Image

പിരിച്ചുവിടപ്പെട്ട പത്തോളം നഴ്‌സുമാരെ തിരിച്ചെടുത്തു

ജോയിച്ചന്‍ പുതുക്കുളം Published on 20 January, 2012
പിരിച്ചുവിടപ്പെട്ട പത്തോളം നഴ്‌സുമാരെ തിരിച്ചെടുത്തു
ഫിലാഡല്‍ഫിയ: അടൂര്‍ ലൈഫ്‌ ലൈന്‍ ഹോസ്‌പിറ്റലില്‍ നിന്നും പിരിച്ചുവിടപ്പെട്ട പത്തോളം നഴ്‌സുമാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചുവെന്ന്‌ പിയാനോ നഴ്‌സസ്‌ അസോസിയേഷന്‍ (അമേരിക്ക) പ്രസിഡന്റ്‌ ബ്രിജീറ്റ്‌ വിന്‍സെന്റ്‌ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

അടൂര്‍ ലൈഫ്‌ ലൈന്‍ ഹോസ്‌പിറ്റലില്‍ നിന്നും പിരിച്ചുവിടപ്പെട്ട നഴ്‌സുമാരെ തിരിച്ച്‌ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നും, ജോലി സമയം എട്ടുമണിക്കൂറാക്കി കുറയ്‌ക്കണമെന്നും, മിനിമം വേതനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ ഓള്‍ ഇന്ത്യാ പ്രൈവറ്റ്‌ നഴ്‌സസ്‌ അസോസിയേഷന്‍, ഹോസ്‌പിറ്റല്‍ ഡയറക്‌ടര്‍ ഡോ. പാപ്പച്ചന്‌ പതിന്നാല്‌ ദിവസത്തെ കാലാവധിയില്‍ കത്ത്‌ നല്‍കുകയും, അതിന്റെ കോപ്പി അടൂര്‍ അസിസ്റ്റന്റ്‌ ലേബര്‍ ഓഫീസര്‍ക്ക്‌ നല്‍കുകയും ചെയ്‌തിരുന്നു.

പ്രസ്‌തുത കത്തിന്റെ അടിസ്ഥാനത്തില്‍ സംഘടനാ പ്രതിനിധികളും, ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ്‌ അധികൃതരും, ലേബര്‍ ഓഫീസറുമായി നടത്തിയ ചര്‍ച്ചയില്‍ നഴ്‌സുമാര്‍ക്ക്‌ നൂറുശതമാനം അനുകൂലമായ രീതിയില്‍ ചര്‍ച്ച വിജയിച്ചു. പിരിച്ചുവിടപ്പെട്ട എല്ലാ നഴ്‌സുമാരേയും സ്റ്റാഫ്‌ തസ്‌തികയില്‍ തിരിച്ചെടുക്കുകയും ചെയ്‌തു.

നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ മുന്നില്‍ക്കണ്ടുകൊണ്ട്‌, ഫിലാഡല്‍ഫിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പിയാനോ നഴ്‌സസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ബ്രിജീറ്റ്‌ വിന്‍സെന്റ്‌, ഹോസ്‌പിറ്റല്‍ ഡയറക്‌ടര്‍ ഡോ. പാപ്പച്ചനുമായി ബന്ധപ്പെടുകയും, നഴ്‌സുമാര്‍ക്ക്‌ അനുകൂലമായ നടപടികള്‍ നടപ്പിലാക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ പ്രത്യേകിച്ച്‌ കേരളത്തിലെ അവഗണിക്കപ്പെട്ട നഴ്‌സുമാരുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനും, സംരക്ഷിക്കുവാനും, കേരളത്തിലെ നഴ്‌സസ്‌ അസോസിയേഷനും, അതിന്റെ നേതാക്കള്‍ക്കും എല്ലാവിധ സഹായ സഹകരണങ്ങളും പ്രോത്സാഹനവും പിയാനോ നല്‍കിവരുന്നു.

മറ്റ്‌ ഹോസ്‌പിറ്റലുകളിലെ നഴ്‌സുമാരുടെ ന്യായമായ അവകാശങ്ങള്‍ അനുവദിച്ചു നല്‍കുവാന്‍ എല്ലാ ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റുകളും തയാറാവണമെന്ന്‌ സംഘടനയുടെ ദേശീയ പ്രസിഡന്റ്‌ ലിജു വേങ്ങല്‍ ആവശ്യപ്പെട്ടു.

വരുംകാലങ്ങളില്‍ നഴ്‌സുമാര്‍ തങ്ങളെ ചൂഷണം ചെയ്യുന്നവരെ നിയമചങ്ങലകൊണ്ട്‌ ബന്ധിക്കുമെന്ന്‌ കേരളാ സ്റ്റേറ്റ്‌ പ്രസിഡന്റ്‌ അബിലാല്‍ പറഞ്ഞു.

നഴ്‌സുമാരോടുള്ള ചൂഷണം അവസാനിപ്പിക്കണമെന്നും, സേവനം എന്ന പേരില്‍ അടിമകളെപ്പോലെ പണിയെടുപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കേരളാ സ്റ്റേറ്റ്‌ ജോയിന്റ്‌ സെക്രട്ടറി ഗോപിക പറഞ്ഞു.

ജില്ലയിലെ എല്ലാ ഹോസ്‌പിറ്റലുകളിലും ഇത്തരത്തിലുള്ള ന്യായമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നഴ്‌സുമാര്‍ ശക്തമായി പ്രതികരിക്കുമെന്ന്‌ പത്തനംതിട്ട ജില്ലാ സെക്രട്ടറി ബിന്‍സി ജേക്കബ്‌ പറഞ്ഞു.
പിരിച്ചുവിടപ്പെട്ട പത്തോളം നഴ്‌സുമാരെ തിരിച്ചെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക