനും അത്യന്തം സഹായകരമാണെന്ന് ബുദ്ധിപരമായി തന്നെ ഊഹിക്കാവുന്നതാണ്. എന്നാല്‍ അമേരിക്കന്‍ മലയാളി മാധ്യമങ്ങള്‍ അപ്രകാരമല്ലായെന്നതാണ് വാസ്തവം. അമേരിക്കന്‍ മലയാളി മാധ്യമങ്ങള്‍ വഴി പണമുണ്ടാക്കുന്നവരൊ ജീവനമാര്‍ക്ഷമായി സ്വീകരിച്ചിരിക്കുന്നവരൊ വളരെ ദുര്‍ലഭമാണ്. അത്തരത്തില്‍ ഫുള്‍ ടൈം മാധ്യമപ്രവര്‍ത്തനം തൊഴിലായി സ്വീകരിക്കുന്നവര്‍ തട്ടിമുട്ടി ജീവിച്ചു പോകുന്നു വെന്നു മാത്രം. മിക്ക മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്കും ജീവിക്കാന്‍ മറ്റുപല ഫീല്‍ഡിലും ഫുള്‍ടൈം ജോലി ചെയ്യേണ്ടതുണ്ട്. പലരും ഈ മാധ്യമ പ്രവര്‍ത്തനം കൊണ്ടു നടക്കുന്നത് ഒരു ആത്മസംതൃപ്തിക്കു വേണ്ടിയോ ഹോബിയോ എന്ന നിലയില്‍ മാത്രമാണ്. ഇവിടെ ഫ്രീലാന്‍ഡ് മാധ്യമ പ്രവര്‍ത്തകരാണധികവും. ഒന്നുകൂടി വ്യക്തമാക്കിയാല്‍ അത്തരക്കാരില്‍ 98 ശതമാനമാണധികവും, അവരുടെ സേവനങ്ങള്‍ക്ക് ആരില്‍ നിന്നും വേതനം വാങ്ങാറോ അതുപോലെ കൊടുക്കാറോ ഇല്ല. പല മലയാള മാധ്യമങ്ങള്‍ക്കും സ്റ്റാഫായി ഒന്നോ രണ്ടോ ആള്‍ക്കാര്‍ മാത്രമായിരിക്കും. അവരുടെ തൊഴിലിന്റെ 80 ശതമാനവും നാട്ടില്‍ ഔട്ട് സോള്‍സ് ചെയ്തതായിരിക്കും. ചെലവു കുറക്കുന്നതിന്റെ ഭാഗമായി അവര്‍ വാര്‍ത്തകളും കൃതികളും പരസ്പരം ഷെയര്‍ ചെയ്യുന്നു. പിന്നെ അവരുടെ വരുമാനമെന്തെന്നു ചോദിച്ചാല്‍ വല്ല ഇന്‍ഷൂറന്‍സുകാരുടേയോ, റിയല്‍ എസ്റ്റേറ്റുകാരുടേയോ, ഗ്രോസറി കടക്കാരുടേയോ നിസ്സാര പരസ്യങ്ങളില്‍ നിന്നും മറ്റും മാത്രമാണ്. നാട്ടിലെ മാധ്യമങ്ങള്‍ക്ക് വമ്പന്മാരില്‍ നിന്നു കിട്ടുന്നതുപോലുള്ള വരുമാനം ഇവിടത്തെ കൊച്ചു മലയാളി മാധ്യമങ്ങള്‍ക്കില്ല. ആയതിനാല്‍ ഒരു വമ്പനേയും ഭയപ്പെടാനോ അടിമപ്പെടാനോ ഒരു അമേരിക്കന്‍ മലയാളി മാധ്യമങ്ങളും നിന്നു കൊടുക്കേണ്ടതില്ല. സത്യത്തിനും, നീതിക്കും വേണ്ടി സാമൂഹ്യ പ്രതിബദ്ധതയോടെ ഇവിടത്തെ മലയാളി മാധ്യമങ്ങള്‍ക്കും ഫ്രീലാന്‍ഡ് മാധ്യമ പ്രവര്‍ത്തകര്‍ക്കും നിലകൊള്ളാനുള്ള ആര്‍ജ്ജവ ത്ത്വമുണ്ടാകണം. കിട്ടുന്നതോ ഒന്നുമില്ല, തുച്ഛം മാത്രം. പിന്നെ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനത്തിന് ആരെ എന്തിന് ഭയപ്പെടണം? എന്നാല്‍ ഇവിടത്തെ മിക്ക മലയാളി മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നാട്ടിലെ മാധ്യമങ്ങളേക്കാള്‍ സത്യവും, നീതിയും തുറന്നടിക്കുന്നതില്‍ വൈമുഖ്യമുള്ളവരാണെന്ന് മാധ്യമങ്ങള്‍ വായിച്ചാലും ദൃശ്യച്ചാലും മനസ്സിലാക്കാം. തികച്ചും അനീതിയും അനാവശ്യവുമാണെങ്കിലും അതു ചൂണ്ടിക്കാണിച്ച് അതു ചെയ്യുന്ന പ്രബലരുടെ അപ്രിയം സമ്പാദിച്ച് വിവാദത്തിലേക്ക് കടക്കാന്‍ താനില്ലായെന്ന മട്ടിലുള്ള എന്തിനേയും തൊട്ടു തലോടി എല്ലാം ഗംഭീരം മനോഹരം എന്നു പറഞ്ഞു വെള്ളപൂശാനാണ് കുടുതല്‍ പേര്‍ക്കും താല്‍പ്പര്യം. ഇവിടത്തെ സംഘടനകളിലോ ആരാധനാലയങ്ങളിലോ നടമാടുന്ന അനീതികള്‍ കണ്ടില്ലെന്നു നടിക്കലല്ലാ മാധ്യമ ധര്‍മ്മവും, സാമൂഹ്യ പ്രതിബദ്ധതയും.

വൈവിധ്യമേറിയ ഇലക്‌ട്രോണിക് മീഡിയായുടെ ആവിര്‍ഭാവത്തോടെ നവമാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തനങ്ങളും പഴയകാല മാധ്യമങ്ങളേയും പ്രവര്‍ത്തന ശൈലിയേയും മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു. വാര്‍ത്തകളായാലും കൃതികളായാലും ഫോട്ടോകളായാലും വീഡിയോകളായാലും ഇന്ന് തല്‍ക്ഷണം തന്നെ എവിടെയും കൊടുക്കാം ലഭ്യമാക്കാം. വിരല്‍തുമ്പിലൂടെ ശബ്ദത്തിലൂടെ ആംഗ്യത്തിലൂടെ പോലും തല്‍സമയ മാധ്യപ്രവര്‍ത്തനവും മാധ്യമ സേവനവും നടത്താന്‍ അവസരമുണ്ട്. അതുപോലെ സിറ്റിസണ്‍ ജേര്‍ണലിസം എന്നൊക്കെ പറയുന്നപോലെ അധിക മാധ്യമ സാങ്കേതിക വിദ്യ അറിയാത്ത സാധാരണ പൗരനു പോലും സ്വായത്തമാക്കാവുന്ന നവമാധ്യമ ശ്രൃംഘലകള്‍ ഇന്നു ലഭ്യമാണ്. ആര്‍ക്കും ആരേയും ഇന്ന് പത്രപ്രവര്‍ത്തനത്തില്‍ നിന്നൊ മാധ്യമ മേഖലയില്‍ നിന്നോ ഒഴിവാക്കാനോ ഒതുക്കാനോ സാധ്യമല്ല. ഏതെങ്കിലും മാധ്യമങ്ങള്‍ നമ്മളെ അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തിയാല്‍ നമുക്ക് സ്വന്തമായി ഒരു മാധ്യമ വെബ്‌സൈറ്റ് തുടങ്ങാവുന്നതേയുള്ളൂ. ഫെയിസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയായില്‍ സ്വന്തമായി നമ്മുടെ വര്‍ക്കുകള്‍ പോസ്റ്റു ചെയ്യാവുന്നതേയുള്ളൂ. ഒരു എഡിറ്ററുടെ വെട്ടോ കുത്തോ പോലും ഏല്‍ക്കാതെ നമ്മള്‍ക്ക് നമ്മുടെ കാര്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കും. ഇത് മാധ്യമ രംഗത്ത് ഒരു ജനകീയ വിപ്ലവം തന്നെ ഉണ്ടാക്കി. ഇതില്‍ ദൂഷ്യവശങ്ങളും ധാരാളമുണ്ട് എന്നാലതിലുപരി ഗുണവശങ്ങളാണ് നമ്മള്‍ കാണേണ്ടത്. ഇത് അമേരിക്കന്‍ മലയാളി സംഘടനകളുടെ ശുഷ്കമായ പ്രവര്‍ത്തനങ്ങള്‍ കൂടി ജനമധ്യത്തിലെത്തിച്ച് വാര്‍ത്താ പ്രാധാന്യമെങ്കിലും നേടാന്‍ സാധ്യമാക്കി. 

ഇവിടത്തെ മാധ്യമങ്ങളായാലും സംഘടനകളായാലും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളാണ് പ്രോല്‍സാഹിപ്പിക്കേണ്ടത്. മതത്തിന്റെ പേരിലുള്ള അന്ധവിശ്വാസങ്ങളും കഴിയുന്നത്ര ഉപേക്ഷിക്കണം. അതിന് മാധ്യമങ്ങളും സംഘടനകളും ചാലക ശക്തികളാകണം. അനാചാരങ്ങളും, പുരോഹിതരുടേയും, പൂജാരികളുടേയും ആള്‍ദൈവങ്ങളുടേയും ആര്‍ഭാട ജീവിതങ്ങള്‍ക്കൊ ദൈവമില്ലാത്ത ദേവാലയങ്ങള്‍ മുക്കിന് മുക്കിന് പണിത് അവിടെ പോയി ചേരിതിരിഞ്ഞ് യുദ്ധം ചെയ്യാനോ അതിലേക്കായി നമ്മുടെ വിയര്‍പ്പും പണവും അധികമായി ചെലവഴിക്കാനോ അല്ല ശ്രമിക്കേണ്ടതെന്ന, നിലപാടല്ലെ മാധൃമങ്ങള്‍ സ്വീകരിക്കേണ്ടത്ണ്ടണ്ടണ്ട? മനുഷ്യാവകാശങ്ങളേയും ജനാധിപത്യ ഭരണ വ്യവസ്ഥിതികളേയും ഭരണക്കാര്‍ തന്നെ ലംഘിക്കുമ്പോഴും ജുഡീഷ്യറി തന്നെ നിയമലംഘകരെ ശിക്ഷിക്കുന്നതിനു പകരം രക്ഷിക്കുന്നതു കാണുമ്പോള്‍ ഇന്ത്യയിലേയും പ്രത്യേകിച്ച് അമേരിക്കയിലേയും നീതിന്യായ തത്വശാസ്ത്രങ്ങളേയും മാനുഷിക നീതിബോധത്തേയും വിലമതിക്കുകയും മാനിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ശരിയായ ജനപക്ഷത്തിന്റെ ശബ്ദവും പോരാളികളുമാണെന്ന് നാം മനസ്സിലാക്കിയിട്ടുണ്ടല്ലോ. 

അമിത ലാഭേച്ചുക്കളായ കോര്‍പ്പറേറ്റുകളുടേയും മറ്റു ക്രിമിനലുകളുടേയും ആധിപത്യത്തില്‍ ഞെരിഞ്ഞമരുന്ന മാധ്യമങ്ങള്‍ ജനവഞ്ചനാ പ്രസ്ഥാനങ്ങളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അമേരിക്കയിലെ മലയാളി മാധ്യമ പ്രസ്ഥാനങ്ങള്‍ മേല്‍സൂചിപ്പിച്ച രണ്ടു വിഭാഗത്തിലും പെടാതെ അങ്ങു നിലനിന്നു പോകുന്നു ഒരു തരത്തിലുള്ള ഞാണിന്മേല്‍ കളി എന്നപോലെ. നല്ല അമേരിക്കന്‍ മലയാളി മാധ്യമങ്ങളുടെ ഉയര്‍ച്ചക്കും നിലനില്‍പ്പിനും ഇവിടത്തെ മലയാളി സംഘടനകളുടെ അകമഴിഞ്ഞ നിരന്തര പിന്‍തുണ ആവശ്യമാണ്. മറിച്ചും സംഘടനകളുടെ ആരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ക്കും മാധ്യമങ്ങളുടെ പിന്തുണ അനിവാര്യമാണ്. 

(അടുത്ത ലക്ക­ത്തില്‍ അടുത്ത അധ്യാ­യ­ത്തില്‍ തുട­രും)

>>> ഒന്നാം ഭാഗം വായി­ക്കുക
അമേരിക്കന്‍ മലയാളി സംഘടനകളും മാധ്യമങ്ങളും-2 (എ.­സി. ജോര്‍ജ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക