Image

ഒരു ബാലമനസ്സിലെ ക്രിസ്മസ് സ്മരണകള്‍ 1950 കളിലൂടെ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 23 December, 2015
ഒരു ബാലമനസ്സിലെ ക്രിസ്മസ്  സ്മരണകള്‍ 1950 കളിലൂടെ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
വെളുപ്പാന്‍ കാലത്ത് ഉറക്കച്ചടവോടെ ചെരുപ്പിടാത്ത കൊച്ചുകാലുകള്‍ പെറുക്കി വച്ച് കല്ലും മണ്ണും നിറഞ്ഞ പാതയിലൂടെ ക്രിസ്മസ് ശുശ്രൂഷകള്‍ക്കായി രണ്ടര മൈലുകള്‍ അകലെയുള്ള ദേവാലയത്തിലേയ്ക്കുള്ള യാത്ര. ചൂട്ടുകറ്റ കത്തിച്ചു പിടിച്ച് മുതിര്‍ന്നവരുടെ നേതൃത്വത്തില്‍ ആ യാത്ര തുടരുമ്പോഴേയ്ക്കും മറ്റു ഭവനക്കാരും യോജിക്കുന്നതിനാല്‍ യാത്രയിലെ അംഗസംഖ്യ എറിവരും. 
അര്‍ദ്ധരാത്രിയിലെ ചെറുതണുപ്പും നേരിയ നിലാവും തീര്‍ത്ഥയാത്രാ സംഘത്തിന്റെ ക്രിസ്ത്മസ് ഗാനാലാപവും ആനന്ദപ്രദമായ അനുഭവമായിരുന്നു. ദേവാലയത്തിലെ തീജ്വാലാ ശുശ്രൂഷയ്ക്കു മമ്പേ എത്താനായുള്ള ആവേശത്തോടെയാണ് യാത്ര. 

ദേവാലയത്തിന്റെ പടിഞ്ഞാറുഭാഗത്തു മുറ്റത്തൊണ്ടാക്കിയ കുരിശാകൃതിയിലുള്ള കുഴിയിലെ തീജ്വാലയിലേക്കിടുവാനായി ഓശാനപ്പെരുനാളിന് വീട്ടിലേയ്ക്കു കൊണ്ടുപോയ കുരുത്തോല കയ്യില്‍ കരുതിയിരിക്കുന്നത് ജ്വാലയില്‍ ഇട്ട് അടുത്തു നിന്ന് ആ തീ കായുന്ന ആനന്ദം. മുതിര്‍ന്നവരുടെ കയ്യില്‍ മാത്രമേ അന്നൊക്കെ ആരാധനാപ്പുസ്തകങ്ങള്‍ ഉണ്ടായിരുള്ളു, കുട്ടികള്‍ കേട്ടു ചൊല്ലുകയേ ചെയ്തിരുന്നുള്ളു. അടുക്കും ചിട്ടയുമാെന്നുമറിയാതെ അങ്ങു പാടും. 

ദേവാലയത്തില്‍ കയറ്റുപാ നിരത്തിയിട്ടുണ്ടാവും, കുട്ടികള്‍ ചിലരൊക്കെ മൂലകളില്‍ മെല്ലെ സുഖനിദ്രയിലാഴും. നേരം വെളുക്കും മുമ്പ് ക്രിസ്തുമസ് ശുശ്രൂഷകള്‍ കഴിഞ്ഞുള്ള മടക്കയാത്രയ്ക്ക് ആവേശം കൂടുതലായിരുന്നു. അങ്ങോട്ടു പോയ കൂട്ടം പിരിഞ്ഞാണ് മടക്കയാത്ര, വേഗം കൂടുതലാണ് നടത്തത്തിന്. വീട്ടിലെത്തുമ്പോള്‍ അപ്പവും താറാവുകറിയും കേക്കും കഴിക്കാമെന്ന ആശയും വിശപ്പുമാണ് വേഗതയുടെ പിന്നില്‍.പള്ളിയില്‍ പോയിട്ടവരുമ്പോഴേയ്ക്കു കഴിക്കുവാന്‍ രാവിലെ പാലപ്പവും ഒക്കെ ഉണ്ട് എന്നു പറഞ്ഞാണ് രാത്രിയില്‍ യാ ്രതയാക്കുന്നത്.

വൈദുതിയും പൈപ്പുവെള്ളവും ടെലഫോണും ഒന്നും എത്തിനോക്കിയില്ലാത്ത തെക്കന്‍ കേരളത്തിലെ ഒരു നാട്ടിന്‍പുറം.വയലേലകളിലെ ഞാറ്റുപാട്ടും ,കാളപൂട്ടും, തോട്ടിലെ നീരാട്ടിന്നോളവും , പ്രഭാതങ്ങളെ ഉണര്‍ത്തിയ കളകൂജനാരവും അലയടിച്ച ഗ്രാമാരാമം. പാടങ്ങളും തെങ്ങും കമുകും കപ്പയും നിറഞ്ഞ കൃഷിത്തോപ്പുകളും സ്‌നേഹവും കഠിനാദ്ധ്വാനവും കൈമുതലായുള്ള ജനവിഭാഗമിയലും ഗ്രാമീണശാന്തി. സാന്ധ്യശാന്തതയില്‍ മിന്നാമിനുങ്ങു വെട്ടം പോലെ കത്തിയിരുന്ന മണ്ണെണ്ണ വിളക്കുകളും , അന്തരീക്ഷത്തില്‍ അലയടിച്ചുയര്‍ന്നിരുന്ന രാമരാമജപം, പ്രാര്‍ത്ഥനാ ഗീതികള്‍, ബാങ്കുവിളികള്‍ എന്നിവയേകിയ ശാന്തിമന്ത്രണവും എന്റെ ഗ്രാമീണവിശുദ്ധി വര്‍ദ്ധകങ്ങളായ് വിളങ്ങിയിരുന്നു.

രണ്ടു മൈലുകള്‍ അകലെയുള്ള സ്ക്കൂളില്‍ നിന്നും ക്രിസ്തുമസ് അവധി ലഭിക്കുന്നത് കുട്ടികള്‍ ആര്‍ത്തിയോടെ നോക്കിപ്പാര്‍ത്തിരുന്നു. അവധി കിട്ടിയാലുടന്‍ ഈറയും ഈര്‍ക്കിലും ചീകി വര്‍ണ്ണക്കടലാസ് അരിമാവുപശയുണ്ടാക്കി ഒട്ടിച്ച് സ്റ്റാര്‍വിളക്കുകളും മറ്റും ഉണ്ടാക്കു­ക. വീട്ടിലെയും അയല്‍വീട്ടിലെയും കുട്ടികളുടെ ഹരമായിരുന്നു. തോരണങ്ങളൊട്ടിച്ച് മുറ്റവും പരിസരവും ഒകുക്കി യേശുകുഞ്ഞിന്റെ വരവേല്‍പിനായുള്ള ആഘോഷം. ഇരുപത്തഞ്ചു ദിവസത്തെ നോമ്പാചരണത്തോടെയുള്ള കാത്തിരിപ്പാണ്. 

മാട്ടിറച്ചിയും താറാവുകറിയും കോഴിക്കറിയും ഒക്കെ കൊതിയൂറ്റുന്ന വിഭവങ്ങളായി ഗ്രാമത്തിലെങ്ങും ഇറച്ചിവെട്ടിന്റെയും ഒരു ചെറിയ മേളതന്നെയായിരുന്നു ക്രിസ്തുമസ്. ഇന്നത്തെപ്പോലെ ബേക്കറിസാധനങ്ങളൊന്നും ലഭ്യമല്ലാതിരുന്ന ഗ്രാമഭവനങ്ങളില്‍ കേക്കുണ്ടാക്കലും മിക്ക ഭവനങ്ങളിലെയും അമ്മമാരും മക്കളും ചേര്‍ന്നുള്ള ഒരു വിനോദം തന്നെയായിരുന്നു. വലിയ നോമ്പു വീടലിനും ക്രിസ്തുമസിനും നല്ല മൂരിക്കട്ടന്മാരെ അറുത്ത് ഒരു പങ്ക് ഇറച്ചി അഥവാ രണ്ടു കിലോഗ്രാമിന് രണ്ടു രൂപയില്‍ താഴെ വില വച്ചു ചെറിയ മൂലക്കച്ചവടങ്ങള്‍ നടക്കുമ്പോള്‍ അന്നൊക്കെ അവിടേയ്ക്ക് തിരക്കോടെ ആളുകളെത്തും. ആ നല്ല പച്ചയിറച്ചി കറിവയ്ക്കുുമ്പോഴുള്ള സൗരഭ്യം അയല്‍ വീടുകളിലേയ്ക്കും വ്യപിക്കുമ്പോഴേയ്ക്കും നാവില്‍ കൊതിയൂറിയാണ് സമയം പോകുക. 

തലേ ദിവസം വൈകിട്ട് വീട്ടമുറ്റത്തെ തെങ്ങു ചെത്തി കള്ളുമായി വരുന്ന ചെത്തുകാരന്റെ പക്കല്‍ നിന്നും അപ്പത്തിനുള്ള കള്ളുവാങ്ങിക്കൊണ്ടുവരവും, ക്രിസ്തുമസിന് ചില വീടുകളില്‍ ഗൃഹനാഥന്മാര്‍ അല്‍പമൊനു മിനുങ്ങാനും തലേ ദിവസമേ കുറച്ചു പാനീയം കരുതിയിരിക്കും. ആകെ ഒരു ഉത്സവപ്രതീതിയും തകൃതിയും. അടുത്ത ബന്ധുക്കളുടെ വരവും ക്രിസതുമസ് ദിനത്തില്‍ ഉണ്ടാകുമെന്നതുകൊണ്ട് കുറച്ചേറെ ഭക്ഷണം തയ്യാറാക്കിയിട്ടുണ്ടാവും. ഫോണ്‍ വിളിച്ചു നേരത്തേ കൂട്ടി അറിയിക്കാനുള്ള സൗകര്യം ഇല്ലാതിരുന്നതിനാല്‍ ആണ് എപ്പോഴെത്തും എന്നൊന്നും പ്രതീക്ഷിക്കാതെ പെട്ടെന്നാണ് വിരുന്നുകാര്‍ വന്നെത്തുക. അന്നൊക്കെ വീടു നിറയെ കുട്ടികളായിരുന്നു ഓരോ വീട്ടിലും. 

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എന്തായാാലും കുട്ടികള്‍ മത്സരിച്ചു കഴിച്ചിരുന്നതും, വീട്ടുജോലികള്‍ ഓരോരുത്തരുടെയും പങ്ക് മടികൂടാതെ ചെയ്തിരുന്നതും മാതാപിതാക്കള്‍ക്ക് സമാധാനം നല്‍കിയിരുന്നു. പരസ്പര സ്‌നേഹം, മുതിര്‍ന്നവരോടുള്ള ബഹുമാനം വീട്ടിലെ വിഷമതകള്‍ അറിഞ്ഞു ജീവിക്കുവാനുള്ള തയ്യാര്‍, വെവ്വേറെ മുറികളിലല്ലാതെ, ഉള്ള സ്ഥലത്തു കിടന്നുറങ്ങുകയും, രാത്രിയും രാവിലെയും മാതാപിതാക്കളോടൊപ്പം തറയില്‍ നിരത്തിയിട്ട പുല്‍പ്പായിലിരുന്നു മെഴുകുതിരി കത്തിച്ച് ഒരുമിച്ചു പ്രാര്‍ത്ഥിക്കയും, വീട്ടിലുള്ളത് പരസ്പരം പങ്കുവയ്ക്കുുകയും വളരെ മിതമായി മാത്രം ഉണ്ടായിരുന്ന വസ്ത്രങ്ങള്‍ സ്വയം കഴുകി ഉണക്കി ചിരട്ടക്കരി കത്തിച്ചിട്ട ഓട്ടു തേപ്പുപെട്ടികൊണ്ടു തേച്ചു ഉപയോഗിക്കയും ഒക്കെ ചെയ്തിരുന്ന ആ ഒരു കാലം.

ഇന്ന്് ഗ്രാമങ്ങളെ പട്ടണങ്ങള്‍ ആദേശം ചെയ്കയും, വിദേശാദേശങ്ങള്‍ വര്‍ദ്ധിക്കയും ചെയ്തിരിക്കുന്ന ആധുനികയുടെ അതിപ്രസരത്തില്‍ നോമ്പിന്റെയും ക്രിസ്ത്മസിന്റെയും വിശുദ്ധിക്കും ആചരണങ്ങള്‍ക്കും മങ്ങലേറ്റിട്ടുണ്ടോ എന്ന് സംശയിക്കുന്നു. ഈ ക്രിസ്ത്മസ് ദിനങ്ങള്‍ സന്തോഷവും സമാധാനവും വിനയവും ദൈവഭക്തിയും നമ്മില്‍ നിറയ്ക്കട്ടെ !അനുഗ്രഹവും ആനന്ദ­വും നിറഞ്ഞ ക്രിസ്ത്മസ്ും പുതുവത്സരാശംസകളും എന്റെ എല്ലാ മാന്യ വായനക്കാര്‍ക്കും അര്‍പ്പിക്കട്ടെ !

കന്യകാ മലര്‍ത്തയ്യാള്‍ മധുപം തീണ്ടാത്തൊരാ
മാനവാസ്പര്‍ശയായ കാനന സല്ലതിക
വിശ്വേശ വരം തീര്‍ത്തോരഭൗമ ഗര്‍ഭം പൂണ്ടു
വിശ്വപ്രദീപ്തദിവ്യ ശ്രീകരന്‍ ജന്യനായി.
"സര്‍വ്വേശനുന്നതത്തില്‍ മഹത്വം മഹിയിങ്കല്‍
ദൈവപ്രസാദമാര്‍ന്ന മര്‍ത്യര്‍ക്കു സംപ്രീതിയും'
ദൈവമേ പാപികളാം ഞങ്ങളുമര്‍ത്ഥിപ്പിതേ
ഭവ്യദായകാ കൃപ ഞങ്ങളില്‍ കാട്ടീടുകേ!
ഒരു ബാലമനസ്സിലെ ക്രിസ്മസ്  സ്മരണകള്‍ 1950 കളിലൂടെ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
Join WhatsApp News
Usha 2015-12-24 16:22:42
Excellent our uncles have to read it11
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക