Image

സ്റ്റാറ്റന്‍ ഐലന്റ് മാര്‍ ഗ്രിഗോറിയോസ് ദേവാലയവും സെന്റ് ജോണ്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയവും ഒന്നായി

മാർട്ടിന്‍ വിലങ്ങോലില്‍ Published on 12 January, 2016
സ്റ്റാറ്റന്‍ ഐലന്റ് മാര്‍ ഗ്രിഗോറിയോസ് ദേവാലയവും സെന്റ് ജോണ്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയവും ഒന്നായി
അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട 'സ്റ്റാറ്റന്‍ ഐലന്റ് മാര്‍ ഗ്രിഗോറിയോസ് ദേവാലയവും, സെന്റ് ജോണ്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയവും, പരസ്പരം യോജിച്ച് ഒന്നായി പ്രവര്‍ത്തിക്കുവാനുള്ള ഇടവകാംഗങ്ങളുടെയും സഭാ നേതൃത്വത്തിന്റേയും ചിരകാല അഭിലാഷം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് സഭാവിശ്വാസികളേവരും.
2016 ജനവുവരി മുന്നാം തീയ്യതി മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ വെച്ച് ഇടവക മെത്രാപോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് വി.ബലി അര്‍പ്പിക്കുകയും തുടര്‍ന്ന് ഇരു ഇടവകകളുടെ ലയന തീരുമാനം ഔദ്യോഗീകമായി പ്രഖ്യാപിക്കുകയും ചെയ്തു. ആ ധന്യ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ സഭാ കൗണ്‍സില്‍ അംഗങ്ങള്‍, ഷെവലിയര്‍മാര്‍, വിവിധ ദേവാലയങ്ങളിലെ ബഹുമാനപ്പെട്ട വൈദീകര്‍, ഒട്ടനവധി വിശ്വാസികള്‍ എന്നിവര്‍ ഒത്തു ചേര്‍ന്നു.
ഇനി മേലാന്‍ സ്റ്റാറ്റന്‍ ഐലന്റില്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്‍ കീഴില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭക്ക് ഒരു ദേവാലയം മാത്രമാണുണ്ടായിരിക്കുകയുള്ളൂവെന്നും, അമേരിക്കയിലെ തന്നെ, ആദ്യ മലയാളി ദേവാലയവും മലങ്കരയുടെ മഹാ പരിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ പുണ്യ നാമത്തില്‍ സ്ഥാപിതവുമായിട്ടുള്ള മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ചിന്റെ പേര് തന്നെ നിലനിര്‍ത്തുമെന്നും അഭിവന്ദ്യ തിരുമേനി പ്രഖ്യാപിച്ചത്, വിശ്വാസികള്‍ ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്തു. നോര്‍ത്ത് അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ വളര്‍ച്ചയില്‍, സംയുക്ത ദേവാലയം ഒരു നാഴിക കല്ലായി തന്നെ നിലനില്‍ക്കട്ടേയെന്നും, അതിനായി സഭാമക്കള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അഭിവന്ദ്യ തിരുമേനി ഓര്‍മ്മിപ്പിച്ചു.

ഈ സുദിനം ലക്ഷ്യപ്രാപ്തിയിലെത്തുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ച ഏവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും, അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദൈവം പ്രതിഫലമേകട്ടെയെന്നും, അഭിവന്ദ്യ തിരുമേനി സൂചിപ്പിച്ചു.

വെരി.റവ.ഡേവിഡ് ചെറുതോട്ടില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ, വെരി.റവ.വര്‍ക്കി മുണ്ടക്കല്‍ കോര്‍ എപ്പിസ്‌ക്കോപ്പാ, റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ്(ഭദ്രാസന സെക്രട്ടറി), റവ.ഫാ.രാജന്‍ പീറ്റര്‍, റവ.ഫാ.വര്‍ഗീസ് മാലില്‍, ഷെവലിയര്‍ അബ്രഹാം മാത്യു, ഷെവലിയര്‍ ഈപ്പന്‍ മാളിയേക്കല്‍, ശ്രീ സാം കോശി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശ്രീ.പി.ഒ.ജോര്‍ജ്(കൗണ്‍സില്‍ മെംബര്‍), ശ്രീ. സാജു പൗലോസ് മാരോത്ത്(മലങ്കര ദീപം ചീഫ് എഡിറ്റര്‍, മുന്‍ ഭദ്രാസന ട്രഷറര്‍), ശ്രീ.പി.ഒ.ജേക്കബ്ബ്, ശ്രീ.ജോയി ഇട്ടന്‍(മുന്‍ കൗണ്‍സില്‍ അംഗങ്ങള്‍) എന്നിവരും സന്നിഹിതരായിരുന്നു.
കാലം ചെയ്ത അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പീലക്‌സിനോസ് മെത്രാപോലീത്തായുടെ വേര്‍പാടില്‍ ഭദ്രാസനത്തിനും, ഈ ഇടവകക്കുമുള്ള അഗാധമായ ദുഃഖവും അനുശോചനവും തദവസരത്തില്‍ രേഖപ്പെടുത്തുകയുണ്ടായി. യാക്കോബായ സഭാ വിശ്വാസം അമേരിക്കയുടെ മണ്ണില്‍ ഉറപ്പിക്കുന്നതിനും, സഭാവിശ്വാസാചാരാനുഷ്ഠാനങ്ങളും, പാരമ്പര്യങ്ങളും, വരും തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുന്നതിനുമായി, അഭിവന്ദ്യ തിരുമേനി ചെയ്ത അശ്രാന്ത പരിശ്രമങ്ങളേയും, നിസ്വാര്‍ത്ഥ സേവനങ്ങളേയും യോഗത്തില്‍ അനുസ്മരിച്ചു. മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തിന്റെ സ്ഥാപനത്തിലും, വളര്‍ച്ചയിലും, അഭിവന്ദ്യ തിരുമേനിയുടെ പങ്ക് വര്‍ണ്ണനാതീതമാണെന്നും, ഈ പള്ളിയുടെ ചരിത്രത്തിന്റെ ഏടുകളില്‍ അതെന്നും സ്മരിക്കപ്പെടുക തന്നെ ചെയ്യുമെന്നും അഭിവന്ദ്യ തിരുമേനി ഓര്‍മ്മിപ്പിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

സ്റ്റാറ്റന്‍ ഐലന്റ് മാര്‍ ഗ്രിഗോറിയോസ് ദേവാലയവും സെന്റ് ജോണ്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയവും ഒന്നായിസ്റ്റാറ്റന്‍ ഐലന്റ് മാര്‍ ഗ്രിഗോറിയോസ് ദേവാലയവും സെന്റ് ജോണ്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയവും ഒന്നായി
Join WhatsApp News
Saji Karimpannoor 2016-01-12 11:49:15
Wish all the Success....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക