Image

ഗിന്‍ഗ്രിച്ചിന്റെ ജയം നിക്കി ഹേലിക്ക്‌ ക്ഷീണം

Published on 22 January, 2012
ഗിന്‍ഗ്രിച്ചിന്റെ ജയം നിക്കി ഹേലിക്ക്‌ ക്ഷീണം
കൊളംബിയ (സൗത്ത്‌ കരോളിന): ഏതാനും ദിവസം മുമ്പുവരെ എല്ലാവരും എഴുതിത്തള്ളിയ മുന്‍ ഹൗസ്‌ സ്‌പീക്കര്‍ ന്യൂട്ട്‌ ഗിന്‍ഗ്രിച്ച്‌ സൗത്ത്‌ കരോളിന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ തകര്‍പ്പന്‍ ജയം നേടി. ഇന്ത്യക്കാരിയായ ഗവര്‍ണര്‍ നിക്കി ഹേലി പിന്തുണച്ച മിറ്റ്‌ റോംനി രണ്ടാം സ്ഥാനത്തായി.

ഗിന്‍ഗ്രിച്ചിന്‌ 40.2 ശതമാനം വോട്ട്‌ കിട്ടിയപ്പോള്‍ (101,952), റോംനിക്ക്‌ 26.6 ശതമാനം (67,446). ഇവാഞ്ചലിക്കല്‍ ഗ്രൂപ്പ്‌ പിന്തുണച്ച റിക്‌ സാസ്റ്റോറത്തിന്‌ 18 ശതമാനം (45,637), റോണ്‍ പോളിന്‌ 13.3 ശതമാനം (33, 622).

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംഘടനാ പിന്തുണയുള്ള റോംനി നിഷ്‌പ്രയാസം വിജയിക്കുമെന്നാണ്‌ പത്തുദിവസം മുമ്പുപോലും കരുതിയിരുന്നത്‌. എന്നാല്‍ സ്ഥാനാര്‍ത്ഥികളുടെ ഡിബേറ്റില്‍ ഗിന്‍ഗ്രിച്ച്‌ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെച്ച്‌ ജനഹൃദയം കവര്‍ന്നു. പ്രസിഡന്റ്‌ ഒബാമയോട്‌ വാക്‌പയറ്റ്‌ നടത്താന്‍ ഗിന്‍ഗ്രിച്ചിനല്ലാതെ മറ്റാര്‍ക്കും ആവില്ലെന്ന്‌ ജനം കരുതുന്നു. അതുപോലെ കോടീശ്വരനായ റോംനി ശരിക്കുമൊരു കണ്‍സര്‍വേറ്റീവ്‌ അല്ലെന്നും പലരും കരുതുന്നു. പോരെങ്കില്‍ റോംനി മോര്‍മണ്‍ മതവിശ്വാസിയായതും ഇവാഞ്ചലിക്കല്‍ വിഭാഗത്തിന്റെ പിന്തുണ നഷ്‌ടപ്പെടാന്‍ കാരണമായി.

തീവ്രവാദ വിഭാഗമായ ടീപാര്‍ട്ടിയുടെ പിന്തുണ റോംനിക്കില്ലായിരുന്നു. ടീ പാര്‍ട്ടി പിന്തുണച്ച ഗവര്‍ണ്ണര്‍ നിക്കി ഹേലി, റോംനിയെ പിന്തുണച്ചത്‌ ആ വിഭാഗത്തില്‍ വിള്ളല്‍ ഉണ്ടാക്കുകയും ചെയ്‌തിരുന്നു. എന്തായാലും റോംനിയുടെ പരാജയം ഹേലിക്കും തിരിച്ചടിയായി.

ഈമാസം 31-ന്‌ ഫ്‌ളോറിഡയിലെ പ്രൈമറിയാണ്‌ ഇനി നിര്‍ണ്ണായകം. അവിടെ റോംനിക്ക്‌ മികച്ച പ്രചാരണ സംവിധാനമുണ്ട്‌. ഗിന്‍ഗ്രിച്ചിന്‌ മിക്കയിടത്തും അതില്ല. എങ്കിലും കടുത്ത യാഥാസ്ഥിതികനായിരുന്നുവെന്ന പാരമ്പര്യവും വാക്‌ചാതുര്യവും 68-കാരാനായ ഗിന്‍ഗ്രിച്ചിന്‌ തുണയാകുന്നു.

ഒരു വര്‍ഷം മുമ്പ്‌ കത്തോലിക്കാ സഭയില്‍ ചേര്‍ന്ന ഗിന്‍ഗ്രിച്ചിന്റെ മൂന്നു വിവാഹങ്ങളാണ്‌ അദ്ദേഹത്തിനെതിരായ പ്രധാന ആരോപണ വിഷയം. രണ്ടാം ഭാര്യ അദ്ദേഹത്തിനെതിരേ ആരോപണങ്ങളുമായി ടിവിയില്‍ രണ്ടുദിവസം മുമ്പ്‌ വന്നുവെങ്കിലും അതു ഫലംകണ്ടില്ല. ഹൗസ്‌ സ്‌പീക്കറായിരുന്ന കാലത്ത്‌ പ്രസിഡന്റ്‌ ക്ലിന്റണെ വെള്ളംകുടിപ്പിച്ചയാളാണ്‌ ഗിന്‍ഗ്രിച്ച്‌. അന്ന്‌ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടുകവരെയുണ്ടായി. മോണിക്ക ലൂവിന്‍സ്‌കിയുമായുള്ള ക്ലിന്റെന്റെ ബന്ധത്തിനെതിരേ ശക്തമായി രംഗത്തുവരുമ്പോള്‍തന്നെ ഗിന്‍ഗ്രിച്ച്‌ പിന്നീട്‌ മൂന്നാം ഭാര്യയായ കാലിസ്റ്റയുമായി ബന്ധത്തിലുമായിരുന്നു.

കുടുത്ത ഇസ്രായേല്‍ പക്ഷപാതിയായ ഗിന്‍ഗ്രിച്ച്‌ ഗേ-ലെസ്‌ബിയന്‍ വിഭാഗത്തോട്‌ ഒബാമയ്‌ക്ക്‌ വോട്ടു ചെയ്‌താല്‍ മതിയെന്ന്‌ തുറന്നടിച്ച്‌ പറയാന്‍ മടിക്കാത്തയാളാണ്‌. പാര്‍ട്ടിയിലും രാജ്യത്തും പരസ്‌പര ഭിന്നതയ്‌ക്ക്‌ വഴിയൊരുക്കുന്നയാളാണ്‌ ഗിന്‍ഗ്രിച്ച്‌ എന്നും ആക്ഷേപിക്കപ്പെടുന്നു.

അയോവയില്‍ എട്ടു വോട്ടിന്‌ റോംനി ജയിച്ചുവെന്നാണ്‌ ആദ്യം ഫലം വന്നതെങ്കിലും ഇപ്പോള്‍ മുന്‍ പെന്‍സില്‍വേനിയ സെനറ്റര്‍ റിക്ക്‌ സാസ്റ്റോറം ജയിച്ചതായാണ്‌ പാര്‍ട്ടി സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്‌. ചുരുക്കത്തില്‍ അയോവയില്‍ സാസ്റ്റോറം, ന്യൂഹാംപ്‌ഷെയറില്‍ റോംനി, സൗത്ത്‌ കരോളിനയില്‍ ഗിന്‍ഗ്രിച്ച്‌. ഈ സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിത്വം ആര്‍ക്കെന്നുള്ളത്‌ കൂടുതല്‍ അനിശ്ചിതത്വത്തിലായി. 1980-ന്‌ ശേഷം സൗത്ത്‌ സൗത്ത് കരലിനയില്‍ വിജയിക്കത്തയാള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം നേടിയ ചരിത്രമില്ല. അയോവയില്‍ നാലാം സ്ഥാനവും, ന്യൂഹാംപ്‌ഷെയറില്‍ അഞ്ചാം സ്ഥാനവുമായിരുന്നു ഗ്രിന്‍ഗ്രിച്ചിന്‌. കാസിനോ ഉടമ ഷേല്‍ ഡസഏഡല്‍സണ്‍ നല്‍കിയ അഞ്ച്‌ മില്യനാണ്‌ ഗിന്‍ഗ്രിച്ചിന്‌ സൗത്ത്‌ കരോളിനയിലെ പ്രചാരണത്തിന്‌ തുണയായത്‌.
ഗിന്‍ഗ്രിച്ചിന്റെ ജയം നിക്കി ഹേലിക്ക്‌ ക്ഷീണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക