Image

യുകെയുടെ കടക്കെണി തൊഴില്‍ മേഖലെയേയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്‌

Published on 20 January, 2012
യുകെയുടെ കടക്കെണി തൊഴില്‍ മേഖലെയേയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്‌
ലണ്‌ടന്‍ : രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 500 ശതമാനത്തിലധികമെത്തിയ കടക്കെണി പലമേഖലകളെയും ശ്വാസംമുട്ടിക്കുന്നതായി റിപ്പോര്‍ട്ട്‌. തൊഴില്‍ മേഖലയിലും ഇതിന്റെ പ്രതിഫലനമുണ്‌ടായിട്ടുണ്‌ട്‌.

മാനേജ്‌മെന്റ്‌ കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ മക്കെന്‍സി നടത്തിയ അന്താരാഷ്ട പഠനം ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ പുറത്തുവിട്ടിട്ടുള്ളത്‌. ലോകത്ത്‌ ജപ്പാനുശേഷം ഏറ്റവുമധികം ഉയര്‍ന്ന കടമുള്ളത്‌ ബ്രിട്ടനാണെന്നാണ്‌ ആദ്യവിവരം. കടത്തിലധിഷ്‌ഠിതമായ വളര്‍ച്ചയെ അത്യധികമായി ആശ്രയിക്കാത്ത ഒരു സമ്പദ്‌വ്യവസ്ഥയിലേക്ക്‌ മാറിക്കൊണ്‌ടിരിക്കുന്ന രാജ്യത്തിന്‌ ഒരു ദശകത്തോളം ദുഷ്‌കരമായ വെല്ലുവിളി നേരിടേണ്‌ടിവരുമെന്ന്‌ പഠനത്തില്‍ ചൂണ്‌ടിക്കാണിക്കുന്നു.

കഴിഞ്ഞ മൂന്നുവര്‍ഷംകൊണ്‌ടാണ്‌ കടം ഇത്രയധികം വര്‍ധിച്ചിട്ടുള്ളത്‌. ജിഡിപിയുടെ 487 ശതമാനമുണ്‌ടായിരുന്ന 2008ലെ കടം കഴിഞ്ഞവര്‍ഷം മധ്യത്തിലായപ്പോള്‍ 507 ശതമാനമായി. 2003 ല്‍ ഇത്‌ 300 ശതമാനമായിരുന്നു. നിലവിലുള്ള പ്രവണത തുടരുകയാണെങ്കില്‍ പഴയ നിലയിലേക്ക്‌ എത്തണമെങ്കില്‍ 2020 ആകുമെന്നാണ്‌ പ്രവചനം.

സര്‍ക്കാര്‍ കമ്മി കുറയ്‌ക്കുകയും കുടുംബങ്ങളുടെ വായ്‌പ കുറയ്‌ക്കുന്നത്‌ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നാണ്‌ നിര്‍ദേശം. സ്വീഡനും ഫിന്‍ലാന്റുമായി താരതമ്യം ചെയ്യുമ്പോള്‍ വീണ്‌ടും ശക്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പെടുക്കാന്‍ ഇംഗ്ലണ്‌ടിന്‌ ഏറെ പോകേണ്‌ടതുണ്‌ട്‌.

പതനത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍ ഏറ്റെടുത്തുവെങ്കിലും കാര്യങ്ങള്‍ നിയന്ത്രണവിധേയമാകണമെങ്കില്‍ കര്‍ക്കശ നടപടികള്‍ വേണമെന്ന്‌ വിധഗ്‌ധരുടെ വിലയിരുത്തല്‍.

പുതിയ കണക്കുകള്‍ പ്രകാരം യുകെയിലെ തൊഴിലില്ലായ്‌മ 2.68 ദശലക്ഷമായി. ഇതിന്റെ നിരക്ക്‌ 8.4 ശതമാനമാണ്‌ വര്‍ധിച്ചത്‌. യുവാക്കളിലെ തൊഴിലില്ലായ്‌മ 1.04 ദശലക്ഷവുമായി. നവംബറിലെ പെന്‍ഷന്‍ പ്രക്ഷോഭത്തെത്തുടര്‍ന്ന്‌ പത്തുലക്ഷം തൊഴില്‍ദിനങ്ങളാണ്‌ നഷ്ടമായതത്രെ.
യുകെയുടെ കടക്കെണി തൊഴില്‍ മേഖലെയേയും ബാധിക്കുന്നതായി റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക