Image

ജനാധിപത്യം- ഒരു കള്ളനാണയം! - എന്‍.പി.ഷീല

എന്‍.പി.ഷീല Published on 23 December, 2015
ജനാധിപത്യം- ഒരു കള്ളനാണയം! - എന്‍.പി.ഷീല
ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ ഭരണമാണ് നമ്മുടെ രാജ്യത്തുള്ളതെന്നൊരു ധാരണ നിലവിലുണ്ടല്ലൊ. എന്നാല്‍ ആ ധാരണ കാറ്റില്‍ പറത്തി ജനക്ഷേമത്തിനായി അതിവേഗം ഗതിദൂരം വായുവിലൂടെയും കരയിലൂടെയും ജലമാര്‍ഗ്ഗമായും ഒരു പറ്റം  കാവല്‍പട സഹിതം സഞ്ചരിച്ച് ജനങ്ങളെ ഭൂരിപക്ഷം വരുന്ന ദരിദ്രനാരായണന്മാരെ ഒരു കോണില്‍ ഒതുക്കി നിര്‍ത്തി അധികാരദണ്ഡുമേന്തിയുള്ള നാടകങ്ങളും അന്തര്‍നാടകങ്ങളും കാണുമ്പോള്‍ കടലിനക്കിരെയിരുന്ന് ഈ കാഴ്ച കാണുന്ന കുറെപ്പേരുടെ മനസ് ക്ഷോഭത്താല്‍ പ്രക്ഷുബ്ധമാകാറുണ്ട്; അതിന്റെ നേരിയൊരു ബഹിര്‍സ്ഫുരണമാണ് ഈ ലേഖനം.

'ഇവിടെ 80% ല്‍ പരം ആളുകള്‍ ദാരിദ്ര്യവും ദുരിതങ്ങളും അനുഭവിക്കുമ്പോള്‍ അവര്‍ക്കുവേണ്ടി ഒട്ടനവധി കാര്യങ്ങള്‍ ചെയ്യാനുള്ള വ്യഗ്രതയില്‍ എനിക്ക് ദൈവത്തെക്കുറിച്ചു ചിന്തിക്കാന്‍ കൂടി സമയമില്ല' എന്നു പറഞ്ഞു ദിവസത്തിന്റെ 18 മണിക്കൂറും അവര്‍ക്കായി നീക്കിവച്ച നമ്മുടെ ആദ്യത്തെ പ്രധാനമന്ത്രി-കുട്ടികളുടെ ചാച്ചാ നെഹ്‌റു! ആ മഹാന്റെ പഞ്ചശീലവും പഞ്ചവത്സരപദ്ധതിയുമൊക്കെ മുതിര്‍ന്ന തലമുറയുടെ മനസ്സില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്നുണ്ടാവണം. അതെല്ലാം ജനതയുടെ ക്ഷേമം ഉന്നം വച്ചുകൊണ്ടുള്ളതായിരുന്നു.
തുടര്‍ന്നിങ്ങോട്ട് അടിമുടി ശുദ്ധരില്‍ ശുദ്ധനായ ലാല്‍ ബഹാദൂര്‍ ശാസ്ത്രി , മൊറാര്‍ജി തുടങ്ങി അംഗുലീ പരിമിതരായ ചില ജനക്ഷേമകരെ സ്വതന്ത്രഭാരത്തിന്റെ തലപ്പത്ത് നാം കണ്ടിട്ടുണ്ട്.
കേരളത്തിലേക്കു വരിക. ഇടതും വലതും മാറിമാറി ഭരിച്ചു. കറുപ്പും വെളുപ്പും കലര്‍ന്ന ചരിത്രങ്ങള്‍ ഒരു തിരൈപ്പട കാട്ചി(സിനിമ) പോലെ നമ്മുടെ മുമ്പിലുണ്ട്. എങ്കിലും ഇപ്പോഴത്തെപ്പോലെ ജനങ്ങളുടെ സര്‍വ്വതോമുഖക്ഷേമത്തിന്നായി 'അരയും തലയും മുറുക്കി, ഭരിച്ചിട്ടുതന്നെ ബാക്കി കാര്യം' എന്ന പ്രതിബദ്ധതയോടെ അധികാരക്കസേരയില്‍ ഉടുമ്പിന്റെ പിടിമുറുക്കി വാഴുന്ന ഹരിശ്ചന്ദ്രന്മാരുടെയും മഹാബലിമാരെയും ഇതഃപര്യന്തം കേരളം കണ്ടിട്ടില്ല. പുരോഗതി മൂന്നുനിലപോരാ. അങ്ങ് ആകാശംമുട്ടെ എന്ന വന്‍ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍! അണ്ണാറക്കണ്ണനും ഞാഞ്ഞൂലും ഞണ്ടും നരിച്ചീറും തുടങ്ങി കൊമ്പന്‍സ്രാവും തിമിംഗലവും ഉള്‍പ്പെട്ട നല്ലൊരു കാഴ്ചബംഗ്ലാവ്! മൂട്ടകടിയേറ്റാലെന്നപോലെ കസേരയില്‍ നിന്നുയര്‍ന്നുപൊങ്ങി വായുമാര്‍ഗ്ഗേണ പറന്നുപറന്ന് അങ്ങ് ഇന്ദ്രപ്രസ്ഥത്തിലെത്തി, അവിടുത്തെ നിര്‍ദ്ദേശപ്രകാരം ഹോളിഡേ ആഘോഷിക്കാന്‍, ക്ഷമിക്കണം, വിദേശങ്ങളിലെ ഭരണാധിപന്മാരുടെ ക്ഷേമം അന്വേഷിക്കാന്‍ പോകേണ്ടത് 'വസുധൈവ കുടുംബകം' എന്ന ആര്‍ഷാദര്‍ശം ശരിവരെ പാലിക്കാന്‍ ബാധ്യസ്ഥരായ നമ്മുടെ കടമയല്ലയോ!

ജനവിധി എന്ന പ്രuസനം! അപ്പോഴാണ് ദരിദ്രനാരായണന്മാരുടെ കുനാച്ചിപ്പുരകള്‍ തേടിയിറങ്ങുക, പഞ്ചവത്സരം കൂടുമ്പോഴുള്ള ഒരു പൊറാട്ടുനാടകം! കയ്യടിയോ(അടിയോ?) അതോ കവിളന്‍മടല്‍ പ്രയോഗമോ നല്‍കേണ്ട രംഗങ്ങളില്‍ ചിലത് ഇങ്ങനെ-
സ്ഥലം: നഗരവികസാനാര്‍ത്ഥ പുറമ്പോക്കിലേക്ക് മാറ്റിത്താമസിക്കപ്പെട്ട ഒരു കോളണി. ആളുപിടുത്തപ്പടയോടൊപ്പം സ്ഥാനാര്‍ത്ഥി! എടുത്തണിഞ്ഞ പുഞ്ചിരി അല്ല അണ്ണാക്കുവരെ നീളുന്ന മുഴുനീളന്‍ ചിരി!(ചിരി തന്നെ എത്രവിധം!) നേതാവ് ചെന്നപാടെ മുറ്റത്തു മണ്ണപ്പം ചുട്ടുകളിച്ചുകൊണ്ടിരുന്ന ഒരു കുട്ടി ചിങ്കളത്തെ പൊക്കിയെടുത്തു, സാറന്മാരെ ഓര്‍ക്കാപ്പുറത്തെ കണ്ട ജാള്യതയില്‍ ഉടുമുണ്ടിന്റെ കോന്തലയെടുത്തു മാറുമറച്ച് ഭവ്യതയില്‍ മുറ്റത്തുനിന്ന സ്ത്രീയോട് 'ഇവന്‍ അച്ഛന്റെ തനിപ്പകര്‍്പപുതന്നെ' എന്നൊരു മുഖസ്തുതി!(സ്തുതികേട്ടാല്‍ സാധാരണസ്ത്രീകളും ഒരുമാതിരിപ്പെട്ട പെണ്ണുങ്ങളും വീഴുമല്ലോ) പക്ഷെ, ഇവിടെ കാപട്യമറിയാത്ത ആ പാവത്തിന്റെ മുമ്പില്‍ പയറ്റിയ അടവു പാടേ പാളി- അവന്‍ പറഞ്ഞു- 'അയ്യോ സാറേ, ഇത് അങ്ങേലെ നാണുവിന്റെ കൊച്ചാ!' സാറു പറഞ്ഞതു ആരെങ്കിലും കേട്ടോ എന്ന പരിഭ്രമത്തോടെ അവര്‍ തിക്കും പിക്കും നോക്കി, സാര്‍ തല്‍ക്ഷണം തന്റെ ഇട്ടുതേച്ച് ഖദര്‍ഷര്‍ട്ടില്‍ കൊച്ചിന്റെ ദേഹത്തെ മണ്ണും ചെളിയും പറ്റയതു നോക്കി ചെറുതായൊന്നു മുഖം കഷണനേരം ചുളിഞ്ഞെങ്കിലും കൊച്ചിനെ താഴെ നിര്‍ത്തി വന്നകാര്യം അവതരിപ്പിച്ചു. കൈപ്പത്തി മറക്കല്ലേ വീണ്ടും വരാം എന്ന് കുറുപ്പിന്റെ ഒരുറപ്പും പാസ്സാക്കി. ഒപ്പം നിന്ന അണികള്‍ 'ഞങ്ങള്‍ കാണേണ്ടതുപോലെ കണ്ടു കൊള്ളാം' എന്ന ഭാവത്തില്‍ അടുത്ത കൂര ലക്ഷ്യമാക്കി നീങ്ങി.
വോട്ടുതെണ്ടി വേറൊരിടത്ത് ഇങ്ങനെ ഊരുചുറ്റഇയപ്പോള്‍ ഒരു സാധുപറഞ്ഞത് നമ്മുടെ കവി എന്‍.കെ.ദേശത്തിന്റെ ഭാഷയില്‍ കേള്‍ക്കുക-

വോട്ടു ഞങ്ങള്‍ തന്നോളാം, പകരം ചോദിച്ചത്,
മായം ചേരാത്ത ഇത്തിരി വിഷം മാത്രം!
ഒടുവില്‍ കൈമെയ് അനങ്ങാതെ കിട്ടിയ പണം വാരിയെറിഞ്ഞ് ജയിച്ചുവന്ന് ഒരു 'സത്യപ്രതിജ്ഞാ ചടങ്ങു'ണ്ടല്ലോ. ചില നല്ല പദങ്ങള്‍- വിശ്വസ്തത,  സത്യസന്ധത, പ്രതിബദ്ധത, നിഷ്പക്ഷത- എന്നിങ്ങനെ ഇതൊക്കെ എന്തു മറുഭാഷ! ചൊല്ലി ഒപ്പിച്ചു. അടുത്തത് വകുപ്പുവിഭജനം! മന്ത്രിമാര്‍ ആരൊക്കെ തുടങ്ങിയ ആലോചനായോഗം-ഇപ്പോഴാണ് മനമുരുകിയുള്ള പ്രാര്‍ത്ഥന-
'ദൈവമേ' കൈതൊഴാം കാക്കുമാറാകണം പാവമാം എന്നെ നീ മന്ത്രിയാക്കീടണം
നല്ലവകുപ്പൊന്നു കിട്ടുവാന്‍ കനിയുമാറാകണം....
ദൈവത്തോടും അപേക്ഷയല്ല, ആജ്ഞയാണ്. ആക്കണേ അല്ല, 'ആക്കണം' എന്നു തന്നെ. ഇല്ലെങ്കില്‍ തന്നെ ഞാന്‍ 'എടുത്തോളാം' എന്ന മട്ട്!

പിന്നീടങ്ങോട്ട് 'നേതാവ് ജനസേവകനായിരിക്കണം' എന്ന് ആ 'പല്ലില്ലാത്ത, മുതുകു വളഞ്ഞ മൂപ്പീന്നു' അങ്ങനെ പലതും പറയും, 'ഏട്ടിലപ്പടി, പയറ്റിലിപ്പടി' എന്ന പ്രമാണം; പക്ഷേ, ഓഫീസില്‍ ആ കിഴവന്റെ ഫോട്ടോ മുഖ്യസ്ഥാനത്തുതന്നെ 'വാടാത്ത' മാലചാര്‍ത്തി അലങ്കരിച്ചിരിക്കും; അണിഞ്ഞിരിക്കുന്ന വസ്ത്രത്തിന്റെ ആദികാരണനും പിന്നെയുണ്ടാരൊക്കെയോ അല്ലയോ ടിയാന്‍! മറക്കാന്‍ പറ്റുമോ!

കാലും വാക്കുമല്ലാതെ മറ്റെന്താണു മാറ്റാന്‍ പറ്റുക? ഒരു കാര്യം പറഞ്ഞ് നാക്കുവായിലിടും മുമ്പ് അതു നിഷേധിക്കാനും മാറ്റിപ്പറയാനും മുജ്ജന്മ സുകൃതം തന്നെ വേണം! കാര്യംകാണാന്‍ കഴുതക്കാലും പിടിക്കുന്നതില്‍ എന്തായിത്ര മാനക്കേട്; നാണക്കേട്? ഉണ്ടെങ്കില്‍ അത് ഈ വാക്കുകള്‍ക്കേയുള്ളൂ. കല്ലന്‍മുളയുടെ ചര്‍മ്മബലം നേടിയെടുത്താന#് പിന്നെ കൊട്ടപ്പൂവും റോസപ്പൂവും തമ്മിലുള്ള വ്യത്യാസം അറിഞ്ഞില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുകയൊന്നും ഇല്ലല്ലൊ. ശിവ!ശിവ! ഇത്തരം അപൂര്‍വ്വ സ്പീഷിസിന് ജന്മം നല്‍കിയ മാതാവിനെ നോക്കിയല്ലേ നിന്നെ വഹിച്ച ഉദരവും കുടിപ്പിച്ച മാറും ഭാഗ്യപ്പെട്ടവ! എന്ന് വളരെമുമ്പേ ആരോ വാഴ്ത്തിപ്പാടിയത്!

ഏതായാലും നമുക്കൊന്നും കാണാന്‍ യോഗമുണ്ടായില്ലെങ്കിലും കലിയുഗാന്ത്യത്തില്‍ കല്‍ക്കി-ഖഡ്ഗി-കയ്യില്‍ ഖഡ്ഗവുമേന്തി ഭൂജാതനാകുമെന്നും, നരജീവിതമായ വേദനയില്‍ മനസ്സലിവുള്ള, ദുഃഖിതരുടെ കണ്ണീരൊപ്പുന്ന, മനുഷ്യന്റെ മഹാവൈരിയായ വയറിന്റെ അഗ്നിക്ക് ഇന്ധനമേകുന്ന, മാനത്തുനോക്കാതെ മണ്ണില്‍ക്കഴിയുന്ന കൃമികീടസദൃശരായ കങ്കാളങ്ങളോടു കരുണകാട്ടുന്ന, ഏറ്റെടുത്ത ഉത്തരവാദിത്വത്തോടു വിശ്വസ്തതയും സത്യസന്ധതയും പുലര്‍ത്തുമെന്നു പ്രതിജ്ഞയെടുത്ത് ഭരണം കയ്യാളുന്ന ഈ ഭൂസുരന്മാര്‍ക്ക് 'തക്ക സമ്മാനം' നല്‍കുന്നതുകാണാന്‍ അക്കാലത്ത് ശേഷിക്കുന്നവര്‍ക്കു സംഗതിയാകുമെന്ന് പ്രത്യാശിക്കുകയും സന്തോഷിക്കയും ചെയ്യാം.
ആഹാരം, വസ്ത്രം, പാര്‍പ്പിടം, രോഗത്തിനു മരുന്ന്, സര്‍വ്വോപരി ജീവസന്ധാരണത്തിന് ആവശ്യഘടകങ്ങളായ ശുദ്ധവായു, ശുദ്ധജലം എന്നിവപോലും ലഭ്യമാക്കാന്‍ കൂട്ടാക്കാതെ, എയര്‍കണ്ടീഷന്‍ റൂമിലെ ഫോമിന്റെ മെത്തയില്‍, വന്നവഴി മറന്ന് സുഖസുഷുപ്തിയില്‍ വിലയം കൊള്ളുന്ന ഈ ഭാഗ്യവാന്മാരെ അസൂയാലേശമോ കോപപാരുഷ്യങ്ങളോ ഇല്ലാതെ നാം വഴാത്തുക- കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍! ഇവര്‍ക്കു കരുണലഭിക്കും, പോരാ, സ്വര്‍ഗ്ഗരാജ്യം ഇവര്‍ക്കുള്ളതാകുന്നു(ആമേന്‍)- എസ്.കുര്യാക്കോസ്‌

ജനാധിപത്യം- ഒരു കള്ളനാണയം! - എന്‍.പി.ഷീല
Join WhatsApp News
വിദ്യാധരൻ 2015-12-23 07:58:49
ജനാധിപത്യം മാത്രമല്ല മതവും കള്ള നാണയത്തിന്റെ രണ്ടു വശങ്ങളിൽ ഒന്നാണ് .  ഇവ രണ്ടും കൂടി ചേർന്നാണ് ലോകത്തിൽ ഇന്നോളം ഉണ്ടായിട്ടുള്ള സാമൂഹ്യ സംഘർഷങ്ങൾക്ക് കാരണം. മതവും രാഷ്ട്രീയവും തമ്മില്ലുള്ള അവിഹിത ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.   മനുഷ്യര്  ആയിരക്കണക്കിന് വർഷങ്ങൾ മതരാഷ്ട്രീയ അടിമത്വത്തിൽ കഴിഞ്ഞിട്ടും അവർ ഒന്നും പഠിച്ചില്ല എന്നതാണ് ദുഖരമായ സത്യം.  ഇന്ന് കേരളത്തിൽ നിന്ന് അമേരിക്കയിൽ എത്തുന്ന രാഷ്ട്രീയ മത നേതാക്കന്മാരെ ആനയും അമ്പാരിയുടെയും അകമ്പടിയോടെ സ്വീകരിക്കുന്ന അഭ്യസ്തവിദ്യർ ഉണ്ടെന്നുള്ളത് ചിന്തിപ്പിക്കുന്ന ഏതൊരാളേയും ലജ്ജിപ്പിക്കുന്ന സത്യമാണ്.   സാഹിത്യകാരന്മാരും സാഹിത്യകാരികളും ഇവർക്ക് വേണ്ടി സ്തുതി ഗീതങ്ങൾ എഴുതി അവരുടെ അംഗീകാരത്തിനു വേണ്ടി പരക്കം പായുന്നത് കാണുമ്പോൾ, അമേരിക്കയിൽ സാഹിത്യം എന്തുകൊണ്ട് പച്ചപിടിക്കാത്തതെന്നു മനസിലാക്കാവുന്നതെയുള്ള്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗതി കാണുമ്പോൾ , ഏറ്റവും അധോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു നാടാണ് നിങ്ങളും ഞാനും ജനിച്ചു വളർന്ന കേരളം.  ജനാധിപത്യത്തെ മതത്തിന്റെ സ്വാധീനത്തിൽ നിന്ന് മാറ്റി നിറുത്തി മനുഷ്യനന്മക്ക് ഉപകരിക്കതക്ക രീതിയിൽ രൂപാന്തരപ്പെടുത്തുന്നതിൽ സാഹിത്യകാര്ന്മാര്ക്കും സാഹിത്യകാരികൾക്കും ഒരു നല്ല പങ്കുണ്ട്. പക്ഷെ ഇന്ന് കേരളത്തിലെ മിക്ക സാഹിത്യകാരന്മാരും ഉള്ളറകളിലേക്ക് പിൻവാങ്ങി നിശബ്ദരായി കഴിയുകയാണ് . ഇടയ്ക്കിടക്ക് അമേരിക്കയിലൊക്കെ വന്നു പൊന്നാടയും ഫലകവും കൊടുത്ത്, അനർഹാരായവരെ വഴിതെറ്റിച്ചു, നാട് കണ്ടു മടങ്ങുന്നത് മാത്രമാണ് ഒരു അവരുടെ ജോലി.    കള്ള നാണയപ്പെരുപ്പം മൂലം, ജീവിത മൂല്യങ്ങൾ നഷ്ടമാകുന്ന ഈ ലോകത്ത് നിങ്ങളെപ്പോലുള്ളവർ  ഇത്തരം വിഷയങ്ങൾ ക്യ്യ്കാര്യം ചെയ്യുന്നത് കാണുന്നത് സന്തോഷകരം തന്നെ '


വിദ്യാധരൻ 2015-12-23 09:41:54
ജനാധിപത്യം എന്ന കള്ള നാണയം ഇട്ട് കളിച്ചാണ് ഓരോ കുടുംബവും അവരുടെ സന്താന പരമ്പരകളും കേരളം കട്ട് മുടിച്ചു ഭരിക്കുന്നത്‌.  മാണിയുടെ ജീവിത കാലം മുഴുവൻ അയാൾ ധനാകാര്യ മന്ത്രി ആയിരുന്നു ( കള്ളനെ താക്കോൽ ഏല്പ്പിച്ചു കൊടുത്ത കേരള ജനത) അങ്ങനെ എത്ര എത്ര മൂക്കിൽ പല്ലുവന്ന രാഷ്ട്രീയക്കാർ കേരളത്തിലും ദില്ലിയിലും കസേരകളിൽ സുപ്പർ ഗ്ലൂ തേച്ചു ഇരിക്കുന്നു.  ഇത് ജനാധിപത്യത്തിന്റെ പഴുതുകളില്ലാത്ത സ്വാതന്ത്ര്യത്തിൽ പെട്ടതാണോ? ഡോക്ടർ. ഷീല പറഞ്ഞിരിക്കുന്നതുപോലെ കാശുകൊടുത്ത് പ്രുബുദ്ധരല്ലാത്ത ഒരു ജനതയെ വിലക്ക് വാങ്ങാനുള്ള സ്വാതന്ത്യം  രാഷ്ട്രീയക്കാർ നേടിയിരിക്കുന്നു. ഇവിടെയാണ്‌ സാഹിത്യകാരന്മാർ രംഗ പ്രവേശം ചെയ്യേണ്ടതും ഇത്തരക്കാരുടെ കയ്യിൽ നിന്നും ജനാധിപത്യ സിദ്ധാന്തങ്ങളെ മോചിപ്പിച്ചു, ജനങ്ങളാൽ, ജനങ്ങൾക്ക്‌ വേണ്ടി, ജനങ്ങളിൽ നിന്ന് എന്ന അവസ്ഥയിലേക്ക് സ്വതന്തരമാക്കെണ്ടതും.  പോന്നാടകളിലും ഫലകത്തിലും, പ്രശ്സ്തരുടെ ഓരം ചേർന്ന് പടം എടുത്തു മാധ്യമങ്ങളിൽ സ്വന്തം പടം നോക്കി ഇരുന്നു ആതമരതിയിൽ മുഴുകിയിരിക്കുന്ന 'കൊഞാണ്ടാന്മാർക്ക് ' അതിനു കഴിയില്ലല്ലോ? 
Professor Kunjappu 2015-12-23 09:31:48

ജനാധിപത്യം അനുവദിക്കുന്ന സ്വാതന്ത്ര്യമാണ് പല വികലമായ അഭിപ്രായങ്ങളും — ജനാധിപത്യത്തിന് എതിരായിപ്പോലും — എഴുതാനും പറയാനും വ്യക്തിയെ പ്രാപ്തമാക്കുന്നത് എന്ന വസ്തുത, തിമിരബാധയാല്‍ ആന്ധ്യം പ്രാപിച്ചവരും പ്രായാധിക്യത്താല്‍ ഓര്‍മ്മക്കുറവു വരുത്തുന്ന അസഹിഷ്ണുത തീണ്ടിയവരും മറക്കരുത്!

ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ശക്തിയാണ് അടിയന്തരാവസ്ഥയില്‍ നിന്നും ഭാരതത്തെ കരകേറ്റിയത്. ഹിന്ദുത്വവും ഹിന്ദിയും അവയുടെ ഉപോല്പന്നങ്ങളും പ്രധാന അജണ്ടയാക്കാതെ ഇന്ത്യയെ നയിച്ചാല്‍ മോഡിക്കും നീണ്ടുവാഴാം!

ജനാധിപത്യം സാവധാനം ചലിക്കുന്ന വണ്ടിയായിരിക്കാം. എന്നാല്‍, അതിന് സ്വയം കേടുപാടു തീര്‍ക്കാനും ചികിത്സിക്കാനുമുള്ള ശക്തിയുണ്ട് — അമേരിക്കയില്‍ ഓണമാഘോഷിക്കാനും ഇന്ത്യയില്‍ ക്രിസ്തുമസ് കൊണ്ടാടാനുമുള്ള ശക്തി!

എല്ലാവര്‍ക്കും ക്രിസ്തുമസ് മംഗളങ്ങള്‍! അതുമൂലമാണ് “സന്തോഷം തരുന്ന അവധി ദിനങ്ങള്‍” അമേരിക്കയില്‍ തരപ്പെട്ടതെന്ന് മറക്കാതിരിക്കുക!     
  

Dr. KUNJAPPU

വായനക്കാരൻ 2015-12-23 11:42:53
‘കള്ളനാണയം’ എന്ന പ്രയോഗത്തിന്റെ അർത്ഥം പ്രൊ. (ഡോ.) കുഞ്ഞാപ്പുവിനു പിടികിട്ടിയില്ല എന്നു തോന്നുന്നു.
Councilmember abraham 2015-12-24 06:30:45

Many of us in American democracy are council members getting paid for our minimal ceremonial roles. This Honour to  seek office in India ( for a foreign citizen there ) is not given. So, this capilistic democracy is very close to a benevolent dictatorship. I disagree with the notion of it being a false coin. The judiciary here in America still has a jury system. The female, the black, the Muslim, or anyone can vote, get elected. It is unfair to benefit oneself the fruits of democracy, and thanklessly pronounce dirty comments. Merry NABI day to all before Merry Christmas. I am Abraham and Ebrahim. 



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക