Image

`വിദേശ ഇന്ത്യക്കാര്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആഗോള കൂട്ടായ്‌മയൊരുക്കും'

ബി. അരവിന്ദാക്ഷന്‍ Published on 22 January, 2012
`വിദേശ ഇന്ത്യക്കാര്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആഗോള കൂട്ടായ്‌മയൊരുക്കും'
തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ കേരളാ ഘടകത്തിന്റെ `കേരള രാഷ്‌ട്രീയ സംഗമം 2012'തിരുവനന്തപുരം മസ്‌ക്കറ്റ്‌ ഹോട്ടലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു.

സമ്മേളനത്തിന്‌ തുടക്കംകുറുച്ചുകൊണ്ട്‌ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഭദ്രദീപംകൊളുത്തി സദസ്സിനെ അഭിനന്ദിച്ചു.

അമേരിക്കയിലെ ഐ.എന്‍.ഒ.സി കേരള ഘടകം പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. വൈസ്‌ പ്രസിഡന്റ്‌ സജി ഏബ്രഹാം അതിഥികളെ സ്വാഹതം ചെയ്‌തു.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ ആഗോള കൂട്ടായ്‌മയുടെ ആവശ്യകതയെ കുറിച്ച്‌ കളത്തില്‍ വര്‍ഗീസ്‌ വിവരിച്ചു. കാലാകാലം വിവിധ രാജ്യങ്ങളില്‍ വെച്ച്‌ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ ഗ്ലോബല്‍ മീറ്റ്‌ ഓവര്‍സീസ്‌ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടത്തേണ്ടത്‌ ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന വിദേശ ഇന്ത്യക്കാരുടെ രാഷ്‌ട്രീയ കൂട്ടായ്‌മയ്‌ക്കും കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ വീക്ഷണത്തിനും പ്രവര്‍ത്തനത്തിനും പുത്തന്‍ മാനദണ്‌ഡങ്ങള്‍ കൈവരിക്കുന്നതിന്‌ കാരണമാകുമെന്ന്‌ കളത്തില്‍ വര്‍ഗീസ്‌ പ്രസ്‌താവിച്ചു.

ന്യൂയോര്‍ക്ക്‌ നസ്സാവ്‌ കൗണ്ടിയിലെ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ വൈസ്‌ ചെയര്‍മാനും ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണറുമാണ്‌ ശ്രീ വര്‍ഗീസ്‌.

വിദേശ മലയാളികള്‍ക്ക്‌ സ്വന്തം നാടിനെ കുറിച്ചുള്ള ചിന്തയും കടപ്പാടും ആണ്‌ ആധുനിക കേരളത്തിന്റെ സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ മാറ്റത്തിനും വളര്‍ച്ചയ്‌ക്കും കാരണമായതെന്ന്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രസ്‌താവിച്ചു.

1998-ല്‍ അമേരിക്കയില്‍ ശ്രീ ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്‌ത ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ കൂട്ടായ്‌മയേയും പ്രവര്‍ത്തനത്തേയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിനന്ദിച്ചു. സെക്രട്ടറി ജനറല്‍ ജോര്‍ജ്‌ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ അമേരിക്കയില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി കൈവരിച്ച രാഷ്‌ട്രീയ കൂട്ടായ്‌മയെ അദ്ദേഹം അനുസ്‌മരിച്ചു.

കോണ്‍ഗ്രസിന്റെ വീക്ഷണത്തിനും പ്രവര്‍ത്തന പുരോഗതിക്കും കൂടുതല്‍ അന്താരാഷ്‌ട്ര കൂട്ടായ്‌മകള്‍ ഉണ്ടാകണമെന്ന്‌ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന -സേവന നിലപാടുകള്‍ക്ക്‌ പുത്തന്‍ മാനദണ്‌ഡങ്ങള്‍ കണ്ടെത്താന്‍ ആഗോള സംഗമം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്‌ തുടര്‍ന്ന്‌ സംസാരിച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാന്നര്‍ ലത്തീഫ്‌ പറഞ്ഞു. അമേരിക്കയിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ സേവനത്തേയും കൂട്ടായ്‌മയേയും ലത്തീഫ്‌ അഭിനന്ദിച്ചു.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ അമേരിക്കയിലെ ഫൗണ്ടിംഗ്‌ മെമ്പറും സെക്രട്ടറി ജനറലുമായ ജോര്‍ജ്‌ ഏബ്രഹാം കഴിഞ്ഞ 14 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ അമേരിക്കയിലെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചുകൊണ്ട്‌ ഇടുക്കി എം.പി പി.ജെ. തോമസ്‌, യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ പി.സി. വിഷ്‌ണുനാഥ്‌ എംഎല്‍എ, മുന്‍ എംഎല്‍എ എം മുരളി, മുന്‍ മന്ത്രി പന്തളം സുധാകരന്‍, ആലപ്പുഴ ഡി.സി.സി സെക്രട്ടറി ഷാജി കറ്റാനം എന്നിവര്‍ പ്രസംഗിച്ചു.

കേരള രാഷ്‌ട്രീയ മീറ്റ്‌ 2012-ല്‍ അമേരിക്കയില്‍ നിന്ന്‌ കോണ്‍ഗ്രസിനേയും സാമൂഹ്യ സംഘടനകളേയും പ്രതിനിധീകരിച്ച്‌ ജോണ്‍ ടൈറ്റസ്‌ (പ്രസിഡന്റ്‌, എയിറോ നാറ്റിക്‌ കണ്‍ട്രോള്‍ ആന്‍ജ്‌ ഐപിടിവി), കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച്‌ അഡൈ്വസറി കൗണ്‍സില്‍ മെമ്പര്‍ ടി.എസ്‌.ചാക്കോ, കമ്മിറ്റി മെമ്പര്‍ സി.വി. വളഞ്ഞവട്ടം, ശശിധരന്‍ നായര്‍ (മുന്‍ ഫോമാ പ്രസിഡന്റ്‌), ഉമ്മന്‍ വര്‍ഗീസ്‌, ആലീസ്‌ ഉമ്മന്‍, ഗോപിനാഥ കുറുപ്പ്‌, സ്റ്റാന്‍ലി കളത്തില്‍, അഡ്വ. വര്‍ഗീസ്‌ മാമ്മന്‍, രാജു വര്‍ഗീസ്‌, സാം ഉമ്മന്‍, അനിയന്‍ മുളിയില്‍, തോമസ്‌ മാത്യു, സാറാമ്മ വര്‍ഗീസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

ഐഎന്‍ഒസി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി പ്രതിനിധി ജോസ്‌ ചുമ്മാര്‍ കൃതജ്ഞത രേഖപ്പെടുത്തി. തിരുവനന്തപുരത്ത്‌ നടന്ന ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ കേരള രാഷ്‌ട്രീയ മീറ്റ്‌ 2012 വളരെ അഭിനന്ദനാര്‍ഹവും വിജയകരവും ആയിരുന്നുവെന്ന്‌ പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌ ന്യൂയോര്‍ക്കില്‍ പ്രസ്‌താവിച്ചു.
`വിദേശ ഇന്ത്യക്കാര്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആഗോള കൂട്ടായ്‌മയൊരുക്കും'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക