Image

മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയുടെ ദേഹവിയോഗത്തില്‍ ഡാലസില്‍ അനുസ്മരണ സമ്മേളനങ്ങള്‍

ഷാജി രാമപുരം Published on 29 December, 2015
മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയുടെ ദേഹവിയോഗത്തില്‍ ഡാലസില്‍ അനുസ്മരണ സമ്മേളനങ്ങള്‍
ഡാലസ്: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ കാലം ചെയ്ത ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ  ദേഹവിയോഗത്തില്‍ ഡാലസിലെ വിവിധ മാര്‍ത്തോമ ദേവാലയങ്ങളില്‍ അനുസ്മരണ സമ്മേളനങ്ങള്‍ നടന്നു.
മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ നടന്ന സമ്മേളനത്തില്‍ വികാരി റവ.പി.സി.സജി അദ്ധ്യക്ഷന്‍ ആയിരുന്നു. മാര്‍ത്തോമ സഭയ്ക്കും. പ്രത്യേകിച്ച് നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിനു തിരുമേനി നല്‍കിയ അതുല്യമായ സംഭാവനകളെ അച്ചന്‍ അനുസ്മരിച്ചു. തുടര്‍ന്ന് റവ. മാത്യു സാമുവേല്‍, ബാബു സി. മാത്യു, തോമസ് മാത്യു, സജു എബ്രഹാം, ലീലാമ്മ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. തിരുമേനിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്ന വീഡിയോ പ്രദര്‍ശനത്തോടൊപ്പം തിരുമേനി രചിച്ച ഗാനങ്ങള്‍ ഗായകസംഘം ആലപിക്കുകയും ചെയ്തപ്പോള്‍ വിശ്വാസ സമൂഹം കണ്ണീരോടെ ശ്രേഷ്ഠ ഇടയന് യാത്രാമൊഴി നല്‍കി.
മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് കരോള്‍ട്ടണില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓഫ് ഡാലസിന്റെ പ്രസിഡന്റും, ഇടവക വികാരിയും ആയ റവ. സാം മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കുരുവിള തോമസ്, ഷാജി രാമപുരം, സജി ജോര്‍ജ്, ജയിംസ് എബ്രഹാം, രാജന്‍ മേപ്പുറത്ത്, നിബു തോമസ്, ഷേര്‍ളി എബ്രഹാം എന്നിവര്‍ തിരുമേനിയെ അനുസ്മരിച്ച് സംസാരിച്ചു.

സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ്, മെസ്‌കിറ്റ് ഇടവക വികാരി റവ.ഷൈജു പി.ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ തിരുമേനി സഭയ്ക്കും സമൂഹത്തിനും നല്‍കിയ സേവനങ്ങളെ അനുസ്മരിച്ചു. ഇടവക കൈസ്താന സമിതി അനുശോചനം രേഖപ്പെടുത്തി.

സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ്, പ്ലാനോ ഇടവക വികാരി റവ.അലക്‌സ് കെ. ചാക്കോയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മനുഷ്യസ്‌നേഹിയായ തിരുമേനിയുടെ പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ചു.

റവ.മാത്യു ജോസഫ് അച്ചന്റെ അദ്ധ്യക്ഷതയില്‍ ക്രോസ് വേ മാര്‍ത്തോമ കോണ്‍ഗ്രിഗേഷന്‍ ചര്‍ച്ചും തിരുമേനിയുടെ പെട്ടെന്നുണ്ടായ ദേഹവിയോഗത്തില്‍ അനുശോചിച്ചു.

പ്രതികൂലമായ കാലാവസ്ഥയിലും ഡാലസിലെ ദേവാലയങ്ങളില്‍ വന്നുകൂടിയ സഭാജനങ്ങള്‍ക്ക് നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ പ്രഥമ റസിഡന്റ് ബിഷപ്പായ കാലം ചെയ്ത ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായോടുള്ള സ്‌നേഹവും ആദരവും പ്രകടമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക