Image

ഡോ.ആനി പോള്‍ രണ്ടാം തവണയും കൗണ്ടി ലെജിസ്ലേറ്ററായി സത്യപ്രതിജ്ഞ ചെയ്തു

സെബാസ്റ്റ്യന്‍ ആന്റണി Published on 07 January, 2016
ഡോ.ആനി പോള്‍ രണ്ടാം തവണയും കൗണ്ടി ലെജിസ്ലേറ്ററായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂയോര്‍ക്ക് : അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തില്‍ ചരിത്രം കുറിച്ചു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഡോ. ആനി പോള്‍ രണ്ടാം തവണയും റോക്ക് ലാന്‍ഡ്  കൗണ്ടി ലെജിസ്ലേറ്ററായി സത്യപ്രതിജ്ഞ ചെയ്തു.

ജനുവരി അഞ്ചാം തിയതി ന്യൂസിറ്റിയിലെ കൌണ്ടി ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വിവിധ സ്‌റ്റേറ്റ്കളില്‍ നിന്നും കുടുംബാംഗങ്ങളും സംഘടനാ പ്രവര്‍ത്തകരും സുഹൃത്തുക്കളും എത്തി.

അമേരിക്കന്‍ ഭരണഘടനയും നിയമങ്ങളും പാലിക്കുന്നതിനും, സംരക്ഷിക്കുന്നതിനും പുറമെ കൗണ്ടി നിയമങ്ങളും ചട്ടങ്ങളും സംരക്ഷിക്കുകയും ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് വലതു കരമുയര്‍ത്തി മറ്റ് ലെജിസ്ലേറ്റര്‍മാര്‍ക്കൊപ്പം ആനി പോളും സത്യപ്രതിജ്ഞ ചെയ്തതോടെ അടുത്ത നാല് വര്‍ഷത്തെ കൌണ്ടിയുടെ ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള ചുമതലയിലേക്കുയര്‍ത്തപ്പെട്ടു. തുടര്‍ന്ന് ഡിസ്ട്രിക്റ്റ് അടിസ്ഥാനത്തില്‍ കൗണ്ടി ക്ലാര്‍ക്ക് ഓരോരുത്തരെയായി ആമുഖ പ്രസംഗം നടത്തുവാനും രജിസ്റ്ററില്‍ ഒപ്പിടുവാനും ക്ഷണിച്ചു.

ആനി പോളിന്റെ ഊഴമെത്തിയപ്പോള്‍ സദസ്സില്‍ കരഘോഷം ഉയര്‍ന്നു. തന്നെ വീണ്ടും തെരഞ്ഞെടുക്കാന്‍ സഹായിച്ച എല്ലാവരേയും നന്ദിയോടെ സ്മരിച്ചു കൊണ്ടാണ് ഡോ. ആനി പോള്‍ പ്രസംഗം തുടങ്ങിയത്. പ്രചരണ വേളയില്‍ എല്ലാ വിധ സഹായവുമായി തന്നോടൊപ്പം നിന്ന തന്റെ ഭര്‍ത്താവ് അഗസ്റ്റിന്‍ പോള്‍, മക്കളായ മോനിഷ, ഷബാന, നടാഷ മറ്റു കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, എന്നിവര്‍ക്ക് നന്ദി അറിയിച്ചതിനോടൊപ്പം എല്ലാ വാര്‍ത്ത മാധ്യമങ്ങള്‍ക്കും പ്രത്യേകിച്ചു പ്രവാസി ചാനല്‍, ഇ-മലയാളി, കൈരളി, മലയാളം പത്രം, ഏഷ്യാനെറ്റ് എന്നിവക്കും പ്രത്യേകം നന്ദി അറിയിച്ചു.

എവിടെ ആയിരിക്കുമ്പോഴും ചെയ്യുന്ന കാര്യങ്ങള്‍ നന്നായി ആത്മാര്‍ത്ഥമായി ചെയ്യണമെന്ന പിതാവിന്റെ വാക്കുകള്‍ അവര്‍ അനുസ്മരിച്ചു

റോക്ക്‌ലാന്‍ഡ് കൗണ്ടി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ തുടര്‍ന്നും ഒറ്റകെട്ടായി പരിശ്രമിക്കുമെന്നും അതിനായി എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നും അഭ്യര്‍ഥിച്ചു കൊണ്ടാണു അവര്‍പ്രസംഗം അവസാനിപ്പിച്ചത്.

മൂവാറ്റുപുഴയ്ക്കടുത്ത് കല്ലൂര്‍ക്കാട് നെടുംകല്ലേല്‍ ജോണ് ജോര്‍ജിന്റെയും പരേതയായ മേരി ജോര്‍ജിന്റെയും മകളാണ് ആനി. ആനിയുടെ മറ്റു സഹോദരി സഹോദരന്മാര്‍ ഇന്ത്യയിലും അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലുമായി ജോലിയും, ബിസിനസ്സുമായി കുടുംബത്തോടോപ്പം താമസിക്കുന്നു. കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലും മൂവാറ്റുപുഴ നിര്‍മല കോളേജിലുമായിരുന്നു ആനിയുടെ പഠനം. ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജില്‍ നിന്ന് ജനറല്‍ നഴ്‌സിങ്ങില്‍ ഡിപ്ലോമ നേടി.

1982 ലാണ് അമേരിക്കയിലെത്തുന്നത്. ബ്രൂക്ക്‌ലിനിലെ സെന്റ് ജോസഫ്‌സ് കോളേജില്‌നിന്ന് ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം (ബി.എസ്) നേടി. ന്യുയോര്ക്ക് മെഡിക്കല്‍ കോളേജില്‍ നിന്ന് പബ്ലിക് ഹെല്‍ത്തില്‍ മാസ്റ്റര്‍ ബിരുദവും (എം.പി.എച്ച്), ന്യുയോര്ക്ക് സിറ്റി സര്‍വ്വകലാശാലയില്‍നിന്ന് നഴ്‌സിങ്ങില്‍ ബിരുദാനന്തര ബിരുദവും (എം.എസ് എന്‍.), പീഡിയാട്രിക് നഴ്‌സ് പ്രാക്ടീഷണര്‍ (പി.എന്‍.പി) ബിരുദവും നേടി. അടുത്ത കാലത്ത് നഴ്‌സിങ് പ്രാക്ടീസില്‍ ഡോക്ടര്‍ ബിരുദവും (ഡി.എന്‍.പി ) നേടി. ന്യുയോര്‍ക്കിലെ ഡൊമിനിക്കന്‍ കോളേജ് ഉള്‍പ്പെടെ വിവിധ കോളേജ്കളില്‍ അഡ്ജംക്ട് പ്രൊഫസ്സറായും പ്രവര്‍ത്തിച്ചു.

പഠനത്തില്‍ കാണിച്ച ഈ താത്പര്യവും ഉന്നത ബിരുദങ്ങള്‍ സ്വന്തമാക്കണമെന്ന ആഗ്രഹവും പൊതുപ്രവര്ത്തനത്തിലും ആനി പിന്തുടര്‍ന്നു. പ്രാദേശികവും മലയാളി കൂട്ടായ്മകളിലും വളരെ ഊര്ജസ്വലതയോടെ പ്രവര്ത്തിച്ച ആനി കൈവെക്കാത്ത മേഖലകളില്ല. ആ ഉത്സാഹമാണ് ന്യുയോര്‍ക്ക് സംസ്ഥാനത്ത് തിരഞ്ഞെടുപ്പിലൂടെ ഒരു കേരളീയന് കിട്ടുന്ന ഏറ്റവുമുയര്‍ന്ന പദവിയിലേക്ക് അവരെ നയിച്ചത്.

നയാക്ക് കോളേജിലെ ഉപദേശക സമിതി അംഗം കൂടിയായ ആനി, 2010ലും 2011ലും ന്യൂസിറ്റി ലൈബ്രറിയുടെ പ്രസിഡന്റ് ആയി. ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

നഴ്‌സിങ് രംഗത്തെ മികവിന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍ നിന്ന് ഡോ. വിജയകുമാര്‍ ഗുജ്‌റാള്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും അവരെ തേടിയെത്തി. 2007ല്‍ ന്യൂയോര്‍ക്കിലെ റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ എക്‌സലന്‍സ് ഇന്‍ പ്രാക്റ്റീസ് അവാര്‍ഡു നേടി. ഫൊക്കാന സമ്മേളനത്തില്‍ വിമന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. നഴ്‌സുമാരുടെ സംഘടനാ പ്രവര്‍ത്തനങ്ങള്ക്കും ആനി ചുക്കാന്‍ പിടിച്ചു. ന്യുയോര്‍ക്കിലെ ഇന്ത്യന്‍ അമേരിക്കന് നഴ്‌സസ് അസോസിയേഷന്റെ സ്ഥാപകയും പ്രസിഡന്റുമായിരുന്ന ആനി, ഇന്ത്യന്‍് നഴ്‌സ് ഓഫ് അമേരിക്കയെന്ന ദേശീയ സംഘടനയുടെയും സ്ഥാപകാംഗമാണ്.

സത്യ പ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ശേഷം ചേര്‍ന്ന അനുമോദന യോഗത്തില്‍ റോക്ക്‌ലാന്റിന്റെ മാത്രമല്ല, അമേരിക്കയിലെ മുഴുവന് മലയാളികളുടേയും അഭിമാനമായ ആനി പോളിന് വിവിധ സംഘടന ഭാരവാഹികള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

നാന്യൂയെറ്റ് ലൈയണ്‌സ് ക്ല്ബ് പ്രസിഡന്റ് ബാര്‍ബറ ചക് , നാന്യൂയെറ്റ് സിവിക് അസോസിയേഷന്‍ ട്രഷറര്‍ വാലെരി മൊള്‍ഡോ, നഴ്‌സെസ് അസോസിയേഷന്‍ പ്രസിഡന്റ് മിഷേല്‍ പരൈസന്‍, ഹഡ്‌സ
ണ്‍ വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷാജിമോന്‍ വെട്ടം, ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്ടി ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സന്‍ ലീലാ മാരേട്ട്, ഫോമാ ജോയിന്റ് ട്രഷറാര്‍ ജോഫ്രിന്‍ ജോസ്, ജസ്റ്റിസ് ഫോര്‍ ഓള്‍ ചെയര്‍മാന്‍ തോമസ് കൂവള്ളൂര്‍, ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ ട്രസ്ടി മെംബര്‍ കുര്യാക്കോസ് തരിയന്‍, ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ ട്രസ്ടി ചെയര്‍മാന്‍ വര്‍ഗ്ഗീസ് ഉലഹന്നാന്‍, എച് . വി.എം.എ മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടന്‍ചിറ, സിവില്‍ സര്‍വീസ് എംബ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് നൈനാന്‍, ഇന്ത്യന്‍ കാത്തോലിക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക സെക്രട്ടറി അലക്‌സ് തോമസ്, ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് റോക്ക് ലാന്‍ഡ് മുന്‍ പ്രസിഡന്റ് രാജന്‍ ബരന്‍വാല്‍, ഇന്ത്യന്‍ നഴ്‌സെസ് അസോസിയേഷന്‍ പ്രസിഡന്റ് ഉഷ ജോര്‍ജ്, നൈന ബോര്‍ഡ് മെംബര്‍ ഡോ. റയ്ചല്‍ കോശി, നോര്‍ക്കയില്‍ നിന്ന് ജോസ് ജോര്‍ജ്, ജീവന്‍ ജ്യോതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുരേഷ് ആര്യ, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യുണിറ്റി ഓഫ് യോംഗെര്‌സ് പ്രസിഡന്റ് ജോര്‍ജ് പടിയേടത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

കഠിന പ്രയത്
നത്തിലൂടെ നേടിയെടുത്ത ഈ വിജയത്തില്‍ ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ എല്ലാ മലയാളികള്‍ക്കും ഒരു മാതൃകയായിരിക്കുകയാണെന്നും, ഡോ. ആനി പോളിന് എല്ലാ ഭാവുകങ്ങളും നേരുന്നു എന്നും വിവിധ സംഘടനാ നേതാക്കള്‍ ആശംസിച്ചു. 

തന്റെ ഈ നേട്ടം എല്ലാവരുടേയുമാണെന്നും, ഒത്തിരിപ്പേരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി ലഭിച്ച നേട്ടത്തില്‍ താന്‍ എല്ലാവരോടും ഏറെ കടപ്പെട്ടിരിക്കുകയാണെന്നും ആനി പോള്‍ തന്റെ നന്ദിപ്രസംഗത്തി
ല്‍ പറഞ്ഞു.

ഒത്തിരി അവസരങ്ങള്‍ ഉള്ള ഈ രാജ്യത്ത് എത്തിപ്പെട്ട നമ്മള്‍ മലയാളികള്‍ രാഷ്ട്രീയ രംഗത്ത് കൂടുതല്‍ സജീവമാകണമെന്നും, വികസന രംഗത്ത് മലയാളികള്‍ അവരുടേതായ കഴിവുകള്‍ കൂടുതല്‍ ഉപയോകപ്പെടുത്തണമെന്നും അങ്ങനെ മലയാളീ സമൂഹത്തിന്റെ ശക്തി പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഉപയോഗിക്കപ്പെടണമെന്നും ആനി പോള്‍ കൂട്ടിച്ചേര്‍ത്തു. 

ഒട്ടേറെ നന്മകള്‍ നല്‍കിയ ഈ രാജ്യത്തിന് തന്നാലാവുന്ന സേവനങ്ങളും പ്രത്യുപകാരവും ചെയ്യാന്‍ തന്റെ ഇനിയുള്ള കാലവും ചെലവഴിക്കുമെന്ന് ആനി പോള്‍ പറഞ്ഞു.
ഡോ.ആനി പോള്‍ രണ്ടാം തവണയും കൗണ്ടി ലെജിസ്ലേറ്ററായി സത്യപ്രതിജ്ഞ ചെയ്തു
Join WhatsApp News
Annamma Philipose 2016-01-08 00:20:08
Congratulations!
kallara johnson 2016-01-08 12:12:17
Congratulations!!!1
Concerned 2016-01-09 07:36:30
What is her signature action she did for the community?
Thomas Koovalloor 2016-01-08 23:55:44
CONGRATULATIONS TO HON. DR. ANEY PAUL. YOU ARE OUR LEADER, STAND FOR OUR COMMUNITY.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക