Image

കടമ്മനിട്ടയിലെ കവി- ത്രേസ്യാമ്മ തോമസ്, നാടാവള്ളില്‍

ത്രേസ്യാമ്മ തോമസ്, നാടാവള്ളില്‍ (കൊച്ചേച്ചി) Published on 20 January, 2012
കടമ്മനിട്ടയിലെ കവി- ത്രേസ്യാമ്മ തോമസ്, നാടാവള്ളില്‍
അന്നു രാവിലെ ഞാന്‍ കടമ്മനിട്ടയ്ക്കു പോയി. കടമ്മനിട്ട ഞങ്ങളുടെ അയല്‍ഗ്രാമമാണ്. കടമ്മനിട്ട എന്ന ഗ്രാമത്തെ അന്വര്‍ത്ഥമാക്കി കവിയെക്കാണാനാണ് ഞാനവിടെ പോയത്. പ്രധാന നിരത്തില്‍ നിന്നും കുറേ ഉള്ളിലേക്കു നീണ്ടുപോകുന്ന ചെമ്മണ്‍പാത. തനി ഗ്രാമീണ അന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന വീട്. ചുറ്റുപാടും ഗ്രാമത്തിന്റെ മാധുര്യമുള്ള ശബ്ദവും ഗന്ധവും.

ഞാന്‍ ചെല്ലുമ്പോള്‍ കവി വീടിന്റെ മുന്‍പില്‍ സൂര്യനമസ്‌ക്കാരത്തിലായിരുന്നു. പടയണിപ്പാട്ടിന്റെ താളത്തിലും നാടന്‍ വ്യവഹാരത്തിലും കവിതയെഴുതിയ. "കുറത്തിയും" "ശാന്തയും" എഴുതി വര്‍ത്തമാനകാലത്തിന്റെ ദുഷ്ടാവസ്ഥകളെ കുറിച്ച് വിമര്‍ശി
ച്ച് കവിയണവിടെ നില്‍ക്കുന്നത്. ആധുനികതയുടെ മൃത്യുബോധം, നിരര്‍ത്ഥകതാ ബോധം തുടങ്ങിയവ തന്റെ കവിതകളിലൂടെ ആവിഷ്‌കരിച്ച, ഗ്രാമീണ സംസ്‌ക്കാരത്തിന്റെ ഈടുവെയ്പ്പുകളെ കവിതയിലാക്കിയ ഈ കവിയെ ഞാനന്ന് ആദ്യമായിട്ടാണു കാണുന്നത്.

എന്റെ ചിന്തകള്‍ക്കു വിരാമമിട്ടുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ എന്നെ അകത്തേക്കു കൂട്ടികൊണ്ടുപോയി. ചൂടുചായ തന്നു. ചായ പകുതിയാക്കിയപ്പോഴേക്കും അദ്ദേഹം എത്തി. ഞാന്‍ എന്നെ പരിചയപ്പെടുത്തി; ആഗമനോദേശവും അ
ിയിച്ചു. "എന്റെ കവിതാ സമാഹാരത്തിന് ഒരു അവതാരികവേണം” ഞാന്‍ പറഞ്ഞു. ഒരു ഷെല്‍ഫു നിറയെ കയ്യെഴുത്തു പ്രതികള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അവയെല്ലാം അവതാരിക കാത്തു കിടക്കുന്നവയാണ്. എങ്കിലും അദ്ദേഹം എന്നെ നിരാശയാക്കിയില്ല. താളുകള്‍ മറിച്ചു നോക്കിയിട്ട് രണ്ടാഴ്ച കഴിഞ്ഞു വിളിക്കൂ എന്നു പറഞ്ഞ് എന്നെ യാത്രയാക്കി.

രണ്ടാഴ്ച കഴിഞ്ഞ് അവതാരിക തയ്യാറായിട്ടുണ്ടെന്നും വായിച്ചു നോക്കിയപ്പോള്‍ ഇഷ്ടപ്പെട്ടുവെന്നും ഉടനെ അവതാരിക എഴുതണമെന്നു തോന്നിയെന്നും കേട്ടപ്പോള്‍ വളരെയധികം സന്തോഷം തോന്നി. പിന്നീടൊരിക്കല്‍ കൂടി പുസ്തകത്തിന്റെ കോപ്പികൊടുക്കാന്‍ ഞാനവിടെ പോയി. അപ്പോള്‍ കാവ്യസന്ധ്യകളിലും കവിയരങ്ങുകളിലും പ്രത്യക്ഷപ്പെടാത്തതില്‍ പരിഭവിച്ചു അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകള്‍ സന്തോഷപ്രദവും പ്രോത്സാഹനജനകവുമായിരുന്നു.

പിന്നീട്(നാലു വര്‍ഷത്തിനു മുമ്പ്) അദ്ദേഹം മരിച്ച വിവരം അ
ിഞ്ഞപ്പോള്‍ കാണാനോ എന്റെ അടുത്ത പുസ്തകത്തിന്റെ കോപ്പികൊടുക്കാനോ സാധിക്കാത്തതില്‍ ദുഃഖിച്ചു. ഗ്രാമീണ ഭാവുകത്വത്തിലേക്ക് ആധുനിക കവിതയെ പരിവര്‍ത്തിപ്പിച്ചെടുത്ത ഗ്രാമസ്‌നേഹി, തന്റെ നിലനില്‍പ് സ്വന്തം നാടിന്റെ നാടോടി പാരമ്പര്യത്തിലാണെന്നു തിരിച്ചറിഞ്ഞ പാരമ്പര്യവാദി, കീഴാള വര്‍ഗ്ഗത്തിന്റെ വിമോത്മീയന്‍ , കുറത്തിയാട്ടം എന്ന അനുഷ്ഠാന കലയെ വിമോചന ഗാഥയാക്കിയ കഥാകാരന്‍ , മനുഷ്യന്റെ ദുരവസ്ഥയ്ക്കും പീഢനത്തിനുമെതിരെ ശബ്ദിച്ച മനുഷ്യസ്‌നേഹി, ആശാന്‍ പ്രൈസ്, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് തുടങ്ങി വിവിധ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ജേതാവ്, 'ഗോദയെകാത്ത്', 'സൂര്യശില' എന്നിവയുടെ വിവര്‍ത്തകന്‍, തുടങ്ങിയ എല്ലാ വിശേഷണങ്ങളോടും കൂടെ തന്റെ ഗ്രാമത്തില്‍ നിന്നും അദ്ദേഹം യാത്രയായി.

കടമ്മനിട്ട എന്ന ഗ്രാമം ഉള്ളിടത്തോളം കാലം കടമ്മനിട്ട രാമകൃഷനും അദ്ദേഹത്തിലെ കവിയും മരിക്കില്ല.
കടമ്മനിട്ടയിലെ കവി- ത്രേസ്യാമ്മ തോമസ്, നാടാവള്ളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക