Image

ചരിത്രത്തെ വര്‍ഗീയ ശക്തികള്‍ താല്‍പര്യസംരക്ഷണത്തിന്‌ ഉപയോഗിക്കുന്നു: ഡോ. കെ.എന്‍ പണിക്കര്‍

Published on 20 January, 2012
ചരിത്രത്തെ വര്‍ഗീയ ശക്തികള്‍ താല്‍പര്യസംരക്ഷണത്തിന്‌ ഉപയോഗിക്കുന്നു: ഡോ. കെ.എന്‍ പണിക്കര്‍
ദോഹ: ചരിത്രത്തെ ഇന്ത്യയിലെ വര്‍ഗീയ ശക്തികള്‍ തങ്ങളുടെ താല്‍പര്യസംരക്ഷണത്തിനുള്ള ഏറ്റവും വലിയ ആയുധമാക്കി മാറ്റിയിരിക്കുകയാണെന്ന്‌ പ്രമുഖ ചരിത്രകാരനും സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലറുമായ ഡോ. കെ.എന്‍ പണിക്കര്‍. തെറ്റായ ചരിത്ര വായനയിലൂടെയാണ്‌ അവര്‍ ഈ ആയുധം സൃഷ്ടിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ മലയാളി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദോഹയിലെത്തിയ കെ.എന്‍ പണിക്കര്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ്‌ ദി പ്രസ്‌ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

ഹിന്ദുയിസം എന്നത്‌ ഏകതാന മതമാണെന്ന്‌ സ്ഥാപിക്കാനാണ്‌ ചിലര്‍ ചരിത്രത്തെ വളച്ചൊടിക്കുന്നത്‌. ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള സംഘര്‍ഷമാണ്‌ ഇന്ത്യയുടെ ചരിത്രം എന്ന്‌ വരുത്താനായിരുന്നു കൊളോണിയല്‍ ഭരണാധികാരികളുടെ ശ്രമം. തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക്‌ തടസ്സമായ ഹിന്ദു..മുസ്ലിം ഐക്യം തകര്‍ക്കാനായിരുന്നു ഇത്‌. സമുദായങ്ങള്‍ക്കിടയില്‍ അനൈക്യം സൃഷ്ടിക്കുകയാണ്‌ വര്‍ഗീയ ചരിത്രകാരന്‍മാരുടെയും ലക്ഷ്യം. ഹിന്ദുക്കള്‍ മാത്രമാണ്‌ ആദ്യകാലം മുതല്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നതെന്നും മുസ്ലിംകളും ക്രിസ്‌ത്യാനികളും വിദേശികളാണെന്നും സ്ഥാപിക്കാനാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌.

സിന്ധു നദീതട സംസ്‌കാരത്തെ ഹിന്ദു സംസ്‌കാരമായി ചിത്രീകരിക്കാനും ശ്രമിക്കുന്നു. ചരിത്രം രാഷ്ട്രീയമായും ഉപയോഗിക്കപ്പെടുന്നുണ്ട്‌. അതുകൊണ്ടാണ്‌ ബാബരി മസ്‌ജിദ്‌ ചരിത്രപ്രശ്‌നത്തിന്‌ പകരം രാഷ്ട്രീയ പ്രശ്‌നമായി മാറുന്നത്‌. രാഷ്ട്രീയക്കാരും ചരിത്രകാരന്‍മാരും സ്വന്തം താല്‍പര്യങ്ങള്‍ക്കനുസൃതമായി ചരിത്രത്തെ വ്യാഖ്യാനിക്കുമ്പോള്‍ യഥാര്‍ഥ വസ്‌തുത മനസ്സിലാക്കാന്‍ പൊതുസമൂഹം തെളിവ്‌ ആവശ്യപ്പെടുകയാണ്‌ വേണ്ടത്‌. തെളിവുണ്ടെങ്കില്‍ അത്‌ ശരിയാണോ എന്ന്‌ പഠിക്കാം. ശരിയായ തെളിവുകള്‍ മനസ്സിലാക്കുന്നതിലാണ്‌ ചരിത്രകാരന്‍െറ കഴിവ്‌. ഏതെങ്കിലും ചരിത്രകാരന്‍ ഇതാണ്‌ ചരിത്രം എന്ന്‌ പറഞ്ഞാല്‍ അതിനെ അതുവരെയുള്ള ചരിത്രമായേ കാണേണ്ടതുള്ളൂ. ചരിത്രം എപ്പോഴും മാറിക്കൊണ്ടിരിക്കും. ചരിത്രത്തില്‍ അവസാന വാക്കില്ല. രാഷ്ട്രീയ കാഴ്‌ചപ്പാട്‌ പുലര്‍ത്തിയാലും ചരിത്രകാരന്‍മാര്‍ ചരിത്രത്തിന്‍െറ രീതിശാസ്‌ത്രം ഉപയോഗിക്കുന്നുണ്ടോ എന്നതാണ്‌ പ്രധാനം. ദുര്‍വ്യാഖ്യാനങ്ങളിലൂടെ ഒരു സമൂഹത്തെ സ്ഥിരമായി അജ്ഞതയില്‍ നിര്‍ത്താനാവില്ല. അറിവ്‌ ജനാധിപത്യവത്‌കരിക്കപ്പെടുമ്പോള്‍ ചൂഷണത്തിന്‌ സാധ്യത കുറയുന്നു. അനന്തരഫലം എന്തുതന്നെയായാലും സമൂഹത്തോട്‌ യാഥാര്‍ത്ഥ്യം വിളിച്ചുപറയാന്‍ ചരിത്രകാരന്‍ ബാധ്യസ്ഥനാണ്‌.

ചരിത്രകാരന്‍മാര്‍ സൃഷ്ടിക്കുന്ന ചരിത്രവും പൊതുബോധത്തിന്‍േറതായി നിലകൊള്ളുന്ന ചരിത്രവും തമ്മിലുള്ള അന്തരം കുറക്കുകയാണ്‌ മാധ്യമങ്ങളുടെ കര്‍മം. ഗാന്ധിജിയുടെ പേരില്‍ ഇന്ന്‌ പലതും നടക്കുന്നുണ്ട്‌. എന്നാല്‍, അതിനൊന്നും ഗാന്ധിജിയുമായി ബന്ധമില്ല. മതത്തിന്‍െറ ചട്ടക്കൂടുകള്‍ക്ക്‌ പുറത്ത്‌ ജീവിക്കുകയും സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി മതത്തെ ഉപയോഗപ്പെടുത്തുകയും ചെയ്‌തവരാണ്‌ ജിന്നയും സവര്‍ക്കറും.

90കളില്‍ ഇന്ത്യയില്‍ കീഴാള ചരിത്രരചന ശക്തിപ്പെട്ടതാടെ അതുവരെ കേള്‍ക്കാത്ത ചില ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞു. ഇത്‌ ഇന്ത്യന്‍ ചരിത്രരചനയിലെ നാഴികക്കല്ലാണ്‌. ചരിത്രം ഉള്‍പ്പെടെയുള്ള മാനവിക വിഷയങ്ങള്‍ക്ക്‌ നമ്മുടെ പഠനരീതിയില്‍ പ്രാധാന്യം കുറയുന്നത്‌ അപകടകരമാണ്‌. ഡേക്ടര്‍മാരും എഞ്ചിനീയര്‍മാരും മാത്രമാണ്‌ ബുദ്ധിജീവികള്‍ എന്ന ധാരണ ശക്തിപ്പെടുത്തുന്നതില്‍ രക്ഷിതാക്കള്‍ക്കും പങ്കുണ്ടെന്ന്‌ കെ.എന്‍ പണിക്കര്‍ ചൂണ്ടിക്കാട്ടി. മീഡിയ ഫോറം പ്രസിഡന്‍റ്‌ സന്തോഷ്‌ ചന്ദ്രന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ഇ.പി ബിജോയ്‌കുമാര്‍ നന്ദിയും പറഞ്ഞു.
ചരിത്രത്തെ വര്‍ഗീയ ശക്തികള്‍ താല്‍പര്യസംരക്ഷണത്തിന്‌ ഉപയോഗിക്കുന്നു: ഡോ. കെ.എന്‍ പണിക്കര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക