Image

ജയിലിലെ നിരാഹാര മരണം: മനുഷ്യത്വത്തോടുള്ള വെല്ലുവിളി

Published on 22 January, 2012
ജയിലിലെ നിരാഹാര മരണം: മനുഷ്യത്വത്തോടുള്ള വെല്ലുവിളി
ചിക്കാഗോ: ജയിലില്‍ ഭക്ഷണം കഴിക്കാതെ മുംബൈ സ്വദേശിനി ലിവിറ്റ ഗോമസ്‌ (52) മരിച്ചത്‌ മനുഷ്യമനസ്സാക്ഷിയോടുള്ള വെല്ലുവിളിയായി. ലേക്ക്‌ കൗണ്ടി ജയില്‍ അധികൃതര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ മരണം ഒഴിവാക്കാനാകുമായിരുന്നു എന്ന്‌ മിക്കവരും കരുതുന്നു.

ബന്ധുമിത്രാദികളില്ലാതെ അന്യരാജ്യത്ത്‌ വന്നു ഒറ്റയ്‌ക്ക്‌ താമസിച്ച്‌ ദുരന്തത്തിനിരയായ ദു:ഖപുത്രിയായിരുന്നു ലിവിറ്റ. ചിക്കാഗോ ട്രൈബ്യൂണ്‍ അടക്കമുള്ള മുഖ്യാധാരാ പത്രങ്ങള്‍ വൈകിയാണെങ്കിലും ആ ദുരന്തകഥ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ മുന്നോട്ടുവന്നിരിക്കുന്നു.

ഭക്ഷണവും വെള്ളവുമില്ലാതെ ഒരാള്‍ ഇന്നത്തെ കാലത്ത്‌ അമേരിക്കയില്‍ മരിക്കുമെന്ന്‌ വിശ്വസിക്കാന്‍ പ്രയാസം. ലിവിറ്റയുടെ മുന്‍ സഹപ്രവര്‍ത്തക മാധവി ബഹുഗുണ ചൂണ്ടിക്കാട്ടി.

പഠത്തില്‍ മിടുക്കിയായിരുന്നു ലിവിറ്റ. ബയോകെമിസ്‌ട്രി, എഡ്യൂക്കേഷന്‍ എന്നിവ പഠിച്ച്‌ മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ള ലിവിറ്റ ഒരു കണക്ക്‌ പാഠപുസ്‌തകവും എഴുതിയിട്ടുണ്ട്‌. 1986-ല്‍ അവര്‍ പാനാം വിമാന കമ്പനിയില്‍ ഫ്‌ളൈറ്റ്‌ അറ്റന്‍ഡസ്റ്റായി. പാനാം, ഡെല്‍റ്റയില്‍ ലയിച്ചപ്പോള്‍ ഇന്‍ഫ്‌ളൈറ്റ്‌ ട്രയിനിംഗ്‌ സൂപ്പര്‍വൈസറായി പ്രമോഷന്‍ കിട്ടി. 1999-ല്‍ ചെയര്‍മാന്‍സ്‌ ക്ലബ്‌ അവാര്‍ഡും ലഭിച്ചു. എല്ലാവരുമായും നല്ല ബന്ധം സൂക്ഷിക്കുന്ന സമര്‍ത്ഥയായ ഉദ്യോഗസ്ഥ.

പക്ഷെ, എന്തുകൊണ്ടോ അവര്‍ വിവാഹിതയായില്ല. കുട്ടികളുമില്ല. 2004-ല്‍ അമേരിക്കന്‍ വിസ ലഭിച്ചു. ഡല്‍റ്റയുടെ അറ്റ്‌ലാന്റാ ആസ്ഥാനത്തേക്ക്‌ താമസവും മാറ്റി. പക്ഷെ, ക്രമേണ മാനസികമായ അസ്വസ്ഥത അവരില്‍ കണ്ടുതുടങ്ങി.

അഞ്ചുവര്‍ഷം മുമ്പ്‌ ഡല്‍റ്റയില്‍ ജോലി നഷ്‌ടമായി. അത്‌ അവര്‍ക്ക്‌ വലിയ ആഘാതമായെന്ന്‌ മുംബൈയിലുള്ള സഹോദരന്‍ ഓയ്ഡ് സ്റ്റീവന്‍ ഗോമസ്‌ പറഞ്ഞു. വൈകാതെ ചിക്കാഗോയിലേക്ക്‌ പോയ അവര്‍ ഒരു ലോഡ്‌ജിലായിരുന്നു താമസം. എയര്‍പോര്‍ട്ടില്‍ ചില്ലറ കായിക ജോലികള്‍ ആയിരുന്നു വരുമാന മാര്‍ഗ്ഗം.

ഈ വ്യാഴാഴ്‌ച ലിവിറ്റയുടെ മുറി പരിശോധിച്ചപ്പോള്‍ ഏഴുവര്‍ഷമായുള്ള കത്തുകള്‍ പൊട്ടിക്കാതെ കിടക്കുന്നു. മാനസികമായി അവര്‍ തകര്‍ച്ചയിലായിരുന്നുവെന്ന്‌ വ്യക്തം. എങ്കിലും നാട്ടിലുള്ള സഹോദരനെയോ 94 വയസ്സുള്ള പിതാവിനേയോ ഒന്നും അറിയിച്ചില്ല.

ഇങ്ങനെയിരിക്കെയാണ്‌ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ജൂറി ഡ്യൂട്ടിക്ക്‌ കത്ത്‌ വന്നത്‌. അതു പൊട്ടിച്ചിരിക്കില്ലെന്ന്‌ വ്യക്തം. മാത്രവുമല്ല, പൗരനല്ലാത്തയാള്‍ക്ക്‌ ജൂറി ആകാന്‍ പറ്റില്ല. പക്ഷെ പൗരനല്ലെന്നുള്ളതിന്‌ തെളിവുസഹിതം മറുപടി നല്‍കണം. ലിവിറ്റ അതു ചെയ്‌തില്ല.

ഇതെത്തുടര്‍ന്ന്‌ ഒരു ജഡ്‌ജി അവരോട്‌ കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടു. അവര്‍ വരാതിരുന്നപ്പോള്‍ ഒക്‌ടോബര്‍ 12-ന്‌ പോലീസ്‌ താമസസ്ഥലത്ത്‌ എത്തി. ഫോണിലൂടെ താന്‍ എല്ലാം പറഞ്ഞ്‌ ശരിയാക്കിയെന്ന്‌ ലിവിറ്റ പോലീസിനോട്‌ പറഞ്ഞു. പക്ഷെ അറസ്റ്റ്‌ വാറന്റ്‌ നിലനില്‍ക്കുന്നതിനാല്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്യാനൊരുങ്ങി. അതിനെ അവര്‍ ചെറുത്തു. കൈ പുറകോട്ട്‌ വയ്‌ക്കാന്‍ പറഞ്ഞിട്ട്‌ കേട്ടില്ല. അതൊക്കെ പുതിയൊരു കുറ്റമായി--അറസ്റ്റിനെ എതിര്‍ക്കുക. അതു ചാര്‍ജ്‌ ചെയ്‌തു.

രണ്ടുദിവസം അവര്‍ ജയിലില്‍ കിടന്നു. അപ്പോള്‍ അവരുടെ വിസ കാലാവധി തീര്‍ന്നതായി അധികൃതര്‍ കണ്ടെത്തി. അതോടെ ഇമിഗ്രേഷന്‍ ആന്‍ഡ്‌ കസ്റ്റംസ്‌ എന്‍ഫോഴ്‌സ്‌മെന്റിന്‌ (ICE) കേസ്‌ കൈമാറി. ഐ.സി.ഇ കസ്റ്റഡിയിലെടുത്ത അവരെ ഡീപോര്‍ട്ട്‌ ചെയ്യാന്‍ നടപടി ആരംഭിച്ചശേഷം വിട്ടയച്ചു.

ജൂറി ഡ്യൂട്ടി കേസ്‌ തീര്‍ന്നുവെങ്കിലും അറസ്റ്റിനെ എതിര്‍ത്തു എന്ന കേസ്‌ തുടര്‍ന്നു. രണ്ടുതവണ അവര്‍ കോടതിയില്‍ ചെന്നില്ല. കോടതി അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചു. ഡിസംബര്‍ 14-ന്‌ പോലീസ്‌ എത്തി അറസ്റ്റ്‌ ചെയ്‌തു. അവസാനമായി വീട്ടുകാരോട്‌ സംസാരിച്ചതും അന്നായിരുന്നു.

ജയിലിലെത്തിയ ലിവിറ്റയ്‌ക്ക്‌ മാനസീകവിഭ്രാന്തി കാണപ്പെട്ടു. പക്ഷെ സൈക്യാര്‍ട്ടിസ്റ്റ്‌ പറഞ്ഞ പ്രകാരം അവര്‍ മരുന്ന്‌ കഴിച്ചില്ലെന്ന്‌ ജയില്‍ അധികൃതര്‍ പറയുന്നു. കോടതി അവര്‍ക്കായി നിയോഗിച്ച അറ്റോര്‍ണിയും അവരുടെ പെരുമാറ്റത്തില്‍ പന്തികേട്‌ കണ്ടു. ടെന്നീസ്‌ പഠിക്കാനാണ്‌ താന്‍ അവിടെ കഴിയുന്നതെന്നാണ്‌ ലിവിറ്റ വിചാരിച്ചിരുന്നത്‌. അതെ തുടര്‍ന്ന്‌ അറ്റോര്‍ണി അവരുടെ മാനസീകാവസ്ഥ പരിശോധിക്കണമെന്നും റിപ്പോര്‍ട്ട്‌ നല്‍കി. എന്നാല്‍ അവര്‍ നിരാഹാരത്തിലാണെന്ന്‌ അറ്റോര്‍ണി അറിഞ്ഞില്ല.

ഭക്ഷണം കഴിക്കാതായതോടെ ജയിലിലെ മെഡിക്കല്‍ യൂണീറ്റിലേക്ക്‌ മാറ്റിയതായി ലേക്ക് കൗണ്ടി ഷെറിഫിന്റെ ഓഫീസ്‌ മേധാവി വെയ്‌ന്‍ ഹണ്ടര്‍ പറഞ്ഞു. അവിടെ പ്രത്യേക ശ്രദ്ധ ലഭിച്ചില്ലെന്ന്‌ വ്യക്തം. ഭക്ഷണം കഴിച്ചില്ലെങ്കിലും വെള്ളം കുടിക്കുന്നുണ്ടായിരുന്നുവെന്ന്‌ ഹണ്ടര്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ അവരുടെ ആരോഗ്യസ്ഥിതിയില്‍ പെട്ടെന്ന്‌ മാറ്റമൊന്നും കണ്ടില്ല. ഡിസംബര്‍ 29-ന്‌ അവരെ വിസ്റ്റാ മെഡിക്കല്‍ സെന്ററിലേക്ക്‌ മാറ്റി. പക്ഷെ അപ്പോഴേയ്‌ക്കും സ്ഥിതി ഏറെ വഷളായിരുന്നു.

നിര്‍ബന്ധിച്ച്‌ ഭക്ഷണം കഴിപ്പിക്കാന്‍ തങ്ങള്‍ക്ക്‌ അധികാരമില്ലെന്നാണ്‌ ഹണ്ടര്‍ പറഞ്ഞത്‌. എന്തായാലും ജനുവരി മൂന്നിന്‌ അവര്‍ മരിച്ചു. ഏതാനും ദിവസത്തേക്ക്‌ അവരുടെ ബന്ധുക്കളെപ്പറ്റി അധികൃതര്‍ക്ക്‌ വിവരമൊന്നും ഉണ്ടായിരുന്നില്ല.

ഇന്ത്യന്‍ സമൂഹം ഇതൊന്നും അറിഞ്ഞില്ല. എന്നാല്‍ മുഖ്യധാരാ സമൂഹം ഈ ക്രൂരതയ്‌ക്കെതിരേ രംഗത്തുവന്നു. വോക്കിഗനില്‍ മിറാന്‍ഡ ഫ്യൂണറല്‍ ഹോം നടത്തുന്ന ആല്‍ഫ്രഡോ മിറാന്‍ഡ സൗജന്യമായി കത്തോലിക്കാ വിശ്വാസമനുസരിച്ചുള്ള സംസ്‌കാരം നടത്താന്‍ മുന്നോട്ടുവന്നു. ഹോളിഫാമിലി ചര്‍ച്ച്‌ പാസ്റ്റര്‍ ഫാ. ഡാന്‍ ഹാര്‍ട്‌നെറ്റ്‌ ഇതേപ്പറ്റി സമീപ സ്ഥലങ്ങളിലെ പള്ളികള്‍ക്ക്‌ എഴുതി. ജയിലിനു മുന്നില്‍ പ്രതിക്ഷേധ പ്രകനടത്തിനും ആലോചിക്കുന്നുണ്ട്‌.

ലിവിറ്റയുടെ മൃതദേഹം ഇപ്പോഴും കൊറോണറുടെ കസ്റ്റഡിയിലാണ്‌. മുംബൈയില്‍ നിന്ന്‌ സഹോദരന്‌ വരാന്‍ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സ്ഥിതിയില്ല. അതിനു പുറമെ 94 വയസ്സുള്ള പിതാവ്‌ മലേറിയ ബാധിതനായിരിക്കുകയാണ്‌. പിതാവിനെ മരണവിവരം അറിയിച്ചിട്ടില്ല.

ബ്രിട്ടനിലുള്ള ലിവിറ്റയുടെ ഇളയ സഹോദരിയും ഭര്‍ത്താവും സംസ്‌കാര ചടങ്ങിനെത്താന്‍ മിറാന്‍ഡയും വൈദീകരും കാത്തിരിക്കുകയാണ്‌. അവര്‍ക്ക്‌ പാസ്‌പോര്‍ട്ട്‌- വിസ പ്രശ്‌നങ്ങള്‍ വന്നതിനാല്‍ യാത്ര വൈകുകയാണ്‌. ഫെബ്രുവരി ഒന്നിന്‌ സംസ്‌കാരം എന്നാണ്‌ ഇപ്പോഴത്തെ തീരുമാനം.

ഫാ. ഡാന്‍, ചിക്കാഗോ ഡയോസിസ്‌ വികാരി ജനറാള്‍ ഫാ. ഏബ്രഹാം മുത്തോലത്തിന്‌ അയച്ച ഇമെയിലില്‍ നിന്നാണ്‌ ലിവിറ്റ ഇന്ത്യക്കാരിയായിരുന്നുവെന്ന്‌ പൊതുസമൂഹം അറിഞ്ഞത്‌.

ഈ മരണത്തിന്‌ ആരാണ്‌ ഉത്തരവാദി? അധികൃതര്‍ വേണ്ടത്ര കരുതല്‍ കാണിച്ചോ? സംസ്‌കാര ചടങ്ങുകള്‍ക്കു പോലും വിഷമിക്കേണ്ടിവന്നത്‌ എത്ര ദു:ഖകരമാണ്‌.? അധികൃതര്‍ക്കെതിരേ നിയമനടപടികളെടുക്കാനും മതിയായ നഷ്‌ടപരിഹാരം കുടുംബത്തിനെങ്കിലും ലഭ്യമാക്കാനും ശ്രമിക്കേണ്ടതല്ലേ?

പ്രതികാരത്തിനൊന്നും തങ്ങള്‍ക്കാഗ്രഹമില്ലെന്നാണ്‌ സഹോദരന്‍ പറഞ്ഞത്‌. എങ്കിലും ഇനിയാര്‍ക്കും ഇതുപോലെ സംഭവിക്കാതിരിക്കാന്‍ നടപടി വേണമെന്നു സഹോദരന്‍ ആവശ്യപ്പെട്ടു.

see:

Who was the woman who died after hunger strike in Lake County Jail?
http://www.chicagotribune.com/news/local/ct-met-inmate-starves-20120120,0,717538.story

ജയിലിലെ നിരാഹാര മരണം: മനുഷ്യത്വത്തോടുള്ള വെല്ലുവിളിജയിലിലെ നിരാഹാര മരണം: മനുഷ്യത്വത്തോടുള്ള വെല്ലുവിളി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക