Image

മകരവിളക്ക് കഴിഞ്ഞ് ശബരിമല പൂര്‍ണമായി ശുചിയാക്കും

അനില്‍ പെണ്ണുക്കര Published on 17 December, 2015
മകരവിളക്ക് കഴിഞ്ഞ് ശബരിമല പൂര്‍ണമായി ശുചിയാക്കും
      മകരവിളക്ക് കഴിഞ്ഞ് മൂന്നാം ദിവസം ശബരിമലയും പമ്പയും പൂര്‍ണമായി ശുചിയാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഗുരുസ്വാമിമാരെ ക്ഷണിച്ചുവരുത്തി ശബരിമലയെപ്പറ്റി സമഗ്രമായ വിവരങ്ങള്‍ കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കരുതെന്നും ശുചിയായി സൂക്ഷിക്കണമെന്നും അറിയിച്ച് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ബിനില്‍ കൊട്ടയ്ക്കാട് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന്റെ പ്രകാശനം, കാനറ ബാങ്ക് നല്‍കുന്ന ഒരു ലക്ഷം തുണി സഞ്ചികളുടെ ഏറ്റുവാങ്ങലും പമ്പ രാമമൂര്‍ത്തി മണ്ഡപത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ അധ്യക്ഷത വഹിച്ചു.

       അമൃതാനന്ദമയീമഠം ഉള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാവും മകരവിളക്കിനുശേഷം പമ്പയും സന്നിധാനവും ശുചിയാക്കുക. ശബരിമലയും പരിസരവും തീര്‍ഥാടനകാലം കഴിഞ്ഞ് മാലിന്യം നിറയുന്നത് തടയാനാണ് ഈ നടപടി. ഗുരുസ്വാമിമാരെ ക്ഷണിച്ച് ആദരിച്ചശേഷമാകും ശബരിമലയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുക. പൂജാദികര്‍മങ്ങള്‍, ഭക്ഷണശാലകളിലും മറ്റുമുണ്ടാകുന്ന ചൂഷണത്തിനെതിരെ അറിയിപ്പ് നല്‍കേണ്ടവിധം, എന്നിവയ്‌ക്കൊപ്പം പമ്പയില്‍ തുണി എറിയുന്നത് ആചാരമല്ലെന്നും കെട്ടുനിറയ്ക്കാന്‍ പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കരുതെന്നും ഉള്‍പ്പെടെ സമഗ്രമായ വിവരങ്ങളായിരിക്കും നല്‍കുകയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

       ശുചിത്വം പാലിക്കണമെന്ന സന്ദേശം നല്‍കാനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം തുണി സഞ്ചി നല്‍കുന്ന കാനറ ബാങ്കിന്റെ സംരംഭം പുണ്യകര്‍മമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഹ്രസ്വചിത്രത്തിന്റെ സംവിധായകന്‍ ബിനില്‍ കൊട്ടയ്ക്കാടിന് ഉപഹാരം നല്‍കി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആദരിച്ചു.

       പമ്പ മലിമാക്കരുതെന്ന ബോധവത്ക്കരണം നല്‍കി പ്രതിജ്ഞയെടുപ്പിച്ച് ഭക്തരുടെ ഒപ്പ് ശേഖരിക്കുന്ന കൗണ്ടറില്‍ ദിനംപ്രതി 3000 വരെ ഭക്തര്‍ എത്തുന്നതായും പമ്പയില്‍ തുണി ഒഴുക്കുന്നതു കുറയുന്നതായിവന്ന വാര്‍ത്തകള്‍ സന്തോഷകരമാണെന്നും ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ പറഞ്ഞു. ബോധവത്ക്കരണ ചിത്രത്തിന്റെ സി.ഡികള്‍ ചാലക്കയത്ത് വീഡിയോ സംവിധാനമുള്ള തീര്‍ഥാടകരുടെ വാഹനങ്ങളില്‍ വിതരണം ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു.

       തിരുവല്ല സബ് കളക്ടര്‍ ഡോ.ശ്രീറാം വെങ്കിട്ടരാമന്‍, കാനറ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ.ടി.വി. ദുരൈ പാണ്ടി, സീനിയര്‍ മാനേജര്‍ കൃഷ്ണകുമാര്‍, മാര്‍ക്കറ്റിംഗ് ഓഫീസര്‍ ബിജേഷ്, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.വി സുഭാഷ്, പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ ഹരിശങ്കര്‍, ലെയ്‌സണ്‍ ഓഫീസര്‍ സരസ്വതിയമ്മ, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ. സുധാകരന്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. മധുസൂദനന്‍ എന്നിവര്‍ സംബന്ധിച്ചു.

മകരവിളക്ക് കഴിഞ്ഞ് ശബരിമല പൂര്‍ണമായി ശുചിയാക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക